മുന്നാക്ക സംവരണം; സീറോ മലബാര്‍ സഭയ്‌ക്കെതിരെ ലത്തീന്‍ സഭ

ഇന്ത്യയിലാദ്യം കേരളത്തില്‍

സാമ്പത്തിക സംവരണത്തിനെതിരെ കത്തോലിക്കാ സഭയില്‍ ഭിന്നത രൂക്ഷമാകുന്നു. ഇഡബ്ല്യൂഎസ് സംവരണം പുനഃപരിശോധിക്കണമെന്നാണ് ലത്തീന്‍ കത്തോലിക്കാ സഭയുടെ ആവശ്യം. തങ്ങള്‍ക്ക് ലഭിക്കേണ്ട സംവരണം മുന്നാക്കക്കാര്‍ കൊണ്ടുപോകുന്നു എന്ന വിമര്‍ശനമാണ് ലത്തീന്‍ സഭ ഉന്നയിക്കുന്നത്.

സാമ്പത്തിക സംവരണത്തെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് ലത്തീന്‍ കത്തോലിക്കാ സഭ സ്വീകരിക്കുന്നത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് പകരം സാമ്പത്തിക സംവരണം കൊണ്ടുവരുന്നത് പിന്നാക്ക വിഭാഗങ്ങളെ തകര്‍ക്കുമെന്നാണ് ലത്തീന്‍ സഭയുടെ വാദം.

ഇഡബ്ല്യൂഎസ് സംവരണവും കത്തോലിക്കാ സഭയും

കത്തോലിക്ക സഭയിലെ മൂന്ന് വിഭാഗങ്ങളാണ് സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ കത്തോലിക്ക എന്നിവര്‍. ഇതില്‍ സീറോ മലബാറാണ് പ്രബല വിഭാഗം. ചങ്ങനാശേരി, പാല, കാഞ്ഞിരപ്പിള്ളി മേഖലയിലാണ് ഇവര്‍ കൂടുതലായും ഉള്ളത്. സീറോ മലങ്കര എന്നത് അംഗബലം കുറഞ്ഞ വിഭാഗമാണ്. എങ്കിലും ഇവരുടെ കീഴിലും നിരവധി കോളേജുകളും സ്‌കൂളുകളും ഉള്‍പ്പെടെയുണ്ട്. ലത്തീന്‍ വിഭാഗം പൊതുവെ സാമ്പത്തിക ശേഷി കുറഞ്ഞവരാണ്.

ഇതില്‍ സീറോ മലബാര്‍ വിഭാഗത്തിനും സീറോ മലങ്കര വിഭാഗത്തിനും ഇഡബ്ല്യൂഎസ് സംവരണം വേണമെന്ന ആവശ്യക്കാരാണ്. എന്നാല്‍ ലത്തീന്‍ കത്തോലിക്കര്‍ ഒബിസി സംവരണത്തില്‍ വരുന്നത് കൊണ്ടുതന്നെ അവര്‍ക്ക് ഇഡബ്ല്യൂഎസ് വേണ്ട എന്ന പക്ഷക്കാരാണ്. കേരളത്തില്‍ കത്തോലിക്കാ സഭയ്ക്ക് കീഴില്‍ സംവരണേതര വിഭാഗത്തില്‍ ആണ് സീറോ മലബാര്‍, മലങ്കര സഭയിലുള്ളവര്‍ ഉള്ളത്. കത്തോലിക്കാ സഭയിലെ മറ്റുള്ള വിഭാഗങ്ങളാണ് ലത്തീന്‍ കത്തോലിക്കര്‍, എസ്ഐയുസി നാടാര്‍, എസ്ഐയുസി ഇതര നാടാര്‍, ആഗ്ലോ ഇന്ത്യന്‍, ദളിത് ക്രിസ്ത്യാനികള്‍ എന്നിവര്‍. ഇതില്‍ സീറോ മലബാര്‍, മലങ്കര വിഭാഗങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാവരും ഒബിസിയിലും സംവരണ വിഭാഗത്തിലും പെടുന്നവരാണ്. അതോടൊപ്പം ഇതര കത്തോലിക്ക വിഭാഗത്തിലെ യാക്കോബായ, ഓര്‍ത്തഡോക്സ്, മര്‍ത്തോമ വിഭാഗത്തിനും സംവരണമില്ല. അതായത് സുറിയാനി ക്രിസ്ത്യാനികള്‍ എന്ന് അവകാശപ്പെടുന്നവര്‍ സംവരണമില്ലാത്തവരാണ്. അതാണ് ഇവര്‍ ഇഡബ്ല്യൂഎസ് (Economically Weaker Sections) സംവരണത്തെ അനുകൂലിക്കുന്നത്.

ഇന്ത്യയിലാദ്യം കേരളത്തില്‍

2019ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഭരണഘടനയുടെ 103-ാം ഭേദഗതിയിലൂടെയാണ് മുന്നാക്ക സംവരണം (EWS) നിലവില്‍ വന്നത്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയായിരുന്നു ഭേദഗതി. 2022 നവംബറിലായിരുന്നു സുപ്രീംകോടതി ഇക്കാര്യത്തില്‍ വിധി പ്രസ്താവിച്ചത്. എന്നാല്‍ ഉത്തരവ് നടപ്പാക്കണമോയെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞിരുന്നു.

