June 13, 2026 |
എ സജീവന്‍
എ സജീവന്‍
Share on

കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാക്കുന്നവര്‍

വെട്ടിലായിരിക്കുന്നത് ഹൈക്കമാന്‍ഡാണ്

ഓര്‍മ വരുന്നത് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏതാണ്ട് അടുത്ത വേളയില്‍ രാഹുല്‍ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരുടെ കാലുപിടിക്കും മട്ടില്‍ നടത്തിയ അഭ്യര്‍ത്ഥനയാണ്.endless infighting plagues the congress leadership
അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു:

‘നിങ്ങള്‍ ഈ തമ്മില്‍ത്തല്ല് തല്‍ക്കാലത്തേക്കെങ്കിലും നിര്‍ത്ത്. എന്നിട്ട് തെരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണത്തിലേറാന്‍ നോക്ക്. അത് കഴിഞ്ഞ് ആവശ്യം പോലെ തല്ല് കൂടിക്കോ. അത് കണ്ട് രസിക്കാന്‍ കാഴ്ചക്കാരനായി ഞാന്‍ വരാം.’

അപ്പറഞ്ഞതില്‍ അവസാനഭാഗം തമാശയായോ പരിഹാസമായോ തോന്നാമെങ്കിലും ആദ്യ ഭാഗത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ നടത്തിക്കൊണ്ടിരിക്കുന്ന തീര്‍ത്തും അനാവശ്യമായ, പാര്‍ട്ടിയെ തകര്‍ക്കുന്ന തമ്മില്‍ത്തല്ലിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുള്ള നീരസം പൂര്‍ണമായും പ്രകടമാക്കുന്നതാണ്.

രാഹുല്‍ഗാന്ധി അങ്ങനെ കാലുപിടിച്ച് പറയാന്‍ കാരണമുണ്ടായിരുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും രണ്ട് സീറ്റിന്റെ ബലത്തില്‍ കഷ്ടിച്ച് ഭരണത്തിലേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്തെല്ലാം രാഷ്ട്രീയകോളിളക്കങ്ങള്‍ ഉണ്ടായെങ്കിലും തുടര്‍ഭരണം നേടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. മുഖ്യമന്ത്രിക്കെതിരേ പോലും അതിരൂക്ഷമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നിട്ടും ജനകീയ നേതാവെന്ന ഖ്യാതി നേടിയെടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു.

പക്ഷേ, അപ്പോഴാണ് ഭരണത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആരോപണങ്ങളും വിമര്‍ശനങ്ങളുമുണ്ടാകുന്നത്. അവ ഉയര്‍ത്തിയതാകട്ടെ പാര്‍ട്ടി വേദികളിലായിരുന്നില്ല, പരസ്യമായിട്ടായിരുന്നു. മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം വിഴുപ്പലക്കിക്കൊണ്ടിരുന്നു. എല്‍.ഡി.എഫിന് തെരഞ്ഞെടുപ്പില്‍ കൊയ്ത്ത് നടത്താന്‍ പ്രചാരണപാടത്തേയ്ക്ക് ഇറങ്ങേണ്ടി വന്നിരുന്നില്ല. അവര്‍ക്ക് വേണ്ടത്രയും പരസ്യമായ ആരോപണപ്രത്യാരോപണങ്ങളിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എല്‍.ഡി.എഫിന്റെ പത്തായത്തില്‍ എത്തിച്ച് കൊടുത്തു.

ഇത്തരമൊരു ഘട്ടത്തിലാണ് സഹിക്കവയ്യാതെ രാഹുല്‍ഗാന്ധി മേല്‍പറഞ്ഞ കാലുപിടിക്കല്‍ അപേക്ഷ പരസ്യമായി നടത്തിയത്. ഹൈക്കമാന്‍ഡായ തന്റെ വാക്കുകള്‍ സംസ്ഥാനനേതാക്കള്‍ കേള്‍ക്കുമെന്ന് പാവം രാഹുല്‍ വിശ്വസിച്ച് പോയിരിക്കാം. പക്ഷേ, സംഭവിച്ചത് മറിച്ചായിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് 22 സീറ്റിലേക്ക് കൂപ്പുകുത്തി. യു.ഡി.എഫിന് ആകെ സീറ്റ് 47.25 സീറ്റിന്റെ കുറവ്.

rahul gandhi

2016 ല്‍ രാഹുല്‍ഗാന്ധി അത്തരമൊരു അഭ്യര്‍ത്ഥന നടത്തിയ അതേ പശ്ചാത്തലമാണ് ഇപ്പോള്‍ ഈ 2025 ലെ കേരളത്തില്‍. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരാന്‍ സമയമായി. മുന്നൊരുക്കള്‍ തുടങ്ങേണ്ട സമയം അതിക്രമിച്ചു എന്നുതന്നെ പറയണം.

രണ്ടുതവണ അധികാരത്തില്‍ തുടര്‍ന്നതിന്റെ ക്ഷീണം പരമാവധി എല്‍.ഡി.എഫ് സര്‍ക്കാരിനുണ്ട്. നിരവധി വിമര്‍ശനങ്ങളും പരാതികളും ആരോപണങ്ങളും സര്‍ക്കാരിനെതിരേ ഉയര്‍ന്നുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയും കുടുംബവും വരെ ആരോപണ നിഴലിലാണ്. സംസ്ഥാനം സാമ്പത്തികപ്രതിസന്ധിയിലാണ്. മരുന്നുക്ഷാമം മുതല്‍ ക്ഷേമപെന്‍ഷന്‍ മുടങ്ങല്‍ വരെ നിരന്തരം ഭരണവിരുദ്ധ വാര്‍ത്തകള്‍ വരുന്നു. സാമുദായിക സംഘടനകള്‍ പലതും വിവിധ വിഷയങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.

ഇത്തരമൊരു ഘട്ടത്തില്‍ പ്രതിപക്ഷം എന്താണ് ചെയ്യേണ്ടത്. രണ്ടുതവണ നഷ്ടപ്പെട്ട ഭരണം മൂന്നാമതും കൈവിടാതിരിക്കാന്‍ അങ്ങേയറ്റത്തെ തന്ത്രപരമായ നീക്കം ആസൂത്രണം ചെയ്യണം. ഇക്കാര്യത്തില്‍ മുന്നണി ഒറ്റക്കെട്ടാകണം. ഒരേ മനസ്സായിരിക്കണം. നേതാക്കള്‍ പറയുന്നതും ചെയ്യുന്നതും ഒന്നിനൊന്ന് വിരുദ്ധമാകാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. മുന്നണി നേതൃത്വത്തിനുള്ളിലെയും ഘടകകക്ഷികള്‍ ഓരോന്നിനുള്ളിലെയും ഐക്യം താഴേക്കിടയില്‍ വരെ എത്തിക്കാനും മാസങ്ങള്‍ക്ക് മുമ്പുതന്നെ അടിത്തട്ടില്‍ ശക്തമായ പ്രചരണം നടത്താനും തയ്യാറാകണം. അതാണോ ഇപ്പോള്‍ യു.ഡി.എഫില്‍ നടക്കുന്നത്.

യു.ഡി.എഫില്‍ അതാണോ നടക്കുന്നത് എന്ന് ചോദിക്കുംമുമ്പ് യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസ്സില്‍ അതാണോ നടക്കുന്നത് എന്നാണ് ചോദിക്കേണ്ടത്. 2026 ല്‍ ഭരണം പിടിക്കാനുള്ള നീക്കങ്ങളല്ല കേരളത്തിലെ കോണ്‍ഗ്രസ് തലപ്പത്ത് നടക്കുന്നത് എന്ന് പറഞ്ഞാല്‍ ശക്തിപോരാതെ വരും. 2026 ലും പ്രതിപക്ഷത്തിരിക്കാനാണോ ഇവര്‍ മത്സരിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് സംശയിച്ചുപോകും ഇക്കളികളൊക്കെ കാണുമ്പോള്‍.

കേരളത്തിലെ കോണ്‍ഗ്രസിനെ ഗ്രൂപ്പിസമെന്ന ശാപത്തില്‍ നിന്ന് മോചിപ്പിക്കാനാണ് രാഹുല്‍ഗാന്ധി ആദ്യം വി.എം സുധീരനെയും പിന്നെ മുല്ലപ്പള്ളിയെയും കെ.പി.സി.സി നേതൃത്വത്തില്‍ കൊണ്ടുവന്ന് പരീക്ഷിച്ചത്. ഗ്രൂപ്പ് മാനേജര്‍മാര്‍ ഇരുവരെയും പാരവച്ച് വീഴ്ത്തിയപ്പോള്‍ കൂടുതല്‍ പ്രബലനെന്ന് കരുതിയ കെ. സുധാകരനെ കൊണ്ടുവന്നു. ഐ ഗ്രൂപ്പ് സാരഥിയായിരുന്ന രമേശ് ചെന്നിത്തലയെ വെട്ടി യുവരക്തമെന്ന് പ്രകീര്‍ത്തിക്കപ്പെട്ട വി.ഡി സതീശനെ പ്രതിപക്ഷനേതാവുമാക്കി. രണ്ടുപേരുടെയും കിരീടധാരണത്തില്‍ കോണ്‍ഗ്രസ്സിന്റെ സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ആശീര്‍വാദവുമുണ്ടായിരുന്നു.

അതോടെ കേരളത്തിലെ കോണ്‍ഗ്രസ് പുനര്‍നവാരിഷ്ടം കഴിച്ചപോലെ ചുറുചുറുക്കുള്ളതായി മാറുമെന്ന് ഹൈക്കമാന്‍ഡ് സ്വപ്‌നം കണ്ടു. പക്ഷേ, ആ സ്വപ്‌നം ക്രമേണ തുടര്‍ദുഃസ്വപ്‌നങ്ങളായി മാറുന്നതാണ് കണ്ടത്. കെ.പി.സി.സി പ്രസിഡന്റിന് പ്രതിപക്ഷനേതാവും പ്രതിപക്ഷനേതാവിന് കെ.പി.സി.സി പ്രസിഡന്റും ചതുര്‍ത്ഥിയായി. പരസ്പരം മുഖത്തുനോക്കാത്ത സ്ഥിതി. പത്രസമ്മേളനത്തില്‍ ആരാദ്യം പറയുമെന്നതിനെച്ചൊല്ലി പരസ്യമായി തര്‍ക്കം. പിന്നെ കെറുവിച്ചുനില്‍ക്കല്‍. പ്രതിപക്ഷനേതാവ് വൈകിയാല്‍ കെ.പി.സി.സി പ്രസിഡന്റിന്റെ സഭ്യേതരമായ പരസ്യപ്രതികരണം. അങ്ങനെയങ്ങനെയങ്ങനെ.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഐക്യമില്ലെന്ന് വ്യക്തമാക്കിയ സംഭവമാണ് മുനമ്പം വഖഫ് ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. മുസ്ലിംലീഗും കേരള കോണ്‍ഗ്രസും രണ്ടാമത്തെയും മൂന്നാമത്തെയും ഘടകകക്ഷികളായ യു.ഡി.എഫില്‍ വളരെ ആലോചിച്ച് കൈകകാര്യം ചെയ്യേണ്ട വിഷയമായിരുന്നു അത്.

congress

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് പറഞ്ഞാലും അല്ലെന്ന് പറഞ്ഞാലും മുന്നണിയില്‍ പ്രശ്‌നമാകും. തെരഞ്ഞെടുപ്പില്‍ കാലിനടിയിലെ മണ്ണ് നഷ്ടമാകും. അത്തരമൊരു ഘട്ടത്തില്‍ മുന്നണിയെ നയിക്കേണ്ട കോണ്‍ഗ്രസ് എന്താണ് ചെയ്യേണ്ടത്? പാര്‍ട്ടിനേതൃയോഗം വിളിച്ചുചേര്‍ത്ത് ഇലക്കും മുള്ളിനും കേടില്ലാത്ത രൂപത്തില്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കൂടിയാലോചിക്കണം. അത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് പൊതുതീരുമാനമാക്കണം.

സംഭവിച്ചതോ? പ്രശ്‌നം കത്തിനില്‍ക്കുമ്പോള്‍ ആരോടും കൂടിയാലോചിക്കാതെ പ്രതിപക്ഷനേതാവിന്റെ പ്രതികരണം വന്നു: ‘മുനമ്പത്തേത് വഖഫ് ഭൂമിയല്ല’
ലീഗില്‍ അത് അസ്വാസ്ഥ്യമുണ്ടാക്കിയെങ്കിലും സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും പരസ്യപ്രതികരണം നടത്തിയില്ല. എന്നാല്‍, കെ.എം ഷാജിയും ഇ.ടി മുഹമ്മദ് ബഷീറും ശക്തമായി പ്രതികരിച്ചു. പിന്നാലെ മുന്നണി കണ്‍വീനര്‍ എം.എം ഹസ്സനും പ്രതിപക്ഷനേതാവിനെ തള്ളിപ്പറഞ്ഞു. പാര്‍ട്ടിയിലെയും മുന്നണിയിലെയും അനൈക്യം പൊതുജനത്തിന് ബോധ്യപ്പെട്ടു. എല്‍.ഡി.എഫുകാര്‍ ഊറിച്ചിരിച്ചു.

തൊട്ടുപിന്നാലെ അതാ വരുന്നൂ താക്കോല്‍സ്ഥാന പ്രശ്‌നം. മന്നം ജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്താന്‍ രമേശ് ചെന്നിത്തലയെ എന്‍.എസ്.എസ് ക്ഷണിച്ചതോടെയാണ് അതൊരു വാര്‍ത്താവിഷയമായത്. ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് എസ്.എന്‍.ഡി.പി യോഗം നേതാവ് വെള്ളാപ്പള്ളി എരിവേറ്റിയതോടെ അത് കോണ്‍ഗ്രസ്സില്‍ പുകയാന്‍ തുടങ്ങി. ലീഗ് നേതൃത്വത്തിന് മേല്‍ക്കൈയുള്ള പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലെ സനദ് ദാനച്ചടങ്ങിലേക്ക് ചെന്നിത്തല ക്ഷണിക്കപ്പെടുകയും പാണക്കാട് സാദിഖലി തങ്ങള്‍ ചെന്നിത്തലയെ പ്രകീര്‍ത്തിച്ച് പ്രതികരിക്കുകയും ചെയ്തതോടെ പൊട്ടലും ചീറ്റലുമുണ്ടായത് കോണ്‍ഗ്രസ്സില്‍.

ഇതിനിടയിലാണ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സര്‍വേ പ്രതിപക്ഷനേതാവ് സ്വന്തം നിലയില്‍ നടത്തിച്ചുവെന്ന് കരവാര്‍ത്ത പ്രചരിക്കുന്നത്. കെ.പി.സി.സിയും രാഷ്ട്രീയകാര്യസമിതിയും ഉണ്ടായിരിക്കെ അതിലൊന്നും ആലോചിക്കാതെ പ്രതിപക്ഷനേതാവ് സര്‍വേ നടത്തുന്നതെങ്ങനെയെന്ന മുറുമുറുപ്പുയരുന്നു.

ഇതിനിടയില്‍ തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ രാഷ്ട്രീയകാര്യസമിതി ചേരുന്നു. ആ യോഗത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കിട്ടാവുന്ന സീറ്റുകളുടെ എണ്ണവും അത് കിട്ടാന്‍ നടപ്പാക്കേണ്ട (നടപ്പാക്കിയ) തന്ത്രവും സതീശന്‍ വിവരിക്കുന്നു. അതിനെ എ.പി അനില്‍കുമാര്‍ ചോദ്യം ചെയ്യുന്നു. സതീശന്‍ തന്റെ പ്രസംഗം നിര്‍ത്തുന്നു. യോഗം തീരുമാനമെടുക്കാതെ പിരിയുന്നു. അതിനി നീറിനീറി ഏതറ്റം വരെയെത്തുമെന്ന് കണ്ടുതന്നെ അറിയണം.

ഏറ്റവുമൊടുവില്‍ കെ.പി.സി.സി പ്രസിഡന്റിനെ മാറ്റുന്ന തര്‍ക്കമാണ് കോണ്‍ഗ്രസ്സില്‍. ഇതിന്റെ ആദ്യപടിയായി ദേശീയനേതൃത്വം കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെ നിയോഗിക്കുന്നു. അവര്‍ പാര്‍ട്ടി നേതാക്കളെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കണ്ട് ചര്‍ച്ച നടത്തുന്നു. അപ്പോഴതാ കെ. സുധാകരന്റെ ഭീഷണി. എന്നെ മാറ്റുന്നെങ്കില്‍ സതീശനെയും മാറ്റണം. എന്നെ മാറ്റിയാല്‍ ഞാന്‍ എം.പി സ്ഥാനവും രാജിവയ്ക്കും. പോരേ പൂരം. സത്യത്തില്‍ വെട്ടിലായിരിക്കുന്നത് ഹൈക്കമാന്‍ഡാണ്. എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും പുലിവാലാകും. ഇതെല്ലാം നടക്കുന്നത് ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പിന്റെയും അത് കഴിഞ്ഞ് വൈകാതെയെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പടിവാതില്‍ക്കല്‍ വച്ചാണ്.

ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല, ഇവരോടു പൊറുക്കേണമേ എന്നല്ലാതെ എന്ത് പറയാന്‍.endless infighting plagues the congress leadership

Content Summary: endless infighting plagues the congress leadership

എ സജീവന്‍

എ സജീവന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×