May 20, 2025 |

റോബര്‍ട്ട് എഫ് കെന്നഡി വധം; ‘സഹോദരനെ പോലെ അവനെയും ഇല്ലാതാക്കണം’

കൊലയാളിയുടെ കുറിപ്പ് അടക്കം രേഖകള്‍ പുറത്ത്

ഡെമോക്രാറ്റിക്ക് സെനറ്ററും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന റോബര്‍ട്ട് എഫ് കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകളും പുറത്തു വന്നു. കൊലപാതകിയുടെ കൈപ്പടയില്‍ എഴുതിയ കുറിപ്പുകള്‍ ഉള്‍പ്പെടെയാണ് പരസ്യമാക്കിയിരിക്കുന്നത്. 1968ല്‍ ല്‍ നടന്ന കൊലപാതകത്തെക്കുറിച്ചുള്ള ഏകദേശം 10,000 പേജുകളുള്ള രേഖകളാണ് ട്രംപ് ഭരണകൂടം പുറത്തുവിട്ടിരിക്കുന്നത്. ആര്‍ എഫ് കെന്നഡിയുടെ കൊലപാതകിയുടെ കൈപ്പടയില്‍ എഴുതിയ കുറിപ്പില്‍ കെന്നഡിയെ ഇല്ലാതാക്കണമെന്ന് എഴുതിയിട്ടുണ്ട്. കെന്നഡിയെ കൊല്ലാന്‍ കൊലയാളിക്കുണ്ടായിരുന്ന അഭിനിവേശമാണ് ഈ വരികളില്‍ നിന്നും വ്യക്തമാകുന്നതെന്നാണ് രേഖകള്‍ പരിശോധിച്ചവര്‍ ചൂണ്ടിക്കാണിക്കുന്നത്.

2025 ജനുവരിയിൽ ഡൊണാൾഡ് ട്രംപ് രണ്ടാം ഭരണം തുടങ്ങിയ ശേഷമുള്ള ഉത്തരവ് പ്രകാരമാണ് കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടുന്നത് തുടർന്നത്. 1963ൽ നടന്ന അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ് കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള ഫയലുകളുടെ എഡിറ്റ് ചെയ്യാത്ത കോപ്പികൾ പുറത്തുവിട്ടത് മാസങ്ങൾക്ക് മുൻപാണ്, അതിന് ശേഷം ഇപ്പോൾ റോബേർട്ട് കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പുതിയ രേഖകൾ പുറത്തുവിടുകയാണ്.

ശീതയുദ്ധത്തിന്റെ കാലത്ത് മറ്റ് രാജ്യങ്ങളിലെ അമേരിക്കയുടെ രഹസ്യ പ്രവർത്തനങ്ങളെക്കുറിച്ച് ഈ രേഖകളിൽ പരാമർശിക്കപ്പെടുന്നു. ഇത് ആളുകൾക്ക് മുൻപിൽ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. എന്നാൽ റോബർട്ട് എഫ് കെന്നഡിയുടെ സഹോദരനായ ജോൺ എഫ് കെന്നഡിയെ കൊന്നതാര് എന്ന പഴയ ഗൂഡാലോചന സിദ്ധാന്തങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല.

1968 ജൂണ്‍ 5ന് ലോസ് ഏഞ്ചല്‍സിലെ അംബാസഡര്‍ ഹോട്ടലില്‍ വച്ച് കാലിഫോര്‍ണിയയിലെ പ്രസിഡന്റ് തന്റെ വിജയാഘോഷം നടത്തിയതിന് പിന്നാലെ റോബേര്‍ട്ട് കെന്നഡി വെടിയേറ്റ് മരിക്കുകയായിരുന്നു.

കെന്നഡിയുടെ കൊലപാതകിയായ സിർഹാൻ സിർഹാനെ കുറ്റക്കാരനെന്ന് തെളിയിക്കപ്പെടുകയും, ജീവിതകാലം ജയിൽ ശിക്ഷ അനുഭവിക്കാൻ വിധിക്കപ്പെടുകയും ചെയ്തു.

നാഷണൽ ആർക്കൈവ്‌സ് പുറത്തുവിട്ട ഫയലിൽ സിർഹാന്റെ കയ്യെഴുത്ത് കുറിപ്പുകളുടെ ചിത്രങ്ങളടക്കം ഉണ്ടായിരുന്നു.

