UPDATES

യൂറോ-കോപ്പയ്ക്ക് ശേഷം വിരമിക്കാന്‍ ലോകോത്തര താരങ്ങള്‍

ആധുനിക ഫുട്‌ബോളിലെ അതികായരായ ഒരുപിടി താരങ്ങളാണ് ജഴ്‌സിയഴിക്കുന്നത്

                       

ഓരോ പ്രധാന രാജ്യാന്തര ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്കു ശേഷവും കരയറിന്റെ അന്ത്യയാമങ്ങളിലെത്തിയ പ്രമുഖ താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതു സാധാരണമാണ്. നാലു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഫിഫ ലോകകപ്പ്, യുവേഫ യൂറോകപ്പ്, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ബോഡിയായ കോണ്‍മിബോളിന്റെ കോപ്പ അമേരിക്ക എന്നിവയാണ് ഫുട്‌ബോള്‍ ലോകത്തെ േമാസ്റ്റ് പ്രസ്റ്റീജിയസ് ടൂര്‍ണമെന്റുകള്‍. അതുകൊണ്ടുതന്നെ അവസാനമായി ഇവയിലൊന്നില്‍ പന്തുതട്ടിയശേഷം ബൂട്ടഴിക്കാനാണ് ലോകോത്തര താരങ്ങള്‍ ശ്രദ്ധിക്കാറ്. എന്നാല്‍ ഇത്തവണ യൂറോ-കോപ്പ ടൂര്‍ണമെന്റുകള്‍ക്കുശേഷം പടിയിറങ്ങുന്നത് ഒരു യുഗം തന്നെയാവും. ആധുനിക ഫുട്‌ബോളിലെ അതികായരായ ഒരുപിടി താരങ്ങളാണ് ഇത്തവണ ജഴ്‌സിയഴിക്കുന്നത്. രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് തല്‍ക്കാലത്തേക്കു വിരമിക്കല്‍ പ്രഖ്യാപിക്കുന്നില്ലെങ്കിലും ഫുട്‌ബോളിലെ ഗോട്ടുകളായ (ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ലിയോ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരുടെ അവസാന യൂറോ-കോപ്പ ടൂര്‍ണമെന്റും ആവുമിത്.

ടോണി ക്രൂസ്

കരിയറിലെ പീക്ക് ടൈമില്‍ കളി മതിയാക്കണമെന്ന പക്ഷക്കാരനായ ജര്‍മന്‍ മിഡ്ഫീല്‍ഡ് ജനറല്‍ ടോണി ക്രൂസിന് ബൂട്ടഴിക്കാന്‍ ഇതിലും മികച്ച സമയം വേറെയില്ല. സ്വന്തം രാജ്യത്തു നടക്കുന്ന യൂറോ 2024നുശേഷം രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത്തവണ നാട്ടുകാര്‍ക്കു മുന്നില്‍ യൂറോ കിരീടമുയര്‍ത്തിക്കൊണ്ടു തന്നെ വിട വാങ്ങാനായാല്‍ ഇരട്ടിമധുരം. വിഖ്യാത ഫുട്‌ബോള്‍ ക്ലബ് റയല്‍ മാഡ്രിഡിനെ ഇക്കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ്-ലാ ലിഗ കിരീടങ്ങളിലേക്കു നയിച്ചശേഷം ക്രൂസ് ക്ലബ് ഫുട്‌ബോളിനോടും വിട പറഞ്ഞിരുന്നു. 34-കാരനായ ക്രൂസ് 2021ല്‍ രാജ്യാന്തര ഫുട്‌ബോളിനോട് വിട പറഞ്ഞിരുന്നെങ്കിലും കളിയോടുള്ള തന്റെ പാഷന്‍ അവസാനിച്ചിട്ടില്ലെന്നു മനസിലാക്കി തിരികെയെത്തുകയായിരുന്നു. മധ്യനിരയിലെ ക്രിയാത്മക നീക്കങ്ങള്‍, ഭാവനാപൂര്‍ണമായ വിഷന്‍, സെറ്റ്പീസുകള്‍ ലക്ഷ്യത്തില്‍ എത്തിക്കുന്നതിലെ മികവ് എന്നിവയാണ് ക്രൂസിനെ മധ്യനിരയില്‍ വ്യത്യസ്തനാക്കുന്നത്. 2014 ലോകകപ്പ് കിരീടവും 2010ലെ മൂന്നാം സ്ഥാനവും ക്രൂസിന്റെ കരിയറിലെ തിളങ്ങുന്ന അധ്യായങ്ങളാണ്.

എയ്ഞ്ചല്‍ ഡി മരിയ

യു.എസ്.എ. ആതിഥേയത്വം വഹിക്കുന്ന കോപ്പ അമേരിക്ക 2024നുശേഷം രാജ്യാന്തര ഫുട്‌ബോളിനോടു വിട പറയുകയാണ് അര്‍ജന്റീനയുടെ മാലാഖ എയ്ഞ്ചല്‍ ഡിമരിയ. ബിഗ് ഒക്കേഷന്‍ പ്ലെയര്‍ ആയ ഡിമരിയ ലോക ഫുട്‌ബോളിലെ ഇതിഹാസമായി വാഴ്ത്തപ്പെട്ടില്ലെങ്കിലും അര്‍ജന്റീനയില്‍ അതല്ല സ്ഥിതി. 2021ല്‍ നടന്ന കഴിഞ്ഞ കോപ്പ ഫൈനലില്‍ വിഖ്യാതമായ മാറക്കാന സ്‌റ്റേഡിയത്തിലെ ആര്‍ത്തലച്ച മഞ്ഞക്കടലിനെ നിശബ്ദമാക്കിയ ഗോളിലൂടെ അര്‍ജന്റീനയെ ജേതാക്കളാക്കിയ ഡിമരിയ 2022 ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരേയും സ്‌കോര്‍ ചെയ്ത് കപ്പ് ബ്യൂനസ് അയേഴ്‌സിലേക്കെത്തിച്ചിരുന്നു.

ലൂക്ക മോഡ്രിച്ച്

ക്രൊയേഷ്യയുടെ എക്കാലത്തേയും മികച്ച താരവും മധ്യനിരയില്‍ ലോകത്തെ മികച്ച താരങ്ങളില്‍ ഒരാളുമായ ലൂക്ക മോഡ്രിച്ചിന്റെ അവസാന യൂറോകപ്പ് ആവും ഇത്. വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 38കാരനായ ഈ മിഡ്ഫീല്‍ഡ് മാന്ത്രികനു കളത്തില്‍ തുടരാന്‍ ഇനിയും ബാല്യം ബാക്കിയില്ലെന്നുറപ്പ്. ക്രൊയേഷ്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള മോഡ്രിച്ച് യൂറോകപ്പില്‍ രാജ്യത്തെ നയിച്ചശേഷം രാജ്യാന്തര ഫുട്‌ബോളിനോടു വിട പറയുമെന്നു തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. മധ്യനിരയില്‍ ഭാവനാസമ്പന്നമായ നീക്കങ്ങളും എതിര്‍പ്രതിരോധത്തെ ചിതറിക്കുന്ന നെടുങ്കന്‍ പാസുകളും തകര്‍പ്പന്‍ ലോംഗ് റേഞ്ചറുകളും ആരാധകര്‍ക്കു നഷ്ടമാകും. ക്രോട്ടുകളെ 2018 ലോകകപ്പില്‍ റണ്ണറപ്പും 2022ല്‍ മൂന്നാം സ്ഥാനത്തുമെത്തിച്ച ഏയ്ഞ്ചല്‍ ലൂക്കയ്ക്ക് ലോകകിരീടം എത്തിപ്പിടിക്കാനായില്ലെങ്കിലും ക്രൊയേഷ്യ പോലൊരു ടീമിനെ വിസ്മയകരമായ നേട്ടങ്ങളിലെത്തിക്കാന്‍ കഴിഞ്ഞെന്ന സംതൃപ്തിയില്‍ തന്നെ ഇനി ബൂട്ടഴിക്കാം. റയല്‍ മാഡ്രിഡില്‍ ഒരുവര്‍ഷംകൂടി കരാര്‍ നീട്ടാന്‍ മോഡ്രിച്ച് സമ്മതിച്ചെങ്കിലും പകരക്കാരന്റെ റോളിലേക്കു മാറാനാണു സാധ്യത. കഴിഞ്ഞ സീസണിലും മോഡ്രിച്ചിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

