ബാബാ സാഹിബ് ഡോ. ബിആര്‍ അംബേദ്കറുടെ ജന്മദിനം മുമ്പ് നടന്നതില്‍ നിന്നും വിഭിന്നമായി ഇന്ന് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു. യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലുമൊക്കെ വ്യാപകമായി ഡോ. ബിആര്‍ അംബേദ്കറുടെ ജന്മദിനം യൂണിവേഴ്സിറ്റികളും സാധാരണക്കാര്‍ താമസിക്കുന്ന ഇടങ്ങളിലും ആഘോഷിക്കപ്പെടുന്നു. ഒരുപക്ഷേ, കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രമുഖ ചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ഡോ. ബിആര്‍ അംബേദ്കറെ മനസ്സിലാക്കുന്നതില്‍ ഇന്ത്യയും ലോകവും വളരെ വൈകിപ്പോയെന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്. Dr BR Ambedkar’s 134th birth anniversary today
ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ അമര്‍ത്യാസെന്‍, അദ്ദേഹത്തിന്റെ യൂറോപ്യന്‍ പ്രഭാഷണ പരമ്പരകളിലൊന്നില്‍ അഭിപ്രായപ്പെട്ടത് സാമ്പത്തിക ശാസ്ത്രത്തെ സാമൂഹിക നീതിയുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെയെന്ന് പഠിച്ചത് ഡോ. ബിആര്‍ അംബേദ്ക്കറില്‍ നിന്നായിരുന്നുവെന്നാണ്. എന്നാല്‍ അദ്ദേഹത്തെ വേണ്ടവിധം ഇന്ത്യ മനസ്സിലാക്കിയിട്ടുണ്ടോയെന്നും ആദരിച്ചിട്ടുണ്ടോയെന്നും സംശയമുണ്ടെന്നും അമര്‍ത്യാസെന്‍ പറയുകയുണ്ടായി.
എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ഡോ. ബിആര്‍ അംബേദ്കറുടെ ആശയങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ദര്‍ശനങ്ങളും ലോകവ്യാപകമായി പുനര്‍പാരായണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് അകത്ത് അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ ലോകമാനവരാശിക്ക് നല്‍കിയ സംഭാവനയെന്തെന്നത് വിശാലമായി പരിശോധിക്കപ്പെടേണ്ട ഒന്നാണ്.
സാധാരണഗതിയില്‍ ഇന്ത്യയിലെ അയിത്തജാതിക്കാര്‍ക്ക് വേണ്ടി നിലകൊണ്ട ഒരാള്‍ എന്ന നിലയ്ക്ക് മാത്രമാണ് ഇന്ത്യന്‍ സാമൂഹിക ശാസ്ത്രകാരന്മാരും രാഷ്ട്രീയ ചിന്തകരും ഡോ. ബിആര്‍ അംബേദ്കറെ അടയാളപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തെ അടുത്ത് നിന്ന് പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകുന്ന കാര്യം 20-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ദേശീയ നേതാക്കളില്‍ ഇന്ത്യയെ അടിസ്ഥാനപരമായി സൂക്ഷ്മമായും സ്ഥൂലമായും ഇന്ത്യന്‍ സമൂഹത്തിന്റെ ഘടനയെയും അതിന്റെ പ്രവര്‍ത്തനരീതിയെയും ആഴത്തില്‍ മനസ്സിലാക്കിയ ഒരാളായിരുന്നു അംബേദ്കറെന്ന് നമുക്ക് മനസ്സിലാകും.
ഇന്ത്യയിലെ ഇടതുപക്ഷത്ത് നിന്നും ദേശീയ പ്രസ്ഥാനത്തില്‍ നിന്നും വിഭിന്നമായി അത് മാനവരാശിയുടെ പുരോഗതിയെ തടസ്സപ്പെടുത്താത്ത സംവിധാനമെന്ന നിലയ്ക്കാണ് ഇന്ത്യന്‍ സമൂഹത്തിന്റെ യഥാര്‍ത്ഥ പ്രകൃതമെന്ത് എന്ന ചോദ്യത്തിന് ജാതിവ്യവസ്ഥയിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ ഊന്നിയിട്ടുള്ളത്. ഇന്ത്യയെ സമൂഹത്തെ വരിഞ്ഞ് മുറുക്കിയിരിക്കുന്ന, ഇന്ത്യന്‍ സമൂഹത്തെ ഘടനാപരമായി നിലനിര്‍ത്തുന്ന ജാതിവ്യവസ്ഥയും അതിന്റെ മൂല്യമണ്ഡലവുമാണ് ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാന പ്രകൃതമെന്നും അത് മാനവരാശിയുടെ പുരോഗതിക്ക് എതിരായ ഒരു കാരമാണെന്ന നിലയ്ക്കാണ് അദ്ദേഹം ജാതിവ്യവസ്ഥയെ മനസ്സിലാക്കിയത്. അതുകൊണ്ടുതന്നെ ജാതിവ്യവസ്ഥയോടും അതിനെ താങ്ങിനിര്‍ത്തുന്ന മൂല്യമണ്ഡലങ്ങളോടും വിട്ടുവീഴ്ചയില്ലാത്ത സമരമാണ് അദ്ദേഹം ജീവിതത്തിലുടനീളം പുലര്‍ത്തിയിരുന്നത് എന്ന് നമുക്ക് കാണാനാകും.
ഇത് കേവലമായ അയിത്തജാതിക്കാരും അല്ലാത്ത സവര്‍ണ വിഭാഗവും തമ്മിലുള്ള പ്രശ്നമായിട്ടല്ല അംബേദ്കര്‍ ഇതിനെ മനസ്സിലാക്കിയത്. മറിച്ച് ഇന്ത്യ നേരിടുന്ന സാമൂഹികവും ധാര്‍മികവുമായ പ്രതിസന്ധിയായിട്ടാണ് ജാതിവ്യവസ്ഥയെ അദ്ദേഹം മനസ്സിലാക്കിയത്. അതുകൊണ്ടുതന്നെ അതിനെ മറികടന്ന് പോകുവാനുള്ള വഴികളെ കുറിച്ചാണ് അദ്ദേഹം ആലോചിച്ചത്.
1916 ല്‍ ഇന്ത്യയിലെ ജാതികളെ സംബന്ധിച്ച് അദ്ദേഹം എഴുതിയ ചെറുപ്രബന്ധം, ജാതിവ്യവസ്ഥ എന്താണെന്ന് പഠിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും ഒരു പാഠപുസ്തകമായി ഇപ്പോഴും റഫര്‍ ചെയ്യപ്പെടുന്നുണ്ട്. ആ പുസ്തകത്തില്‍ അദ്ദേഹം പറയുന്നത്, ജാതിയെ ഉത്പാദന ബന്ധങ്ങളുമായി മാത്രം ബന്ധിപ്പിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ലെന്നും പകരം പ്രത്യുത്പാദന ബന്ധങ്ങളുമായി ബന്ധപ്പെട്ടാണ് ജാതിവ്യവസ്ഥ അതിജീവിച്ച് കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം 1916 തന്നെ നിരീക്ഷിക്കുന്നുണ്ട്. മാത്രവുമല്ല അതിനെ താങ്ങിനിര്‍ത്തുന്ന സാമൂഹിക ആചാരങ്ങളും മൂല്യങ്ങളും ആ പുസ്തകത്തില്‍ തന്നെ വിശദീകരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. അതിനുശേഷം അദ്ദേഹം നടത്തിയ സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ സവിശേഷശ്രദ്ധയും പഠനവും ആവശ്യപ്പെടുന്നുണ്ട്.