ലോസ് ഏഞ്ചൽസിലെ ഐആർഎസ് (ടാക്‌സ് ഓഫീസ്) ഡയറക്ടറുടെ വിലാസത്തിൽ വന്ന ഒരു ഒഴിഞ്ഞ കവറിന്റെ പുറം ഭാഗത്ത് ”ആർഎഫ്‌കെയെ അവന്റെ സഹോദരനെ ഇല്ലാതാക്കിയത് പോലെ ഇല്ലാതാക്കണം” എന്ന് എഴുതിയിരുന്നു.

പസഡെന സിറ്റി കോളേജ് നോട്ട്ബുക്കിലെ ഒരു പേജിൽ ”ആർഎഫ്‌കെ മരിക്കണം”, ആർഎഫ്‌കെ കൊല്ലപ്പെടണം” തുടങ്ങി നിരവധി കുറിപ്പുകളാണ് സിർഹാൻ എഴുതിയത്. ”ആർഎഫ്‌കെയെ കൊല്ലുന്നു എന്നതിൽ എനിക്ക് കൂടുതൽ, കൂടുതൽ ഭ്രമം തോന്നുന്നു” 1968 മെയ് 18ന് എഴുതിയ ഒരു കുറിപ്പിൽ സിർഹാൻ എഴുതി.

അടുത്തിടെ പുറത്തിറങ്ങിയ മറ്റൊരു രേഖ പ്രകാരം നിലവിലെ പ്രസിഡന്റിനെ അധികാരത്തിൽ നിന്നും മാറ്റാൻ പുന്തണ അറിയിക്കുന്നതായി കൊലയാളി വ്യക്തമാക്കിയിരുന്നു. ആർഎഫ്‌കെയുടെ മരണ സമയത്ത് പ്രസിഡന്റ് ഡെമോക്രാറ്റ് ലിൻഡൻ ജോൺസൺ ആയിരുന്നു.

”ഇതുവരെ എന്റെ കയ്യിൽ പദ്ധതികളൊന്നുമില്ല, പക്ഷെ ഉടൻ തയ്യാറാക്കണം.” കമ്മ്യൂണിസ്റ്റ് റഷ്യയ്ക്കും ചൈനയ്ക്കും പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് സിർഹാൻ എഴുതി.

സിർഹാന്റെ പരിചയക്കാരായ സഹപാഠികൾ, അയൽക്കാർ, സഹപ്രവർത്തകർ തുടങ്ങിയ ആളുകളുമായുള്ള അഭിമുഖത്തിന്റെ കുറിപ്പുകളും പുതിയ രേഖകളിൽ കാണാൻ കഴിയും. ചിലരുടെ അഭിപ്രായത്തിൽ സിർഹാൻ സൗഹാർദപരമായി ഇടപെടുന്ന, ദയയുള്ള ഒരുവനാണ്. എന്നാൽ അവൻ ശാന്തനും ഗൗരവക്കാരനുമാണെന്നും പെട്ടെന്ന് സ്വാധീനിക്കപ്പെടുമെന്നും ശക്തമായ രാഷ്ട്രീയ വിശ്വാസമുണ്ടെന്നും ആത്മീയതയിൽ താൽപര്യമുള്ളവനായിരുന്നു എന്നെല്ലാം മറ്റുചിലർ പറയുന്നു.

1968 ഏപ്രിൽ നാലിന് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ കൊല്ലപ്പെട്ടതിന് പിന്നാലെ കെന്നഡിയെ കൊല്ലാൻ ആഗ്രഹിക്കുന്നതായി സിർഹാൻ തന്റെ മാലിന്യങ്ങൾ ശേഖരിക്കാൻ വരുന്ന ആളോട് പറഞ്ഞതായി ഫയലുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. കറുത്ത വർഗക്കാരെ കെന്നഡി സഹായിക്കുമെന്നതിനാൽ കെന്നഡിക്ക് വോട്ടു ചെയ്യാൻ സിർഹാൻ തീരുമാനിച്ചിരുന്നാതായി സഹപ്രവർത്തകൻ പറഞ്ഞു.

