നാട്ടാനയും കാട്ടാനയും എന്നും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഉത്സവപ്പറമ്പ് കൊലപ്പറമ്പായിട്ടും, കാട്ടാന ശല്യം കാരണം വനയോര മേഖലയിലെ ജനജീവിതം ദുസ്സഹമായിട്ടും, ആന ശല്യം മൂത്തിട്ടും ആനകള്‍ മലയാളിയുടെ വികാരമായി ഇപ്പോഴും തുടരുന്നു. ആനയെന്ന പ്രതിഭാസത്തിലൂടെ, കേരളീയരുടെ ആനപ്രേമത്തിന്റെ സാഹിത്യ, സംഗീത ചരിത്രത്തിലൂടെ ഒരു യാത്ര.elephants story in kerala; keralites obsession with elephants
‘കൊലയാനയെങ്കിലും
കവളപ്പാറ ആനയ്ക്ക്
പുലകുളിയേറ്റവും ചിട്ടയാണേ
കൊന്നാലുടന്‍ ചെന്ന് തണ്ണിയില്‍ മുങ്ങുക
എന്നും പതിവാണീ ദുഷ്ടപാപി.’
– ‘കവളപ്പാറ കൊമ്പന്‍’ പാട്ടില്‍ നിന്ന്
ആനയെക്കുറിച്ച് ഒരുപക്ഷേ, ലോകത്ത് തന്നെ ആദ്യമായ് എഴുതപ്പെട്ട കവിത മലയാള ഭാഷയിലായിരിക്കും. 1926 ല്‍ പുറത്തുവന്ന ‘കവളപ്പാറ കൊമ്പന്‍’ എന്ന കവിതാ പുസ്തകമാണത്. തൃശൂര്‍ വെങ്കിടങ്ങ് ശങ്കരനാരായണ എലിമെന്ററി സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന സി.സി. വര്‍ഗീസ് എന്ന അധ്യാപകനാണ് ഇതിന്റെ രചയിതാവ്. നിരവധി വര്‍ഷത്തോളം കേരളത്തിലെ ഉത്സവ പറമ്പുകളിലെ ബെസ്റ്റ് സെല്ലറായിരുന്നു ഈ കൃതി. കവളപ്പാറ കൊമ്പനാനയുടേയും കുഞ്ഞന്‍ പാപ്പാന്റേയും കഥയാണ് ഈ കവിത. ഈ കൊമ്പന്‍ കൊല നടത്തിയ ശേഷം കുളത്തിലിറങ്ങി പുലകുളി നടത്തിയിരുന്നത്രെ. അങ്ങനെ 21 തവണ പുലകുളി നടത്തിയ കൊമ്പനെ അവസാനത്തെ കൊലയ്ക്ക് ശേഷം ഇരിഞ്ഞാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രത്തില്‍ നാലാള്‍ എടുത്താല്‍ പൊന്താത്ത ആനച്ചങ്ങലയില്‍ തളയ്ക്കുകയായിരുന്നു. ഒടുവില്‍ ആന മോചനം ലഭിക്കാതെ അവിടെ തന്നെ ചരിയുകയും ചെയ്തു.
വായ്മൊഴികളിലൂടെ നാല് തലമുറയായി പ്രചരിച്ച ഈ കാവ്യത്തില്‍ നിന്ന് പ്രചോദനം ലഭിച്ചാണത്രെ ‘സഹ്യന്റെ മകന്‍’ എന്ന വിശ്വോത്തരമായ ആനയെ കുറിച്ചുള്ള കാവ്യം വൈലോപ്പിള്ളി എഴുതിയത്. ആറ് പതിറ്റാണ്ട് മുന്‍പ് പുറത്തുവന്ന Elephant Bill എന്ന ആനകളെ കുറിച്ചുള്ള വിഖ്യാതമായ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ, ‘ആന വില്യം’ എന്ന പേരില്‍ പരിഭാഷപ്പെടുത്തി, മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടീഷ് സൈന്യത്തിലെ ഉദ്യോഗസ്ഥനായ കേണല്‍ ജെയിംസ് ഹോവാര്‍ഡ് വില്യംസ് എഴുതിയ ഈ പുസ്തകം ആനകളുടെ സാമൂഹ്യജീവിതം, ആനയും പാപ്പാനും തമ്മിലുള്ള ആത്മബന്ധം, ആനയുടെ ബുദ്ധിശക്തി, സ്നേഹം, ധൈര്യം, ആനചികിത്സ തുടങ്ങിയ വിലപ്പെട്ട നേരറിവുകള്‍ പകര്‍ന്നുനല്‍കുന്നു.
ഒരു ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ഒരു ആനയുണ്ടായിരുന്നു. ഗ്രാമവാസികള്‍ എല്ലാവരും അവനെ സ്നേഹിച്ചിരുന്നു. എന്നും വൈകുന്നേരം ആന കുളത്തില്‍ കുളിക്കാന്‍ പോകുമായിരുന്നു. കുളത്തിലേക്ക് പോകുമ്പോള്‍, ഒരു തയ്യല്‍ക്കാരന്‍ എല്ലാ ദിവസവും തുമ്പികൈയ്യില്‍ ഒരു വാഴപ്പഴം വെച്ചു കൊടുക്കും. എന്നാല്‍ ഒരു ദിവസം, തയ്യല്‍ക്കാരന്‍ നല്ല കോപത്തിലായിരുന്നു. അതിനാല്‍ ആനയ്ക്ക് ഒരു വാഴപ്പഴം കൊടുക്കുന്നതിന് പകരം, അയാള്‍ ഒരു സൂചികൊണ്ട് ആനയുടെ തുമ്പികൈയ്യില്‍ കുത്തി. ആനയ്ക്ക് നന്നായി വേദനിച്ചു.
പിറ്റേന്ന്, കുളികഴിഞ്ഞ്, ആന തുമ്പിക്കൈയില്‍ കുറച്ച് ചെളിവെള്ളം കരുതി, തയ്യല്‍ക്കാരന്റെ കട എത്തിയപ്പോള്‍ തുന്നിയതും ഇസ്തിരിയിട്ടതുമായ എല്ലാ വസ്ത്രങ്ങളിലും അത് തളിച്ചു. തയ്യല്‍ക്കാരന്‍ ഒരുപാഠം പഠിച്ചു. അയാള്‍ ആനയോട് ക്ഷമ ചോദിച്ചു. ഇനി ആനയെ ഉപദ്രവിക്കില്ലെന്ന് സത്യം ചെയ്തു. ആന തലയാട്ടി ഗാംഭീര്യത്തോടെ നടന്നുനീങ്ങി. പണ്ടൊക്കെ ചെറിയ ക്ലാസുകളില്‍ കൊച്ചു കുട്ടികളെ പഠിപ്പിക്കുന്ന ഏറ്റവും പ്രസിദ്ധമായ ആനകഥയാണിത്. എല്ലാരും പഠിച്ച ചെറിയ ഗുണപാഠമുള്ള കഥ.
