അമൂല്യ കല്ലുകൾ പതിച്ച 11 കോടിയുടെ സ്വർണ്ണ വസ്ത്രം; ഗിന്നസ് റെക്കോർഡ് നേടി ‘ദുബായ് ഡ്രസ്’

സങ്കീർണ്ണമായ കൊത്തുപണികളും സൂക്ഷ്മമായ അലങ്കാരങ്ങളുമാണ് വസ്ത്രത്തിൽ ചെയ്തിരിക്കുന്നത്

‘Dubai Dress’ made from 10 kg gold

പത്ത് കിലോ​ഗ്രം ഭാരമുള്ള വസ്ത്രം, ഇത് നിർമിച്ചിരിക്കുന്നത് 21 കാരറ്റ് സ്വർണം കൊണ്ടും. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്വർണ്ണ വസ്ത്രം നിർമ്മിച്ച്, ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് സൗദി അറേബ്യയിലെ അൽ റുമൈസാൻ ഗോൾഡ് ആൻഡ് ജ്വല്ലറി കമ്പനി. ദുബായ് ഡ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വസ്ത്രം ഇപ്പോൾ ഷാർജ വാച്ച് ആൻഡ് ജ്വല്ലറി എക്സ്പോ പവലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

വസ്ത്രത്തിന് ഏകദേശം 4.6 ദശലക്ഷം ദിർഹം (ഏകദേശം 11 കോടി രൂപ) വിലവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചില സവിശേഷതകളും ഈ ദുബായ് വസ്ത്രത്തിനുണ്ട്. സങ്കീർണ്ണമായ കൊത്തുപണികളും സൂക്ഷ്മമായ അലങ്കാരങ്ങളുമാണ് വസ്ത്രത്തിൽ ചെയ്തിരിക്കുന്നത്. നാല് പ്രധാന ഭാഗങ്ങളാണ് വസ്ത്രത്തിനുള്ളത്. ആദ്യത്തേത് ഗോൾഡൻ ക്രൗൺ (സ്വർണ്ണ കിരീടം) ആണ്. ഏകദേശം 398 ഗ്രാം ഭാരമാണ് കിരീടത്തിനുള്ളത്. രണ്ട് വസ്ത്രത്തിനൊപ്പമുള്ള മാലയാണ്. 8,810.60 ഗ്രാം ഭാരമാണ് മാലയ്ക്ക്. ഒപ്പം 134.1 ഗ്രാം ഭാരമുള്ള കമ്മലുകളുമുണ്ട്. പിന്നീട് വരുന്നത് 738.5 ഗ്രാം ഭാരമുള്ള ഹിയാർ ഭാഗമാണ്.

നിറമുള്ള അമൂല്യ കല്ലുകൾ പതിച്ച വസ്ത്രം, സ്വർണ്ണത്തിന്റെയും രത്നങ്ങളുടെയും ഭാഷയിൽ യുഎഇയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ഒരു കലാസൃഷ്ടി കൂടിയാണിത്. യുഎഇയുടെ തനത് പൈതൃകമാണ് ദുബായ് ഡ്രസ്സി’ന്റെ രൂപകൽപ്പനയ്ക്ക് പ്രചോദനമായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

യുഎഇയുടെ ആഗോള നേതൃത്വത്തിനായുള്ള ശ്രമങ്ങളെയും സ്വർണ്ണ, ആഭരണ പ്രേമികളുടെ പ്രധാന കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനത്തെയും ഈ വസ്ത്രം പ്രതിഫലിപ്പിക്കുന്നു. യുഎഇയിലെ കലാകാരന്മാരുടെ തനതായ വൈദഗ്ദ്ധ്യവും ഇതിലൂടെ പ്രകടമാകുന്നുവെന്ന് അൽ റുമൈസാൻ ഗോൾഡ് റീജിയണൽ ഡെപ്യൂട്ടി മാനേജർ മോഹ്സെൻ അൽ ധൈബാനി പറഞ്ഞതായി ​ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

അഞ്ച് ദിവസം നീണ്ടുനിൽക്കുന്നതാണ് ഷാർജ വാച്ച് ആൻഡ് ജ്വല്ലറി എക്സ്പോ. 56-ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയിലെ മറ്റ് ആകർഷണങ്ങളിൽ 1.5 ദശലക്ഷം ദിർഹം (ഏകദേശം 3.4 കോടി രൂപ) വിലമതിക്കുന്ന ഒരു സ്വർണ്ണ സൈക്കിളും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ഇറ്റലി, ഇന്ത്യ, തുർക്കി, യുണൈറ്റഡ് സ്റ്റേറ്റ്സ്, റഷ്യ, യുണൈറ്റഡ് കിംഗ്ഡം, ജപ്പാൻ, ചൈന, സിംഗപ്പൂർ, ഹോങ്കോംഗ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 500ൽ അധികം പ്രാദേശിക, അന്താരാഷ്ട്ര പ്രദർശകരും, 1,800ൽ അധികം ഡിസൈനർമാരും നിർമ്മാതാക്കളും വ്യവസായ പ്രൊഫഷണലുകളും ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.

Content Summary: ‘Dubai Dress’ made from 10 kg gold wins Guinness World Record. dress, made from pure 21-carat gold weighs a whopping 10.0812 kilograms

അഴിമുഖം ഡെസ്‌ക്:
Leave a Comment