ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക ചുമത്തിയിരിക്കുന്ന 50 ശതമാനം താരിഫ്, നിലനില്‍പ്പിനായി പോരാടുന്ന കൈത്തറി വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കും ഇരട്ടി പ്രഹരമാകും. താരിഫ് ഉയര്‍ത്തിയത് കൈത്തറി, ടെക്സ്റ്റൈല്‍ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ണൂര്‍ വീവേഴ്സ് സൊസൈറ്റീസ് അസോസിയേഷന്‍ സെക്രട്ടറി സന്തോഷ് കുമാര്‍ അഴിമുഖത്തോട് പ്രതികരിച്ചു.
ഒരു കാലത്ത് പ്രൗഢിയോടെ നിന്നിരുന്ന കൈത്തറി നെയ്ത്ത് വ്യവസായമേഖല ഇന്ന് നിലനില്‍പ്പിനായുള്ള നിലവിളിയിലാണ്. ഇതിനിടയിലാണ് ട്രംപിന്റെ താരിഫ് വര്‍ധനവും. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ ഒന്നാണ് കൈത്തറി ഉള്‍പ്പെടെയുള്ള തുണിത്തരങ്ങള്‍. കണ്ണൂര്‍ ജില്ലയിലെ കൈത്തറി സഹകരണ സൊസൈറ്റികള്‍ പ്രധാനമായും എക്സ്പോര്‍ട്ടിനെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്.
”ഇത്രയും കാലം 25 ശതമാനം ടാക്സ് ആയിരുന്നു ഉണ്ടായിരുന്നത്. അത് തന്നെ അധികമായിരുന്നു. ഇപ്പോഴത് കുത്തനെ 50 ശതമാനമാക്കുന്നത് എക്സ്പോര്‍ട്ടേഴ്സിന് തിരിച്ചടിയാകും. നേരത്തെ ഓര്‍ഡര്‍ എടുത്തവരും, സ്റ്റോക്ക് എടുത്തവരും ധാരാളം പേരുണ്ടാകും. ഇവരൊക്കെ ഇനി കൂടിയ തുക താരിഫ് നല്‍കേണ്ടി വരും” സന്തോഷ് കുമാര്‍ പറയുന്നു.
പൊതുവെ കൈത്തറി വസ്ത്രങ്ങള്‍ക്ക് വില കൂടുതലാണ്. അതുകൊണ്ട് തന്നെ വില്‍പനയും കുറവാണ്. കേരളത്തില്‍ സീസണില്‍ മാത്രമാണ് കൈത്തറി വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നത്. എന്നാല്‍, വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയായിരുന്നു ഈ മേഖലയുടെ ഏക ആശ്വാസം. താരിഫ് ഉയര്‍ത്തിയതോടെ ആ പ്രതീക്ഷയും ഈ പരമ്പരാഗത മേഖലയെ കൂടുതല്‍ തളര്‍ത്തുകയാണ്.
” നികുതി വര്‍ധിപ്പിച്ചതോടെ കുറഞ്ഞ വിലയ്ക്ക് മെറ്റീരിയല്‍ കൊടുക്കണമെന്ന ഡിമാന്റ് ആകും ഇനി ഉണ്ടാകുക. 500 രൂപ വിലയുള്ള തുണിത്തരങ്ങള്‍ക്ക് എക്സ്പോര്‍ട്ടേഴ്സിന് 25 ശതമാനം അധികം ടാക്സ് നല്‍കേണ്ടി വരുന്നത് വലിയ നഷ്ടത്തിന് ഇടവരുത്തും. ആ നഷ്ടം നികത്താന്‍, ഇവിടുന്ന് കയറ്റുമതി ചെയ്യുന്ന തുണിത്തരങ്ങള്‍ക്ക് വില വീണ്ടും കുറച്ച് നല്‍കേണ്ട സ്ഥിതി വരും. ഇത് ഈ മേഖലയെ താറുമാറാക്കും എന്നതില്‍ സംശയമില്ല” സന്തോഷ് കുമാര്‍ വ്യക്തമാക്കുന്നു.
