‘വീ ആര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആന്‍ഡ് വീ വില്‍ നെവര്‍ ഡൈ’

എത്രയൊക്കെ ബുദ്ധിമുട്ടും കഷ്ടപ്പാടിലൂടെയും ഒക്കെ പോയാലും അവര്‍ മറക്കാന്‍ പാടില്ലാത്തതൊന്നുണ്ടായിരുന്നു, തിരിച്ചു വരവുകള്‍ ഈ ക്ലബിന് സ്വതസിദ്ധമായ കാര്യമാണ്

സര്‍ അലക്‌സ് ഫെര്‍ഗുസന്‍ ക്ലബ് വിട്ട ശേഷം വര്‍ഷങ്ങള്‍ നീണ്ടുനിന്ന ദുര്‍ഭരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് റൂബന്‍ അമോരിം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗിന്റെ ടേബിളില്‍ നില്‍ക്കുന്നത് പതിനാലാം സ്ഥാനത്ത്. ഡോക്സ്റ്റിക് കപ്പ് കോമ്പറ്റിഷനില്‍ നിന്ന് നേരത്തെ തന്നെ പുറത്തായി. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഫുള്‍ഹാമിനോട് ഏറ്റുവാങ്ങിയ തോല്‍വി കൂടി ആയപ്പോള്‍ സീസണില്‍ ആരാധകര്‍ക്ക് സമാധാനിക്കാനായി ആകെ ബാക്കിയുള്ളത് യൂറോപ്പിലെ രണ്ടാം നിര കോമ്പറ്റിഷന്‍ ആയ യുവേഫ യൂറോപ്പാ ലീഗ് മാത്രം. യുവേഫ ചാമ്പ്യന്‍സ് ലീഗ് എന്ന സ്വപ്നഭൂമിയില്‍ തിരികെ എത്താനുള്ള അവസാന കച്ചിത്തുരുമ്പ് യൂറോപ്പ ട്രോഫി നേടുക എന്നത് മാത്രം. ചാമ്പ്യന്‍സ് ലീഗ് പൊസിഷന്‍ നല്‍കുന്ന അധിക റെവന്യു, താരങ്ങളെ ആകര്‍ഷിക്കാന്‍ പോന്ന മറ്റൊരു ഘടകം എന്നിങ്ങനെ ആനുകൂല്യങ്ങള്‍ അനവധി. അമൊരിമിന്റെ കീഴില്‍ പുനര്‍നിര്‍മാണം നടത്തിവരുന്ന ക്ലബിന് ചാമ്പ്യന്‍സ് ലീഗ് മിസ് ആവുന്നത് കല്ലറയിലെ അവസാന ആണി അടിക്കുന്നതിനു തുല്യമാവും.

അങ്ങനെ ഇരിക്കെ യൂറോപ്പാ ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തിന് ഒളിമ്പിക്‌സ് ലിയോണിനെ സ്വന്തം തട്ടകത്തിലേക് വരവേല്‍ക്കുക ആയിരുന്നു യുണൈറ്റഡ്. ആദ്യ പാദത്തില്‍ തുടക്കത്തില്‍ തന്നെ ലീഡ് നേടിയെങ്കിലും ഗോള്‍ കീപ്പര്‍ ആന്‍ഡ്രേ ഓനാനയുടെ രണ്ടു ഹൈ-പ്രൊഫൈല്‍ അബദ്ധങ്ങള്‍ മൂലം അവസാന സ്‌കോര്‍ 2-2 ഇല്‍ എത്തി നിന്നു. മുന്‍ യുണൈറ്റഡ് താരവും, നിലവില്‍ ലിയോണ്‍ കിറ്റ് അണിയുന്ന നെമാഞ്ഞ മാറ്റിച് പത്രസമ്മേളനത്തില്‍ ഓനാന ആയി നടത്തിയ വാക്‌പോരും നന്നേ ശ്രദ്ധ നേടിയിരുന്നു.

ഏതു വിധേനയും ജയിച്ചേ തീരൂ എന്ന നിലയില്‍ തുടങ്ങിയ മത്സരത്തില്‍ പത്താം മിനുട്ടില്‍ തന്നെ യുണൈറ്റഡ് ഗോള്‍വല കുലുക്കുന്നു. അര്‍ജന്റീനയുടെ യുവതാരം അലഹാന്‍ഡ്രോ ഗാര്‍ണാച്ചോ നീട്ടിയ സുന്ദരമായ പന്ത് മനുവേല്‍ ഉഗാര്‍ട്ടെ ലക്ഷ്യത്തില്‍ എത്തിക്കുന്നു. മുപ്പത്തഞ്ചാം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്നും ഡിയോഗോ ടലോട് നീട്ടിയ മറ്റൊരു ലോങ്ങ് ബോള്‍ മനോഹരമായ ഒരു ഫസ്റ്റ്-ടൈം വോളി ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ട്സ് പായിച്ചപ്പോള്‍ സമയം ഒന്നു നിലച്ചു എന്നുവേണം പറയാന്‍. ലിയോണ്‍ ഗോള്‍ കീപ്പറെ കബളിപ്പിച്ചെങ്കിലും ക്രോസ്സ് ബാറില്‍ തട്ടിയകന്ന ആ ഷോട്ട് ആരാധകര്‍ക്ക് വീണ്ടും ആത്മവിശ്വാസം പകര്‍ന്നു. മത്സരത്തിന്റെ ആദ്യ പകുതിയൊടുങ്ങും മുന്നേ ഹാരി മഗ്വര്‍ നല്‍കിയ പാസില്‍ ഡിയോഗോ ടലോട് കൂടി ലക്ഷ്യം കണ്ടതോടെ 4-2 എന്ന സ്‌കോറില്‍ ഹാഫ് ടൈം വിസില്‍ മുഴങ്ങുന്നു. അര്‍ഹിച്ച വിജയത്തിലേക്ക് ടീം മുന്നേറുന്ന സമാധാനത്തില്‍ ഓള്‍ഡ് ട്രാഫോഡിലെ ചുവന്ന കടല്‍ വീണ്ടും ഹര്‍ഷാരവങ്ങള്‍ മുഴക്കി.

എന്നാല്‍ രണ്ടാം പകുതിയില്‍ പതിന്മടങ്ങു വീറോടെ പടവെട്ടിയ ലിയോണ്‍ യുണൈറ്റഡ് ആരാധകരുടെ ഹൃദയം ലക്ഷ്യമാക്കി ആദ്യ വെടി പൊട്ടിക്കുന്നു. മനോഹരമായ ഒരു ഹെഡ്‌റിലൂടെ കോറെന്റിന് ടോളിസ്സോ ലിയോണ്‍ തിരിച്ചുവരവിന്റെ ആദ്യകാഹളം മുഴക്കി. ആറു മിനുട്ടുകള്‍ക്കകം നികോല ടാഗ്‌ളിയാഫികോ കൂടെ ഗോള്‍ നേടിയപ്പോള്‍ പണ്ടെങ്ങോ കണ്ടുമറന്ന ദുസ്വപ്നത്തിന്റെ നേര്‍ത്ത ഓര്‍മകള്‍ ഓരോ യുണൈറ്റഡ് ആരാധകരുടെയും മനസിലൂടെ മിന്നി മാഞ്ഞു പോയി. കൈയില്‍ ഭദ്രമായി ഇരുന്ന മത്സരം നിമിഷങ്ങള്‍ക്കകം ലിയോണ്‍ തങ്ങളുടെ നേര്‍ക്ക് പിടിച്ചു വലിച്ചുകൊണ്ടുപോകുന്ന കാഴ്ച ആയിരുന്നു ആ രണ്ടാം പകുതിയില്‍ കണ്ടത്.

89ആം മിനുട്ടില്‍ യുണൈറ്റഡ് സെന്റര്‍ ബാക് ലെനി യോറോയെ ഫൗള്‍ ചെയ്തതിന് രണ്ടാം മഞ്ഞക്കാര്‍ഡും സെന്റോഫും നേടി ടോളിസ്സോ ഗ്രൗണ്ട് വിട്ടതൊഴിച്ചാല്‍ രണ്ടാം പകുതിയില്‍ ഇംഗ്ലീഷ് പടയ്ക്ക് ആശ്വസിക്കാന്‍ വേറൊന്നും ഉണ്ടായില്ലെന്ന് പറയുന്നത് അതിശയോക്തി ഒന്നുമാവില്ല! എക്‌സ്ട്രാ ടൈമിലേക്കു നീങ്ങിയ മത്സരത്തിന്റെ നൂറ്റിനാലാം മിനിട്ടില്‍ റയാന്‍ ചേര്‍ക്കി കൂടി ഗോള്‍ നേടിയപ്പോള്‍ ഓള്‍ഡ് ട്രാഫോഡ് അക്ഷരാര്‍ത്ഥത്തില്‍ നിലച്ചു. അനിവാര്യമായ തോല്‍വിയിലേക്ക് നീങ്ങുന്നു എന്നോര്‍ത്തിരുന്ന നേരം പെനാല്‍റ്റിയിലൂടെ വീണ്ടും യുണൈറ്റഡ് വല ലിയോണ്‍ കുലുക്കുന്നു. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 4-6. അലക്‌സാണ്ടര്‍ ലക്കസെറ്റേയും കൂട്ടരും നാലാമത്തെ ഗോളിന് ശേഷം നടത്തിയ ആഘോഷം ചില്ലറയൊന്നുമല്ല ആരാധകരെ വിഷമിപ്പിച്ചത്. തലമുറകള്‍ താണ്ടുന്ന മറ്റൊരു ആഘാതം മുന്നില്‍ക്കണ്ട വിങ്ങലില്‍ ഉരുകിത്തീരാറായി നിന്നവര്‍ക്ക് മുന്നില്‍ വീണു കിട്ടുന്നു മറ്റൊരു പെനാല്‍റ്റി. കസിമിരോയെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് വീഡിയോ അസിസ്റ്റന്റ് റെഫറിയുടെ സഹായത്തോടെ നേടിയ വിധി ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ട്സ് കൃത്യമായി നടപ്പാക്കുന്നു. 114ആം മിനുട്ടില്‍ അങ്ങനെ സ്‌കോര്‍ ലൈന്‍ 5-6.


പത്രങ്ങള്‍ നാളേക്കുള്ള തലകെട്ടുകള്‍ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. മറ്റൊരു ട്രോമ നേരിട്ട് കാണാനുള്ള മനക്കരുത്തില്ലാത്ത ആരാധകര്‍ സ്റ്റേഡിയം വിട്ടു തുടങ്ങി. ഗാലറിയില്‍ ബാക്കിയുള്ള ആരാധകരുടെ ആര്‍പ്പുവിളിയുടെ പിന്തുണയും ഒടുങ്ങാത്ത പോരാട്ടവീര്യവുമായി ലിയോണ്‍ ബോക്‌സ് അറ്റാക്ക് ചെയ്ത യുണൈറ്റഡ് കോബി മെയ്‌നുവിലോടെ അവസാന മിനുട്ടില്‍ ഗോള്‍ നേടുന്നു. ഓള്‍ഡ് ട്രാഫോഡ് നിന്നുകത്തി എന്ന് തന്നെ പറയാം. ആ ഗോളിന് ശേഷം മാഞ്ചസ്റ്ററില്‍ മുഴങ്ങികേട്ട ആരവം അത്രത്തോളമായിരുന്നു. തോല്‍വിയുറപ്പിച്ച മത്സരം തിരികെ പിടിച്ചുകൊണ്ടു ഷൂട്ട് ഔട്ടിലേക് എത്തിച്ച സമാധാനത്തിലായിരുന്നു താരങ്ങളും ആരാധകരും.

120 മിനിറ്റും തീര്‍ന്ന ശേഷം കിട്ടിയ എക്‌സ്ട്രാ ടൈമില്‍ കസിമിരോ ബോക്‌സിലേക്ക് നീട്ടിയ ക്രോസ്സ് ഹാരി മഗ്വേയറുടെ തലയിലേക്ക്. ക്രോസ്സ് തട്ടിയകറ്റാന്‍ മൂസ നിയഘട്ടെ ഉയര്‍ന്നു ചാടിയെങ്കിലും ഓള്‍ഡ് ട്രാഫോഡ് യുണൈറ്റഡ് താരങ്ങള്‍ പകര്‍ന്നേകിയ വീര്യത്തിനൊപ്പം എത്താനായില്ല. എക്‌സ്ട്രാ ടൈമില്‍ സെന്റര്‍ ബാക് റോളില്‍ നിന്നും മാറി സെന്റര്‍ ഫോര്‍വേര്‍ഡ് റോളിലേക്കു കയറിയ ഹാരി ആ പന്തിനെ ലക്ഷ്യം കാണിക്കുന്നു.

കൗരവര്‍ സിനിമയില്‍ തിലകന്‍ പറയുന്ന പോലെ.. ‘കഴിഞ്ഞിട്ടില്ല രാമാ, ഒന്നുകൂടിയുണ്ട് ബാക്കി. തായ് വേര് വരെ അറക്കും, എന്നിട്ടേ ചാകൂ’ എന്നതിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ആ അവസാന മിനുട്ടുകള്‍. ലക്കസെറ്റേ പെനാല്‍റ്റി നേടിയപ്പോള്‍ സ്‌ക്രീനില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ വാവിട്ടു കരഞ്ഞ ഒരു കുഞ്ഞിനെ ടിവി സ്‌ക്രീനില്‍ കണ്ടിരുന്നു. ഹാരിയുടെ ഗോളിന് ശേഷം അവനെ വീണ്ടും സ്‌ക്രീനില്‍ കാണിച്ചു. അച്ഛന്‍ അവനെ ഉയര്‍ത്തി ആഘോഷിക്കുന്ന മനോഹരമായ ദൃശ്യം. ഫുട്‌ബോള്‍ എന്ന മനോഹരമായ സ്പോര്‍ട് എന്തുകൊണ്ടാണ് ഇത്രയും ആരാധകരെ സൃഷ്ടിക്കുന്നതെന്ന ചോദ്യത്തിന് ഇതിലും വലിയ ഉത്തരമൊന്നും വേണ്ട.

ഈ നൂറ്റി ഇരുപത് മിനുട്ടുകള്‍ കൊണ്ട് ആരാധകരുടെ എത്രയെത്ര വികാരങ്ങളെയായിരിക്കും ഈ മത്സരം ഉത്തേജിപ്പിച്ചത്? തോറ്റുവെന്നു നിനച്ചു മുന്നേ കളംവിട്ട ആരാധകന്‍ വഴിയോരത്തെ സ്‌ക്രീനുകളില്‍ മത്സരവിധി കണ്ട ശേഷം ഒരുപക്ഷെ ഓര്‍ത്തുകാണും; ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു മത്സരരാവ് മുഴുവന്‍ കാണാതെ എന്തിന് തങ്ങള്‍ മുന്നേയിറങ്ങി എന്ന്. അവരും ചരിത്രത്തിന്റെ ഭാഗമായേനെ. വര്‍ഷങ്ങള്‍ക്കിപ്പുറം പേരക്കുട്ടികളോട് ആ രാത്രിയെപറ്റി പൊടിപ്പും തൊങ്ങലും ചേര്‍ത്ത് കഥ പറയാനുള്ള അവസരമാണ് തങ്ങള്‍ക്കു നഷ്ടമായത്. എത്രയൊക്കെ ബുദ്ധിമുട്ടും കഷ്ടപ്പാടിലൂടെയും ഒക്കെ പോയാലും അവര്‍ മറക്കാന്‍ പാടില്ലാത്തതൊന്നുണ്ടായിരുന്നു, തിരിച്ചു വരവുകള്‍ ഈ ക്ലബിന് സ്വതസിദ്ധമായ കാര്യമാണ്. ലെജന്ററി പരിശീലകന്‍ മാറ്റ് ബസ്ബിയുടെ ടീം 1958ല്‍ വിമാന അപകടത്തില്‍ പെട്ടു ടീമിന്റെ ഭൂരിഭാഗവും ജീവന്‍ വെടിഞ്ഞപ്പോഴും, 1999 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയോണ്‍ മ്യൂനിക്കിനോട് തോറ്റുവെന്ന് ഉറപ്പിച്ചുനിന്നപ്പോളുമൊക്കെ തിരിച്ചു പോരാടിക്കയറിയ ചരിത്രമാണ് യുണൈറ്റഡിനുള്ളത്. ചരിത്രത്തിലും കഥകളിലും മാത്രം കേട്ട ആ വീര്യം സ്വന്തം കണ്ണുകള്‍ക്ക് മുന്നില്‍ വീണ്ടും യുണൈറ്റഡ് പകര്‍ന്നാടിയപ്പോള്‍ ഒളിമ്പിക്‌സ് ലിയോണ്‍ താരങ്ങള്‍ ആ തീയില്‍ വെന്തുവെണ്ണീറായി.

1999 ലെ ആ രാത്രിക്ക് ശേഷം പത്രസമ്മേളനത്തില്‍ മാനേജര്‍ സര്‍ അലക്‌സ് ഫെര്‍ഗുസണ്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു;

‘ഫുട്‌ബോള്‍, ബ്ലഡി ഹെല്‍’. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ വൈകാരികതയോടെ ഉറപ്പിച്ചു പറയാം. വീ ആര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആന്‍ഡ് വീ വില്‍ നെവര്‍ ഡൈ.  Europa League; Manchester United vs Olympique Lyon Quarter final thriller 

Content Summary; Europa League; Manchester United vs Olympique Lyon Quarter final thriller

ബി ഹരികൃഷ്ണന്‍

ഫുട്‌ബോളുമായി ബന്ധപ്പെട്ട കളിയെഴുത്തില്‍ സജീവമാണ് ബി ഹരികൃഷ്ണന്‍

More Posts

ബി ഹരികൃഷ്ണന്‍: ഫുട്‌ബോളുമായി ബന്ധപ്പെട്ട കളിയെഴുത്തില്‍ സജീവമാണ് ബി ഹരികൃഷ്ണന്‍
Leave a Comment