ലോക സിനിമ വ്യവസായത്തിനും ട്രംപിന്റെ ഷോക്ക്. വിദേശ സിനിമകള്‍ അമേരിക്കന്‍ സിനിമാ വ്യവസായത്തെ ദോഷകരമായി ബാധിക്കുന്നുവെന്നാരോപിച്ച് യുഎസിന് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം താരിഫ് ഏര്‍പ്പെടുത്താനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്.
ഒരു കുഞ്ഞിന്റെ കൈയില്‍ നിന്നും മിഠായി മോഷ്ടിക്കുന്നതുപോലെയാണ് നമ്മുടെ സിനിമ വ്യവസായത്തെ മറ്റ് രാജ്യങ്ങള്‍ തട്ടിയെടുത്തിരിക്കുന്നതെന്നാണ് പ്രസിഡന്റിന്റെ വിലാപം.
രാഷ്ട്രീയ എതിരാളികളെ കുറ്റക്കാരാക്കി കൊണ്ടാണ് ട്രംപ് ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനം എടുത്തിരിക്കുന്നത്. അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച ഒരു പോസ്റ്റില്‍ പറയുന്നത് ഇപ്രകാരമാണ്; ‘ ദുര്‍ബലനും കഴിവുകെട്ടവനുമായ ഗവര്‍ണര്‍ ഉള്ള കാലിഫോര്‍ണിയയെയാണ് ഇത് പ്രത്യേകിച്ച് ബാധിച്ചത്! അതിനാല്‍, ദീര്‍ഘകാലമായി നില്‍ക്കുന്ന, ഒരിക്കലും അവസാനിക്കാത്ത പ്രശ്‌നം പരിഹരിക്കുന്നതിനായി, യുണൈറ്റഡ് സ്റ്റേറ്റ്‌സിന് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും ഞാന്‍ 100% തീരുവ ചുമത്തും”.
വിദേശ സിനിമകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയാല്‍, അതിര്‍ത്തി കടന്നുള്ള സേവനങ്ങളുടെ (cross-border delivery of services) മേല്‍ യു.എസ്. താരിഫ് ചുമത്തുന്ന ആദ്യത്തെ സന്ദര്‍ഭമായി മാറും.
വിദേശ സിനിമകള്‍ക്ക് ചുമത്തുന്ന നികുതി, അത് ഡിജിറ്റല്‍ വിതരണമായതുകൊണ്ട്, ചരക്കിന് (Goods) ഏര്‍പ്പെടുത്തുന്ന നികുതിയല്ല, മറിച്ച് ഡിജിറ്റല്‍ സേവനത്തിന് (Digital Service) ഏര്‍പ്പെടുത്തുന്ന നികുതി എന്ന ഗണത്തില്‍ പെടുത്താം എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
യുഎസിന് പുറത്ത് നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത് വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ വഴി സിനിമകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ നേരിട്ട് ഉപഭോക്താക്കളുടെ സ്വകാര്യ ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് എത്തുകയാണ്. ഭൂരിഭാഗവും ഈ സേവനങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.
നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി തുടങ്ങിയ യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളാണ് ഈ സ്ട്രീമിംഗ് മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നതെങ്കിലും ഇന്ത്യ (Zee5, Jio Hotstar), ചൈന (iQIYI, Viu), ദക്ഷിണ കൊറിയ (Coupang Play, TVING) എന്നിവരും ആഗോളതലത്തില്‍ സാന്നിധ്യമുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളാണ്. അവരെ ട്രംപിന്റെ തീരുമാനം ശക്തമായി ബാധിക്കും. സിനിമകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനം മറ്റ് രാജ്യങ്ങളും പിന്തുടര്‍ന്നാല്‍ അപകടകരമായ അവസ്ഥയുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Content Summary; Donald Trump decided 100% tariffs on ‘all movies made outside US
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.