1917 മുതല്‍ അദ്ദേഹം പ്രത്യക്ഷമായ സാമൂഹിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഒരാളാണ്. സൗത്ത് ബോറോ കമ്മീഷന് മുമ്പാകെ തെളിവ് സമര്‍പ്പിക്കുമ്പോള്‍ ജനാധിപത്യത്തെ സംബന്ധിച്ച ഒരാശയം ഡോ. ബിആര്‍ അംബേദ്കര്‍ മുന്നോട്ടുവയ്ക്കുന്നു. അഭിപ്രായങ്ങളുടെ പ്രാതിനിധ്യം മാത്രം അതായത് വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവരുടെ പ്രാതിനിധ്യം മാത്രം ഒരു പാര്‍ലമെന്റില്‍ ഉണ്ടായാല്‍ അത് ജനാധിപത്യത്തിന്റെ പകുതി മാത്രമേ ആകുന്നുള്ളൂവെന്നും മറിച്ച് ആ രാഷ്ട്രത്തില്‍ ജീവിച്ചിരിക്കുന്ന വ്യത്യസ്തരായ മുഴുവന്‍ ജനവിഭാഗങ്ങളുടെയും പ്രാതിനിധ്യം കൂടി ഉള്‍ക്കൊള്ളാന്‍ ആ പാര്‍ലമെന്റിന് കഴിയുമ്പോള്‍ മാത്രമാണ് ജനാധിപത്യം പൂര്‍ണമാകുന്നതെന്ന് 1917 ല്‍ തന്നെ അദ്ദേഹം പ്രസ്താവിക്കുന്നു.
ഇന്ത്യയെപ്പോലെ വൈവിധ്യങ്ങളേറെയുള്ള ഒരു സമൂഹത്തില്‍ 1919 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിന്റെ രൂപീകരണത്തില്‍ അദ്ദേഹം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. സൈമണ്‍ കമ്മീഷന്‍ മുമ്പാകെ തെളിവ് സമര്‍പ്പിച്ചു. ജനാധിപത്യം എന്ന ആശയം എങ്ങനെയാണ് പ്രയോഗിക്കേണ്ടത് എന്നതിന്റെ വളരെ വ്യക്തമായ നിര്‍ദേശമാണ് 1920 ന് മുമ്പുതന്നെ ഇന്ത്യയ്ക്ക് മുന്നില്‍ അംബേദ്കര്‍ വയ്ക്കുന്നത്. 1917 മുതല്‍ ഇന്ത്യന്‍ ഭരണഘടന രൂപീകരിക്കുന്ന ഘട്ടം വരെയുള്ള എല്ലാ നിയമനിര്‍മാണ പ്രക്രിയകളിലും സക്രിയമായി ഇടപെട്ട മറ്റൊരു വ്യക്തിത്വം ഇന്ത്യാ ചരിത്രത്തിലില്ലെന്ന് നമുക്ക് കാണാന്‍ കഴിയും. 1919 ലെ മൊണ്ടാഗു ചെംസ്ഫോര്‍ഡ് ആക്ടിന്റെ ഭാഗമായിട്ടുള്ള ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ പ്രാഥമിക രൂപം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് 10 വര്‍ഷത്തിന് ശേഷം 1928 ല്‍ സൈമണ്‍ കമ്മീഷന്‍ തെളിവ് സമര്‍പ്പിച്ചു. സൈമണ്‍ കമ്മീഷനില്‍ ഇന്ത്യക്കാരില്ല എന്ന കാരണത്താല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുമ്പോഴാണ് കമ്മീഷന്‍ തെളിവുകള്‍ നല്‍കിയത്. ആ തെളിവുകളിലെ ഏറ്റവും പ്രധാനകാര്യം ഇന്ത്യയിലെ അയിത്തജാതി സമൂഹങ്ങളെ ഒരു ന്യൂനപക്ഷമായി പരിഗണിച്ച് സവിശേഷ അവകാശങ്ങള്‍ രാഷ്ട്രത്തിനകത്ത് ഉറപ്പ് ചെയ്യണമെന്ന ഡിമാന്റാണ് 1928 ല്‍ സൈമണ്‍ കമ്മീഷന്‍ മുമ്പാകെ അംബേദ്കര്‍ സമര്‍പ്പിച്ചത്.