2006 കാലഘട്ടത്തില്‍ കേരളത്തിന്റെ തെക്കേ അറ്റത്ത് പേപ്പാറ, പൊടിയക്കാല, വനമേഖലയില്‍ നിന്ന് പുറത്ത് വന്ന് ജനവാസ കേന്ദ്രങ്ങളില്‍ ഭീതി വിതച്ചവനായിരുന്നു ‘കൊല’കൊല്ലി യെന്ന ആനക്കൊമ്പന്‍. ഒരു ഡസന്‍ പേരെയെങ്കിലും തട്ടിയ ഇവന്റെ പരാക്രമം സഹിക്കാനാവാതെ, ജനങ്ങള്‍ പകല്‍ പോലും പുറത്ത് ഇറങ്ങി നടക്കാന്‍ ഭയപ്പെട്ടു. ഇവനെ കീഴടക്കാന്‍ കഴിയാതെ വനപാലകരും പോലീസും കേരള സര്‍ക്കാരും ഇന്നത്തെപ്പോലെ തന്നെ വെള്ളം കുടിച്ചു. ഒടുവില്‍ തമിഴ്നാട്ടില്‍ നിന്ന് ലക്ഷണമൊത്ത ആനക്കൊമ്പന്മാരേയും പാപ്പാന്‍മാരേയും മയക്കുവെടിക്കാരേയും വരുത്തി. അവരാണ് ഒരു സംഘമായി ചേര്‍ന്ന് ഒടുവില്‍ മയക്കുവെടി വച്ച് അവനെ വീഴ്ത്തിയത്.
കൊലകൊല്ലി ആനയെ കൂട്ടിലടച്ചപ്പോൾ
ലക്ഷങ്ങള്‍ മുടക്കി പണിത ഫൈവ് സ്റ്റാര്‍ തടിക്കൂട്ടില്‍ ഒടുവില്‍ കൊലകൊല്ലിയെ അടച്ചു. പക്ഷേ, വിലപിടിച്ച കൂട്ടിലുള്ള ഫൈവ് സ്റ്റാര്‍ ജീവിതം തുടരാന്‍ കൊലകൊമ്പനെ വിധി അനുവദിച്ചില്ല. ആനപ്രേമികളെയും ആരാധകരേയും ദുഃഖത്തിലാക്കി കൊണ്ട് കൊലകൊമ്പന്‍ ചരിഞ്ഞു. ദിവസങ്ങളോളം പിടികൊടുക്കാതെ കാട്ടില്‍ പോരാട്ടം നടത്തിയതിന്റെ ഫലമായിരുന്നു ഈ അന്ത്യം. എറിഞ്ഞും ഓടിച്ചും അവശനാക്കപ്പെട്ട ഒരാന അധികം ജീവിച്ചിരിക്കില്ലെന്നത് സത്യമാണെങ്കിലും ആനപ്രേമികള്‍ ക്ഷുഭിതരായി. കൊലകൊല്ലിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഒരു ദേശീയ മലയാള ദിനപത്രം മുഖപ്രസംഗം വരെയെഴുതി.
ആന കേരളത്തിന്റെ ഔദ്യോഗിക മൃഗം മാത്രമല്ല, കേരളപ്പഴമക്കൊപ്പം വളര്‍ന്ന ഒരു ജനതയുടെ വികാരം കൂടിയാണ്. ആനയെ ഒഴിവാക്കിയുള്ള കേരള ചരിത്രമില്ല. ആനയെപ്പോലെ വാര്‍ത്തയുണ്ടാക്കുന്ന ഒരു പ്രതിഭാസം വേറെയുണ്ടോ? നടന്നാല്‍, ഓടിയാല്‍, ചരിഞ്ഞാല്‍ വാര്‍ത്ത. ഇത്രയും സജീവമായി രംഗത്ത് നില്‍ക്കുന്ന മറ്റേത് മൃഗമുണ്ട്? കേരളത്തിന്റെ കഥാസരിത്ത് സാഗരമായ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’ നൂറ്റിപ്പതിനഞ്ച് കൊല്ലം മുന്‍പ് ആദ്യമായി എട്ട് ഭാഗങ്ങളായി പ്രസിദ്ധീകരിച്ചപ്പോള്‍ ഓരോ ഭാഗത്തിലേയും അവസാന അധ്യായം കേരളത്തിലെ പ്രശസ്ത ആനകളെ കുറിച്ചായിരുന്നു. ആനയേയും ആനക്കഥകളേയും മലയാളികള്‍ എന്നും നെഞ്ചിലേറ്റിയിരുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണത്. ‘ആനയില്ലെങ്കില്‍ എന്ത് പൂരം? എന്ത് ആഘോഷം?’
ആനയുടെ ഓര്‍മ്മശക്തി അപാരമാണ്. ഒരിക്കല്‍ കണ്ടത് അവന്‍ അങ്ങനെയൊന്നും മറക്കില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, രാജഭരണകാലത്ത് കൊട്ടാരക്കര ചന്ദ്രശേഖരന്‍ എന്ന ഗജവീരനെ ഒരു ബാലന്‍ കല്ലെടുത്ത് എറിഞ്ഞ് ഓടിക്കളഞ്ഞു. എറിഞ്ഞ കല്ല് ചന്ദ്രശേഖരന്‍ തുമ്പിക്കൈയ്യില്‍ എടുത്ത് സൂക്ഷിച്ചു. അവന്‍ ഭക്ഷണം കഴിക്കുമ്പോഴും കുളിക്കുമ്പോഴും ആ കല്ല് പുറത്തുവയ്ക്കും. അത് കഴിഞ്ഞാല്‍ കല്ല് എടുത്ത് വായയില്‍ സൂക്ഷിച്ചുവയ്ക്കും. അസാധാരണമായ ഈ പ്രവര്‍ത്തി പാപ്പാന്റെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും അയാള്‍ക്ക് ഒന്നും മനസിലായില്ല.
വര്‍ഷങ്ങള്‍ കഴിഞ്ഞു തിരുവനന്തപുരത്ത് ആറാട്ടുത്സവത്തിന് ചന്ദ്രശേഖരനെ എഴുന്നെള്ളിച്ചു. ഉത്സവം നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് ചന്ദ്രശേഖരന്‍ തന്റെ കൈയ്യിലുള്ള കല്ല് എടുത്ത് ഉത്സവത്തിന് വന്ന ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്ന ഒരാള്‍ക്കുനേരെ എറിഞ്ഞു. കല്ല് കാലില്‍ ചെന്ന് കൊണ്ട് അയാളുടെ കാല് ഒടിഞ്ഞു. ചന്ദ്രശേഖരന്‍ പാഞ്ഞ് ചെന്ന് ആ കല്ല് എടുത്ത് വായയില്‍ സൂക്ഷിച്ച് മടങ്ങി. പണ്ട് തന്നെ എറിഞ്ഞ ബാലന്‍ വളര്‍ന്ന് വലുതായി ഉത്സവം കാണാന്‍ വന്നപ്പോള്‍ പഴയ ഏറുകാരനെ ചന്ദ്രശേഖരന്‍ തിരിച്ചറിഞ്ഞു. പിന്നീട് അധികാരികള്‍ കാലൊടിഞ്ഞ അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ്, കുട്ടിയായിരുന്നപ്പോള്‍ താന്‍ ചന്ദ്രശേഖരനെ ഒരിക്കല്‍ കല്ലെടുത്ത് എറിഞ്ഞ കാര്യമൊക്കെ അയാള്‍ പറഞ്ഞത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ ഈ സംഭവം വിശദമായി പറയുന്നുണ്ട്.
