സംസ്ഥാനത്തെയാകെ ഞെട്ടിച്ചു കൊണ്ടാണ് കർണാടകയിലെ മുൻ ഡിജിപിയായ ഓം പ്രകാശിന്റെ ദുരൂഹ മരണ വാർത്തയെത്തുന്നത്. ശരീരത്തിൽ എട്ടോളം മുറിവുകളോടെ ബംഗളൂരുവിലെ സ്വവസതിയിലായിരുന്നു ഓം പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതക സമയത്ത് ഭാര്യ പല്ലവിയും മകൾ കൃതിയും മറ്റൊരു കുടുംബാഗവുമാണ് വീട്ടിലുണ്ടായിരുന്നത്.
കൊലപാതകം നടത്തിയത് ഓം പ്രകാശിന്റെ ഭാര്യയും മകളുമാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനത്തെ തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്തിരുന്നു. താനാണ് ഭർത്താവിനെ കൊലപെടുത്തിയതെന്ന് ഓം പ്രകാശിന്റെ ഭാര്യ പല്ലവി തന്നോട് പറഞ്ഞതായി സുഹൃത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യൽ. സംഭവ ശേഷം പല്ലവി തന്റെ സുഹൃത്ത് കൂടിയായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ചാണ് വിവരം അറിയിക്കുന്നത്. ഞാനാ പിശാചിനെ കൊന്നു എന്ന് പല്ലവി പറഞ്ഞെന്നാണ് സുഹൃത്തിന്റെ മൊഴി. ഓം പ്രകാശ് തന്റെ സ്വത്തുക്കൾ മകനും സഹോദരിയ്ക്കും എഴുതി വച്ചിരുന്നു ഇത് സംബന്ധിച്ച തർക്കങ്ങൾ പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ചയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഭർത്താവ് പിടഞ്ഞു മരിക്കുന്നത് പത്തു മിനിറ്റോളം പല്ലവി നോക്കിയിരുന്നതാണ് പൊലീസ് പറയുന്നത്. പല്ലവി കഴിഞ്ഞ 12 വർഷങ്ങളായി മാനസികാരോഗത്തോട് പോരാടുകയാണ്. ഭർത്താവ് പലപ്പോഴായി പല്ലവി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ഇത് പരാമർശിച്ച് ഐപിഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചിരുന്നെങ്കിലും വേണ്ട പരിഗണന ലഭിച്ചിരുന്നില്ല. മകൻ കാർത്തിക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
വീട്ടിൽ നിന്ന് രണ്ട് ചോര പുരണ്ട കത്തികളും ഒരു കുപ്പിയും പൊലീസ് കണ്ടെടുത്തു. കുപ്പി കൊണ്ട് തലയ്ക്കടിച്ച ശേഷം കുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് നിലയുള്ള വീടിന്റെ ഏറ്റവും താഴത്തെ നിലയിലെ തറയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കൂർത്ത മുനയുള്ള ഏതോ മാരകായുധം ഉപയോഗിച്ച് ഉപദ്രവിച്ചിരുന്നതിനാൽ ശരീരത്തിൽ നിന്ന് അമിതമായി രക്തം നഷ്ടപ്പെട്ടതാണ് മരണകാരണമെന്ന് എസിപി വികാസ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
1981 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് ബിഹാറിലെ ചമ്പാരൻ സ്വദേശിയാണ്. 2015 മാർച്ച് 1ന് കർണാടകയിലെ ഡയറക്ടർ ജനറലായി നിയമിതനായെങ്കിലും രണ്ട് വർഷങ്ങൾക്ക് ശേഷം തൽസ്ഥാനത്ത് നിന്ന് വിരമിക്കുകയും ചെയ്തു. ഹരപ്പനഹള്ളിയിൽ അഡീഷണൽ പൊലീസ് സൂപ്രണ്ടായാണ് ഓംപ്രകാശ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ബല്ലാരി ജില്ലയിൽ എഎസ്പിയായും ശിവമോഗ, ഉത്തരകന്നട, ചിക്കമംഗളൂരു എന്നിവടങ്ങളിൽ പൊലീസ് സൂപ്രണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന ലോകായുക്ത, ഫയർ ആന്റ് സേഫ്റ്റി വിഭാഗം, ക്രൈം ഇൻവെസ്റ്റിഗേഷൻ വകുപ്പ് (സിഐഡി) എന്നിവയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ജീവന് ഭീഷണിയുള്ളതായി ഓം പ്രകാശ് തനിക്ക് അടുത്ത് ബന്ധമുള്ള ആളുകളോട് പലപ്പോഴായി പറഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഓം പ്രകാശിന്റെ മരണത്തിൽ കുടുംബാംഗങ്ങളാണ് സംശയത്തിന്റെ നിഴലിലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കുടുംബത്തിനുള്ളിൽ സ്വത്തു വിവരങ്ങൾ സംബന്ധിച്ച് തർക്കം നിലനിന്നിരുന്നതാണ് ഇതിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
content summary: a property dispute led to the murder of former DGP Om Prakash