സാമൂഹികമായി വേര്‍തിരിക്കപ്പെട്ട രാഷ്ട്രീയമായി വേര്‍തിരിക്കപ്പെടണമെന്നുള്ള ആധുനിക രാഷ്ട്ര ദര്‍ശനമാണ് അംബേദ്കര്‍ മുന്നോട്ടുവയ്ക്കുന്നത്. സാമൂഹികമായി വേര്‍തിരിക്കപ്പെട്ട വിഭാഗങ്ങളെ സവിശേഷമായി പരിഗണിച്ച് അവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കി രാഷ്ട്രം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന വികസിതമായ രാഷ്ട്രീയ സിദ്ധാന്തമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കാന്‍ ശ്രമിച്ചത്.
1930-32 കാലഘട്ടത്തില്‍ ലണ്ടനില്‍ നടന്ന വട്ടമേശ സമ്മേളനത്തില്‍ സവിശേഷമായ അഭിപ്രായങ്ങളാണ് അദ്ദേഹം രൂപപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്ത്യയിലെ മത, ഭാഷ ന്യൂനപക്ഷങ്ങള്‍, അയിത്തജാതിക്കാരായിട്ടുള്ള വിഭാഗങ്ങള്‍, ആദിവാസികള്‍ തുടങ്ങിയവരുടെ അവകാശങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന ചോദ്യത്തിന് വളരെ വ്യക്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന അംബേദ്കറെയാണ് വട്ടമേശ സമ്മേളനത്തില്‍ കാണാന്‍ കഴിയുന്നത്. അതിന് ശേഷം 1932 ല്‍ പൂന പാക്ട് ഉടമ്പടിയില്‍ ഒപ്പുവയ്ക്കുമ്പോള്‍ ഇന്ത്യയില്‍ ആധുനിക രാഷ്ട്രം പിറക്കുമ്പോള്‍ അതില്‍ തീരുമാനം എടുക്കുന്ന പാര്‍ലമെന്റില്‍ എല്ലാ ജനവിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന അടിസ്ഥാനപരമായ നിര്‍ദേശത്തിലാണ് അദ്ദേഹം നിലകൊണ്ടത്.
1935 ല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് രൂപംകൊള്ളുമ്പോള്‍ അതില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുകയും പട്ടികജാതി, പട്ടികവര്‍ഗം എന്നീ വിഭാഗങ്ങള്‍ ഉണ്ടാകുകയും സംവരണം എന്ന വ്യവസ്ഥ ബാധകമാക്കുകയും ചെയ്തു. ബഹിഷ്‌കൃതരായ വിഭാഗങ്ങളെ ആധുനിക രാഷ്ട്രം ഉള്‍ക്കൊള്ളുന്നതിനുള്ള ഭരണഘടനാ സംവിധാനമെന്ന നിലയിലാണ് സംവരണം ചരിത്രത്തില്‍ രൂപപ്പെടുന്നത്. 1943 ല്‍ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ ലേബര്‍ മെമ്പറായും അംബേദ്കര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ തൊഴിലാളി വര്‍ഗം ഇന്ന് അനുഭവിക്കുന്ന നിരവധിയായ അവകാശങ്ങളുടെ ഉപജ്ഞാതാവ് കൂടിയാണ് അംബേദ്കര്‍. സ്ത്രീകളുടെയും പുരുഷന്മാരുടെയും തുല്യവേതനം മുതല്‍ മെറ്റേണിറ്റി ലീവ്, തൊഴില്‍ സമയക്രമം, അവധികള്‍ തുടങ്ങിയ കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ നേതൃത്വം നല്‍കിയ ആളായിരുന്നു അംബേദ്കര്‍.