അരി തിന്നുന്ന അരിക്കൊമ്പനെപ്പോലെ മറ്റൊന്ന് തിന്ന് വികൃതി കാണിച്ച ഒരാനയേയും ആന പരാക്രമത്തേയും കുറിച്ച് മലയാറ്റൂര്‍ രാമകൃഷ്ണന്‍ എഴുതിയിട്ടുണ്ട്. അറുപത് കൊല്ലം മുന്‍പത്തെ സംഭവമാണ്. കെ വി രാമകൃഷ്ണ അയ്യര്‍ എന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഇടുക്കിയില്‍ ദേവികുളം അസിസ്റ്റന്റ് കളക്ടറായി നിയമിക്കപ്പെടുന്നു. കമ്മീഷണര്‍ ബംഗ്ലാവിലായിരുന്നു താമസം. കാടിന് നടുവില്‍ ഒറ്റപ്പെട്ട സ്ഥലത്താണ് ബംഗ്ലാവ്. ഏറ്റവും അടുത്ത ഒരയല്‍ക്കാരന്‍ താമസിക്കുന്നത് ഒന്നര മൈല്‍ അകലെ.
ബംഗ്ലാവ് ഗംഭീരമാണെങ്കിലും പരിസരം കണ്ടപ്പോള്‍ മലയാറ്റൂരിന് പന്തികേട് തോന്നി. ബംഗ്ലാവിന് ചുറ്റും മണ്ണില്‍ ആഞ്ഞുപതിഞ്ഞ കാട്ടാനയുടെ കാല്‍പ്പാടുകള്‍. അടുക്കള ഭാഗത്തെ കതകും അഴികളും അടിച്ച് തകര്‍ത്തിരിക്കുന്നു. കെട്ടിടത്തിലുള്ള കണ്ണാടിചില്ലുകള്‍ പലതും തകര്‍ത്തിരിക്കുന്നു. ആനയുടെ തുമ്പിക്കൈ കൊണ്ട് അടിച്ചതിനാല്‍ രക്തം ഗ്ലാസില്‍ പറ്റിയിരിക്കുന്നു. അകത്തേക്ക് കടക്കേണ്ട ഗ്ലാസ് വാതിലൂടെ ഒരു കുട്ടിയാനയ്ക്ക് കേറി വരാം. സംഭവം കാട്ടാന ശല്യം തന്നെ.
ആനശല്യത്തെ കുറിച്ച് ദേവികുളം തഹസില്‍ദാരോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, ”ആ ഫോണെടുത്ത് കറക്കണം അപ്പോള്‍ പോസ്റ്റാഫീസില്‍ മണിയടിക്കും. അപ്പോള്‍ പോസ്റ്റ് മാസ്റ്റര്‍ ഒരു കറക്കുകറക്കും അപ്പോള്‍ പോലീസ് സ്റ്റേഷനില്‍ മണിയടിക്കും. അപ്പോള്‍ പോലീസുകാര്‍ തോക്കെടുത്ത് കൊണ്ടിവിടെ വരും. അതിനൊന്നും ഇന്നോളം ഇടയായിട്ടില്ല. കാരണം അപ്പോഴേക്കും ആനയങ്ങ് പോകും !” ഇത് കേട്ട മലയാറ്റൂര്‍ ചോദിച്ചു. അതിനിടയ്ക്ക് ആന ഒരു ഹര്‍ജിയും പൊക്കിപ്പിടിച്ച് കൊണ്ട് ആ വലിയ കണ്ണാടി വാതിലും പൊളിച്ച് ബംഗ്ലാവിനകത്ത് കടന്നാലോ? മറുപടി :’കേറാനൊക്കത്തില്ല, സാര്‍ കുറെ കയറിയാലും ആനയുടെ വയറ് ‘ഷ്ടക്ക്’ ആകും. മലയാറ്റൂരിന് മുന്‍പില്‍ ആ രംഗം തെളിഞ്ഞു.’ബംഗ്ലാവിനകത്ത് ആനയുടെ തലയും തുമ്പിയും കൊമ്പും മുന്‍കാലുകളും! വയറ് ‘ഷ്ടക്ക്’ ആയിരിക്കുന്നു. പിന്‍ഭാഗം ബംഗ്ലാവിന് പുറത്ത് ആന ആലോചിക്കുന്നു. മുമ്പോട്ടോ റിവേഴ്സിലോ?
ആന വന്ന് ഹര്‍ജി തന്നാലുള്ള ഭയമോര്‍ത്ത് മലയാറ്റൂര്‍ ആദ്യ നാളുകളില്‍ മൂന്നാര്‍ ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. എങ്കിലും ആനയെ ഔദ്യോഗികമായി നേരിടാന്‍ തന്നെ മലയാറ്റൂര്‍ തീരുമാനിച്ചു. ഈ കൊമ്പനെ ഒറ്റയാനായി പ്രഖ്യാപിക്കണം. എന്നാലെ വെടിവയ്ക്കാനാവൂ. അതിനാല്‍ സ്ഥലം ഫോറസ്റ്റ് റേഞ്ചര്‍ക്ക് അസിസ്റ്റന്റ് കളക്ടര്‍ കത്തെഴുതി. ‘ആനയെ ‘റോഗ്’ (ഞീൗഴല) ആയി പ്രഖ്യാപിക്കാനാവശ്യമായ മുഴുവന്‍ വിവരണവും ദയവായി അയച്ചുതരിക. ഒരാഴ്ച കഴിഞ്ഞ് കിട്ടിയ മറുപടി വായിച്ച് മലയാറ്റൂര്‍ അന്തം വിട്ടു. അത് ഇങ്ങനെ: ”സര്‍, ആനയെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു. താങ്കളുടെ ബംഗ്ലാവിലേക്കുള്ള അതിന്റെ അടുത്ത സന്ദര്‍ശനം നമുക്ക് കാത്തിരിക്കാം”. മലയാറ്റൂരിന്റെ ഭാഗ്യത്തിന് ആന ഹര്‍ജി തരാന്‍ വരികയോ വാതിലില്‍ ‘ഷ്ടക്ക്’ ആവുകയോ ചെയ്തില്ല.