ഇന്ത്യയ്‌ക്കെതിരായി യുഎസ് 50 ശതമാനം താരിഫ് ഉയര്‍ത്തിയതോടെ, തുണിത്തരങ്ങളുടെ കയറ്റുമതിക്ക് 59 മുതല്‍ 63.9 ശതമാനം വരെ അധിക നികുതി നല്‍കേണ്ടി വരും. ഇത് മറ്റെല്ലാ മേഖലകളെക്കാളും ഏറ്റവും ഉയര്‍ന്നതാണ്.
”ഹാന്‍മെയ്ഡ്, ഹാന്‍ഡ്ലൂം എക്സ്പോര്‍ട്ടേഴ്സ് കൂടുതലും അമേരിക്കയിലേക്കും യൂറോപ്പിലേക്കുമാണ് കയറ്റി നടത്തുന്നത്. അതുകൊണ്ട് തന്നെ നിലവിലെ തീരുവ വര്‍ധന കേരളത്തിന്റെ പരമ്പരാഗത മേഖലയെ പൂര്‍ണമായും ഇല്ലാതാക്കുന്ന അവസ്ഥയിലേക്കാണ് എത്തിക്കുക” സന്തോഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
”മുമ്പ് 500 കോടി രൂപയുടെ കൈത്തറി വസ്ത്രങ്ങളായിരുന്നു കണ്ണൂരില്‍ നിന്ന് മാത്രം കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോഴത് 70 കോടിയിലൊക്കെ എത്തി നില്‍ക്കുകയാണ്. നിലവില്‍ കയറ്റുമതി ചെയ്യുന്നതാകട്ടെ കണ്ണൂരിലെ അപൂര്‍വം സൊസൈറ്റികളും പ്രൈവറ്റ് സ്ഥാപനങ്ങളും മാത്രമാണ്. താരിഫ് ഉയര്‍ത്തിയതോടെ നിലവിലുള്ള കയറ്റുമതി പോലും നടക്കുമോ എന്ന കാര്യം സംശയമാണ്” കണ്ണൂര്‍ ഇരിണേവ് വീവേഴ്സ് കോര്‍പറേറ്റീവ് സൊസൈറ്റി സെക്രട്ടറി അനില്‍കുമാര്‍ അഴിമുഖത്തോട് പറയുന്നു.
”കളറും ഡിസൈനുമൊക്കെ ഓരോ സീസണിലേക്കും മുന്‍കൂട്ടി തയ്യാറാക്കിയാണ്, വിദേശ രാജ്യങ്ങള്‍ പൊതുവെ ഓര്‍ഡര്‍ തരുന്നത്. അവര്‍ പറയുന്ന നിശ്ചിത സമയത്തിനുള്ളില്‍ തുണിത്തരങ്ങള്‍ നിര്‍മിച്ച് കയറ്റുമതി നടത്തുകയാണ് പതിവ്. പ്രധാനമായും ഹോം ഫര്‍ണിഷിങ് തുണിത്തരങ്ങളായ ടേബിള്‍ മാറ്റ്, കര്‍ട്ടന്‍, കുഷ്യന്‍ കവര്‍, സോഫ കവര്‍ തുടങ്ങിയവയാണ് കയറ്റുമതി ചെയ്യുന്നത്. ഹോട്ടലുകളിലേക്കുള്ള ഓര്‍ഡറുകളാണ് ഇവയില്‍ പ്രധാനം. യന്ത്രവല്‍കൃതമായി നിര്‍മിക്കാന്‍ പറ്റാത്ത കൈത്തറിയില്‍ തുണിത്തരങ്ങള്‍ക്കാണ് നിലവില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഓര്‍ഡര്‍ വരുന്നത്” അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിലാണ് ട്രംപ് അധിക താരിഫ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഇത് ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിന് പുറമെ ആഗോള വിപണിയില്‍ ഇന്ത്യയുടെ മത്സരശേഷി കുറയ്ക്കുകയും ചെയ്യും.