ഇതിനൊക്കെ പുറമെ അക്കാലത്ത് അന്തര്‍നദി ജല തര്‍ക്കം പരിഹരിക്കുവാന്‍ എങ്ങനെയാണ് കരാറുകള്‍ നിര്‍മിക്കുന്നത് എന്നതിന്റെ മോഡല്‍ തയ്യാറാക്കപ്പെട്ടതും അംബേദ്കറിന്റെ നേതൃത്വത്തിലായിരുന്നു. ക്യാബിനറ്റ് മിഷന്‍ രൂപം കൊള്ളുന്ന കാലത്ത് ഇന്ത്യയില്‍ ഏതെങ്കിലും മത സാമുദായിക വിഭാഗത്തിന് അധിക പ്രാതിനിധ്യം കിട്ടുന്ന സാഹചര്യമുണ്ടായാല്‍ അതൊരിക്കലും രാഷ്ട്രീയ ഭൂരിപക്ഷമായിരിക്കില്ലെന്നും മറിച്ച് വര്‍ഗീയ ഭൂരിപക്ഷമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരമൊരു അവസ്ഥ ഇന്ത്യയെ സംബന്ധിച്ച് ദുരന്തമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ ആ മുന്നറിയിപ്പ് കേള്‍ക്കുവാന്‍ ഇന്ത്യ തയ്യാറാകാതിരുന്നത് കൊണ്ടാണ് സമകാലിക ഇന്ത്യ ഹതാശവും, വിദ്വേഷത്തിന്റെയും അക്രമത്തിന്റെ രാജ്യമായി മാറിയത്. അംബേദ്കര്‍ അന്ന് പറഞ്ഞ ‘Representation Should be balanced’ എന്ന വാക്യം നമുക്ക് പിന്തുടരാന്‍ പറ്റിയിരുന്നെങ്കില്‍ ഇന്ത്യയില്‍ സവര്‍ണ ഒളിഗാര്‍ക്കിയോ അതിന്റെ ബീഭത്സരൂപമായ ഹിന്ദു രാഷ്ട്രമോ സാധ്യമാകുമായിരുന്നില്ല.
ഇന്ത്യന്‍ ദേശരാഷ്ട്രം രൂപകൊള്ളുമ്പോള്‍ ഉണ്ടായ നിര്‍ണായകമായ എല്ലാ ഘട്ടത്തിലും വളരെ വലിയ സംഭാവനകള്‍ നല്‍കിയ ഒരു രാഷ്ട്രീയ ചിന്തകന്‍ എന്ന നിലയിലാണ് ഡോ. ബിആര്‍ അംബേദ്കര്‍ അനുസ്മരിക്കപ്പെടേണ്ടത്. ഐക്യജാതി സമൂഹങ്ങള്‍ പോലെ ബഹിഷ്‌കൃതരായ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നിലകൊള്ളുമ്പോള്‍ കേവലമായ ഒരു മനുഷ്യാവകാശ പ്രശ്നത്തിനപ്പുറം ആധുനികരാഷ്ട്രത്തിനകത്ത് ഈ വിഭാഗങ്ങളുടെ സ്ഥാനമെന്താണെന്ന മൗലികമായ രാഷ്ട്രീയ പ്രശ്നം ഉന്നയിച്ചതിലൂടെ ലോകത്തെമ്പാടും ഭരണകൂടത്താല്‍ പുറന്തള്ളപ്പെട്ട എല്ലാ ജനവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ ഒരു രാഷ്ട്രീയ ദര്‍ശനത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖനും വികസിതമായ ഉള്‍ക്കൊള്ളല്‍ ജനാധിപത്യത്തിന്റെ വക്താവുമെന്ന നിലയില്‍ സമാനതകളില്ലാത്ത രാഷ്ട്രീയ ചിന്തകനായി ഡോ. അംബേദ്കര്‍ ചരിത്രത്തില്‍ അടയാളപ്പെടുകയാണ്.Dr BR Ambedkar’s 134th birth anniversary today
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary: Dr BR Ambedkar’s 134th birth anniversary today