ഏറെ വിവാദങ്ങൾക്ക് വഴിവച്ച എപ്സ്റ്റൈൻ്റെ ഫയൽസിൽ ട്രംപിന്റെ പേര് നേരിട്ട് പരാമർശിക്കുന്നില്ലെന്ന് റിപ്പോർട്ട്. എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ജൂലൈയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകില്ലെന്ന് നീതിന്യായ വകുപ്പ് പിന്നീട് അറിയിച്ചു. ഇത് മാഗാ അനുയായികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി തീർന്നിരുന്നു.
വിമർശനം ശക്തമായതോടെ ട്രംപിന്റെ ഡെപ്യൂട്ടി അറ്റോർണി ജനറലായ ടോഡ് ബ്ലാഞ്ചെ, ജെഫ്രി എപ്സ്റ്റൈൻ്റെ ലൈംഗിക ചൂഷണ കേസിലെ മറ്റൊരു പ്രതിയായ ഗിലെയ്ൻ മാക്സ്വെല്ലുമായി അഭിമുഖം നടത്തിയിരുന്നു. കേസിൽ പ്രതിയായ ഗിലെയ്ൻ മാക്സ്വെൽ 20 വർഷത്തോളം തടവ് ശിക്ഷ അനുഭവിച്ചിരുന്നു. തങ്ങൾക്ക് ലഭിച്ച അധിക വിവരങ്ങൾ ഉചിതമായ സമയത്ത് നീതിന്യായ വകുപ്പ് പുറത്തുവിടുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്. ഈ പ്രഖ്യാപനത്തെ തുടർന്നാണ് അഭിമുഖത്തിലെ വിവരങ്ങൾ ഇന്നലെ ട്രംപിൻ്റെ നീതിന്യായ വകുപ്പ് പുറത്തുവിട്ടത്.
ടോഡ് ബ്ലാഞ്ചെയുടെ നേതൃത്വത്തിൽ നടന്ന അഭിമുഖങ്ങളുടെ പകർപ്പുകൾ നൂറുകണക്കിന് പേജുകളുണ്ടെങ്കിലും, അവയിൽ ട്രംപിന്റെ മുൻകാല എപ്സ്റ്റീൻ ബന്ധത്തെക്കുറിച്ച് പരാമർശിക്കുന്നില്ല. എപ്സ്റ്റീന് ഉന്നതരുടെ ഒരു കൂട്ടായ്മയുടെ ഭാഗമായിരുന്നുവെന്ന് വിശ്വസിക്കുന്നവരെയും ഈ രേഖകൾ തൃപ്തിപ്പെടുത്തില്ല.
മാക്സ്വെല്ലിന്റെ മൊഴിയിൽ ട്രംപിനെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ എപ്സ്റ്റീനുമായുള്ള ബന്ധം അത്ര ദൃഡമല്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. മാക്സ്വെൽ അഭിമുഖത്തിൽ ട്രംപിനെപ്പോലെ എപ്സ്റ്റീനുമായി മുൻപ് ബന്ധമുണ്ടായിരുന്ന ബിൽ ക്ലിൻ്റണെക്കുറിച്ചും സംസാരിച്ചിരുന്നു. മാക്സ്വെല്ലിൻ്റെ മൊഴികളിൽ കൂടുതലും ക്ലിൻ്റണുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉൾപ്പെട്ടിരുന്നത്.
എപ്സ്റ്റീനും ട്രംപും അടുത്ത സുഹൃത്തുക്കളായിരുന്നെന്ന് ഞാൻ കരുതുന്നില്ല. ട്രംപിനെ എപ്സ്റ്റീന്റെ വീട്ടിൽ വെച്ച് താൻ കണ്ടിട്ടില്ലെന്നും എപ്സ്റ്റീന്റെ മുൻ കാമുകി കൂടിയായ മാക്സ്വെൽ പറഞ്ഞു. എപ്സ്റ്റൈൻ യുവതികളെ മസാജ് എന്ന വ്യാജേന ദുരുപയോഗം ചെയ്തിരുന്നു. എന്നാൽ, താൻ ട്രംപിനെ മസാജ് ചെയ്യുന്ന സാഹചര്യത്തിൽ കണ്ടിട്ടില്ലെന്നും മാക്സ്വെൽ പറയുന്നു. എപ്സ്റ്റീനുമായി തനിയ്ക്ക് അടുത്ത ബന്ധമില്ലെന്ന് കാണിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് മാക്സ്വെല്ലിൻ്റെ ഈ മൊഴികൾ സഹായകമാകും.
ദ വാൾ സ്ട്രീറ്റ് ജേണലിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2003-ൽ എപ്സ്റ്റീന് നഗ്നയായ ഒരു സ്ത്രീയുടെ ചിത്രം വരച്ച് ഒരു പിറന്നാൾ സന്ദേശം ട്രംപ് അയച്ചിരുന്നു. ഈ റിപ്പോർട്ടിനെതിരെ ട്രംപ് കേസ് നൽകിയിട്ടുണ്ട്. എന്നാൽ ഈ സംഭവത്തെക്കുറിച്ച് തനിക്ക് ഓർമ്മയില്ലെന്ന് ആയിരുന്നു മാക്സ്വല്ലിന്റെ മറുപടി.
content summary: Epstein case, Maxwell reveals that Trump and Epstein were not close friends
Leave a Comment