”നേരത്തെ 25 ശതമാനം താരിഫ് ഉയര്‍ത്തിയപ്പോള്‍ പോലും, വിലയില്‍ 10 ശതമാനം കുറവ് തരണമെന്നായിരുന്നു ഓര്‍ഡര്‍ എടുക്കുന്നവര്‍ ആവശ്യപ്പെട്ടത്. അതിനിടയ്ക്കാണ് 25 ശതമാനം എന്നത് 50 ആക്കി ഉയര്‍ത്തി കൈത്തറി മേഖലയുടെ നടുവൊടിക്കുന്നത്” അനില്‍കുമാര്‍ അഴിമുഖത്തോട് പറഞ്ഞു.
കൈത്തറി വസ്ത്രങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നൂല്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ക്ക് ഭാരിച്ച വിലയാണ്. ഇതിന് പുറമെ അഞ്ച് മുതല്‍ 18 ശതമാനം വരെ ജിഎസ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ കൈത്തറി ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരുന്നത്. കൂടാതെ ലാഭവിഹിതം ജിഎസ്ടി ഇനത്തില്‍ ടാക്സ് ആയി അടയ്ക്കേണ്ട ഗതികേടിലുമാണ്. അതും 30 ശതമാനം.
കേരള ബാങ്കില്‍ നിന്നും പത്തര ശതമാനം പലിശയ്ക്ക് ലോണ്‍ എടുത്താണ് പല കൈത്തറി സംഘങ്ങളും പ്രവര്‍ത്തിക്കുന്നത്. ഒരുവര്‍ഷം ഏകദേശം ഒമ്പത് ലക്ഷത്തോളം രൂപ പലിശ ഇനത്തില്‍ തന്നെ അടയ്‌ക്കേണ്ടിവരും. പലിശയും ജിഎസ്ടിയും ഇന്‍കം ടാക്സും ഒഴിവാക്കപ്പെട്ടാല്‍ ഈ മേഖലയെ കുറച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിയും എന്നിരിക്കെയാണ് ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനം.
പല കൈത്തറി സഹകരണ സംഘങ്ങളും തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കു മൂലം പ്രവര്‍ത്തനം നിലച്ചനിലയിലാണ്. ഇതിന് പുറമെ ബാങ്കുകളില്‍ നിന്നുള്ള വായ്പ തിരിച്ചടക്കാന്‍ കഴിയാതെ വന്നതോടെ പല സംഘങ്ങളും അടച്ചുപൂട്ടി. നെയ്ത്തില്‍ നിന്നും ലഭിക്കുന്ന വേതനം വളരെ കുറവായതിനാല്‍ നെയ്ത്തുതൊഴിലാളികളില്‍ പലരും തൊഴിലുറപ്പ് ജോലികളിലേക്കും മാറി.
ഊര്‍ദ്ധശ്വാസം വലിക്കുന്ന കൈത്തറി മേഖലയുടെ നിലനില്‍പ്പിന്റെ പ്രധാന വരുമാനം കയറ്റുമതി തന്നെയാണ്. തൊഴിലാളികളുടെ എണ്ണക്കുറവും കുറഞ്ഞ കൂലിയും പരമ്പരാഗത കൈത്തറി വ്യവസായത്തിന്റെ നിലനില്‍പ്പിനെ തന്നെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനിടയ്ക്ക് താരിഫ് കൂടി ഉയര്‍ത്തിയത് ഈ തൊഴില്‍ മേഖല അന്യം നിന്ന് പോകാന്‍ ഇടയാക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികള്‍. Trump’s tariff hike; creates a crisis for handloom garment exports
Content Summary: Trump’s tariff hike; creates a crisis for handloom garment exports
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.