June 26, 2026 |
Share on

കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ഉപരാഷ്ട്രപതി രാജി വെച്ചാൽ?

കാലാവധി പൂർത്തിയാകുന്നതിന് മുൻപ് രാജിവെയ്ക്കുന്ന ഇന്ത്യയുടെ മൂന്നാമത്തെ ഉപരാഷ്ട്രപതിയാണ് ജ​ഗ്ദീപ് ധൻകർ

ജ​ഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചതോടെ രാജ്യത്തിൻ്റെ രണ്ടാമത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയാണ് ഒഴിഞ്ഞുകിടക്കുന്നത്. വി.വി ​ഗിരിക്കും ആർ. വെങ്കിട്ടരാമനും ശേഷം കാലാവധി പൂർത്തിയാകുന്നതിന് മുൻപ് രാജിവെയ്ക്കുന്ന ഇന്ത്യയുടെ മൂന്നാമത്തെ ഉപരാഷ്ട്രപതിയാണ് ജ​ഗ്ദീപ് ധൻകർ.

ആരാണ് നിലവിൽ ഉപരാഷ്ട്രപതിയുടെ ചുമതലകൾ വഹിക്കുന്നത്?

ഒരു ആക്ടിങ് വൈസ് പ്രസിഡന്റിനെ ഭരണഘടന അനുശാസിക്കുന്നില്ല. ഒരു ഉപരാഷ്ട്രപതി, രാജ്യസഭയുടെ എക്‌സ് ഒഫീഷ്യോ ചെയർമാനാൻ കൂടിയാണ്. ഉപരാഷ്ട്രപതിയുടെ അഭാവത്തിൽ ഡെപ്യൂട്ടി ചെയർമാനാണ് സഭയുടെ അധ്യക്ഷത വഹിക്കുക. നിലവിൽ ഹരിവൻശ് നാരായൺ സിം​ഗ് ആണ് ഡെപ്യൂട്ടി ചെയർമാൻ.

എപ്പോഴാണ് തിരഞ്ഞെടുപ്പ് നടക്കുക?

രാഷ്ട്രപതിയുടെ കാര്യത്തിൽ ആറ് മാസത്തിനകം പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കണമെന്നാണ് നിയമം. അതേസമയം, ഉപരാഷ്ട്രപതിയുടെ കാര്യത്തിൽ അങ്ങനെയൊരു സമയപരിധി നിശ്ചയിക്കുന്നില്ല. എത്രയും വേ​ഗം തിരഞ്ഞെടുപ്പ് നടക്കണം എന്ന് മാത്രമാണ് പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് സമയക്രമം പ്രഖ്യാപിക്കുക. 1952ലെ പ്രസിഡൻഷ്യൽ, വൈസ് പ്രസിഡൻഷ്യൽ നിയമപ്രകാരമാണ് തിരഞ്ഞെടുപ്പ് നടക്കുക. രീതിയനുസരിച്ച് പാർലമെന്റിന്റെ ഏതെങ്കിലും സഭയിലെ സെക്രട്ടറി ജനറലിനെ റിട്ടേണിങ് ഓഫീസറായി നിയമിക്കും.

എത്ര വർഷമാണ് ഉപരാഷ്ട്രപതിയുടെ സേവനകാലയളവ്?

തിരഞ്ഞെടുക്കപ്പെടുന്നയാൾ അഞ്ച് വർഷം ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിക്കും.

എങ്ങനെയാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്?

ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളും നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും ഉൾപ്പെടുന്ന ഒരു ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി, സംസ്ഥാന നിയമസഭകൾ ഈ പ്രക്രിയയിൽ ഉൾപ്പെടുന്നില്ല.

ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിൽ രഹസ്യ ബാലറ്റിലൂടെയാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുന്നത്. ഓരോ എംപിയും സ്ഥാനാർത്ഥികളെ മുൻഗണനാക്രമത്തിൽ റാങ്ക് ചെയ്താണ് വോട്ട് ചെയ്യുന്നത്. ഓരോ വോട്ടിനും തുല്യ മൂല്യമുണ്ട്. വിജയിക്കാൻ ഒരു സ്ഥാനാർത്ഥിക്ക് ക്വാട്ട എന്ന് വിളിക്കുന്ന ഏറ്റവും കുറഞ്ഞ വോട്ടുകളുടെ എണ്ണം ലഭിക്കണം . സാധുവായ വോട്ടുകളുടെ ആകെ എണ്ണം രണ്ട് കൊണ്ട് ഹരിച്ച് ഒന്ന് ചേർത്താണ് ക്വാട്ട കണക്കാക്കുന്നത് (ഭിന്നസംഖ്യകൾ അവഗണിക്കും).

ആദ്യ റൗണ്ടിൽ ഒരു സ്ഥാനാർത്ഥിയും ക്വാട്ടയിലെത്തിയില്ലെങ്കിൽ ഏറ്റവും കുറഞ്ഞ ഒന്നാം മുൻഗണന വോട്ടുകൾ ഉള്ള സ്ഥാനാർത്ഥിയെ ഒഴിവാക്കും. അവരുടെ വോട്ടുകൾ ശേഷിക്കുന്ന സ്ഥാനാർത്ഥികൾക്ക് കൈമാറും. ഒരു സ്ഥാനാർത്ഥി ക്വാട്ട കടന്ന് തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുന്നതുവരെ ഈ പ്രക്രിയ തുടരും.

ഉപരാഷ്ട്രപതി സ്ഥാനാർത്ഥികൾക്കുള്ള യോ​ഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നയാൾ ഇന്ത്യൻ പൗരനായിരിക്കണം. കുറഞ്ഞത് 35 വയസ്സ് പ്രായമുണ്ടായിരിക്കുകയും ഏതെങ്കിലും പാർലമെന്റ് മണ്ഡലത്തിൽ വോട്ടറായി രജിസ്റ്റർ ചെയ്തിരിക്കുകയും വേണം.

Content Summary: Jagdeep Dhankhar resigns mid-term: What happens when a Vice-President steps down early?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×