June 04, 2026 |
Share on

ഇന്ത്യയില്‍ ഉള്‍പ്പെടെ 89 കുട്ടികളെ പീഡിപ്പിച്ചു; മുന്‍ അധ്യപകനെതിരേ സാക്ഷികളും തെളിവുകളും തേടി ഫ്രഞ്ച് പൊലീസ്‌

1960-കള്‍ മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഒമ്പതോളം രാജ്യങ്ങളില്‍ ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ട്, കൂടാതെ രണ്ട് കൊലപാതകങ്ങളും

അഞ്ച് ഭൂഖണ്ഡങ്ങളിലായി പതിറ്റാണ്ടുകളോളം നീണ്ടുനിന്ന ക്രൂരമായ ബാലപീഡന പരമ്പരയിലെ പ്രതിയായ 79 വയസ്സുകാരനെതിരെ ഫ്രഞ്ച് പോലീസ് അന്താരാഷ്ട്ര തലത്തില്‍ ഇരകളെയും സാക്ഷികളെയും തേടുന്നു. 1960-കള്‍ മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഇന്ത്യയടക്കം ഒമ്പതോളം രാജ്യങ്ങളില്‍ വെച്ച് 89 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ജാക്വസ് ലെവ്യുഗ്ള്‍ എന്ന മുന്‍ അധ്യാപകനെതിരെയുള്ള കുറ്റം. കൂടാതെ സ്വന്തം അമ്മയെയും അമ്മായിയെയും തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായും ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

അഞ്ച് പതിറ്റാണ്ടിലെ ക്രൂരതകള്‍

ഫ്രഞ്ച് നഗരമായ ആനെസിയില്‍ ജനിച്ച ലെവ്യുഗ്ള്‍, ഔദ്യോഗികമായി അധ്യാപക യോഗ്യതകളില്ലാതിരുന്നിട്ടും വിവിധ രാജ്യങ്ങളില്‍ ട്യൂട്ടറായും കായിക പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, മൊറോക്കോ, നൈജര്‍, അള്‍ജീരിയ, ഫിലിപ്പീന്‍സ്, ഇന്ത്യ, കൊളംബിയ എന്നിവിടങ്ങളിലും ഫ്രഞ്ച് അധീനതയിലുള്ള ന്യൂ കാലിഡോണിയയിലുമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. സംസ്‌കാരസമ്പന്നനും ആകര്‍ഷകമായ വ്യക്തിത്വത്തിനുടമയുമായി അഭിനയിച്ച് കുട്ടികളെ സ്വാധീനിച്ചായിരുന്നു ഇയാള്‍ പീഡനങ്ങള്‍ നടത്തിയിരുന്നതെന്ന് ഗ്രെനോബിള്‍ പ്രോസിക്യൂട്ടര്‍ എറ്റിയെന്‍ മാന്റോക്‌സ് പറഞ്ഞു.

13-നും 17-നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ് ഇയാളുടെ ഇരകളിലേറെയും. സ്‌പോര്‍ട്‌സ് ക്യാമ്പുകളിലും അനാഥാലയങ്ങളിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. കൊളംബിയയിലെ ബൊഗോട്ടയിലുള്ള ഒരു ചില്‍ഡ്രന്‍സ് ഹോമിലും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. 2024 ഫെബ്രുവരിയില്‍ ഫ്രാന്‍സില്‍ വെച്ച് പിടിയിലായ ഇയാള്‍ 2025 ഏപ്രില്‍ മുതല്‍ വിചാരണയ്ക്ക് മുന്നോടിയായി തടവിലാണ്.

കുറ്റസമ്മതം ഡിജിറ്റല്‍ ഡയറിയില്‍

പ്രതിയുടെ പക്കല്‍ നിന്ന് കണ്ടെടുത്ത യുഎസ്ബി ