June 08, 2026 |
Share on

17 വെട്ടുകള്‍ക്കുമപ്പുറം അതിജീവന ശേഷിയുള്ള എംപുരാന്‍

വെള്ളപൂശിയ കല്ലറയ്ക്കുമേലാണ് രാജ്യം ഭരിക്കുന്ന തമ്പുരാന്റെ സിംഹാസനമെന്നോര്‍മിപ്പിക്കുന്ന എംപുരാന്‍

‘ലൂസിഫര്‍ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ
അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.

കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു…

സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍’

മുരളി ഗോപി എഴുതി മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ട്രിലജിയുടെ രണ്ടാം ഭാഗം ‘എംപുരാന്‍’ റിലീസായതിന്റെ നാലാം നാള്‍, 2025 മാര്‍ച്ച് 30-ന് മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാല്‍ സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ ഇങ്ങനെയൊരു മാപ്പപേക്ഷ പോസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതനായത് കണ്ടപ്പോള്‍ കടുത്ത സങ്കടവും നിരാശയുമാണനുഭവപ്പെട്ടത്. ഒരേ സമയം മോഹന്‍ലാല്‍ എന്ന ജീനിയസിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും കേരളത്തിന്റെ അന്തസ്സാരമായ മതേതര ജനാധിപത്യത്തിനും നേര്‍ക്കുള്ള തീവ്രവലതുപക്ഷ-നിയോ ഫാഷിസ്റ്റ് ശക്തികളുടെ കടന്നാക്രമണത്തിന്റെ ദുരന്തഫലമാണിത്. മലയാള സിനിമ കാണുന്ന കേരളീയരെയും ഇതര കലാസ്വാദകരെയും അര നൂറ്റാണ്ട് കാലം തന്റെ പ്രതിഭാവിലാസം കൊണ്ട് വിസ്മയിപ്പിക്കുകയും നൂറ് കണക്കിന് പോപ്പുലര്‍ കഥാപാത്രങ്ങളിലൂടെ വിനോദം പകരുകയും ചെയ്ത് പോന്നിട്ടുള്ള മോഹന്‍ലാല്‍, ഒരുപക്ഷേ ഏറ്റവുമേറെ സ്‌നേഹിക്കപ്പെടുകയും സെലബ്രേറ്റ് ചെയ്യപ്പെടുകയും ചെയ്ത മലയാളിയാവും. ‘രാജാവിന്റെ മകനി’ലെ വിന്‍സെന്റ് ഗോമസിന്റെ സ്ഥൈര്യവും ‘നാടോടിക്കാറ്റി’ലെ ദാസന്റെ പെടാപ്പാടുകളും ‘കിരീട’ത്തിലെ സേതുമാധവന്റെ ദുര്യോഗവും മുതല്‍ ‘ജയിലറി’ലെ കാമിയോയുടെ മാസ് അപ്പീല്‍ വരെ, വെള്ളിത്തിരയില്‍ ഈ മഹാപ്രതിഭ നടത്തിയ പകര്‍ന്നാട്ടങ്ങളുടെ പകിട്ടും പളപളപ്പും മലയാളിയുടെ സാംസ്‌കാരിക ജീവിതത്തെ സസന്തോഷം സമ്പൂര്‍ണ്ണമായി കീഴടക്കുക തന്നെയാണുണ്ടായത്. ലോകസിനിമയുടെ ആകാശത്തിലേക്ക് കേരളത്തില്‍ നിന്നുദിച്ചുയര്‍ന്ന ഈ സൗവര്‍ണ നക്ഷത്രത്തെയാണ്, തന്റെ സുദീര്‍ഘമായ ചലച്ചിത്ര ജീവിതത്തിലെ ഇന്നോളമുള്ള ഏറ്റവും പ്രധാനപ്പെട്ട സിനിമയായി അദ്ദേഹം തന്നെ വിശേഷിപ്പിച്ച എംപുരാനിലെ ഒരൊറ്റ രംഗത്തിന്റെ പേരില്‍ ഇന്ത്യന്‍ തീവ്രവലതുപക്ഷം കടന്നാക്രമിക്കുകയും ഒടുവില്‍, മാപ്പു പറയിക്കുകയും ചെയ്തത്. സ്വന്തം അന്തസ്സും അഭിമാനവും ആത്മബോധവും മതേതര ജനാധിപത്യ പൗരബോധവും അടിയറവ് വെച്ച്, തന്റെ തന്നെ ഒരു മുന്‍കഥാപാത്രം മറ്റൊരു സിനിമയില്‍ ചെയ്തത് പോലെ രാഷ്ട്രീയ- സാംസ്‌കാരിക അധിനിവേശ ശക്തികളുടെ പാദുകം നക്കിത്തുടക്കുമാറ് ദൈന്യതയോടെ മാപ്പപേക്ഷിക്കുകയും എംപുരാനെ അവരാവശ്യപ്പെട്ട രീതിയില്‍ പുനര്‍ സെന്‍സര്‍ഷിപ്പിന് വിധേയമാക്കുവാന്‍ താന്‍ തന്നെ മുന്‍കൈ എടുക്കുമെന്ന് പ്രസ്താവിക്കുകയും, സ്വന്തം കലാസൃഷ്ടിയെ നിസ്സഹായനായി തള്ളിപ്പറയുകയും ചെയ്യുന്ന രീതിയില്‍ ഒരു പതനം ഒരു കാരണവശാലും ഈ മഹാപ്രതിഭ അര്‍ഹിച്ചിരുന്നില്ല. ആധുനിക ഇന്ത്യ കണ്ട ഏറ്റവും മഹാനായ ചിത്രകാരന്‍ എം എഫ് ഹുസൈനെ രാജ്യത്ത് നിന്ന് തന്നെ അടിച്ചോടിച്ചവരുടെ പിന്‍ഗാമികള്‍ അതേ മട്ടില്‍ തനിക്കു നേരെയും തിരിയുകയാണെന്ന് കണ്ടപ്പോഴാവും, നിസ്സഹായതയുടെ തീമുനമ്പില്‍ നിന്ന് മോഹന്‍ലാല്‍ മാപ്പ് പറഞ്ഞ് പെട്ടി മടക്കി തടി രക്ഷപ്പെടുത്തിയത്.

സിനിമ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴേക്കും റീ സെന്‍സര്‍ ചെയ്ത്, ഇന്ത്യന്‍ തീവ്രവലതുപക്ഷത്തിനാവശ്യമായ രീതിയില്‍ വെട്ടലുകള്‍ വരുത്തിയ എംപുരാന്‍ കോപ്പിയാവും അഭൂതപൂര്‍വകമായ തിരക്കൊഴിയാന്‍ കാത്തുനില്ക്കുന്ന ബഹുഭൂരിപക്ഷം പ്രേക്ഷകര്‍ക്കും ലഭ്യമാകുക. ഇല്യുമിനാറ്റിയിലെ സിന്‍ഡിക്കേറ്റുകളുടെ സംഘര്‍ഷം എന്ന പ്രത്യക്ഷ അടരിന് സമാന്തരമായി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കും ചരിത്രത്തിലേക്കും വിരല്‍ ചൂണ്ടുന്ന പൊളിറ്റിക്കല്‍ ലെയര്‍ കൂടി ഉള്‍ച്ചേര്‍ന്ന സിനിമയാണ് എംപുരാന്‍ എന്നിരിക്കെ, ഈ വെട്ടിമാറ്റലുകള്‍ തീര്‍ച്ചയായും പടത്തിന്റെ പൊളിറ്റിക്കല്‍ സ്‌ട്രെങ്തും ത്രസ്റ്റും ചോര്‍ത്തിക്കളയുമെന്നുറപ്പാണ്. എന്നിരുന്നാലും, ആ പതിനേഴ് വെട്ടുകള്‍ക്കുമപ്പുറം അതിജീവന ശേഷിയുള്ള സിനിമയാണ് എംപുരാന്‍ എന്ന്, രചനയില്‍ പാളിച്ചകളുണ്ടെങ്കില്‍പ്പോലും തിയേറ്ററില്‍ നിന്ന് തന്നെ കാണേണ്ട വര്‍ത്ത് വാച്ച് എന്റര്‍ടെയ്‌നര്‍ സിനിമയാണ് എംപുരാന്‍ എന്ന്, അടിവരയിട്ട് പറയാതെ പറ്റില്ല.

ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മോക് എന്‍ട്രിയായ ഐയുഎഫ് പാര്‍ട്ടിയുടെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന പി കെ രാംദാസിന്റെ (മാനസ)പുത്രനും പാര്‍ട്ടിയിലെ ശക്തമായ സാന്നിധ്യവുമായ സ്റ്റീഫന്‍ നെടുമ്പള്ളി, ആഗോള തലത്തിലെ ഏറ്റവും പ്രമുഖ ഇല്യുമിനാറ്റി സിന്‍ഡിക്കേറ്റുകളിലൊന്നിന്റെ തലവനായ അബ്രാം ഖുറൈശി എന്നീ വിരുദ്ധ ദ്വന്ദ്വങ്ങളുടെ സങ്കലനമാണ് ലൂസിഫര്‍ ട്രിലജിയിലെ മോഹന്‍ലാലിന്റെ നായകകഥാപാത്രം. അന്താരാഷ്ട്ര ഭീകരനായിരിക്കുമ്പോഴും പ്രാദേശികമായി മൂല്യ സംരക്ഷകനാവുക, വില്ലനായിരിക്കുമ്പോഴും നായകനായിരിക്കുക എന്നൊരു തത്വമാണ് ഈ കഥാപാത്രത്തിന്റെ കാതല്‍. സമര്‍ഥമായുപയോഗിക്കപ്പെടുന്ന ബൈബിള്‍ റഫറന്‍സുകളിലൂടെയാണ് അയാളിലെ നല്ലവനായ റിബലിനെ, ചെകുത്താന്‍ മാലാഖയെ, ട്രിലജിയുടെ തിരക്കഥാകൃത്ത് മുരളി ഗോപി സ്ഥാപിച്ചെടുക്കുന്നത്. പൃഥ്വിരാജ് കഥാപാത്രം സായിദ് മസൂദ് നേതൃത്വം നല്‍കുന്ന, ലോകത്തിലെ തന്നെ കരുത്തരായ മെര്‍സിനറി ഗ്രൂപ്പ് സ്റ്റീഫനു വേണ്ടി നടത്തുന്ന ഇടപെടല്‍ മാറ്റിനിര്‍ത്തിയാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന ലോക്കല്‍ ഹീറോ യഥാര്‍ത്ഥത്തില്‍ അബ്രാം ഖുറൈശി എന്ന ഗ്ലോബല്‍ വില്ലനാണെന്ന സൂചന പോലും പടത്തിന്റെ എന്‍ഡ് ക്രെഡിറ്റ് സീനില്‍ മാത്രമായിരുന്നു ലൂസിഫറില്‍ ലഭിച്ചിരുന്നത്. എന്നാല്‍ സ്റ്റീഫനും അബ്രാമിനും തുല്യ പ്രാധാന്യമാണ് എംപുരാനില്‍. 2002 ഗുജറാത്ത് ജെനോസൈഡിന്റെ ചരിത്രത്തില്‍ നിന്ന് കടം കൊണ്ട ബാബാ ബജ്‌റംഗി എന്ന ഒരു യഥാര്‍ത്ഥ വില്ലനെ കേരളത്തില്‍ സ്റ്റീഫനും, അന്താരാഷ്ട്ര മയക്കുമരുന്ന് കാര്‍ട്ടലുകളെ വിദേശ രാജ്യങ്ങളില്‍ അബ്രാമും നേരിടുന്നതാണ് എംപുരാന്റെ പ്രമേയം. ഈ ബജ്‌റംഗി/നരോദ പാട്യ ഫാക്റ്റര്‍ തന്നെയാണ് മോഹന്‍ലാലിന്റെ മാപ്പു പറച്ചിലോളം എത്തിച്ച റൈറ്റ് വിങ് കള്‍ച്ചറല്‍/സൈബര്‍ ലിഞ്ചിങ്ങിന്റെ യഥാര്‍ത്ഥ ട്രിഗര്‍. ഇതിന് കൂടുതല്‍ കനം നല്കിക്കൊണ്ട്, തന്റെ ദുരന്തപൂര്‍ണമായ ഭൂതകാലവും ഉശിരന്‍ വര്‍ത്തമാനവും ശക്തമായ പ്രതികാരവും ഉള്‍പ്പെടെ, ലൂസിഫറിലെ കാമിയോയുടെ സ്ഥാനത്ത് നിന്ന് സായിദ് മസൂദിന്റെ കഥാപാത്രത്തിന്റെ വിപുലീകരണത്തിനും എമ്പുരാന്‍ വഴിയൊരുക്കുന്നു.

മലയാള സിനിമയില്‍ നാളിതു വരെ കണ്ടിട്ടില്ലാത്തത്ര കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളാല്‍ സമ്പന്നമാണ് എംപുരാന്‍. സ്റ്റണ്ണിങ് എന്ന് മാത്രമേ ആ വിഷ്വലുകളെ വിശേഷിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. ദൃശ്യപ്പൊലിമ കൊണ്ട് മാത്രം സിനിമ കേമമാകണമെന്നില്ല; പക്ഷേ എംപുരാനിലൂടെ പൃഥ്വിരാജ് മലയാള സിനിമയുടെ ദൃശ്യഭാഷയെ ലോകനിലവാരത്തിലേക്കുയര്‍ത്തിയിരിക്കുന്നു എന്ന് എടുത്ത് പറഞ്ഞേ മതിയാകൂ. മാസ് രംഗങ്ങളില്‍ മാത്രമല്ല, ടോപാഗ്രാഫിക് പ്രസിഷനിലും ഹെവി കോമ്പാറ്റ് ആക്ഷന്‍ സീക്വന്‍സുകളിലും പടത്തിന്റെ ഫ്രെയിമുകളുടെ ഗ്രാന്‍ഡിയര്‍ അനുപമസുന്ദരമാണ്. ജംഗിള്‍ ഫൈറ്റ് സീനിനൊടുക്കം ‘എല്‍’ രൂപപ്പെടുന്ന ദൃശ്യവും ബാഗ്ദാദ് ക്ലാഷിനൊടുവില്‍ കുരിശ് വന്ന് പതിക്കുന്ന ദൃശ്യവുമൊക്കെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത് പുതിയൊരു നരേറ്റിവ് ഗ്രാമറാണ്.

സുജിത് വാസുദേവും അഖിലേഷ് മോഹനും ചേര്‍ന്നൊരുക്കിയ ചില്ലിങ് വിഷ്വലുകളും ഒന്നാന്തരം പ്രൊഡക്ഷന്‍ ഡിസൈനും ഇത്തരമൊരു രംഗഭാഷ സൃഷ്ടിക്കുന്നതില്‍ പൃഥ്വിരാജ് സുകുമാരന് വലിയ പിന്‍ബലമാകുമ്പോള്‍, അതിനെ ഇനിയും എലിവേറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്ന തരത്തിലുള്ളാരു പിന്തുണ നല്കുവാന്‍ പടത്തിന്റെ സംഗീതകാരന്‍ ദീപക് ദേവിന് സാധിക്കുന്നില്ലെന്നതാണ് ഖേദകരമായ വസ്തുത. വംശഹത്യയുടെ നൃശംസത ബോധ്യപ്പെടുത്തുവാനും സ്റ്റീഫനും ഫാദറും തമ്മിലും അബ്രാമും സായിദും തമ്മിലുമുള്ള വൈകാരിക വിലയനത്തിന്റെ മൂഡ് കൃത്യമായി ക്യാരി ചെയ്യാനും ഡയലോഗുകള്‍ക്കപ്പുറം നില്ക്കുന്ന വിഷ്യല്‍ കൊറിയോഗ്രാഫിയിലൂടെ സംവിധായകന് സാധിക്കുന്നുണ്ട്. മോഹന്‍ലാല്‍ എന്ന മാസ് ഹീറോയെ ബോക്‌സോഫീസ് കാണാനാഗ്രഹിക്കുന്ന തലത്തില്‍ സ്‌ക്രീന്‍ സ്‌പെയ്‌സിലും അഭാവത്തിലും പ്ലെയ്‌സ് ചെയ്യുന്നിടത്തും എംപുരാന്‍ മനോരമ്യമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. മൂന്ന് ബോയിങ് അപ്പാചെ ബോംബര്‍ ഹെലികോപ്റ്ററുകള്‍ തീ തുപ്പുന്ന ആകാശ വലയത്തിന്റെ ബാക്‌ഡ്രോപ്പില്‍ അവതരിക്കുന്ന അബ്രാമിന്റെ ഇന്‍ട്രോ മുതല്‍ ഫാദറിനോട് യാത്ര പറയുന്നിടത്തെ സ്റ്റീഫന്റെ കണ്ണുകളിലെ ആര്‍ദ്രത വരെ ആ മഹാനടന്റെ ഫീല്‍ പ്രേക്ഷകന്‍ അനുഭവിക്കുന്നു.

ഗുജറാത്ത് ജെനോസൈഡിലേക്ക് കണ്ണ് പായിക്കുന്നുവെങ്കിലും എംപുരാന്റെ സ്‌ക്രിപ്റ്റില്‍ ധാരാളം പഴുതുകളുണ്ടെന്നതാണ് പടത്തിന്റെ പ്രധാന ദൗര്‍ബല്യം. ഇന്‍ഡസ്ട്രി ഹിറ്റായ ഒരു സിനിമയുടെ പാര്‍ട്ട് 2 വരുമ്പോള്‍ ആദ്യ ചിത്രത്തിന്റെ ലെഗസി ഒരേ സമയം തുടര്‍ചിത്രങ്ങള്‍ക്ക് സൗജന്യമായി ഇനീഷ്യല്‍ ക്യാപിറ്റല്‍ കല്‍പ്പിച്ചു നല്കുകയും താരതമ്യത്തിന്റെ അമിത ഭാരം അടിച്ചേല്പിക്കുകയും ചെയ്യും. ലൂസിഫര്‍ നല്കിയ പെരുമയുടെ ഈ പ്രാരംഭ മൂലധനം വഴി എമ്പുരാന്റെ റിലീസിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സൃഷ്ടിക്കപ്പെട്ട ഹൈപ്പിന്റെയും അതുപയോഗിച്ച് പൃഥ്വിരാജ് നടത്തിയ വളരെ സിസ്റ്റമാറ്റിക്കും കാല്‍ക്കുലേറ്റഡും ആയ മാര്‍ക്കറ്റിങ് പ്രൊമോഷന്റെയും പെരുമഴയിലേക്കാണ് എമ്പുരാന്‍ കടന്നുവന്നത്. ലൂസിഫറിന്റെ രചനയില്‍ മുരളി ഗോപി പുലര്‍ത്തിയ മികവിന്റെ അടുത്തൊന്നുമെത്താന്‍ കഴിയാത്ത സിനിമ എന്ന നിലയ്ക്ക് പ്രമേയപരമായ താരതമ്യം എംപുരാന്റെ സാദാ പ്രേക്ഷകരെ കടുത്ത നിരാശയിലേക്ക് തള്ളിവിടാനുള്ള സാധ്യത ഏറെയാണ്; അത് സംഭവിച്ചിട്ടുമുണ്ട്.

