യൂറോപ്പിനെ ചുട്ടുപ്പൊള്ളിച്ച് അതിരൂക്ഷ ഉഷ്ണതരംഗം. പടിഞ്ഞാറന്‍ യൂറോപ്പിലെ ആകെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തോളം(മുപ്പത്തിയഞ്ചര കോടിയിലധികം) മനുഷ്യര്‍ മുപ്പത് ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള കടുത്ത ചൂടിലാണ് നിലവില്‍ ഡീവിക്കുന്നത്. ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ ഒന്‍പത് കോടിയിലധികം ജനങ്ങള്‍ 35 ഡിഗ്രി സെല്‍ഷ്യസിനും മുകളിലുള്ള അതീവ ഗുരുതരമായ കാലാവസ്ഥയാണ് നേരിടുന്നത്. ജൂണ്‍ മാസത്തില്‍ തന്നെ ഇത്രയും കൂടിയ താപനില രേഖപ്പെടുത്തുന്നത് വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രിട്ടന്‍, ഇറ്റലി, ജര്‍മ്മനി, ഓസ്ട്രിയ തുടങ്ങി പതിനാലോളം രാജ്യങ്ങളില്‍ നിലവില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
ഫ്രാന്‍സ് ഏറ്റവും ചൂടേറിയ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ മുപ്പതോളം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലെ ശരാശരി താപനില 29.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതോടെ, ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസമായി കഴിഞ്ഞ ചൊവ്വാഴ്ച മാറി. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ പിസ്സോസില്‍ താപനില 44.3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ഫ്രഞ്ച് നഗരമായ നാന്‍സിലാണ് ഇപ്പോള്‍ യൂറോപ്പില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ചൂട് (41 ഡിഗ്രി സെല്‍ഷ്യസ്) രേഖപ്പെടുത്തുന്നത്. ബോര്‍ഡോയില്‍ 39.3 ഡിഗ്രിയും പാരിസില്‍ 37 ഡിഗ്രിയുമാണ് താപനില. കടുത്ത ചൂടുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല്‍പ്പതോളം പേര്‍ മുങ്ങിമരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. ചൂടില്‍ നിന്ന് രക്ഷനേടാന്‍ തടാകങ്ങളിലും കനാലുകളിലും ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരില്ലാത്ത ജലാശയങ്ങളില്‍ നീന്തിക്കളിക്കാന്‍ ഇറങ്ങിയ കൗമാരക്കാരാണ് അപകടത്തില്‍പ്പെട്ടവരിലേറെയും. എയര്‍ കണ്ടീഷണറുകളുടെ അമിത ഉപയോഗം മൂലം പവര്‍ ഗ്രിഡുകള്‍ തകരാറിലായതിനെത്തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഒരു ലക്ഷത്തിലധികം വീടുകള്‍ ഇരുട്ടിലാവുകയും ചെയ്തു.
സ്‌പെയിനിലും സമാനമായ രീതിയില്‍ ഉഷ്ണതരംഗം നാശം വിതയ്ക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 42 ഡിഗ്രി സെല്‍ഷ്യസ് മറികടന്നു. ദക്ഷിണ സ്‌പെയിനിലെ മോണ്ടോറോയില്‍ 45.1 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ അത്‌ലാന്റിക് സമുദ്രത്തില്‍ നിന്നുള്ള തണുത്ത കാറ്റ് എത്തുന്നതോടെ സ്‌പെയിനില്‍ ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് പ്രവചനം. അതേസമയം, ബ്രിട്ടനില്‍ ജൂണ്‍ മാസത്തിലെ 142 വര്‍ഷത്തെ റെക്കോര്‍ഡ് ചൂട് ഇത്തവണ മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. ലണ്ടന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അപൂര്‍വ്വമായി മാത്രം പ്രഖ്യാപിക്കാറുള്ള ‘റെഡ് അലേര്‍ട്ട്’ (തീവ്ര ഉഷ്ണതരംഗ മുന്നറിയിപ്പ്) നിലവിലുണ്ട്. ചൂട് കാരണം പാളങ്ങള്‍ ഉരുകാനും സിഗ്‌നല്‍ സംവിധാനങ്ങള്‍ തകരാറിലാകാനും സാധ്യതയുള്ളതിനാല്‍ ലണ്ടന്‍ ഉള്‍പ്പെടെയുള്ള തെക്കന്‍ മേഖലകളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന് നാഷണല്‍ റെയില്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇറ്റലിയിലെ മിലാന്‍, ഫ്‌ലോറന്‍സ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലും ജര്‍മ്മനിയുടെ പടിഞ്ഞാറന്‍ മേഖലകളിലും താപനില 40 ഡിഗ്രിക്ക് അടുത്തേക്ക് ഉയരുകയാണ്. കടുത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ മനുഷ്യര്‍ക്കൊപ്പം തന്നെ വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തിലും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് മൃഗക്ഷേമ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തില്‍ നായ്ക്കളെയും പൂച്ചകളെയും പുറത്തു കൊണ്ടുപോകുന്ന ദിനചര്യകളില്‍ അടിയന്തിര മാറ്റം വരുത്തണമെന്ന് ആര്‍.എസ്.പി.സി.എ ആവശ്യപ്പെട്ടു. വളര്‍ത്തുമൃഗങ്ങള്‍ക്ക് കടുത്ത വ്യായാമങ്ങള്‍ നല്‍കാനോ, അവയെ വെയിലത്ത് നടത്താനോ പന്ത് കളിപ്പിക്കാനോ പാടില്ല. ചൂടുകാരണം ഇവയ്ക്ക് ‘ഹീറ്റ് സ്‌ട്രോക്ക്’ വന്ന് മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൃത്യമായ തണലും, ശുദ്ധജലവും, തണുത്ത കാറ്റും ഉറപ്പുവരുത്തണമെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം. വരും ദിവസങ്ങളില്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ ചൂട് കുറയുമെങ്കിലും, ഉഷ്ണതരംഗം കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Content Summary; 94 million people to experience temperatures above 35C today . June record heatwave triggers red alerts across France, Spain, and the UK.
This post was last modified on June 25, 2026 7:08 am
Leave a Comment