July 18, 2026 |
Share on

വിദേശ മാധ്യമപ്രവര്‍ത്തകരുടെ വിസ കാലാവധി വെട്ടിച്ചുരുക്കി ട്രംപ് ഭരണകൂടം

മാധ്യമപ്രവര്‍ത്തകരെ കൂടാതെ വിദേശ വിദ്യാര്‍ത്ഥികളെയും പുതിയ ചട്ടം വലയ്ക്കും

വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിലവിലുണ്ടായിരുന്ന ‘യോഗ്യത കാലാവധി’ (ഡ്യൂറേഷന്‍ ഓഫ് സ്റ്റാറ്റസ്) നിര്‍ത്തലാക്കി ട്രംപ് ഭരണകൂടം. ഇതോടെ, അമേരിക്കയിലുള്ള വിദേശ മാധ്യമപ്രവര്‍ത്തകരുടെ വിസ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്നും 240 ദിവസമായി (ഏകദേശം എട്ട് മാസം) ചുരുങ്ങും. ഇതില്‍ ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിസ കാലാവധി വെറും 90 ദിവസമായി വെട്ടിച്ചുരുക്കിയിട്ടുമുണ്ട്. യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കുന്നിടത്തോളം കാലം വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് താമസിച്ച് ജോലി ചെയ്യാന്‍ അനുവാദം നല്‍കിയിരുന്ന വ്യവസ്ഥയായിരുന്നു ‘ഡ്യൂറേഷന്‍ ഓഫ് സ്റ്റാറ്റസ്’. യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്)യാണ് പുതിയ ചട്ടം പ്രഖ്യാപിച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരെ കൂടാതെ വിദേശ വിദ്യാര്‍ത്ഥികളെയും എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളുടെ ഭാഗമായി രാജ്യത്ത് എത്തുന്ന സന്ദര്‍ശകരെയും ഈ പുതിയ വിസ ചട്ടം ബാധിക്കും. കൃത്യമായ സര്‍ക്കാര്‍ അറിയാതെ ഇത്തരക്കാര്‍ക്ക് എത്രകാലം വേണമെങ്കിലും രാജ്യത്ത് തുടരാന്‍ പഴയ സംവിധാനം കൊണ്ട് കഴിയുമായിരുന്നുവെന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ വാദം. ഏതാണ്ട് അരനൂറ്റാണ്ടുകാലമായി നിലവിലുള്ള ഈ പഴയ വിസ സമ്പ്രദായം രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇമിഗ്രേഷന്‍ തട്ടിപ്പുകള്‍ക്ക് വഴിമാറുന്നതാണെന്നും ഡി.എച്ച്.എസ് സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ യു.എസില്‍ നിന്ന് മടങ്ങാതിരിക്കാനുള്ള മാര്‍ഗമായി ഒന്നിനു പുറകെ ഒന്നെന്ന രീതിയില്‍ പുതിയ കോഴ്‌സുകളില്‍ ചേര്‍ന്ന് ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും, പുതിയ മാറ്റത്തിലൂടെ രാജ്യത്തുള്ളവരെ കൃത്യമായി നിരീക്ഷിക്കാനും പരിശോധിക്കാനും അമേരിക്കയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, വിസ കാലാവധി വെട്ടിച്ചുരുക്കുന്നത് തങ്ങളുടെ ജീവിതത്തെയും തൊഴിലിനെയും ദോഷകരമായി ബാധിക്കുമെന്നാണ് വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി വാദിക്കുന്ന സംഘടനകളുടെ നിലപാട്. വിദേശ മാധ്യമപ്രവര്‍ത്തകരുടെ വിസ അഞ്ച് വര്‍ഷത്തില്‍ നിന്ന് എട്ട് മാസമായി ചുരുക്കിയ ട്രംപ് ഭരണകൂടത്തിന്റെ ക്രൂരമായ നടപടിയില്‍ തങ്ങള്‍ അങ്ങേയറ്റം പ്രകോപിതരാണെന്ന് ‘റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്’ പ്രസ്താവനയിലൂടെ അറിയിച്ചു. ഈ വിസ പരിഷ്‌കാരം ഒരു ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും, വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്ന ജനാധിപത്യ രീതികളുടെ തകര്‍ച്ചയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ‘കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ്’ കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് വിസ നീട്ടിനല്‍കാന്‍ അവസരമുണ്ടെങ്കിലും, തുടര്‍ച്ചയായ വിസ പുതുക്കല്‍ പ്രക്രിയകള്‍ പത്രസ്വാതന്ത്ര്യത്തെ ഹനിക്കുമെന്നും, വിസ അപേക്ഷകള്‍ നിരസിക്കപ്പെടുമോ എന്ന ഭയത്താല്‍ ഭരണകൂടത്തിന്റെ കോപത്തിന് ഇരയാകുന്ന വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ മടിക്കുമെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു. സ്വദേശത്ത് വാര്‍ത്താ ഏജന്‍സികള്‍ക്കെതിരെ ട്രംപ് നിരന്തരം ഭീഷണികളും നിയമനടപടികളും ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളും വരുന്നത്.

പുതിയ നിയമം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്കാണ്. 2020-ല്‍ ഒന്നാം ട്രംപ് ഭരണകൂടം ഇത്തരത്തില്‍ 90 ദിവസത്തെ നിയമം നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് വന്ന ബൈഡന്‍ ഭരണകൂടം ഇത് ഒഴിവാക്കുകയായിരുന്നു. ഈ നിയമം വീണ്ടും കൊണ്ടുവന്നതിനെതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ചൈനീസ് മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യംവെച്ചുള്ള ഈ വിവേചനപരമായ നയം അമേരിക്ക ഉടന്‍ പിന്‍വലിക്കണമെന്നും അവരുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ ആവശ്യപ്പെട്ടു. ഇതിന് തിരിച്ചടിയായി സമാനമായ നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം ചൈനയ്ക്കുണ്ടെന്നുംഅദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Content Summary; The Trump administration introduces strict visa rules, slashing visas for foreign journalists to 240 days and Chinese reporters to 90 days, eliminating the ‘duration of status’ system

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×