Empuraan-mohanlal

ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു കഥ ലൂസിഫറിന് പറയാനുണ്ടായിരുന്നു; എംപുരാന് അതില്ല. കൃത്യമായി സ്ഥാപിക്കപ്പെട്ട കഥാപാത്രങ്ങള്‍ ലൂസിഫറിന്റെ ശക്തിയായിരുന്നു; എംപുരാനിലെ കഥാപാത്ര രൂപീകരണം, സ്റ്റീഫന്‍ നെടുമ്പള്ളി aka അബ്രാം ഖുറൈശിയുടേത് ഉള്‍പ്പെടെ, വളരെ ദുര്‍ബലമാണ്. കൃത്യമായ വളര്‍ച്ച കാട്ടുന്ന ബോബി എന്ന ഒരൊറ്റ വില്ലനും അയാളെ അവിസ്മരണീയമാക്കിയ വിവേക് ഒബ്‌റോയിയുടെ മികച്ച പ്രകടനവും ലൂസിഫറിന്റെ ശക്തിയാണ്. എംപുരാനില്‍ വില്ലന്മാരുടെ എണ്ണം കൂടി; ആര്‍ക്കും പക്ഷേ കണ്‍സിസ്റ്റന്‍സി ഇല്ല. ബാബു ബജ്രംഗി വ്യക്തിപരമായി സായിദിന്റെയും സാമൂഹികമായി മതേതര ഇന്‍ഡ്യയുടെയും വില്ലനാണ്. സ്റ്റീഫന്‍- ബജ്‌റംഗി ഡ്യുവലിനെക്കാളും അബ്രാം- കബൂഗ ഡ്യുവലാണ് കൂടുതല്‍ ജൈവികം. പക്ഷേ കബൂഗയുടെ കഥാപാത്രരൂപീകരണം അങ്ങേയറ്റം അലസമാണ്. ആഫ്രോ-യൂറോപ്യന്‍ അഭിനേതാവ് വന്നാല്‍ മതി, വേറൊന്നും വേണ്ട, കഥാപാത്രം ഗ്ലോബല്‍ ടെറര്‍ ആയി സ്ഥാപിക്കപ്പെട്ടോളും എന്ന് മുരളി തെറ്റിദ്ധരിച്ചത് പോലുണ്ട്. കള്‍ട്ടായി മാറിയ പഞ്ച് ഡയലോഗുകളായിരുന്നു ലൂസിഫറിന്റെ മറ്റൊരു ഹൈലൈറ്റെങ്കില്‍ എംപുരാനില്‍ അത്തരം സംഭാഷണങ്ങള്‍ ഏറെക്കുറെ ഇല്ല എന്ന് തന്നെ പറയാം. വൈകാരിക മുഹൂര്‍ത്തങ്ങള്‍, സംഘര്‍ഷമായാലും സെന്റിമെന്റ്‌സ് ആയാലും, കഥയുടെ സ്വാഭാവികമായ ഒഴുക്കിന്റെ ഭാഗമായിരുന്നു ലൂസിഫറില്‍; അത് കൊണ്ട് തന്നെ അതിന് പ്രേക്ഷകനുമായി ശക്തമായി ഇമോഷനല്‍ കണക്റ്റ് സാധ്യമായിരുന്നു; ഫാദറും സ്റ്റീഫനും തമ്മിലും
അബ്രാമും സായിദും തമ്മിലുമുള്ള ചില രംഗങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇമോഷനല്‍ കണക്ഷന്‍ കുറഞ്ഞ പടമാണ് എംപുരാന്‍. പടത്തിന്റെ ഫോക്കസ് ചിതറിപ്പോകുന്ന രീതിയിലുള്ള സ്‌ക്രിപ്റ്റായത് കൊണ്ടാണ് ഇത് സംഭവിച്ചത്. സ്റ്റീഫനില്‍ നില്ക്കണോ അബ്രാം ഖുറൈശിയില്‍ നില്‍ക്കണോ സായിദ് മസൂദില്‍ നില്ക്കണോ എന്ന് തീര്‍ച്ചയില്ലാതെ പല ദിക്കിലും പരക്കം പായുന്ന കഥാപാത്രങ്ങളും കഥാഗതിയും എമ്പുരാന്റെ തിമാറ്റിക് ഫോക്കസ് ശിഥിലമാക്കിക്കളഞ്ഞതിന്റെ പ്രത്യാഘാതമാണ് സാദാ പ്രേക്ഷകരിലൊരു വിഭാഗത്തെ തുടക്കം മുതല്‌ക്കേ പടത്തിനെതിരെ തിരിച്ചതും നെഗറ്റീവ് ക്രിട്ടിക്കല്‍ റെസ്‌പോണ്‍സ് രൂപപ്പെട്ടതും. പടത്തിന്റെ ടോട്ടല്‍ ടെംപോയോട് ഒരു തരത്തിലും മാച്ചിങ് അല്ലാത്തവണ്ണം ആന്റണി പെരുമ്പാവൂരിനെ കാസ്റ്റ് ചെയ്തതും ഇന്ദ്രജിതിന്റെ ഗോവര്‍ധനെ അബ്രാമിലേക്കെത്തിക്കാന്‍ നടത്തിയ ജോസ്പ്രകാശ് കാലത്തോളം പഴക്കമുള്ള ക്ലീഷേ പരിപാടിയുമൊക്കെ പൃഥ്വിരാജ് സുകുമാരന്റെ സംവിധാന മികവിന്റെ ട്രാക്കിനോട് ഒരിക്കലും ചേരാത്ത വീഴ്ചകളായിരുന്നു. സുരാജിനെപ്പോലുള്ളൊരു നടനെ, കെ സുരേന്ദ്രന്റെ മോക് കഥാപാത്രമാണെങ്കില്‍പ്പോലും ആവശ്യപ്പെടാനുള്ള ഗൗരവം ആ റോളിനും ഇല്ലാതെ പോയി.

ഈ പാളിച്ചകളുടെ മുഴുവന്‍ അടിസ്ഥാനകാരണം ഒരൊറ്റ വസ്തുതയാണ്. ലൂസിഫര്‍, മൂന്ന് ഭാഗങ്ങളായാണ് അവര്‍ വിഭാവനം ചെയ്തതെങ്കിലും പാര്‍ട്ട് ഒന്നില്‍ പറയാനുള്ള കഥ മാത്രമേ അതിനുള്ളൂ എന്നതാണത്. മൂന്ന് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസ് എന്നതൊക്കെ ഓവര്‍ അംബീഷ്യസായ ഒരു പദ്ധതി മാത്രമായിരുന്നു എന്ന് ഇപ്പോള്‍ മുരളിയും രാജുവും ഒരു പക്ഷേ തിരിച്ചറിയുന്നുണ്ടാവും. സ്റ്റീഫനാണ് മണ്ണില്‍ വേരുള്ള കഥാപാത്രം. രണ്ട് സെഗ്മെന്റ്കളിലും സ്റ്റീഫനെയാണ് സാദാ പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെടാനിടയുള്ളതും. അബ്രാമിന്റെ ഇല്യുമിനാറ്റി ഇടപാടുകളാണ് ലൂസിഫറിന്റെ സാധ്യമായ ഒരേയൊരു എക്‌സ്റ്റെന്‍ഷന്‍. അതാവട്ടെ തിരക്കഥയുടെ സ്വാഭാവികമായ ഒഴുക്കിലല്ല, ടെക്‌നിക്കല്‍ ഹൈയുടെ കരുത്തിലാണ് സ്ഥാപിക്കപ്പെടേണ്ടത്. ഇതിനെല്ലാം കൂടി പരമാവധി രണ്ട് ഭാഗങ്ങള്‍ക്കപ്പുറം നീളം വേണമെന്നാഗ്രഹിച്ചാല്‍ വലിച്ചു നീട്ടുക മാത്രമാവും പോംവഴി!

അതേ സമയം, ‘നാമെങ്ങിനെ ഇനി ലോകത്തിന്റെ മുഖത്തേക്ക് നോക്കും!?’ എന്ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയും പ്രസിഡന്റും ഹതാശരായി ചോദിക്കേണ്ടി വന്ന, സ്വതന്ത്രേന്ത്യ കണ്ട ഏറ്റവും ആസൂത്രിതവും പ്രചണ്ഡവുമായ ഗുജറാത്ത് വംശഹത്യയെ, ഇന്ത്യന്‍ മുഖ്യധാര മാധ്യമങ്ങള്‍ മുഴുവന്‍ മുഖം പൂഴ്ത്തി വാ പൊത്തി ജീവിക്കുന്ന ഒരു കാലത്ത്, നമ്മുടെ ഒരു ബിഗ് ബഡ്ജറ്റ് സിനിമയില്‍ കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ രേഖപ്പെടുത്തിവെക്കുവാനുള്ള അദ്വിതീയവും അസാധാരണവുമായ ധീരത പ്രകടിപ്പിച്ചു എന്നതാണ് എംപുരാന്റെ പൊളിറ്റിക്കല്‍ ലയറിന്റെ ഏറ്റവും വലിയ സവിശേഷത. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ ഇന്ത്യയില്‍ ജനിച്ച പുതുതലമുറയെ സംബന്ധിച്ചിടത്തോളം വായിക്കാന്‍ മെനക്കെട്ടാല്‍ മാത്രം അറിയാന്‍ സാധ്യതയുള്ള ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും കറുത്ത ഒരേടിലേക്കാണ് ഈ ഡോക്യുമെന്റേഷന്‍ ആലോചനയുടെ വഴി തുറക്കുന്നത്. ഇത്തരമൊരു സമീപനം കൈക്കൊണ്ടതിന്റെ ഉദ്ദേശ്യ ശുദ്ധി എന്ന് തന്നെയായാലും, അതിന്റെ അവതരണത്തിലെ പരിമിതികള്‍ എന്ത് തന്നെയായാലും, അങ്ങനെയൊരു കറുത്ത മാര്‍ച്ച് ഇന്നാട്ടില്‍ കടന്നുപോയിട്ടുണ്ടെന്നും അന്ന് ചോരവാര്‍ന്നും വെന്ത്‌നീറിയും പ്രാണന്‍ നഷ്ടമായ രണ്ടായിരത്തിലേറെ നിരപരാധികളായ മനുഷ്യരുടെ നിഷേധിക്കപ്പെട്ട നീതിയുടെ വെള്ളപൂശിയ കല്ലറകള്‍ക്ക് മീതെയാണ് ഇന്നത്തെ തമ്പുരാന്റെ സിംഹാസനമിരിക്കുന്നതെന്നും എംപുരാന്‍ ഓര്‍മിപ്പിക്കുന്നു. അകത്ത് നിന്നുണ്ടായ തീപ്പിടുത്തമെന്ന് സ്വതന്ത്രാന്വേഷണ ഏജന്‍സികള്‍ അനുമാനിക്കുന്ന ഗോധ്ര തീവണ്ടി അഗ്‌നിബാധയില്‍ ആരംഭിച്ച് നരോദ പാട്യ കൂട്ടക്കൊലയില്‍ അവസാനിക്കുന്ന, ആ വംശഹത്യയുടെ മുഖ്യകാര്‍മികരിലൊരാളുടെ പേര് പോലും ഏതാണ്ട് കൃത്യമായി പരാമര്‍ശിച്ച് പരിചയപ്പെടുത്തുന്ന സിനിമ, പക്ഷേ വംശഹത്യയുടെ രാഷ്ട്രീയത്തിലേക്കോ പരാജയപ്പെട്ട നീതിന്യായ നടപടികളിലേക്കോ ഒന്നും തന്നെ കടക്കുന്നില്ല. എന്ന് മാത്രമല്ല, വംശഹത്യയ്ക്കിരയായവരുടെ ശേഷിപ്പുകാരെ പാക്കിസ്ഥാനിലെ ‘ലക്ഷ്വറി ‘ തൊയ്ബ ഭീകരവാദി ക്യാമ്പുകളില്‍ കണ്ടെത്തുന്നുവെന്ന വ്യാജ ചരിത്ര നിര്‍മിതി കൊണ്ട് ബാലന്‍സ് ചെയ്യാനും എംപുരാന്‍ ശ്രമിക്കുന്നുണ്ട്. എന്നിട്ടു പോലും, അങ്ങനെയൊരു നൃശംസമായ വംശഹത്യയുടെ രേഖപ്പെടുത്തലിന് കൂട്ടു നിന്നു എന്ന അരിശത്തിലും അതൃപ്തിയിലുമാണ് അവര്‍ മോഹന്‍ലാലിനെക്കൊണ്ട് മാപ്പ് പറയിച്ചത്. പക്ഷേ ആ മാപ്പപേക്ഷയില്‍ ലാല്‍ കാണാതെ പോയ ഏറെ വേദനിപ്പിക്കുന്ന ഒരു ചരിത്ര സാമൂഹിക യാഥാര്‍ത്ഥ്യം കൂടിയുണ്ട്: ‘താന്‍ വേദനിപ്പിച്ച തനിക്ക് പ്രിയപ്പെട്ടവരി’ല്‍ 2002-ല്‍ ഗുജറാത്തില്‍ കൊലചെയ്യപ്പെട്ട രണ്ടായിരം മനുഷ്യരോ അവരുടെ ഇനിയും ലഭ്യമായിട്ടില്ലാത്ത നീതിയുടെ രോദനമോ ഉള്‍പ്പെടുന്നില്ല എന്നതാണത്. മതവംശീയ ഭ്രാന്തിന്റെ ചെന്തീ ആളിപ്പടര്‍ന്ന് വംശഹത്യയുടെ ഭീകരരൂപമാര്‍ജിച്ച ഗുജറാത്തില്‍ കൗസര്‍ബി എന്ന നിരപരാധിയായ സ്ത്രീയുടെ ഗര്‍ഭപാത്രം കുത്തിത്തുറന്ന് ഭ്രൂണം പുറത്തെടുത്ത് ശൂലത്തില്‍ തറക്കുന്നതിന് നേതൃത്വം നല്‍കിയ, ”രണ്ടായിരം പേരെ വംശഹത്യാ കലാപകാലത്ത് കൊന്നുവെന്നും നരേന്ദ്രഭായ് അനുവദിച്ചാല്‍ ഇനിയും അത്രയേറെ ആളുകളെ കൊന്നൊടുക്കാന്‍ തയ്യാറാണെന്നും” നിസ്സങ്കോചം വെളിപ്പെടുത്തിയ ബാബു ബജ്രംഗിയെന്ന കൊടും ഭീകരനെ എംപുരാനില്‍ അവതരിപ്പിച്ച് ‘വേദനിപ്പിച്ചത്’ മാപ്പു പറഞ്ഞ് തിരുത്തപ്പെടേണ്ട വലിയ തെറ്റായി മാറുകയും കൗസര്‍ബി ഉള്‍പ്പെടെ ഇരുളിലേക്ക് തള്ളിമാറ്റപ്പെട്ട രണ്ടായിരത്തിലേറെ ഇരകള്‍ ആ ‘പ്രിയപ്പെട്ടവരില്‍’ ഉള്‍പ്പെടാതെ പോകുകയും ചെയ്യുന്ന അധീശത്വ പ്രത്യയശാസ്ത്രത്തിന്റെ ഇരകളാണ് ആത്യന്തികമായി മോഹന്‍ലാലും അദ്ദേഹത്തിന്റെ മാപ്പപേക്ഷ ഫെയ്‌സ്ബുക്കില്‍ എന്‍ഡോര്‍സ് ചെയ്ത പൃഥ്വിരാജ് സുകുമാരനും എന്ന് കൂടി തിരിച്ചറിയുക. സമാനമായി, കേരള രാഷ്ട്രീയം കൈകാര്യം ചെയ്യുന്നിടത്തും എംപുരാന്‍ ചില സുപ്രധാന ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഇടത് പക്ഷത്തെയും കോണ്‍ഗ്രസിനെയും പരിഹസിക്കുകയും കോണ്‍ഗ്രസില്‍ നിന്ന് വര്‍ഗീയ പക്ഷത്തേക്ക് കൂറുമാറ്റമുണ്ടാകുന്നത് തുറന്നു കാട്ടുകയും ചെയ്യുന്നുണ്ടെങ്കിലും, അതിലെല്ലാമുപരി വര്‍ഗീയ രാഷ്ട്രീയം കേരളം വിഴുങ്ങുന്നതിനെ പ്രതിരോധിക്കണമെന്ന, മതേതരത്വം നിലനിലക്കണമെന്ന തുറന്ന നിലപാടാണ് എംപുരാന്‍ മുന്നോട്ട് വെക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗിച്ച് എതിര്‍ശബ്ദങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങളും ചിത്രം തുറന്നു കാട്ടുന്നു. നെപ്പോട്ടിസം കോണ്‍സിനെ പരിഹസിക്കുവാനുള്ള നല്ലൊരു ടൂളായി ഉപയോഗിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ മുതല്‍ ആന്റണി പെരുമ്പാവൂര്‍ വരെയുള്ളവരെ കാസ്റ്റ് ചെയ്തു കൊണ്ടാണെന്നത് കൂട്ടത്തിലെ മറ്റൊരു തമാശ!

അബ്രാം ഖുറൈശിയുടെ ഭൂതകാലത്തിലും റിക്ക് യുനെയുടെ സിന്‍ഡിക്കേറ്റുമായുള്‍പ്പെടെയുള്ള
അയാളുടെ ഗ്ലോബല്‍ കോണ്‍ഫ്രന്റേഷനുകളിലും ഫോക്കസ് ചെയ്യാന്‍ സാധ്യതയുള്ള എല്‍-3, പടത്തിന്റെ മെയ്ക്കിങ്ങിലും രചനയിലും പുതിയ കാതങ്ങള്‍ താണ്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. എംപുരാന്റെ പരിക്കുകള്‍ കോമ്പന്‍സേറ്റ് ചെയ്ത് ഇന്ത്യന്‍ തീവ്രവലത്പക്ഷത്തിന്റെ പ്രീതി തിരിച്ചു പിടിക്കുവാന്‍ എല്‍-3 യില്‍ മുരളി ഗോപിയ്ക്ക് എന്തൊക്കെ ഗിമ്മിക്കുകള്‍ കരുതിവെക്കേണ്ടി വരുമെന്ന് പ്രവചിക്കുവാന്‍ സാധിക്കില്ലെങ്കിലും ചലച്ചിത്രാസ്വാദകര്‍ എന്ന നിലയ്ക്കും സിനിമയ്ക്ക് പുറത്തെ മതേതര കേരളത്തിന് കനത്ത ഭീഷണിയുയര്‍ത്തുന്ന തീവ്രവലത് രാഷ്ട്രീയത്തെ പ്രതിരോധിക്കുവാന്‍ ബാധ്യതപ്പെട്ടവര്‍ എന്ന അര്‍ത്ഥത്തിലും എമ്പുരാന്‍ കണ്ട് ആനന്ദിക്കുക എന്ന് തന്നെയാണ് പറഞ്ഞു നിര്‍ത്താനുള്ളത്. കാരണം, ഇത് മോഹന്‍ലാലിലോ ഒരു വാണിജ്യ മസാലച്ചിത്രത്തിലോ ഒതുങ്ങുന്ന കാര്യമല്ല; ഈ രാജ്യത്തിന്റെ മതേതര ജനാധിപത്യ ഘടനയും സ്വാതന്ത്ര്യവും താലിബാന്‍ സ്‌റ്റൈലില്‍ അട്ടിമറിക്കപ്പെടുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.  Review of Empuraan movie and Mohanlal’s apology over Hindutva controversy