മോദി സര്‍ക്കാര്‍ പാസാക്കിയെടുത്ത ഈ സവര്‍ണ സംവരണ പദ്ധതി ബി.ജെ.പി ഭരണം നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് മുമ്പേ തന്നെ ഇന്ത്യയിലാദ്യമായി മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത് കേരളത്തിലാണ്. അതും മെറിറ്റ് വിഭാഗത്തിലെ 50 ശതമാനത്തിന്റെ 10 ശതമാനം എന്നാണ് കോടതി പറഞ്ഞിരുന്നത്. അതായത് അഞ്ച് ശതമാനമാണ് നടപ്പില്‍ വരുത്തേണ്ടതെങ്കില്‍ കേരളം അത് 10 ശതമാനമാക്കി തന്നെ ഉയര്‍ത്തി.

പൊതുവെ സര്‍ക്കാര്‍ മുന്നാക്ക സംവരണമെന്ന തീരുമാനത്തില്‍ എത്തുന്നതിന് മുമ്പായി ആധികാരികമായി ഒരു പഠനം നടത്തുകയും അതിനായി ഒരു കമ്മീഷനെ നിയോഗിക്കുകയും വേണമായിരുന്നു. ആ പഠനത്തിന്റെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ വേണമായിരുന്നു ഇത്തരത്തില്‍ മുന്നാക്ക സംവരണം നടത്തേണ്ടിയിരുന്നത്. എന്നാല്‍ എന്ത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിലും മുന്നാക്ക സംവരണം നടപ്പിലാക്കിയത് എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. കേരളം ഉള്‍പ്പെടെ മുന്നാക്ക സംവരണം നടപ്പിലാക്കിയെങ്കിലും തമിഴ്നാട് ഇതിനെതിരാണെന്നതും ശ്രദ്ധേയമാണ്.

നിലവില്‍ പട്ടികജാതി (SC), പട്ടികവര്‍ഗം (ST), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (OBC) എന്നിവര്‍ക്കുള്ള സംവരണത്തിന് പുറമെയാണ് ഇത് നടപ്പാക്കിയിരിക്കുന്നത്. സാമ്പത്തിക മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇഡബ്ല്യൂഎസ് സംവരണത്തിന് അര്‍ഹത കണക്കാക്കുന്നത്. കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ താഴെ, കാര്‍ഷിക ഭൂമി അഞ്ച് ഏക്കറില്‍ താഴെ, 1000 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട് ഇതാണ് കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍.

പിന്നാക്കക്കാര്‍ക്ക്  തിരിച്ചടിയാകുന്ന ഇഡബ്ല്യൂഎസ്

10 ശതമാനം ഇഡബ്ല്യൂഎസ് സംവരണത്തിലൂടെ മുസ്ലീം, ഈഴവ, പിന്നോക്ക വിഭാഗങ്ങളേക്കാള്‍ സംവരണാനുകൂല്യം മുന്നാക്ക സംവരണ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് എന്ന പേരില്‍ അനുവദിക്കുന്ന ഇഡബ്ല്യൂഎസ് സംവരണത്തില്‍ ജാതിമത ഭേദമില്ലാതെ സാമ്പത്തികമായി പ്രയാസപ്പെടുന്ന എല്ലാ വിഭാഗങ്ങളെയും പരിഗണിക്കേണ്ടതാണെന്ന ആവശ്യവും ശക്തമാണ്. സംവരണ വിഭാഗങ്ങളുടെ അവകാശത്തെ കൂടിയാണ് ഇഡബ്ല്യൂഎസ് ഇല്ലാതാക്കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

നിലവിലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 27 ശതമാനം മുസ്ലിങ്ങളും 18 ശതമാനം ക്രിസ്ത്യാനികളും ഉണ്ടെന്നാണ് കണക്ക്. അവശേഷിക്കുന്ന 55 ശതമാനവും ഹിന്ദു വിഭാഗമായി കണക്കാക്കാം. അതില്‍ പട്ടിക വിഭാഗങ്ങള്‍ 10 ശതമാനമുണ്ട്. ഹിന്ദു ഒ.ബി.സി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഈഴവര്‍ 25 ശതമാനവും വിശ്വകര്‍മ്മജര്‍ 5 ശതമാനവും മറ്റു പിന്നാക്ക ഹിന്ദുക്കള്‍ 10 ശതമാനവും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനസംഖ്യയില്‍ 13 ശതമാനം ഉണ്ടെന്നവകാശപ്പെടുന്ന നായര്‍ സമുദായത്തിലെ ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട വിളക്കിത്തല നായര്‍, വെളുത്തേടത്ത് നായര്‍, ആന്തൂര്‍ നായര്‍, ആന്ധ്ര നായര്‍, ചക്കാല നായര്‍, വിവിധ ചെട്ടിപിള്ള വിഭാഗങ്ങള്‍, വണിക വൈശ്യര്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. ബാക്കി 5 ശതമാനത്തോളം മാത്രമാണ് നായര്‍ സമുദായത്തിലെ മുന്നാക്കക്കാര്‍ വരിക.

സംസ്ഥാനത്തെ ജനസംഖ്യയുടെ 18 ശതമാനത്തോളം മാത്രം വരുന്ന സവര്‍ണ സമുദായങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതോടെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ജോലിയും പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ പ്രവേശനവുമാണ് നഷ്ടമായതെന്നാണ് ആരോപണം.

സാമ്പത്തിക ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ഇഡബ്ല്യൂഎസ് സംവരണത്തിനെതിരേയുള്ള കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സംവരണ വിഷയം വീണ്ടും സഭയ്ക്കകത്തും ചര്‍ച്ചയാകാന്‍ കാരണം. EWS reservation; Latin church against the syro-malabar church

Content Summary: EWS reservation; Latin church against the syro-malabar church

This post was last modified on August 30, 2025 12:14 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment