കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളുമായി ഉണര്‍ന്നെഴുന്നേറ്റ പാര്‍ട്ടി, അഞ്ച് മാസങ്ങള്‍ക്കിപ്പുറം നടന്ന ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തകര്‍ന്നു വീണു, ഇപ്പോഴിതാ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് നേരിടേണ്ടി വന്നിരിക്കുന്നത് തിരിച്ചടികള്‍. ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്, കോണ്‍ഗ്രസ് പുനരുജ്ജീവിച്ചിരിക്കുന്നു എന്നത് ഹൃസ്വകാല തോന്നല്‍ മാത്രമായിരുന്നു, ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി ഇപ്പോഴും പലവിധമായ പ്രതിസന്ധികളില്‍പ്പെട്ടു കിടക്കുകയാണ്.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ വളരെ മോശമായിരിക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത്.തുടക്കത്തില്‍ 20 സീറ്റുകളില്‍ നേരിയ തോതിലെങ്കിലും മുന്നിലായിരുന്ന പാര്‍ട്ടി പിന്നീട് സഖ്യകക്ഷികളായ എന്‍സിപി (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി), ശിവസേന (യുബിടി) എന്നിവരെക്കാള്‍ പിന്നിലായി. കോണ്‍ഗ്രസ് സംസ്ഥാനത്തെ ദുര്‍ബലമായിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് വിധി. മഹാരാഷ്ട്ര പോലെ ദേശീ രാഷ്ട്രീയത്തില്‍ അതി നിര്‍ാണായകമായൊരു സംസ്ഥാനത്ത് പാര്‍ട്ടിയുടെ സാധ്യതകള്‍ മങ്ങിപ്പോയിരിക്കുന്നു. 2019 ലെ തിരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന്റെ ഭാഗമായിട്ടാണെങ്കില്‍ പോലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തെ മറികടക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണത്തെ പാര്‍ട്ടിയുടെ പ്രകടനം നിരാശജനകമായി. 2019 ല്‍ എംവിഎയുടെ വിജയത്തിന് പ്രധാനമായും കാരണമായത് കോണ്‍ഗ്രസും സഖ്യകക്ഷികളും നടത്തിയ ശക്തമായ പ്രചാരണമാണ്. ഭരണഘടന പൊളിച്ചെഴുതും, സംവരണ നയങ്ങള്‍ അട്ടിമറിക്കും, തുടങ്ങിയ അജണ്ടകളാണ് ബിജെപി കൊണ്ടു നടക്കുന്നതെന്ന പ്രചാരണം ജനങ്ങളിലെത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ജാതി സെന്‍സസിനായി കോണ്‍ഗ്രസ് ശക്തമായി മുന്നോട്ട് പോകുകയും തെരഞ്ഞെടുപ്പില്‍ സംവരണ വിഭാഗങ്ങള്‍ക്ക് 50% സീറ്റെന്ന പരിധി ലംഘിക്കാനും ആഹ്വാനം ചെയ്തു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉയര്‍ത്തിയ ഇത്തരം പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ആഹ്വാനങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ ഇത്തവണ അതേ മുദ്രാവാക്യങ്ങളും പ്രമേയങ്ങളും മഹാരാഷ്ട്രയിലെ വോട്ടര്‍മാരില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കിയില്ല. 2019ലെ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് ബിജെപി ഭരണത്തോടുള്ള ജനങ്ങളുടെ എതിര്‍ വികാരങ്ങളുടെ പ്രതിഫലനമായിരുന്നു. പക്ഷേ ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് വിട്ടു പോന്ന വോട്ടര്‍മാര്‍ തിരികെ എന്‍ഡിഎയിലേ്ക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്.
