June 26, 2026 |
Share on

‘വെള്ളാപ്പള്ളിയിൽ നിന്ന് ആനൂകൂല്യം പറ്റുന്നവർക്ക് അയാളെ സംരക്ഷിച്ചേ മതിയാവൂ’

അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റാൻ ശ്രമിച്ചത്
കേസ് അട്ടിമറിക്കാൻ

കേരള രാഷ്ട്രീയത്തിലും സാമൂഹികരംഗത്തും ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് നടപ്പാക്കിയ ഒരു പദ്ധതിയിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നു എന്ന ആരോപണമാണ് ഈ കേസിന്റെ കാതൽ. കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ഭാഗത്തുനിന്ന് ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പരാതിക്കാർ ആരോപിക്കുമ്പോൾ, പ്രതിരോധത്തിലായിരിക്കുകയാണ് സർക്കാരും എസ്എൻഡിപി നേതൃത്വവും. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനുള്ള സർക്കാരിന്റെ നീക്കം ഹൈക്കോടതി തള്ളിയത് ഈ കേസിൽ പുതിയ വഴിത്തിരിവായി മാറിയിരിക്കുന്നു.

പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ കേസ് ഏൽപ്പിക്കുമ്പോൾ സ്വഭാവികമായും അന്വേഷണം കൂടുതൽ നീണ്ടുപോകുമെന്ന് ആരോപണമുണ്ടായിരുന്നു. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദേശം. ഈ കേസുമായി ബന്ദപ്പെട്ട് ഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നായിരുന്നു ഹർജിയിൽ സർക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ശശിധരൻ തന്നെ തുടരണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നതിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്നും പരാതിക്കാരൻ വാദിച്ചു.

കേസന്വേഷണം ശരിയായ ദിശയിൽ നടക്കുക എന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി ചെയർമാൻ എസ് ചന്ദ്രസേനൻ അഴിമുഖത്തോട് പറഞ്ഞു. വെള്ളാപ്പിള്ളി നടേശനിൽ നിന്ന് ആനുകൂല്യം പറ്റുന്നവരുടെ അയാളെ രക്ഷിച്ചേ മതിയാവൂ. രാഷ്ട്രീയമായ ആനുകൂല്യമല്ല അത് സാമ്പത്തിക ആനുകൂല്യമല്ല. അറ്റൻഡർ നിയമനത്തിലൂടെ ഉൾപ്പെടെ ലഭിച്ച പണത്തിന്റെ ഒരു പങ്ക് പലർക്കും ലഭിച്ചിട്ടുണ്ട്. അതിന്റെ വിവരങ്ങൾ കൃത്യമായി ഞങ്ങൾക്ക് അറിയാം. ഇത്തരത്തിൽ തന്നെ തുടർന്നാൽ തെളിവുകളോടെ ഞങ്ങൾ എല്ലാം പ്രചരിപ്പിക്കുമെന്നും അഡ്വ. ചന്ദ്രസേനൻ വ്യക്തമാക്കി.

2015ലാണ് വി എസ് അച്യുതാനന്ദൻ ഈ കേസ് ഫയൽ ചെയ്യുന്നത്. അതിന് ആവശ്യമായ രേഖകളിൽ പലതും കൊടുത്തത് ഞാൻ ഉൾപ്പെടെയാണ്. മൈക്രോഫിനാൻസ് കേസുകളിൽ ചിലത് കെ.കെ. മഹേശന്റെ ചുമലിൽ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങൾ വെള്ളാപ്പിള്ളി നടത്തിയതോടെയാണ്, 2020ൽ അയാൾ ആത്മഹത്യ ചെയ്തത്. അതോടെയാണ് ഈ കേസ് ഞങ്ങൾ ഏറ്റെടുക്കുന്നത്. അന്ന് അന്വേഷണം നടത്തിയിരുന്നത് ഹിമേന്ദ്രയെന്ന അന്വേഷണ ഉദ്യോ​ഗസ്ഥനായിരുന്നു, അദ്ദേഹത്തെ സ്ഥലം മാറ്റുകയാണുണ്ടായത്. എന്നാൽ പിന്നീട് അദ്ദേഹം തിരികെ വന്നെങ്കിലും, പ്രമോഷനെ തുടർന്ന് സ്ഥലം മാറ്റം ലഭിച്ചു. അതിന് ശേഷമാണ് ശശിധരൻ സാർ അന്വേഷണ ഉദ്യോ​ഗസ്ഥനായെത്തുന്നത്. അന്വേഷണം പൂർത്തിയാക്കി 21 കേസിൽ കുറ്റപത്രം തയ്യാറാക്കി. ഈ സമയത്താണ് ഇദ്ദേഹത്തെ മാറ്റുന്നത്. ആ തീരുമാനത്തോട് ഞങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു. അതോടെ ഈ കേസിന്റെ അന്വേഷണ ചുമതല ശശിധരൻ സാർ തന്നെ വഹിക്കണമെന്ന് കോടതിയും ഉത്തരവിട്ടു. എന്നാൽ പലപ്പോഴായി ഇത് അട്ടിമറിക്കാനുള്ള ശ്രമങ്ങളും കോടതി ഉത്തരവിന്റെ ലംഘനവും സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് സംഭവിച്ചു. വിജിലൻസിന്റെ തലപ്പത്തിലിരിക്കുന്ന മുഖ്യൻ, വിജിലൻസ് അന്വേഷണം നടക്കുന്ന 21 കേസുകളിലെ പ്രതിയായ വെള്ളാപ്പള്ളിയ്ക്ക് തലപ്പാവ് അണിയിച്ചുക്കൊടുക്കുന്നു. കോടതിയ്ക്ക് മുമ്പിൽ സമർപ്പിക്കാൻ വേറെ അധികം തെളിവുകൾ വേണ്ടിയിരുന്നില്ലെന്ന് ചന്ദ്രസേനൻ പറഞ്ഞു.