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Content Summary; Review of Empuraan movie and Mohanlal’s apology over Hindutva controversy

 

കെ സി ഷൈജല്‍

കെ സി ഷൈജല്‍

എഴുത്തുകാരൻ, ചലച്ചിത്ര നിരൂപകൻ, വിവർത്തകൻ

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

One response to “17 വെട്ടുകള്‍ക്കുമപ്പുറം അതിജീവന ശേഷിയുള്ള എംപുരാന്‍”

  1. Avatar Abhi says:

    In February 2011, the trial court convicted 31 individuals for the train burning incident, relying significantly on the Nanavati-Mehta Commission report as evidence. In October 2017, the Gujarat High Court upheld these convictions.
    In your report, you have downplayed the role of the perpetrators under the guise of secularism, just as the Sangh Parivar advances its narrative under the banner of Hindutva. How, then, are you any different?
    You lament how secular Kerala is slowly falling under the influence of Hindu communal forces. But take a moment to look back and ask why this is happening. Secularism was selectively applied—one group had to comply, had to endure. They were denied opportunities, treated as second-class citizens, their self-respect disregarded. Their food habits and beliefs were ridiculed. Perhaps they finally decided they had enough. But I know this path is dangerous—very dangerous now.
    ഫെബ്രുവരി 2011-ൽ, ട്രയൽ കോടതി നാനാവതി-മേഹ്താ കമ്മീഷൻ റിപ്പോർട്ടിനെ പ്രധാന തെളിവായി കണക്കാക്കി, ട്രെയിൻ കത്തിച്ച കേസിൽ 31 പേർ കുറ്റക്കാരാണെന്ന് വിധിച്ചു. ഒക്ടോബർ 2017-ൽ, ഗുജറാത്ത് ഹൈക്കോടതി ഈ ശിക്ഷകൾ നിലനിർത്തി.
    നിങ്ങളുടെ റിപ്പോർട്ടിൽ, നിങ്ങൾ മതനിരപേക്ഷതയുടെ മറവിൽ കുറ്റവാളികളെ വെള്ളപൂശുകയാണ് , അതുപോലെ തന്നെയാണ് സംഘപരിവാർ ഹിന്ദുത്വത്തിന്റെ പേരിൽ അവരുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതും. നിങ്ങളും അവരും തമ്മിൽ എന്ത് വ്യത്യാസമുണ്ട്?
    നിങ്ങൾ കേരളം ക്രമാതീതമായി ഹിന്ദു സമുദായശക്തികളുടെ പിടിയിൽ അകപ്പെടുന്നു എന്ന് കരയുന്നു. പക്ഷേ, ഒരുനിമിഷം പിന്നോട്ട് തിരിഞ്ഞ് നോക്കൂ—ഇത് എങ്ങനെ സംഭവിച്ചിരിക്കുന്നു? മതനിരപേക്ഷത ഏതാനും ചിലർക്ക് മാത്രം ബാധകമായിരിന്നു. ഒരുകൂട്ടം ആളുകൾ എല്ലാം സഹിക്കണം, അതെല്ലാം താങ്ങണം. അവർക്ക് ജോലികൾ ലഭിച്ചില്ല, എപ്പോഴും രണ്ടാമത്തെ നിരയിലെ പൗരന്മാരായി പരിഗണിക്കപ്പെട്ടു. അവരുടെ ആത്മാഭിമാനം വിലപ്പെട്ടതല്ലായിരുന്നു. അവരുടെ ഭക്ഷണരീതികളും വിശ്വാസങ്ങളും പരിഹസിക്കപ്പെട്ടു. ഒടുവിൽ, “മതി, ഇനിയെന്തെങ്കിലും ചെയ്യണം” എന്ന തീരുമാനത്തിലെത്തിയിരിക്കാം. പക്ഷേ, ഞാൻ മനസ്സിലാക്കുന്നു—ഇത് അപകടകരമാണ്, അതീവ അപകടകരം.

Leave a Reply

Your email address will not be published. Required fields are marked *

×