62 നിയമസഭാ സീറ്റുകളും 10 ലോക്സഭാ മണ്ഡലങ്ങളുമുള്ള കോട്ടണ്‍ ബെല്‍റ്റായ വിദര്‍ഭ മേഖലയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രധാനമായും പ്രതീക്ഷയര്‍പ്പിച്ചിരുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ വിദര്‍ഭയില്‍ ബിജെപിക്ക് രണ്ട് ലോക്സഭാ സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ, കോണ്‍ഗ്രസിന് അഞ്ച് സീറ്റും സഖ്യകക്ഷികളായ എന്‍സിപിയും ശിവസേനയും ഓരോ സീറ്റും നേടി. വിദര്‍ഭ ഒരുകാലം വരെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബിജെപി ഇവിടെ ശക്തമായ സ്വാധീനം നേടിയിട്ടുണ്ട്. വിദര്‍ഭയില്‍ തിരിച്ചു വരാമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. കാര്‍ഷക പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയുടെ ഇടപെടല്‍ വോട്ട് കൊണ്ടുവരുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷിച്ചതെങ്കിലും കാര്യമായ സ്വാധീനം കര്‍ഷകരില്‍ ചെലുത്താന്‍ പാര്‍ട്ടിക്കായില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്കാണ് ഈ തെരഞ്ഞെടുപ്പ് ഫലം ആഘാതം ഏല്‍പ്പിച്ചിരിക്കുന്നത്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നടത്തിയ പ്രകടനം ബി.ജെ.പി.യുടെ പ്രതീക്ഷകള്‍ തകര്‍ത്തിരുന്നു. ബിജെപിക്ക് 2019 ല്‍ ഉണ്ടായിരുന്ന 303 സീറ്റുകള്‍ 240 ആയി കുറയ്ക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ ഈ തിരിച്ചടി മറി കടക്കുന്ന വിജയമാണ് ആദ്യം ഹരിയാനയിലും ഇപ്പോള്‍ മഹാരാഷ്ട്രയിലും ബിജെപി നേടിയിരിക്കുന്നത്. ഹരിയാനയില്‍ ഉണ്ടായ ദയനീയ പരാജയത്തോടെ കോണ്‍ഗ്രസിനെ സംബന്ധിച്ച് മഹാരാഷ്ട്രയിലെ വിജയം നിര്‍ണായകമായിരുന്നു. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇന്ത്യ സഖ്യത്തിനുള്ളില്‍ നേതൃത്വ സ്ഥാനം ഉറപ്പിക്കാന്‍ മഹാരാഷ്ട്രയിലെ വിജയം പാര്‍ട്ടിക്ക് അനിവാര്യമായിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ മോശം പ്രകടനം സഖ്യത്തിനുള്ളിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മേധാവിത്വത്തെ ദുര്‍ബലപ്പെടുത്തും, പ്രത്യേകിച്ചും വിഭവ വിനിയോഗത്തിന്റെയും തന്ത്രപരമായ സ്വാധീനത്തിന്റെയും കാര്യത്തില്‍. ജാര്‍ഖണ്ഡില്‍, കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ജെഎംഎം (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച) വീണ്ടും അധികാരത്തിലേക്ക് കടക്കുകയാണ്. ഇവിടെയും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എത്രത്തോളം സ്വാധീനം ഇനിയുണ്ടാക്കാന്‍ കഴിയുമെന്നത് സംശയമാണ്. ജാര്‍ഖണ്ഡില്‍ ഇന്ത്യ ബ്ലോക്ക് അധികാരം നേടുമെങ്കിലും അവിടെ കോണ്‍ഗ്രസിന്റെ പ്രകടനം ദുര്‍ബലമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ഭാവിക്ക് നേരെയുള്ള ചോദ്യം ശക്തമാക്കുന്ന തിരിച്ചടിയാണത്.
മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസിന്റെ വീഴ്ച്ചകള്‍ക്ക് നേതൃത്വത്തിന്റെയും ദിശാബോധത്തിന്റെയും പ്രതിസന്ധിള്‍ ഇടയാക്കിയിട്ടുണ്ട്. കര്‍ഷിക ദുരിതവും, ആക്രമണോത്സുകമായ പ്രചാരണവും ഉപയോഗിച്ച് നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നുവെങ്കിലും, അവരുടെ പ്രചാരണങ്ങള്‍ക്ക് കാര്യമായ ചലനം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പറയുന്നത്. ബിജെപിയും അവരുടെ സഖ്യകക്ഷികളും കരുത്ത് വീണ്ടെടുത്തതോടെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയിലും ഇന്ത്യ സഖ്യത്തിലെ നേതൃത്വ പാര്‍ട്ടി എന്ന നിലയിലും കോണ്‍ഗ്രസിനുള്ള സ്ഥാനം കൂടുതല്‍ അപകടകരമാക്കിയിരിക്കുകയാണ്. Election defeat in Maharashtra after Haryana, Congress facing big challenges in national politics
Content Summary; Election defeat in Maharashtra after Haryana, Congress facing big challenges in national politics