സാധാരണക്കാർക്കും പിന്നാക്ക വിഭാഗങ്ങൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുക എന്ന ലക്ഷ്യത്തോടെയാണ് എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് പദ്ധതി ആരംഭിച്ചത്. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) വഴി സബ്‌സിഡി നിരക്കിൽ ലഭിച്ച ഫണ്ട് ഉപയോഗിച്ചായിരുന്നു ഈ പദ്ധതി നടപ്പാക്കിയിരുന്നത്. 2003 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ഈ പദ്ധതി വഴി 15.85 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നാണ് പ്രധാന ആരോപണം.

ഈ തട്ടിപ്പിനെക്കുറിച്ചുള്ള പരാതി ഉയർന്നത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനിൽ നിന്നാണ്. പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് ഈ വിഷയത്തെ നിയമ നടപടികളിലേക്ക് എത്തിച്ചത്. പിന്നാക്ക വിഭാഗങ്ങൾക്കായി ലഭിച്ച സർക്കാർ ഫണ്ടുകൾ ഉയർന്ന പലിശയ്ക്ക് സാധാരണക്കാർക്ക് നൽകുകയും, അതിലൂടെ നേതാക്കൾ സാമ്പത്തിക ലാഭം ഉണ്ടാക്കുകയും ചെയ്തു എന്നതാണ് പ്രധാന ആരോപണം. കൂടാതെ, വ്യാജ സ്വയം സഹായ സംഘങ്ങളുടെ പേരിൽ തുക വായ്പയെടുത്തതായും, ഫണ്ടിന്റെ ഉപയോഗം സംബന്ധിച്ചുള്ള വ്യാജരേഖകൾ നിർമ്മിച്ചതായും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.

പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്ന് 13 ശതമാനം പലിശയ്ക്ക് ലഭിച്ച വായ്പ എസ്എൻഡിപി യൂണിയൻ ശാഖകൾ വഴി 16 ശതമാനം വരെ പലിശ ഈടാക്കി ഗുണഭോക്താക്കൾക്ക് നൽകി. ഈ അധിക പലിശ പാർട്ടിയുടെ മറ്റു കാര്യങ്ങൾക്കായി വിനിയോഗിച്ചു എന്നതായിരുന്നു ആരോപണം. വായ്പകൾ നൽകുന്നതിനായി ലഭിച്ച തുക കൃത്യമായി ഗുണഭോക്താക്കളിലേക്ക് എത്തിച്ചില്ല. പകരം, മറ്റ് സാമ്പത്തിക കാര്യങ്ങൾക്കായി ഈ ഫണ്ട് വകമാറ്റി ഉപയോഗിച്ചുവെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഫണ്ടുകൾ യഥാർത്ഥ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്ന് കാണിക്കാൻ വ്യാജ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചു. ഇത് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നടന്നതെന്ന ആരോപണവുമുണ്ട്. കേസിൽ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കിയതിന് പുറമേ, മകൻ തുഷാർ വെള്ളാപ്പള്ളി, മുൻ ഡിഎം എൻ.എൻ. സോമൻ തുടങ്ങിയ പ്രമുഖരെയും പ്രതിചേർത്തിരുന്നു. കേസിൽ മൂന്നാം പ്രതിയായിരുന്ന കെ.കെ. മഹേശനെ 2020ൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് കേസിന്റെ ഗൗരവം വർദ്ധിപ്പിച്ചു.

ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ കേസിന്റെ പുരോഗതി മന്ദഗതിയിലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വെള്ളാപ്പള്ളി നടേശനെതിരെയുള്ള കേസ് വൈകിപ്പിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നുവന്നു. വിജിലൻസ് അന്വേഷണ സംഘം കേസിൽ പലപ്പോഴും വെള്ളാപ്പള്ളി നടേശന് ക്ലീൻ ചിറ്റ് നൽകി. എന്നാൽ, ഈ റിപ്പോർട്ടുകൾ ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ കോടതിയെ സമീപിച്ചു. കോടതി ഇടപെടലുകൾക്ക് ശേഷം അന്വേഷണം വേഗത്തിലാക്കാൻ ഹൈക്കോടതി വിജിലൻസിന് നിർദ്ദേശം നൽകി. 2024ൽ വിജിലൻസ് അന്വേഷണം അവസാന ഘട്ടത്തിലെത്തിച്ചതായും, ഫണ്ടുകൾ സർക്കാരിന് തിരികെ നൽകിയതിനാൽ തട്ടിപ്പ് നടന്നതായി കണ്ടെത്താനായിട്ടില്ല എന്നും റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, തട്ടിപ്പ് നടന്നില്ലെങ്കിൽ എന്തിനാണ് ഫണ്ട് തിരിച്ചടച്ചത് എന്ന ചോദ്യം ഈ വിഷയത്തിൽ ഇനിയും ഉത്തരം കിട്ടാത്ത ഒന്നായി അവശേഷിക്കുന്നു.

content summary: Efforts to replace the investigator aimed to sabotage the microfinance case against Vellapilly

Leave a Reply

Your email address will not be published. Required fields are marked *

×