തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SIR) പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുള്ള വോട്ടർമാർ യാതൊരു തരത്തിലുള്ള രേഖയും ഹാജരാക്കേണ്ടതില്ലെന്ന് ഇലക്ഷൻ കമ്മീഷൻ. മിക്ക സംസ്ഥാനങ്ങളിലെയും പകുതിയിലധികം വോട്ടർമാരും എസ്ഐആറിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി. 2002 നും 2004 നും ഇടയിലാണ് മിക്ക സംസ്ഥാനങ്ങളിലും അവസാനത്തെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അതിനാൽ, ആ വർഷമായിരിക്കും അടുത്ത എസ്ഐആറിനുള്ള കട്ട് ഓഫ് തീയതിയായി പരിഗണിക്കുക.
രാജ്യവ്യാപകമായി പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ തുടങ്ങുന്നതിനുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ തീരുമാനിക്കുമെന്നും ഈ വർഷം അവസാനത്തോടെ വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു.
സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ഷൻ ഓഫീസർമാർ സംസ്ഥാനത്തെ അവസാന SIR-ിനു ശേഷമുള്ള വോട്ടർ പട്ടികകൾ തയ്യാറാക്കി സൂക്ഷിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ ഇതിനകം തന്നെ അവരുടെ വെബ്‌സൈറ്റുകളിൽ പട്ടികകൾ പ്രസിദ്ധീകരിച്ചു. ഉദാഹരണത്തിന്, ഡൽഹി സിഐഒയുടെ വെബ്‌സൈറ്റിൽ 2008ലെ വോട്ടർ പട്ടികയും, ഉത്തരാഖണ്ഡ് സിഇഒയുടെ വെബ്‌സൈറ്റിൽ 2006 ലെ പട്ടികയും ലഭ്യമാണ്.
ഓരോ സംസ്ഥാനത്തും നടന്ന അവസാന എസ്ഐആറിലാണ് കട്ട്-ഓഫ് തീയതി ആകുക. ഉദാഹരണത്തിന്, ബിഹാറിൽ 2003ലെ വോട്ടർ പട്ടികയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ബിഹാറിൽ 2003ലെ എസ്ഐആറിൽ ഉൾപ്പെട്ട 4.96 കോടി വോട്ടർമാർ (മൊത്തം വോട്ടർമാരുടെ ഏകദേശം 60%) ജനന തീയതി/ജനനസ്ഥലം തെളിയിക്കാൻ അധിക രേഖകൾ നൽകേണ്ടതില്ല. വോട്ടർ പട്ടികയിൽ ഉള്ള വിവരങ്ങൾ മതിയാകും.
എന്നാൽ ശേഷിക്കുന്ന ഏകദേശം മൂന്ന് കോടി പേർ (40%) 12 രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം. സംസ്ഥാനത്തിനു പുറത്തുനിന്ന് വരുന്നവർക്ക് അല്ലെങ്കിൽ പുതിയ വോട്ടർമാർക്കായി പ്രത്യേക പ്രഖ്യാപന ഫോം (declaration form) കൊണ്ടുവന്നിട്ടുണ്ട്.
ഈ വിഭാഗത്തിലുള്ളവർ 1987 ജൂലൈ 1ന് മുമ്പ് ഇന്ത്യയിൽ ജനിച്ചതാണെന്ന് സത്യവാങ്മൂലം നൽകുകയും ജനനത്തീയതി/ജനനസ്ഥലം തെളിയിക്കുന്ന രേഖ സമർപ്പിക്കുകയും വേണം. 1987 ജൂലൈ 1 മുതൽ 2004 ഡിസംബർ 2 വരെ ഇന്ത്യയിൽ ജനിച്ചവർക്ക്, തങ്ങളുടെ മാതാപിതാക്കളുടെ ജനന വിവരങ്ങൾ തെളിയിക്കുന്ന രേഖകളും സമർപ്പിക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ ഈ എസ്ഐആർ നടപടിക്കു പ്രതിപക്ഷ പാർട്ടികൾ എതിർപ്പ് രേഖപ്പെടുത്തി. സമയക്രമത്തെ ചോദ്യം ചെയ്തും ആവശ്യ രേഖകൾ ഇല്ലാത്തതിനാൽ ലക്ഷക്കണക്കിന് വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെടുമെന്ന് ആരോപിച്ചും പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു.
യോഗ്യരായ ഒരു പൗരനെയും പട്ടികയിൽ നിന്ന് ഒഴിവാകാതിരിക്കണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിക്കുകയും ചെയ്തു.
Content Summary: Election Commission says voters on active voter list need not produce documents
This post was last modified on September 17, 2025 4:54 pm
Leave a Comment