ഗുജറാത്തില്‍ മതപരിവര്‍ത്തനം ആരോപിച്ച് ഹിന്ദുത്വവാദികള്‍ ഈസ്റ്റര്‍ ആഘോഷം തടഞ്ഞു

ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യനികള്‍ക്കെതിരെ അക്രമങ്ങള്‍ ദിനംപ്രതി കൂടുന്നു

അഹമ്മദാബാദില്‍ നടന്ന ഈസ്റ്റര്‍ ആഘോഷം അലങ്കോലമാക്കി ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍. ഏപ്രില്‍ 21 രാവിലെ അഹമ്മദാബാദിലെ ഒദ്ദവ് മേഖലയിലെ ഒരു സ്വകാര്യ ഹാളില്‍ നടന്ന ഈസ്റ്റര്‍ പരിപാടിയിലേക്കാണ് ഹിന്ദുത്വവാദികള്‍ അതിക്രമിച്ചെത്തിയത്. മതപരിവര്‍ത്തനം നടത്തുകയാണെന്നാരോപിച്ചായിരുന്നു മതമൗലിക വാദികളുടെ അതിക്രമം.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നൊരു വീഡിയോയില്‍ ഹിന്ദുത്വ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. നിരവധി പേര്‍ ഇരുമ്പു വടികളുമായി ജയ്ശ്രീറാം വിളിച്ച് ഹാളിലേക്ക് ഇരച്ചെത്തുകയാണ്. ഹാളില്‍ ഈ സമയം നൂറോളം വിശ്വാസികള്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ക്കായി ഒത്തുകൂടിയിട്ടുണ്ട്.

മതപരിവര്‍ത്തന ചടങ്ങുകളായിരുന്നു ഹാളില്‍ നടന്നിരുന്നതെന്നും, എത്ര ഹിന്ദുക്കള്‍ ഹാളില്‍ ഉണ്ടായിരുന്നുവെന്ന് അന്വേഷിക്കാനാണ് തങ്ങള്‍ എത്തിയതെന്നുമാണ് ഹിന്ദുത്വ സംഘങ്ങള്‍ പറഞ്ഞതായി പൊലീസ് വിശദീകരിക്കുന്നത്. പരിപാടിക്കെതിരേ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരും, അക്രമത്തിനെതിരേ ക്രിസ്ത്യന്‍ സംഘടനയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് പരാതികളും അന്വേഷിക്കുമെന്നാണ് പൊലീസ് പറയുന്നത്.

വിവരം കിട്ടിയപ്പോള്‍ തന്നെ തങ്ങള്‍ സംഭവ സ്ഥലത്ത് എത്തിയെന്നാണ് ഒദ്ദവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എസ് സിന്‍സുവാഡിയ പറയുന്നത്. രണ്ട് വിഭാഗങ്ങളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വന്നുവെന്നും ഇന്‍സ്‌പെക്ടര്‍ പറയുന്നു. പ്രാദേശിക ബജ്‌റംഗ് ദള്‍ നേതാവായ ദര്‍ശന്‍ ജോഷി എന്നയാള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ഹാളില്‍ നടന്നത് മതപരിവര്‍ത്തനമാണെന്നാണ് ആരോപിക്കുന്നത്. എന്നാല്‍ മതപരിവര്‍ത്തനം നടന്നതിന്റെയാ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ക്രിസ്ത്യന്‍ വിശ്വാസികളുടെ ഭാഗത്ത് ന്ന് ഇമ്മാനുവേല്‍ അമയദാസ് എന്നയാളാണ് പരാതി കൊടുത്തിരിക്കുന്നത്. തിരിച്ചറിയാന്‍ കഴിയാത്ത പതിനഞ്ചോളം യുവാക്കള്‍ക്കെതിരെയാണ് അമയദാസിന്റെ പരാതി. രണ്ട് പരാതികളും അന്വേഷിക്കുമെന്നും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നുമാണ് പൊലീസ് പറയുന്നത്.

ഈ വര്‍ഷമാദ്യം യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം(യുസിഎഫ്) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് 2024 ല്‍ ക്രിസ്ത്യാനികള്‍ക്കെതിരേ 843 അക്രമസംഭവങ്ങള്‍ നടന്നു എന്നാണ്. 2023 ല്‍ 734 ആയിരുന്നു കണക്ക്. ഒരു വര്‍ഷം കൊണ്ട് 100 അക്രമ സംഭവങ്ങളാണ് ക്രിസ്ത്യാനികള്‍ക്കെതിരായി വര്‍ദ്ധിച്ചത്. 2014 ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ കയറിയതിന് പിന്നാലെ രാജ്യത്ത് ക്രിസ്ത്യന്‍ സമുദായത്തിനെതിരായ അക്രമസംഭവങ്ങളില്‍ വ്യാപകമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ദി വയര്‍ രേഖകള്‍ പ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കെതിരെ വ്യാജ മതപരിവര്‍ത്തന പരാതികള്‍ ഹിന്ദുത്വ സംഘടനകള്‍ നല്‍കുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. ഈ പരാതികളില്‍ പൊലീസ് കേസുകളും രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഏപ്രിലില്‍, കഞ്ചാവ് കൃഷിനടക്കുന്നുവെന്ന പരാതിയില്‍ ഒഡീഷയിലെ ജൂബ ഗ്രാമത്തിലും പരിസരത്തും പോലീസ് നടത്തിയ റെയ്ഡില്‍ ഒരു പള്ളിയില്‍ നടത്തിയ അതിക്രമങ്ങള്‍ അഭിഭാഷകരും ആക്ടിവിസ്റ്റുകളും അടങ്ങുന്ന ഒരു വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഞ്ചാവ് വേട്ടയുടെ പേരില്‍ പുരോഹിതന്മാര്‍ക്കും കുട്ടികള്‍ക്കുമെതിരേ പൊലീസ് ലാത്തി ചാര്‍ജ്് നടത്തി. സ്ത്രീകളെ അപമാനിച്ചു. മലയാളികളടക്കമുള്ള പുരോഹിതരും കന്യാസ്്ത്രീകളും പൊതുസ്ഥലങ്ങളില്‍ വച്ച് ആക്രമിക്കപ്പെടുന്നതും, വ്യാജ കേസുകളില്‍ കുടുങ്ങുന്നതും ഉത്തരേന്ത്യയിലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യാപകമാകുന്നുണ്ട്.  Easter celebrations were disrupted in Gujarat by Hindutva supporters who alleged religious conversion

Content Summary;  Easter celebrations were disrupted in Gujarat by Hindutva supporters who alleged religious conversion

This post was last modified on April 21, 2025 11:38 am

അഴിമുഖം ഡെസ്‌ക്:
Leave a Comment