ക്രിസ്റ്റഫർ നോളൻ തന്റെ ‘ദി ഒഡിസ്സി’ എന്ന സിനിമയുടെ പ്രചാരണത്തിനിടെ, താൻ ഹോമറിന്റെ ഇതിഹാസ കവിതയെ അടിസ്ഥാനമാക്കി സിനിമയെടുക്കാൻ കാരണം എമിലി വിൽസൻ ചെയ്ത ഒഡിസ്സിയുടെ പരിഭാഷയാണ് എന്ന് പറഞ്ഞിരുന്നു. എന്നാൽ എമിലി വിൽസൻ ഇപ്പോൾ നോളന്റെ സിനിമക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയിരിക്കുകയാണ്. ദി ഗാർഡിയനിൽ വിൽസൻ എഴുതിയ നിരൂപണക്കുറിപ്പിലൂടെ സിനിമയ്ക്ക് മനഃശാസ്ത്രപരവും വൈകാരികവും രാഷ്ട്രീയപരവും നൈതികപരവുമായ ആഴമില്ല എന്നാണ് തുറന്നടിച്ചിരിക്കുന്നത്. നോളന്റെ ‘ദി ഒഡിസ്സി’യിൽ കാര്യമായി എടുത്തുപറയത്തക്കതായ ഒന്നുമില്ല എന്നും പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ ക്ലാസിക്കൽ സ്റ്റഡീസ് പ്രൊഫസറായ എമിലി ലേഖനത്തിൽ കൂട്ടിച്ചേർത്തു.
“ഞാൻ പ്രതീക്ഷിച്ചിരുന്നത് നോളന് ഹോമറിന്റെ ആശയങ്ങളോടുള്ള താത്പര്യം അദ്ദേഹത്തെ കൂടുതൽ സർഗ്ഗാത്മകമാക്കുമെന്നും കഥാപാത്രങ്ങളെ കൂടുതൽ വിശ്വാസ്യതയുടെ അവതരിപ്പിക്കാൻ സഹായിക്കുമെന്നുമാണ്. നോളൻ സ്ഥിരമായി തന്റെ സിനിമകളിൽ കാണിക്കാറുള്ള ഉപരിപ്ലവമായ ദൃശ്യമികവോടെയുള്ള അവതരണവുമാണ് ‘ദി ഒഡിസ്സി’യിലും കാണാൻ കഴിയുന്നത്. കാഴ്ചക്കാരിൽ വളരെയധികം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ദൃശ്യങ്ങളുള്ള സിനിമയിലെ കഥാപാത്രങ്ങൾ പൂർണ്ണതയില്ലാത്തതാണ്. സംഭവബഹുലമായ ദൃശ്യങ്ങളൊക്കെയുണ്ടെങ്കിലും സിനിമ വാഗ്ദാനം ചെയ്തിരുന്ന ‘മഹത്തായ ആശയങ്ങളുടെ ദ്രിശ്യാവതരണ’മൊന്നും തന്നെ പ്രേക്ഷകർക്ക് അനുഭവവേദ്യമാകുന്നില്ല. പല പോരായ്മകളും സംവിധായകനെ ആ ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട് വലിക്കുകയാണ്.” വിൽസൺ സിനിമ റിവ്യൂവിൽ എഴുതുന്നു.
“നോളന്റെ ‘ഒഡിസ്സി’യിൽ കവിതയിലുണ്ടായിരുന്ന മഹത്തായ ആശയങ്ങളൊന്നും തന്നെ ഇല്ല. കാലഗണന, ഓർമ, ചരിത്രം, യുദ്ധം തുടങ്ങിയ തലങ്ങളൊന്നും സിനിമ വേണ്ടവിധം കൈകാര്യം ചെയ്തില്ല. കഥയിലെ ഒരു യോദ്ധാവിന്റെ വിജയാവേശത്തിലുള്ള തിരിച്ചുവരവും അയാളുടെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും അയൽവാസികളുടെയും ജീവിതവും ഒക്കെ സിനിമയിൽ സംവിധായകൻ വേണ്ടവിധത്തിൽ അവതരിപ്പിക്കുന്നില്ല. വളരെ മോശമായ തിരക്കഥയും പൊള്ളയായ അവതരണ ഘടനയുമാണ് സിനിമയുടേത്.” എമിലി വിൽസന്റെ കടുത്ത വിമർശനങ്ങൾ തുടരുന്നു.
ഇതിഹാസ കാവ്യത്തിന്റെ വിവർത്തക നോളന്റെ ചലച്ചിത്രാവിഷ്കാരത്തെ കടുത്ത ഭാഷയിൽ വിമർശിച്ചെങ്കിലും സിനിമ മികച്ച പ്രേക്ഷക പ്രശംസ നേടി ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
Content summary: Emily Wilson, whose translation inspired Christopher Nolan’s The Odyssey, has sharply criticized the film for lacking emotional, psychological, political, and ethical depth. Despite her negative review, the film continues to receive strong audience response worldwide.
This post was last modified on July 28, 2026 4:43 pm
Leave a Comment