പക്ഷേ, ഏറെ താമസിയാതെ മറ്റൊരാന മലയാറ്റൂരിനെ തേടി വന്നു. ജീവനോടെയല്ലെന്ന് മാത്രം. കാട്ടില്‍ കണ്ണന്‍ദേവന്‍ കമ്പനി ശേഖരിച്ചിരുന്ന അമോണിയം സള്‍ഫേറ്റ് ചാക്കുകളില്‍ ഒന്ന് രണ്ടെണ്ണം ഒരു കാട്ടാന ഭക്ഷിച്ചു. അവശനിലയിലായ ആന കാട്ടില്‍ നിന്ന് തേയിലത്തോട്ടത്തിലേക്ക് കടന്നു. ഏറെ താമസിയാതെ, ഒരു തേയില ഫാക്ടറിയില്‍ ആന ചത്തുവീണു. ആനയെ മറവുചെയ്യാന്‍ വനം വകുപ്പ് നടപടിയെടുക്കാത്തതിനാല്‍ അത് ചീഞ്ഞളിയാന്‍ തുടങ്ങി. കണ്ണന്‍ദേവന്റെ ജനറല്‍ മാനേജര്‍ സൂട്ടര്‍ എന്ന സ്‌കോട്ട്ലണ്ടുകാരന്‍ സായിപ്പ് അസിസ്റ്റന്റ് കളക്ടര്‍ നടപടിയെടുക്കാത്തതില്‍ ക്ഷുഭിതനായി മലയാറ്റൂരിന് മുന്നിലെത്തി പൊട്ടിത്തെറിച്ചു. സായിപ്പിന്റെ കൊളോണിയല്‍ മൂച്ച് വകവയ്ക്കാതെ മലയാറ്റൂര്‍ തിരിച്ചടിച്ചു. അതിന് മറ്റൊരു കാരണമുണ്ടായിരുന്നു. എസ്റ്റേറ്റ് റോഡുകളില്‍ കണ്ണന്‍ദേവന്‍ കമ്പനി ചെക്ക് പോസ്റ്റുകളില്‍ വാഹനങ്ങള്‍ തടയപ്പെടുന്നുണ്ടായിരുന്നു. റവന്യൂ വകുപ്പിന്റെ ജീപ്പ് പോലും അവര്‍ ഒരിക്കല്‍ തടഞ്ഞത് മലയാറ്റൂരിനറിയാമായിരുന്നു. ‘ഇത് സ്‌കോട്ട്ലന്റല്ല. ഇന്ത്യയാണ്. ഗതാഗത തടസ്സമുണ്ടാക്കുന്ന, നിങ്ങളുടെ കമ്പനി കടമ്പകള്‍ മാറ്റാതെ ഒരു നടപടിയും എടുക്കില്ലെന്ന്” മലയാറ്റൂര്‍ തിരിച്ചടിച്ചു. സായിപ്പ് വേഗം സ്ഥലം വിട്ടു.
‘ഹസ്തായൂര്‍വേദം’ എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയ ‘മാതംഗലീല’ തിരുമംഗലത്ത് നീലകണ്ഠന്‍ മൂസത് രചിച്ച ഗ്രന്ഥമാണ്. ആന വിഷയത്തിലെ മലയാളത്തിലുള്ള ബൈബിള്‍. ആനകളുടെ ഉല്‍പ്പത്തി, ചികിത്സ എന്നിവയെ കുറിച്ചുള്ള ഗ്രന്ഥമാണത്.
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ആനവാരി രാമൻ നായരും പൊൻകുരിശ് തോമയും
സാഹിത്യരൂപമെന്ന നിലയില്‍ ആനയെ വിഷയമാക്കി മലയാളത്തില്‍ എഴുതപ്പെട്ട ആദ്യത്തെ നോവലാണ് ആനപ്പക. ആനയും, ആനക്കാരനും ക്ഷേത്രവും ആചാരങ്ങളും ലഹരിയും ലൈംഗികതയും സദാചാരവും ഇഴുകിചേര്‍ന്ന ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ ബൃഹത്തായ നോവല്‍ ‘ആനപ്പക’ കുങ്കുമം വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിട്ട് അരനൂറ്റാണ്ട് തികയുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവും പ്രസിദ്ധമായ കഥാപാത്രമാരാണ് ? സംശയം വേണ്ട ‘ആനവാരി രാമന്‍ ‘നായര്‍ തന്നെ! ആരുമറിയാതെ രാത്രിയില്‍ ചാണകം വാരാന്‍ പോയ രാമന്‍ നായര്‍ മണ്‍വെട്ടി കൊണ്ട് ചാണകത്തില്‍ വെട്ടിയപ്പോള്‍, ചാണകക്കൂമ്പാരം പാറുക്കുട്ടിയെന്ന ആനയായി മാറി. ആ സംഭവത്തിലൂടെയാണ് വെറും രാമന്‍ നായര്‍ ആനവാരി രാമനായരായതെന്ന് ‘ആനവാരിയും പൊന്‍ കുരിശും’ എന്ന നോവലില്‍ ബഷീര്‍ എഴുതി. എന്റെ പുന്നാര ആനേ എന്ന് തന്റെ സാങ്കല്‍പ്പിക കൊമ്പനാനയെ വിളിച്ചോമനിക്കുന്ന, ബഷീറിന്റെ നോവല്‍ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്’ ലെ നായിക കുഞ്ഞുപാത്തുമ്മയെ ഓര്‍മയില്ലെ? മലയാള സാഹിത്യ ലോകത്തെ ആനപ്രേമിയായ മറ്റൊരു അനശ്വര നായികയാണവര്‍.
മഹാഭാരത യുദ്ധത്തില്‍ പതിനഞ്ചാം നാളില്‍ അശ്വത്ഥാമാ ഹത: കുഞ്ജര: എന്ന നിര്‍ണ്ണായക വാചകത്തിലെ കഥാപാത്രമാണ് ആന. (അശ്വത്ഥാമാവ് എന്ന ആന മരിച്ചു) കുരുക്ഷേത്ര യുദ്ധത്തില്‍ ദ്രോണാചാര്യരെ തോല്‍പിക്കാന്‍ ധര്‍മപുത്രര്‍ പറഞ്ഞ അര്‍ധസത്യം. അശ്വത്ഥാമാവ് എന്നൊരു ആനയെ അതിനു മുന്‍പ് യുദ്ധത്തില്‍ ഭീമന്‍ വധിച്ചിരുന്നു. അശ്വത്ഥാമാവ് മരിച്ചു എന്ന് ഭീമന്‍ ഉച്ചത്തില്‍ വിളംബരം നടത്തിയത് കേട്ട ദോണാചാര്യര്‍, അശ്വത്ഥാമാവിന്റെ മരണവാര്‍ത്ത ശരിയാണോ എന്ന് യുധിഷ്ഠിരനോട് ചോദിച്ചു. മറുപടിയായി ധര്‍മപുത്രര്‍ അശ്വത്ഥാമാ ഹത: കുഞ്ജര: കുഞ്ജര (ആന) എന്നു പറഞ്ഞത് വളരെ പതുക്കെയായിരുന്നു. ദ്രോണാചാര്യര്‍ അതു കേട്ടില്ല. പ്രിയപുത്രന്റെ മരണവാര്‍ത്ത സത്യമാണെന്ന് ഒരിക്കലും അസത്യം പറയാത്ത ധര്‍മ്മപുത്രരുടെ വാക്കുകള്‍ കേട്ട് തളര്‍ന്നു പോയ അദ്ദേഹം ആയുധം താഴെ വെച്ചു. ആ സമയത്ത് ധൃഷ്ടദ്യുമ്നന്‍ ദ്രോണരുടെ തേര്‍ത്തട്ടില്‍ ചാടിക്കയറി. ധ്യാനനിരതനായിരിക്കുന്ന ദ്രോണരുടെ തലമുടിക്ക് ചുറ്റിപ്പിടിച്ചു കൊണ്ട് ദ്രോണരുടെ തലവെട്ടി മാറ്റി. ഭൂമിയില്‍ നിന്ന് ഒരംഗുലം മുകളില്‍ സ്ഥിതി ചെയ്തിരുന്ന ധര്‍മപുത്രരുടെ തേര് ധര്‍മ്മത്തില്‍ നിന്ന് വൃതിചലിച്ചതിനാല്‍ അപ്പോള്‍ മുതല്‍ ഭൂമിയില്‍ തൊട്ടെന്നുമാണ് മഹാഭാരതം പറയുന്നത്. അര്‍ദ്ധസത്യങ്ങളെ എന്നും ഓര്‍മ്മിപ്പിക്കുന്നതായി അശ്വത്ഥാമാവ് എന്ന ആന.