മാനുവല്‍ ന്യൂയര്‍

38കാരനായ ജര്‍മന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറിന്റെയും അവസാന യൂറോകപ്പ് ആകുമിത്തവണ. ഇനിയൊരു മേജര്‍ ടൂര്‍ണമെന്റില്‍ ജര്‍മന്‍ കുപ്പായത്തില്‍ ന്യൂയറെ കാണാന്‍ സാധ്യതയില്ല. ജര്‍മനിയെ 2014 ലോകകപ്പില്‍ ജേതാക്കളാക്കുന്നതില്‍ ന്യൂയറുടെ കൈകള്‍ വഹിച്ച പങ്ക് ചെറുതല്ല. 2022 ലോകകപ്പില്‍ ഗ്രൂപ്പ് സ്‌റ്റേജില്‍ പുറത്തായ ശേഷം ജര്‍മനിയുടെ ജഴ്‌സിയില്‍ ന്യൂയര്‍ കളിച്ചിട്ടില്ല. ഇത്തവണ നാട്ടില്‍ നടക്കുന്ന യൂറോകപ്പിനുള്ള ടീമില്‍ ഉള്‍പ്പെട്ട ന്യൂയര്‍ കപ്പുമായി വിടവാങ്ങാനുള്ള ഒരുക്കത്തിലാണ്.

ഒലിവര്‍ ജിറൂഡ്

57 ഗോളുമായി ഫ്രാന്‍സിന്റെ എക്കാലത്തേയും ടോപ് സ്‌കോറര്‍ ആയ ഒലിവര്‍ ജിറൂഡിനും ഇത് അവസാന മേജര്‍ ടൂര്‍ണമെന്റാണ്. യൂറോ 2024നു ശേഷം വിരമിക്കുകയാണെന്ന് ജിറൂഡ് പറഞ്ഞുകഴിഞ്ഞു. യുവതാരങ്ങള്‍ക്ക് അവസരമൊരുക്കാന്‍ വഴിമാറുകയാണെന്ന് 37കാരനായ ജിറൂഡ് അറിയിച്ചു. 2018-ല്‍ ലോകകിരീടം നേടിയ ടീമിലും 22ല്‍ റണ്ണറപ്പ് ആയ ടീമിലും ജിറൂഡ് അംഗമായിരുന്നു. പോര്‍ച്ചുഗീസ് ഡിഫന്‍ഡര്‍ പെപ്പെ, ഇംഗ്ലീഷ് താരം കൈല്‍ വാക്കര്‍, പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലാവന്‍ഡോവ്‌സ്‌കി, സ്പാനിഷ് താരം ജീസസ് നവാസ്, ജര്‍മന്‍ ലോകകപ്പ് ജേതാവ് തോമസ് മുള്ളര്‍ എന്നിവര്‍ക്ക് യൂറോകപ്പും ചിലിയന്‍ താരങ്ങളായ വിഖ്യാത ഗോള്‍കീപ്പര്‍ ക്ലോഡിയോ ബ്രാവോ, അലക്‌സിസ് സാഞ്ചസ്, അര്‍തുറോ വിദാല്‍, ഉറുഗ്വേ സ്‌ട്രൈക്കര്‍ ലൂയിസ് സ്വാരസ് എന്നിവര്‍ക്ക് ഇത്തവണത്തെ കോപ്പ അമേരിക്കയും അവസാന രാജ്യാന്തര ടൂര്‍ണമെന്റ് ആകും. 37കാരനായ ഉറുഗ്വേ സ്‌ട്രൈക്കര്‍ എഡിന്‍സണ്‍ കവാനി കോപ്പ നുരയും മുമ്പേ കളം വിട്ടുകഴിഞ്ഞു. 2022 ലോകകപ്പ് ഗ്രൂപ്പ് സ്‌റ്റേജില്‍തന്നെ ഉറുഗ്വേ പുറത്തായശേഷം കവാനി നീലക്കുപ്പായം അണിഞ്ഞിട്ടില്ല. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലിയോ മെസി എന്നിവരുടെ അവസാന യൂറോ-കോപ്പ ടൂര്‍ണമെന്റാവുമെന്ന് ഉറപ്പാണെങ്കിലും അവസാന മേജര്‍ ടൂര്‍ണമെന്റ് ആകുമിതെന്ന് പറയാനാവില്ല. ഇരുവരും 2026 ലോകകപ്പ് കൂടി കളിച്ചശേഷമേ റിട്ടയര്‍ ചെയ്യൂ എന്നാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

 

English Summary: From Tony to Oliver: who will retire after UEFA Euro and Coppa 2024

Share on

മറ്റുവാര്‍ത്തകള്‍