മേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടശേഷം മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ ന്യൂയോര്‍ക്ക് നഗരത്തിനുള്ള ഫെഡറല്‍ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നു സൊഹ്‌റാന്‍ മംദാനിയെ ഭീഷണിപ്പെടുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൊഹ്‌റാന്‍ 100 ശതമാനം കമ്യൂണിസ്റ്റ് ഭ്രാന്തന്‍ ആണെന്നായിരുന്നു ട്രംപ് ആക്ഷേപിച്ചത്. ഡെമോക്രാറ്റിക് പ്രൈമറിയില്‍ സൊഹ്‌റാന്‍ വിജയിച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ആക്ഷേപം. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ആയ സൊഹ്‌റാന്റെ പുരോഗമനാശങ്ങളാണ് ട്രംപിനെ ദേഷ്യം പിടിപ്പിക്കുന്നത്.
എന്നാല്‍, സൊഹ്‌റാന്‍ കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തില്‍ പറഞ്ഞത്, ട്രംപ് പറയുന്നതുപോലെ താനൊരു കമ്യൂണിസ്റ്റ് അല്ലെന്നാണ്. എന്നാല്‍ താനൊരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ആണെന്ന കാര്യം സൊഹ്‌റാന്‍ ആവര്‍ത്തിച്ചു. ന്യൂയോര്‍ക്കിലെ അതിസമ്പന്നരുടെ നികുതി വര്‍ദ്ധിപ്പിക്കുമെന്നാണ് സൊഹ്‌റാന്‍ മുന്‍കൂട്ടി അറിയിച്ചിരിക്കുന്നത്. നമുക്ക് കോടീശ്വരന്മാര്‍ ഉണ്ടാകണമെന്ന ആഗ്രഹം തനിക്കില്ലെന്നാണ്, ന്യൂയോര്‍ക്ക് നഗരത്തിലെ നികുതി സമ്പ്രദായത്തില്‍ മാറ്റം ഉണ്ടാകുമെന്ന സൂചന നല്‍കി കൊണ്ട് സൊഹ്‌റാന്‍ പറയുന്നത്.
ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകയായ മരിയ ബാര്‍ട്ടിറോമോയോടാണ് സൊഹ്‌റാനോടുള്ള തന്റെ നീരസം ട്രംപ് വീണ്ടും വ്യക്തമാക്കിയത്. സൊഹ്‌റാനെ ‘ഒരു ശുദ്ധ കമ്മ്യൂണിസ്റ്റ്’ ആയാണ് കാണുന്നതെന്നും, അയാള്‍ വിജയിക്കുന്നത് ചിന്തിക്കാന്‍ കഴിയില്ലെന്നുമാണ് ട്രംപ് പറയുന്നത്. അവന്‍ അധികാരത്തില്‍ വന്നാലും പ്രസിഡന്റ് ഞാനാണ്, അവന്‍ മര്യാദയ്ക്ക് കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അവര്‍ക്ക് (ന്യൂയോര്‍ക്കിന്) പണം ലഭിക്കില്ല എന്നാണ് അഭിമുഖത്തില്‍ ട്രംപ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ഏകദേശം 100 ബില്യണ്‍ ഡോളറാണ് ഫെഡറല്‍ ഫണ്ടായി ന്യൂയോര്‍ക്കിന് ലഭിച്ചത്.
ഞായറാഴ്ച്ച എന്‍ബിസി ന്യൂസിന്റെ മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു, ട്രംപിന്റെ ആരോപണം നിഷേധിച്ചുകൊണ്ട്, ഞാനൊരു കമ്യൂണിസ്റ്റ് അല്ല എന്ന് സൊഹ്‌റാന്‍ മംദാനി വ്യക്തമാക്കിയത്. പ്രസിഡന്റ് ട്രംപ് തന്നെ വ്യക്തിപരമായി ആക്രമിക്കാനാണ് തയ്യാറാകുന്നതെന്നാണ് സൊഹ്‌റാന്‍ വിമര്‍ശിക്കുന്നത്. ഞാന്‍ മുന്നോട്ടുവയ്ക്കുന്ന നയങ്ങളെ അഭിസംബോധന ചെയ്യുന്നതിനുപകരം, എന്റെ രൂപം, ശബ്ദം, പശ്ചാത്തലം, ഐഡന്റിറ്റി എന്നിവയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്നത്. താന്‍ ഉയര്‍ത്തുന്ന കാതലായ പ്രശ്‌നങ്ങളില്‍ നിന്നും നയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ട്രംപിന്റെ മനഃപൂര്‍വമായ ശ്രമമാണ് ഇതെല്ലാമെന്നാണ് സൊഹ്‌റാന്‍ പറയുന്നത്. എല്ലാ ദൈവമക്കള്‍ക്കും ഒരുപോലെ സമ്പത്തിന്റെ മികച്ച വിതരണം ഉണ്ടാകണമെന്നും അതിനെയാണ് ജനാധിപത്യം, ജനാധിപത്യ സോഷ്യലിസം എന്നു വിളിക്കുന്നതെന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വാക്കുകളാണ് തന്റെ പ്രചോദനം എന്നാണ് സൊഹ്‌റാന്‍ പറയുന്നത്.സാധാരണക്കാരില്‍ നിന്നും നികുതി ഭാരം അതിസമ്പന്നമാരിലേക്ക് മാറ്റുമെന്നാണ് സൊഹ്‌റാന്‍ അഭിമുഖത്തില്‍ പറയുന്നത്. Donald Trump- threatens to cut off New York city Federal funds if Zohran Mamdani doesn’t behave after he won Mayor election
Content Summary; Donald Trump- threatens to cut off New York city Federal funds if Zohran Mamdani doesn’t behave after he won Mayor election
Leave a Comment