കുറച്ച് നാള്‍ മുന്‍പ് കേരളത്തില്‍ കത്തിപ്പടര്‍ന്ന സ്വര്‍ണ്ണക്കള്ളക്കടത്തെന്ന രാഷ്ടീയ വിവാദത്തില്‍ കഥാപാത്രമായ കേരള സര്‍ക്കാരിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എഴുതിയ അനുഭവക്കുറിപ്പിന്റെ പേര് ഓര്‍ക്കുക ‘അശ്വത്ഥാമാവ് വെറും ആന’.
1977 ല്‍ പുറത്തുവന്ന ‘ഗുരുവായൂര്‍ കേശവന്‍’ തന്നെയാണ് ആന നായകനായുളള ആദ്യ മലയാള ചലച്ചിത്രം. ദേവരാജന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്ന ഇരുന്നൂറാമത്തെ മലയാള ചിത്രമെന്ന സവിശേഷതയുള്ള, ഭരതന്‍ സംവിധാനം ചെയ്ത ഈ ഹിറ്റ് ചിത്രത്തില്‍ നായരമ്പലം ശിവജി എന്ന ആനയാണ് ഗുരുവായൂര്‍ കേശവനായത്.
ഏതാണ്ട് അന്‍പത് വര്‍ഷം മുന്‍പ് റിലീസായ ഈ സിനിമ ഗുരുവായൂര്‍ കേശവനിലെ ഒരു ഗാനമാണ്
‘ധീംതനക്ക കൊടുമല ഗണപതി
ധീംതനക്ക കോട്ടക്കല്‍ ഗണപതി
തകുക്കു തകുക്കു കൊടുമല ഗണപതി
കൂടുമാറും മയിലേ കുയിലേ കളി കളിയോ
ചോടുവെയ്ക്കും ഇടതോ വലതോ കളി കളിയോ’
ഈ ഗാനത്തിലെ ചില വരികള്‍ക്ക് പ്രവചന സ്വഭാവമുണ്ടോ? ചില വരികള്‍ കുറച്ച് നാള്‍ മുമ്പ് നാട് വിറപ്പിച്ച അരിക്കൊമ്പനെ കുറിച്ചാണോ ? ഭാസ്‌കരന്‍ മാസ്റ്ററുടെ പാട്ടിങ്ങനെ പോകുന്നു. ‘അരിപ്പൊടി മലര്‍പ്പൊടി കറുത്തരി വെളുത്തരി, കാവിലെ പെണ്ണിന്റെ ചുണ്ടത്തെ പുഞ്ചിരി’. ഒരു തമാശയായിട്ട് ആലോചിക്കാം, ഒരുപക്ഷേ, അരി തിന്നുന്ന ആനയെ, അരിക്കൊമ്പനെ, ഗാനമെഴുതിയ ഭാസ്‌കരന്‍ മാസ്റ്റര്‍ അന്നേ മനസില്‍ കണ്ടിരുന്നോ?
നടന്‍ ടി.പി. മാധവന്‍ ഒന്നാന്തരം ആനപ്രേമിയായിരുന്നു. ആന പ്രേമം മൂത്ത് ശക്തമായപ്പോള്‍ ‘ആന ‘യെന്ന പടം നിര്‍മ്മിച്ചു(1983). പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത പടം. മധു നായകനായി ‘ഒറ്റ വെടി ജബ്ബാര്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പടം എട്ട് നിലയില്‍ പൊട്ടി. ടി.പി. മാധവന്റെ ലക്ഷങ്ങള്‍ പോയി. കാറും മറ്റ് വാഹനങ്ങളും വിറ്റു, പൊളിഞ്ഞു പാളീസായി. ഒടുവില്‍ ടി.പി. മാധവന്റെ ആനപ്രേമം മാത്രം ബാക്കിയായി.
രണ്ടാം ലോകമഹായുദ്ധക്കാലത്ത് ബര്‍മയിലെ ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യം, ജപ്പാന്‍കാര്‍ക്കെതിരായ യുദ്ധങ്ങളില്‍ ആനയെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. ആനകള്‍ക്കൊപ്പം വര്‍ഷങ്ങളോളം ചെലവഴിച്ച ലഫ്റ്റനന്റ് കേണല്‍ ജെയിംസ് ഹോവാര്‍ഡിന്റെ ആശയമായിരുന്നു ഇത്. ജെയിംസ് ആനകളില്‍ വിദഗ്ധനായിരുന്നു. ബര്‍മീസ് സംസാരിക്കുന്നതിനാല്‍, ആനകളെ നയിക്കുന്ന പാപ്പാന്മാരുമായി ആശയവിനിമയം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യം ആനകളെ ഉപയോഗിച്ചതായി രേഖപ്പെടുത്തിയിട്ടുള്ള ഒരേയൊരു സൈനിക നീക്കമായിരുന്നു ഇത്. ബര്‍മയില്‍ ആയിരക്കണക്കിന് പാലങ്ങള്‍ നിര്‍മിക്കാനും കപ്പലുകള്‍ എത്തിക്കാനും ആനകള്‍ സഹായിച്ചു എന്ന് ഈ പുസ്തകത്തില്‍ പറയുന്നു. ആനകളുടെ ജീവിതം വിശദമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥമാണ് 65 കൊല്ലം മുന്‍പ് 1958 ല്‍ പ്രസിദ്ധീകരിച്ച ‘ആന വില്യം’.
1990-കളില്‍ സര്‍ക്കാര്‍ കഞഉജ വഴി ആനകളെ വാങ്ങാന്‍ ലോണ്‍ നല്‍കാന്‍ തുടങ്ങി. ആനയെ കുറിച്ച് യാതൊന്നും അറിയാത്ത എതോ മണ്ടന്‍ ബ്യൂറോക്രാറ്റിന്റെ മണ്ടന്‍ ആശയമായിരുന്നു അത്. അങ്ങനെ ലോണെടുത്ത് മുഹമ്മദ് എന്നൊരാള്‍ ഒരു ആനയെ വാങ്ങി. നിര്‍ഭാഗ്യത്തിന് ആന ബീഹാറിയായിരുന്നു. ശ്രീരാമന്‍ എന്ന ഈ ആനയ്ക്ക് ഹിന്ദിയേ അറിയൂ. മലയാളമറിയില്ല. ഉടമ മുഹമ്മദിന് മലയാളമേ അറിയൂ ഹിന്ദി അറിയില്ല. ആകെ ഗുലുമാലായി. ഈ സംഭവം ‘ഗജകേസരി യോഗം’ എന്ന പേരില്‍ പിന്നീട് സിനിമയായി.
