June 04, 2026 |
Share on

‘ചോദ്യങ്ങള്‍ക്ക് മറുപടിയില്ല, തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിന്റെ കളിപ്പാവ’; ആഞ്ഞടിച്ച് ഇന്ത്യാ സഖ്യം

ബിഹാർ എസ്ഐആറിൽ രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചനകളില്ലാതെ നടപടികളിലേക്ക് നീങ്ങി

വോട്ട് ചോരി വിവാദത്തിൽ ഇലക്ഷൻ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യാ സഖ്യം. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായ ചോദ്യങ്ങളാണ് വാർത്താസമ്മേളനത്തിൽ ഇന്ത്യാ സഖ്യം നേതാക്കൾ ഉന്നയിച്ചത്. ഏഴ് രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി ഇന്ത്യാ സഖ്യം വീണ്ടും ആരോപിച്ചു.

സർക്കാരിന്റെ കളിപ്പാവയായി ഇലക്ഷൻ കമ്മീഷൻ മാറിയെന്ന് ആരോപിച്ച ഇന്ത്യാ മുന്നണി, മെഷീൻ റീഡബിൾ വോട്ടർ പട്ടിക നൽകുന്നത് സ്വകാര്യത ലംഘിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്ന് അറിയിച്ചു. യുപിയിൽ ബിഎൽഒമാരുടെ പട്ടികയിൽ നിന്ന് യാദവ മുസ്ലീം വിഭാ​ഗത്തിൽപ്പെടുന്നവരെ മാറ്റിയെന്നും എന്തിനാണ് എസ്ഐആർ നടപ്പാക്കുന്നതെന്ന് കമ്മീഷൻ വിശദീകരിച്ചിട്ടില്ലെന്നും ഇന്ത്യാ സഖ്യം ആരോപിച്ചു.

പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാ​ഗത്ത് നിന്നും കൃത്യമായ മറുപടിയുണ്ടായിട്ടില്ലെന്നും ചോദ്യങ്ങൾക്കുള്ള മറുപടി മറുചോദ്യങ്ങളാണെന്നും ഇന്ത്യാ സഖ്യം വിമർശിച്ചു. ബിഹാർ എസ്ഐആറിൽ അടക്കം രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചനകളില്ലാതെ നടപടികളിലേക്ക് നീങ്ങിയതിനെയും ഇന്ത്യാ സഖ്യം വാർത്താസമ്മേളനത്തിൽ ചോദ്യം ചെയ്തു.

മഹാരാഷ്ട്രയിലെ വോട്ടർപട്ടികയിൽ കണ്ട അസാധാരണമായ വോട്ടർമാരുടെ എണ്ണത്തിന്റെ കാര്യത്തിലും വ്യക്തമായ മറുപടി ഇലക്ഷൻ കമ്മീഷൻ നൽകിയിരുന്നില്ലായെന്ന് ഇന്ത്യാ സഖ്യം ആരോപിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കൂടുതൽ നടപടികളിലേക്ക് കടക്കാൻ പ്രതിപക്ഷ ഇൻഡ്യ സഖ്യം പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ബിജെപിക്കെതിരായ വോട്ടുകൊള്ള ആരോപണങ്ങൾ നിഷേധിച്ചും ആരോപണം ഉന്നയിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജ്യത്തോടു മാപ്പുപറയണമെന്ന് വെല്ലുവിളിച്ചും തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെയാണ് നീക്കം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Summary: Election Commission is a puppet of the Centre; india alliance against EC

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×