June 13, 2026 |
Share on

ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ്; ബച്ചൻ-ഷാരൂഖ് കഥാപാത്രങ്ങളെ കൂട്ടുപിടിച്ച തിരഞ്ഞെടുപ്പ് പ്രചാരണം

സിനിമ ട്രെയിലറിനെ കടത്തി വെട്ടി സൊഹ്റാന്റെ വീഡിയോ

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി മത്സരിക്കുന്നുവെന്നത് ഏറെ ചർച്ചയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചൂട് കടുപ്പിക്കുന്നത് മറ്റൊന്നാണ്, പ്രചാരണത്തിനായി തിരഞ്ഞെടുത്ത ഭാഷ. ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗവും ഡെമോക്രാറ്റിക് മേയർ സ്ഥാനാർത്ഥിയുമായ സൊഹ്‌റാൻ മംദാനി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരഞ്ഞെടുത്തത് ഹിന്ദി ഭാഷയാണ്.

വിജയമുറപ്പിച്ചാൽ ന്യൂയോർക്കിലെ ആദ്യ ദക്ഷിണേഷ്യൻ മേയറായിരിക്കും സൊഹ്‌റാൻ മംദാനി. തന്റെ ബോളിവുഡ് പാരമ്പര്യം ഉപയോ​ഗിച്ച് സൊഹ്‌റാൻ നടത്തുന്ന പ്രചാരണം സൈബറിടങ്ങളിൽ ചർച്ചയാവുകയാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, കിഷോർ കുമാർ എന്നിവരുടെ രംഗങ്ങളാണ് സൊഹ്റാൻ തന്റെ എതി‍ർ സ്ഥാനാ‍ർത്ഥിയായ ആൻഡ്രൂ ക്യൂമോയെ വെല്ലുവിളിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഒരു സാധാരണ തിരഞ്ഞെടുപ്പ് പ്രചാരണത്തേക്കാൾ കാഴ്ചക്കാരേറുകയാണ് ഒരു സിനിമാ ട്രെയിലർ പോലെ തോന്നിക്കുന്ന ഈ പ്രചാരണ സന്ദേശത്തിന്. മൺസൂൺ വെഡ്ഡിംഗ്, ദി നെയിംസേക്ക് തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്തി നേടിയ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് മീര നായരുടെ മകനാണ് സൊഹ്‌റാൻ. ഷാരൂഖ് ഖാൻ അഭിനയിച്ച ഓം ശാന്തി ഓം എന്ന ചിത്രത്തിലെ ദീവാനാഗി ദീവാങ്കിയാണ് പശ്ചാത്തല സംഗീതമായി നൽകിയിരിക്കുന്നത്.

ദീവാർ എന്ന ചിത്രത്തിലെ ഒരു പ്രശസ്ത രംഗത്തിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. ചിത്രത്തിലെ അമിതാഭ് ബച്ചന്റെ കഥാപാത്രം തന്റെ സഹോദരനോട് കെട്ടിടങ്ങൾ, ബംഗ്ലാവ്, ബാങ്ക് ബാലൻസ്, കാർ എന്നിവയടങ്ങുന്ന അളവറ്റ സ്വത്ത് എനിക്ക് സ്വന്തമായുണ്ട്. നിങ്ങൾക്ക് എന്താണ് ഉള്ളത്? എന്ന് ചോദിക്കുന്ന രം​ഗമാണ് സൊഹ്‌റാൻ വീഡിയോയിൽ ഉപയോ​ഗിച്ചിരിക്കുന്നത്, എന്നാൽ ഈ ചോദ്യത്തിന് വീഡിയോയിൽ മറുപടി നൽകുന്നത് സൊഹറാനാണ്. ഈ ചോദ്യത്തിന് ശശി കപൂർ മറുപടി നൽകുന്ന സീൻ വെട്ടി മാറ്റിയാണ് ആ സ്ഥാനത്ത് സൊഹ്‌റാൻ തന്റെ രം​ഗങ്ങൾ കൂട്ടിച്ചേ‌‍ർത്തത്. വർഗ സംഘർഷത്തിന്റെയും ധാർമ്മിക വിഭജനത്തിന്റെയും പ്രതീകമായ അമിതാഭ് ബച്ചന്റെ ദീവാറിലെ ഐക്കണിക് രംഗം, കുടിയേറ്റ ഉപയോ​ഗിച്ചത് കുടിയേറ്റക്കാരായ വോട്ട‌ർമാരുടെ സ്വാധീനം നേടാനാണ്. ദിൽവാലെ ദുൽഹാനിയ ലേ ജായേംഗേയിൽ പ്രശസ്തമായ ഷാരൂഖിന്റെ പോസാണ് സൊഹ്റാൻ വീഡിയോയിൽ ഉപയോ​ഗിച്ചിരിക്കുന്നത് ഇത് തീ‌‍‍ർച്ചയായും ആളുകളിൽ സ്വാധീനം ചെലുത്തും.

കർസ് എന്ന ചിത്രത്തിലെ കിഷോർ കുമാറിന്റെ ശബ്ദം ഉപയോഗിച്ച്, റാങ്ക്-ചോയ്‌സ് വോട്ടിംഗിന്റെ ആശയവും സൊഹ്റാൻ അവതരിപ്പിക്കുന്നുണ്ട്. റാങ്ക് അടിസ്ഥാനമാക്കിയുള്ള വോട്ടിംഗിനെ വിശദീകരിക്കാൻ ലസ്സിയാണ് സൊഹ്റാൻ ഉപയോഗിച്ചിരിക്കുന്നത്. ഡൊണാൾഡ് ട്രംപ് പിന്തുണയ്ക്കുന്ന തന്റെ പ്രധാന ക്യൂമോയ്ക്ക് വോട്ട് ചെയ്യരുതെന്ന് വോട്ടർമാരോട് സൊഹ്റാൻ അഭ്യ‍ർത്ഥിക്കുന്നുണ്ട്. ‘ഖാനാ മിലേഗാ പിനാ മിലേഗാ ഭയ്യാ കി ഷാദി ഹേ സബ് കുച്ച് മിലേഗാ’ എന്ന വരികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കോടീശ്വരന്മാർക്ക് എല്ലാം ഉണ്ട്. ഇപ്പോൾ നിങ്ങളുടെ സമയം വന്നിരിക്കുന്നുവെന്ന് സൊഹ്റാൻ വോട്ടർമാരെ ഓർമ്മിപ്പിക്കുന്നുണ്ട്. 1974ൽ പുറത്തിറങ്ങിയ മനോജ് കുമാർ ചിത്രമായ “റോട്ടി, കപ്ഡ ഔർ മക്കാൻ” എന്ന പേരാണ് തന്റെ പ്രചാരണത്തിന്റെ മുദ്രാവാക്യമായി സൊഹ്റാൻ ഉപയോ​ഗിച്ചിരിക്കുന്നത്. ദക്ഷിണേഷ്യൻ കുടിയേറ്റക്കാർ, ഒന്നാം തലമുറ വോട്ടർമാർ, തൊഴിലാളിവർഗ സമൂഹങ്ങൾ എന്നിവരെയാണ് സൊഹ്റാൻ ലക്ഷ്യം വയ്ക്കുന്നത്.

content summary: New York City mayoral candidate Zohran Mamdani features characters played by Amitabh Bachchan and Shah Rukh Khan in his election campaign video

Leave a Reply

Your email address will not be published. Required fields are marked *

×