നടന്‍ ടി.പി. മാധവന്‍ ആന ചമ്മാറുണ്ടോ? ഉണ്ട് എന്നാണ് ചലച്ചിത്ര നടന്‍ മണിയന്‍പിള്ള രാജു പറയുന്നത്. തന്റെ അനുഭവക്കുറിപ്പിലാണ് ഒരാന ചമ്മിപ്പോയ കഥ പറയുന്നത്. പി ചന്ദ്രകുമാറിന്റെ ഒരു സിനിമ ചിത്രീകരണം ഭൂതത്താന്‍കെട്ടില്‍ നടക്കുന്നു. ഒരു റോഡ് റോളര്‍ കുത്തനായ റോഡിന്റെ സൈഡില്‍ കൊണ്ട് പാര്‍ക്ക് ചെയ്തിരുന്നു. രാത്രിയില്‍ കാട്ടില്‍ നിന്ന് സര്‍ക്കീട്ട് വന്ന ഒരു ആന റോഡ് റോളറിന്റെ പിന്നില്‍ വന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ വണ്ടി റിവേഴ്സ് ഗിയറായി പിന്നിലോട്ടുവരാന്‍ ആരംഭിച്ചു. ആനയ്ക്ക് മസ്തകം മാറ്റാന്‍ പറ്റില്ല. കാരണം വാഹനം പിന്നിലേക്ക് ഉരുണ്ടുവരികയല്ലേ? ആനയ്ക്ക് പിന്നിലോട്ട് നടക്കാതെ നിവൃത്തിയില്ല. മാറാന്‍ നോക്കുമ്പോള്‍ വണ്ടി ഉരുണ്ടുവരും. അവസാനം നേരം പുലരും വരെ ആന റോഡ് റോളറും താങ്ങി നിന്നു. നേരം വെളുത്ത് ആളുകള്‍ ഉണര്‍ന്ന് പുറത്ത് വരാന്‍ തുടങ്ങിയപ്പോള്‍ ആന ജീവനും കൊണ്ട് നാണിച്ച് ഓടിക്കളഞ്ഞു.
നമ്മുടെ കെഎസ്ആര്‍ടിസി ബസുകളുടെ ബോഡിയില്‍ വരച്ച ഔദ്യോഗികമുദ്രയായ ആനച്ചിത്രങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? ആനകളുടെ തല. ആനകള്‍ മുഖാമുഖം നിന്ന് തുമ്പിയുയര്‍ത്തി നില്‍ക്കുന്ന ചിത്രം പഴയ രൂപത്തില്‍ നിന്ന് മാറ്റി പരിഷ്‌ക്കരിച്ച് വരച്ചത് 35 വര്‍ഷം കെഎസ്ആര്‍ടിസിയില്‍ ആര്‍ട്ടിസ്റ്റ് കം ഫോട്ടോഗ്രാഫര്‍ ആയിരുന്ന തൃശൂര്‍ കണ്ടാണിശേരിക്കാരന്‍ മാധവന്‍ കുട്ടിയാണ്. 1973 മുതലാണ് പെയിന്റിങ് കഴിഞ്ഞ പുതിയ ബസുകളില്‍ ലോഗോ ആനച്ചിത്രങ്ങള്‍ മാധവന്‍ കുട്ടി വരക്കാനാരംഭിച്ചത്. അര നൂറ്റാണ്ടിനുള്ളില്‍ മാധവന്‍കുട്ടി മൂവായിരം ബസ്സുകളില്‍ ആന ചിത്രങ്ങള്‍ വരച്ചു. ആന ചിത്രങ്ങള്‍ മൂലമാണോ ബസ്സിന്റെ അസാധാരണ വലുപ്പം കാരണമാണോ അറിയില്ല, ഏതായാലും കെഎസ്ആര്‍ടിസി ബസുകള്‍ ആന വണ്ടിയെന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ടു. ഇപ്പോഴും അത് ബസ്സുകളില്‍ പ്രകാശം പരത്തി നില്‍ക്കുന്നുണ്ട്.
ഡോക്ടർ കെ. രാധാകൃഷ്ണ കൈമൾ
കേരളത്തിലെ ആനപ്പൂരം ടിവിയിലൂടെ കണ്‍കുളിര്‍ക്കെ കണ്ട് ലോകം മുഴുവന്‍ ആനന്ദിച്ച് പുളകമണിഞ്ഞ, കേരളവും ആനകളും കീര്‍ത്തി നേടിയ ഒരു സംഭവം നാല് പതിറ്റാണ്ടിനപ്പുറം ഡല്‍ഹിയില്‍ നടന്നു. 1982 ല്‍ നടന്ന ഡല്‍ഹി ഏഷ്യാഡിലാണ് ചരിത്ര സംഭവം. തൃശൂര്‍ പൂരത്തിന്റെ ഒരു സാപിള്‍ പതിപ്പ് ഡല്‍ഹിയിലെ നെഹ്‌റു സ്റ്റേഡിയത്തില്‍ ഏഷ്യാഡിന്റെ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ചു. ഡല്‍ഹി ഏഷ്യാഡിന്റെ ചിഹ്നം ‘അപ്പു’ എന്ന ആനക്കുട്ടിയായിരുന്നു. സ്വാഭാവികമായും പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കേരളത്തെ, ഓര്‍ത്തു. അന്നത്തെ കേരള മുഖ്യമന്ത്രി ലീഡര്‍ കരുണാകരനാണ്. അക്കാലത്ത് മാഡത്തിന്റെ വലംകൈയാണ്. ഏഷ്യാഡില്‍ തൃശൂര്‍ പൂരം അവതരിപ്പിക്കാമെന്ന് ലീഡര്‍ ഇന്ദിരാജിക്ക് വാക്ക് കൊടുത്തു. കേരളത്തില്‍ എത്തി ലീഡര്‍ ചര്‍ച്ച തുടങ്ങി. മുപ്പത് ആനകളെ മൂവായിരം കിലോമീറ്ററിലധികം യാത്ര ചെയ്ത് തീവണ്ടിയില്‍ ഡല്‍ഹിയിലെത്തിക്കുക അപ്രായോഗികമാണെന്ന് എല്ലാവരും പറഞ്ഞു. എന്തിന് ആനയുടമകള്‍ പോലും മുഖം തിരിച്ചു. സര്‍വത്ര എതിര്‍പ്പ്.
മനസ്സിലൊന്ന് നിനച്ചാല്‍ നടത്തിയെടുക്കുന്ന ക്ഷാത്രതേജസാണ് ലീഡര്‍ കരുണാകരന്‍ എന്നും അന്നും. ഉന്നതതല ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ റെയില്‍വേയുടെ പ്രത്യേക തീവണ്ടി ബോഗികളില്‍ ആനകളെ കൊണ്ടുപോകാന്‍ തീരുമാനമായി. റെയില്‍വേയുടെ തുറന്ന ഇരട്ട ബോഗികളില്‍ പ്രത്യേക ഫേബ്രിക്കേഷന്‍ ചെയ്ത് സൗകര്യമൊരുക്കി. ഒരു ആനയെ കയറ്റി തൃശൂരില്‍ നിന്ന് എറണാകുളം വരെയും തിരിച്ചും ട്രയല്‍ റണ്‍ നടത്തി. യാത്രയില്‍ ആനകളുടെ പ്രതികരണമറിയാനും അപകട സാധ്യതകള്‍ മനസിലാക്കാനുമായിരുന്നു ഇത്. ആന മനുഷ്യന്‍ എന്നറിയപ്പെട്ട കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ മൃഗചികിത്സകന്‍ അഥവാ ആന ഡോക്ടര്‍ കെ രാധാകൃഷ്ണ കൈമളായിരുന്നു ഇതിന്റെയെല്ലാം കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. സഹായികളായി തൃശൂര്‍ വെള്ളായനിക്കരയിലെ വെറ്ററിനറി കോളേജിലെ പ്രശസ്തരായ ഡോ. കെ സി പണിക്കരും ഡോ. ജേക്കബ് ചീരനും ഉണ്ടായിരുന്നു. വിപുലമായ തയ്യാറെടുപ്പോടെ ആന സംഘം യാത്രയ്ക്ക് തയ്യാറായി.