കെന്നഡി കൊല്ലപ്പെടുന്നതിനും ആഴ്ച്ചകൾക്ക് മുൻപ് അദ്ദേഹം മരിച്ചതായി അറിഞ്ഞ ചില വിനോദ സഞ്ചാരികളുടെ അഭിമുഖങ്ങളെക്കുറിച്ചും എഫ്ബിഐ രേഖകളിൽ പറയുന്നു. 1968ൽ ഇസ്രയേൽ സന്ദർശിച്ച ചിലർ പറഞ്ഞതനുസരിച്ച്, കെന്നഡിക്ക് വെടിയേറ്റതായി ഒരു ടൂർ ഗെയ്ഡാണ് അവരോട് പറഞ്ഞത്. മിൽവാക്കിയിൽ വച്ച് കെന്നഡിയെ കൊലപ്പെടുത്താൻ ശ്രമം നടന്നതായി അറിഞ്ഞുവെന്ന് മറ്റൊരാൾ പറഞ്ഞു. നെബ്രാസ്‌കയിൽ വച്ച് വെടിയേറ്റതായി അറിഞ്ഞുവെന്ന് ഒരു വിനോദസഞ്ചാരി വ്യക്തമാക്കി.

പൊതുജനങ്ങൾക്ക് കാണുന്നതിനായി 229 ഫയലുകളാണ് നാഷണൽ ആർക്കൈവ്‌സ് ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊലപാതകത്തെക്കുറിച്ചുള്ള ഈ ഫയലുകളിൽ ചിലത് മുൻപ് തന്നെ പങ്കുവച്ചിരുന്നു.

റിപ്പബ്ലിക്കൻ നേതാവായ ട്രംപ്, കൊലപാതകത്തിന്റെയും അന്വേഷണത്തിന്റെയും രേഖകൾ പുറത്തുവിടുന്നതിനെ പിന്തുണച്ചു, ഇത് കാര്യങ്ങൾ കൂടുതൽ സുതാര്യമാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ വർഷങ്ങളായി സർക്കാരിന്റെ രഹസ്യാന്വേഷണ ഏജൻസികളെ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു. രഹസ്യമാക്കി വച്ചിരുന്ന ഫയലുകൾ പുറത്തുവിടുന്നതിലൂടെ സിഐഎ, എഫ്ബിഐ പോലുള്ള അന്വേഷണ ഏജൻസികൾ ഇതുവരെ എന്ത് ചെയ്തുവെന്നും, ഇനി എന്ത് ചെയ്യാൻ കഴിയുമെന്നും ചോദ്യങ്ങൾ ചോദിക്കാനും, നിഗമനത്തിൽ എത്തിച്ചേരാനും പൊതുജനങ്ങളെ സഹായിക്കുമെന്ന ട്രംപ് ഭരണകൂടം കരുതുന്നു.

ജനുവരിയിൽ, റോബർട്ട് എഫ് കെന്നഡിയുടെയും മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെയും കൊലപാതകങ്ങളെക്കുറിച്ചുള്ള രേഖകൾ പുറത്തുവിടുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചിരുന്നു. രണ്ട് മാസത്തിന്റെ വ്യത്യാസത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്.

കെന്നഡിയുടെ ഘാതകൻ അപകടകാരിയല്ലെന്നും, ഇനി ഒരിക്കലും കുറ്റകൃത്യങ്ങൾ ചെയ്യില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ വർഷങ്ങളായി വാദിക്കുകയാണ്. 2021ൽ ഒരു പരോൾ ബോർഡ് അദ്ദേഹത്തെ മോചിപ്പിക്കാമെന്ന് സമ്മതിച്ചിരുന്നു, എന്നാൽ 2022ൽ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം അനുമതി നൽകാത്തതിനാൽ അദ്ദേഹം ജയിലിൽ തന്നെ തുടർന്നു. 2023ൽ കെന്നഡിയെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം മനസിലാകാത്തതിനാൽ മറ്റൊരു ബോർഡംഗം സിർഹാന്റെ മോചനം തടഞ്ഞുവച്ചു.

അന്തരിച്ച സെനറ്ററിന്റെ മകനും, ഇപ്പോൾ ട്രംപിന്റെ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് സെക്രട്ടറിയുമായ റോബർട്ട് എഫ് കെന്നഡി ജൂനിയർ ഫയലുകൾ പുറത്തുവിടാനുള്ള ട്രംപിന്റയും, ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡിന്റെയും തീരുമാനത്തെയും ധൈര്യത്തെയും പിന്തുണച്ചു.

”അമേരിക്കൻ സർക്കാരിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനുള്ള പുതിയ ചുവടുവയ്പ്പാണ് ആർഎഫ്‌കെ പേപ്പറുകൾ പുറത്തുവിട്ടത്” കെന്നഡി ജൂനിയർ തന്റെ പ്രസ്ഥാവനയിൽ വ്യക്തമാക്കി.

Content summary; Robert Kennedy assassination; Released documents include notes written in the assassin’s handwriting

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×