June 26, 2026 |
Share on

തൂക്കു കയറിനു മുന്നിലും പതറാതെ എര്‍ഫാന്‍: വധശിക്ഷ മാറ്റിവെച്ചെങ്കിലും ആശങ്കയൊഴിയാതെ ലോകം

ഇറാനില്‍ ഭരണകൂടത്തിനെതിരേ നടക്കുന്ന പ്രതിഷേധങ്ങളുടെ മുന്നണി പോരാളികളിലൊരാളാണ് 26 കാരനായ എര്‍ഫാന്‍ സോള്‍ട്ടാനി

ഇറാനില്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രക്ഷോഭ നേതാവ് എര്‍ഫാന്‍ സോള്‍ട്ടാനിയുടെ ശിക്ഷാ നടപടികള്‍ താല്‍ക്കാലികമായി മാറ്റിവെച്ചു. 26 വയസ്സുകാരനായ ഇര്‍ഫാന്റെ വധശിക്ഷ ബുധനാഴ്ച പുലര്‍ച്ചെ നടപ്പാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ നിശ്ചയിച്ച സമയം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം ജയില്‍ അധികൃതര്‍ കുടുംബത്തെ വിളിച്ച് ശിക്ഷ മാറ്റിവെച്ച വിവരം അറിയിക്കുകയായിരുന്നു. മാറ്റിവെക്കാനുള്ള കാരണം വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ടെഹ്റാനു സമീപമുള്ള കരാജ് നഗരത്തിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ എര്‍ഫാനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് സുരക്ഷാ സേന കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്യപ്പെട്ട് വെറും നാല് ദിവസത്തിനുള്ളില്‍ എര്‍ഫാന് വധശിക്ഷ വിധിച്ച നടപടി അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

എര്‍ഫാന്റെ വധശിക്ഷാ വാര്‍ത്ത പുറത്തുവന്നത് മുതല്‍ വലിയ ആധിയിലാണ് അദ്ദേഹത്തിന്റെ കുടുംബം. ‘ഇന്നലെ ഞാന്‍ അവന്റെ കുടുംബത്തോട് സംസാരിച്ചു, കഴിഞ്ഞ രണ്ട് ദിവസമായി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല,’ എര്‍ഫാന്റെ വിദേശത്ത് താമസിക്കുന്ന ബന്ധുവിന്റെ വാക്കുകള്‍. ഇറാനില്‍ സാധാരണയായി പുലര്‍ച്ചെയുള്ള പ്രാര്‍ത്ഥനയ്ക്ക് തൊട്ടടുത്ത സമയത്താണ് വധശിക്ഷകള്‍ നടപ്പാക്കാറുള്ളത്. ആ സമയം വരെ ഉറക്കമിളച്ച് എര്‍ഫാന്റെ വാര്‍ത്തയ്ക്കായി കാത്തിരിക്കുകയായിരുന്നു ഉറ്റവര്‍.

‘അത്രയും ദയാലുവായ ഒരു കുട്ടിയുടെ കഴുത്തില്‍ കയറിടാന്‍ ആര്‍ക്കെങ്കിലും എങ്ങനെ തോന്നും? അവന്‍ ശാന്തനും സമാധാനപ്രിയനുമാണ്. സ്വന്തം അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുക മാത്രമാണ് അവന്‍ ചെയ്തത്,’ എര്‍ഫാന്റെ ബന്ധു കണ്ണീരോടെ കൂട്ടിച്ചേര്‍ത്തു.

നോര്‍വേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഹെംഗാവു’ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം, എര്‍ഫാന് തന്റെ ഭാഗം വാദിക്കാന്‍ ഒരു അഭിഭാഷകന്റെ സഹായം പോലും നിഷേധിക്കപ്പെട്ടിരുന്നു. മിനിറ്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന വിചാരണകള്‍ക്കൊടുവിലാണ് ഇറാന്‍ ഭരണകൂടം പ്രതിഷേധക്കാര്‍ക്ക് വധശിക്ഷ വിധിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ഇറാന്റെ ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം നല്‍കിയ പ്രസ്താവനയില്‍, പ്രതിഷേധക്കാര്‍ക്ക് താക്കീത് നല്‍കാനായി വിചാരണകളും ശിക്ഷാ നടപടികളും എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്രതിഷേധക്കാരെ ‘ദൈവത്തിന്റെ ശത്രുക്കള്‍’ എന്ന കുറ്റം ചുമത്തിയാണ് വിചാരണ ചെയ്യുന്നത്.

കഴിഞ്ഞ ഡിസംബര്‍ 28-ന് രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയ്ക്കും വിലക്കയറ്റത്തിനുമെതിരെ തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ ഭരണകൂടത്തിനെതിരെയുള്ള വലിയ ജനമുന്നേറ്റമായി മാറിയിരിക്കുകയാണ്.

ഇതുവരെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടയില്‍ 2,571 പേര്‍ കൊല്ലപ്പെട്ടുട്ടുണ്ട്. 18,000-ത്തിലധികം പേര്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം ഞെട്ടിക്കുന്ന മറ്റൊരു വസ്തുത കഴിഞ്ഞ വര്‍ഷം 1500 പേരെ ഇറാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ടെന്നതാണ്.

ഇറാനിലെ കടുത്ത ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ കാരണം എര്‍ഫാന്റേതിന് സമാനമായ നിരവധി കേസുകള്‍ പുറംലോകം അറിയാതെ പോകുന്നുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ മുന്നറിയിപ്പ് നല്‍കുന്നു.

പെര്‍സെപോളിസ് എഫ്സിയുടെ കടുത്ത ആരാധകനായ എര്‍ഫാന്‍, ഫിറ്റ്നസിലും ഫാഷനിലും താല്പര്യമുള്ള വ്യക്തിയായിരുന്നു. തന്റെ അമ്മയുടെ ഏറ്റവും അടുത്ത സുഹൃത്തും സഹോദരങ്ങള്‍ക്കിടയിലെ പ്രിയപ്പെട്ടവനുമായിരുന്നു അവന്‍ എന്ന് കുടുംബം ഓര്‍മ്മിക്കുന്നു. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചിട്ടും എര്‍ഫാന്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എര്‍ഫാന്‍ സോള്‍ട്ടാനിയുടെ ജീവന്‍ രക്ഷിക്കാന്‍ ലോകം ഇടപെടണമെന്ന അഭ്യര്‍ത്ഥനയുമായി സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്.

Content Summary; Erfan Soltani who is the first Iranian protester sentenced to death since the current unrest began, execution has been postponed

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×