1982 ലെ ഡൽഹി ഏഷ്യാഡിലേക്ക് പോകുന്ന ആനത്തിവണ്ടി
1982 നവംബര്‍ 1, കേരളപിറവി ദിവസം ചരിത്രത്തില്‍ ഇടം നേടിയ മഹാഗജ യാത്ര, തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് മുഖ്യമന്ത്രി കെ കരുണാകരന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയൊട്ടാകെ വാര്‍ത്താ പ്രാധാന്യം നേടിയ ഈ ഗജവാഹന ഘോഷയാത്രയ്ക്ക് സാക്ഷികളായി യാത്രയയ്ക്കാന്‍ രാഷ്ട്രീയക്കാരും പത്രക്കാരും അടക്കം വന്‍ ജനാവലിയുണ്ടായിരുന്നു. ഏത് നല്ല കാര്യത്തിനും ശകുനം മുടക്കികളുണ്ടാകുന്നത് നമ്മുടെ നാട്ടില്‍ പതിവാണല്ലോ ഇതിനും ഉണ്ടായി എതിര്‍പ്പ്. കരുണാകര വിരോധം ശീലമാക്കിയ ഒരു ഇടതുപക്ഷ സംഘടന കരിങ്കൊടിയുമായി ആനകളെ കൊണ്ടുപോകുന്നത് സാംസ്‌കാരിക അപചയമാണെന്ന് മുദ്രാവാക്യം വിളിച്ച് റെയില്‍വേ ട്രാക്കില്‍ സമരക്കാര്‍ കുത്തിയിരുന്നു. കളി ലീഡറോടൊ? അതും കരുണാകരന്റെ തൃശൂരില്‍? ഉത്തരവ് ഉടനെ വന്നു. അതോടെ പോലീസ് എതിര്‍പ്പുകാരെ തല്ലിയോടിച്ച് നീക്കം ചെയ്തു. അങ്ങനെ ആന ട്രെയിന്‍ യാത്ര പുറപ്പെട്ടു. 34 ആനകളും (4 ആനകള്‍ റിസര്‍വ്) 300 നടുത്ത് മനുഷ്യരുമടങ്ങുന്ന, സംഘം സുഖമായി ഡല്‍ഹിയില്‍ എത്തി. റിഹേഴ്സലുകള്‍ നടത്തിയ ശേഷം ആന സംഘം തയ്യാറായി.
ഡൽഹി ഏഷ്യാഡിലെ പൂരം
1982 നവംബര്‍ 19 ന് ഇന്ത്യന്‍ പ്രസിഡന്റ് ഗ്യാനി സെയില്‍ സിങ്ങ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് നടക്കുന്ന പവലിയന്റെ എതിര്‍ ഭാഗത്തായി നെറ്റിപ്പട്ടം കെട്ടി വര്‍ണ കുടകളുമായി 30 ആനകള്‍ ഒറ്റനിരയായ് അണിനിരന്നു. മുക്കാല്‍ മണിക്കൂര്‍ നടന്ന പ്രദര്‍ശനം അതി മനോഹരമായിരുന്നു. കളര്‍ ടെലിവിഷന്‍ വന്ന കാലമായതിനാല്‍ വര്‍ണശബളമായ ആ കാഴ്ച ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു. ഏഷ്യാഡിന്റെ ഭാഗ്യ ചിഹ്നമായ ‘അപ്പു’ എന്ന ആനക്കുട്ടിയുടെ പ്രതീകമായി മാര്‍ച്ച് പാസ്റ്റില്‍ നടന്നത് ഈ ആനക്കൂട്ടത്തിലെ കുട്ടിനാരായണന്‍ എന്ന ആനക്കുട്ടിയായിരുന്നു. കേരളത്തിന്റെ ആന ചരിത്രത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളായിരുന്നു അന്ന് ഡല്‍ഹിയില്‍ അരങ്ങേറിയത്.
മദം പൊട്ടിയ ആനയെ തളക്കുന്നതാണ് മയക്കുവെടി. കൊള്ളുന്നവനും വയ്ക്കുന്നവനും ഒരേ പോലെ അപകടമുള്ള പ്രയോഗം. ലാര്‍ ഗാറ്റില്‍ എന്ന മയക്കുഗുളിക പഴത്തില്‍ തിരുകി ആനക്ക് എറിഞ്ഞുകൊടുത്താണ് ആദ്യ കാലങ്ങളില്‍ മദയാനയെ തളച്ചിരുന്നത്. ഇന്ത്യയില്‍ ആദ്യമായി മയക്കുവെടി തോക്ക് ഉപയോഗിച്ചത് 1950 ല്‍ മണ്ണുത്തി വെറ്ററിനറി കോളേജ് വൈസ് പ്രിന്‍സിപ്പിളായിരുന്ന കുന്നംകുളത്തുകാരനായ ഡോ. കെ ജെ സൈമണ്‍ ആണ്. പിന്നീട് 1979 മുതല്‍ മണ്ണുത്തി വെറ്ററിനറി കോളേജ് തന്നെ മയക്കുവെടി തോക്ക് ഇറക്കുമതി ചെയ്തു. തോട്ടയ്ക്ക് പകരം സിറിഞ്ചാണ് ഉപയോഗിക്കുക. വാലിന്റെ വശത്തുള്ള മാംസപേശിയിലേക്കാണ് വെടിവയ്ക്കുക. നിമിഷങ്ങള്‍ക്കകം മരുന്ന് ആനയുടെ ദേഹം മുഴുവന്‍ വ്യാപിക്കും നാല്‍പ്പത്തഞ്ച് മിനിറ്റില്‍ മയങ്ങിവീഴും. ആനയുടെ തൂക്കം അനുസരിച്ച് ഡോസ് നിര്‍ണയിക്കുന്നു.
ഏറ്റവും അപകടം പിടിച്ച പണിയാണിത്. ചെറിയ പിഴവ് മതി വെടിക്കാരന്‍ തീരാന്‍. വെടിക്കാരന്റെ സുരക്ഷ, അന്തരീക്ഷം, ചുറ്റുമുള്ള ആളുകളുടെ സുരക്ഷ എന്നിവ കൃത്യമായി നിരീക്ഷിച്ചുവേണം മയക്കുവെടി വയ്ക്കാന്‍. ഇങ്ങനെ വന്ന ഒരു പിഴവിലാണ് 28 കൊല്ലം മുന്‍പ് തൃശ്ശൂര്‍ കൈപ്പറില്‍ പാറമേക്കാവ് രാജേന്ദ്രന്‍ എന്ന മദയാന മയക്കുവെടിവയ്ക്കാനെത്തിയ ഡോക്ടര്‍ പ്രഭാകരനെ കുത്തിക്കൊന്നത്. വെടിയേറ്റ ആന മദിച്ച് ഡോക്ടര്‍ പ്രഭാകരന് നേരെ വന്നു. ഓടിയപ്പോള്‍ ഉഴുതുമറിച്ച നെല്‍പ്പാടമായതിനാല്‍ പ്രഭാകരന്‍ തട്ടിവീണു. ഉഴുത കണ്ടത്തിലൂടെ മനുഷ്യന് ഓടാന്‍ പാടാണ് ആനയ്ക്ക് വേഗത്തില്‍ പറ്റും. കുത്തില്‍ കരളിനേറ്റ പരുക്കാണ് ജോലിയില്‍ നിന്ന് വിരമിക്കാന്‍ രണ്ട് മാസം മാത്രം സര്‍വീസ് ബാക്കിയുണ്ടായിരുന്ന ഡോക്ടര്‍ പ്രഭാകരന്‍ മരിക്കാന്‍ കാരണം.
തൃശൂരില്‍ ആന ഡേവിയെന്നറിയപ്പെടുന്ന ഒരു ഗജപ്രേമിയുണ്ടായിരുന്നു. ഡേവിക്കറിയാത്ത നാട്ടാനകള്‍ കേരളത്തിലില്ലായിരുന്നു. 35 വര്‍ഷങ്ങള്‍ ആനകളെ അകമ്പടി സേവിച്ച ഡേവിയുടെ മനസ്സില്‍ കേരളത്തിലെ എല്ലാ ആനകളുടെ ജീവിത ചരിത്രമുണ്ടായിരുന്നു. ആന ചികിത്സയില്‍ നിപുണനായിരുന്ന പൂമുള്ളി മനയ്ക്കലെ സാക്ഷാല്‍ ആറാം തമ്പുരാന്‍ ഒരിക്കല്‍ ഡേവിയെ അഭിമുഖം നടത്തി.
രണ്ട് നിസ്സാര ചോദ്യങ്ങള്‍ തമ്പുരാന്‍ ഡേവിയോട് ചോദിച്ചു.
ആന പട്ട വായയിലെടുത്താല്‍ എത പ്രാവശ്യം ചവച്ചിട്ടാണ് ഇറക്കുക ?
ആന നടക്കുമ്പോള്‍ അമരം (പിന്‍കാലുകള്‍) നടയുടെ (മുന്‍കാലുകള്‍) മുന്നിലാണോ പിന്നിലാണോ വരിക ?
രാപ്പകല്‍ 20 വര്‍ഷം ആനയുടെ പിന്നാലെ നടന്ന ഡേവിക്ക് ഈ രണ്ട് ചോദ്യത്തിനും ഉത്തരം പറയാന്‍ കഴിഞ്ഞില്ല.
പൂമുള്ളിയിലെ ആറാം തമ്പുരാൻ നീലകണ്ഠൻ നമ്പൂതിരിപ്പാട്
ആറാം തമ്പുരാന്‍ തന്നെ ഡേവിക്ക് അത് പറഞ്ഞു കൊടുത്തു; ’24 പ്രാവശ്യമാണ് ആരോഗ്യമുള്ള ഒരാന പട്ട ചവയ്ക്കുക. ആരോഗ്യം കുറയും തോറും ചവയുടെ എണ്ണം കുറയും. ആരോഗ്യമുള്ള ഒരാനയുടെ പിന്‍കാലുകള്‍ മുന്‍കാലുകള്‍ക്ക് മുന്നില്‍ വരും. പ്രായവും ക്ഷീണവുമനുസരിച്ച് പിന്നിലേക്ക് വന്നു കൊണ്ടിരിക്കും.
പിന്നീട് ഡേവിയെ ആറാം തമ്പുരാന്‍ ആന വിഷയത്തില്‍ ശിഷ്യനായി സ്വീകരിച്ചു. പിന്നീട് കാലം ചെന്നപ്പോള്‍, ആന വിഷയം സംസാരിക്കുമ്പോള്‍ ആറാം തമ്പുരാന്‍ പറയും ‘എനിക്ക് ഇത്രയൊക്കെ അറിഞ്ഞൂടു. ഇനി കൂടുതല്‍ അറിയണച്ചാല്‍ തൃശൂര് ചെന്ന് ഡേവിയോട് ചോദിച്ചാല്‍ മതി’ ആന വിഷയത്തില്‍ ഗുരുവിനെ കടത്തിവെട്ടിയ ശിഷ്യനായി അപ്പോഴേക്കും ഡേവി മാറിയിരുന്നു.
നാട്ടാനകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂരിലെ ‘പുന്നത്തൂര്‍ കോട്ട’ വിഖ്യാതമാണല്ലോ. കണ്ണൂര്‍ തളിപ്പറമ്പ്, തൃച്ചംബരം ക്ഷേത്രം ആന നിഷേധ അമ്പലമാണ്. ഉത്സവത്തിന് ആനയില്ല. കംസന്‍ കൃഷ്ണനെ കൊല്ലാന്‍ അയച്ച ‘കുവലയ ‘പീഡം എന്ന ആനയെ കൊന്ന ഭാവത്തിലാണത്രെ അവിടുത്തെ പ്രതിഷ്ഠ. അതിനാല്‍ ആന നിഷിധമാണ്.
ഹസ്ത്യായുർവേദം രചിച്ച പാലകാപ്യൻ
ലോകത്തിലെ തന്നെ ഉത്സവങ്ങളിലെ ഏറ്റവും മനോഹരമായ കാഴ്ചയാണ് തൃശൂര്‍ പൂരത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ കുടമാറ്റം. സൂര്യാസ്തമയത്തില്‍ ആകാശത്തില്‍ ഉയരുന്ന വര്‍ണ്ണക്കുടകളുടെ ഘോഷയാത്ര. ‘പാറമേക്കാവ്, തിരുവമ്പാടി ദേശക്കാരുടെ 15 ആനകളുടെ രണ്ട് നിരകള്‍ മുഖാമുഖം നില്‍ക്കുന്ന ഈ ആചാരത്തില്‍ നൂതനമായി രൂപകല്‍പ്പന ചെയ്ത കുടകള്‍ ഒന്നിനുപുറകെ ഒന്നായി പ്രദര്‍ശിപ്പിക്കുന്നു, ഇത് തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങള്‍ തമ്മിലുള്ള സൗഹൃദ മത്സരത്തെയും സൗഹൃദത്തെയും പ്രതിനിധാനം ചെയ്യുന്നു. കൂടാതെ രണ്ട് ദേശക്കാരുടെ നേര്‍ക്കുനേരെയുള്ള വര്‍ണ്ണ മത്സരവുമാണിത്. ആയിരത്തി അഞ്ഞൂറോളം കുടകളാണ് കഴിഞ്ഞ വര്‍ഷം ഈ മനോഹരമായ നിറചാര്‍ത്തുത്സവത്തില്‍ ഉത്സവ പ്രേമികളുടെ കണ്ണിനും കരളിനും കുളിര്‍മ്മയേകിയത്. ആനകള്‍ ലോകത്തിന് നല്‍കുന്ന ഏറ്റവും മനോഹരമായ ആശ്ചര്യവും ആവേശവും നിറയുന്ന കാഴ്ചയാണ് ഈ കുടമാറ്റം.
ആനവാല്‍ മോതിരം ഇപ്പോഴും വളരെ ഡിമാന്റ് ഉള്ള സാധനമാണ്. ഈ ആനവാല്‍ ഭ്രമത്തെ, ഒന്ന് കളിയാക്കാനായി കുഞ്ഞുണ്ണി മാഷ് എഴുതി;
‘വലിയൊരാനയുടെ ചെറിയൊരു വാലും വാല്/ചെറിയൊരെലിയുടെ വലിയൊരു വാലും വാല്’.elephants story in kerala; keralites obsession with elephants
Content Summary: elephants story in kerala; keralites obsession with elephants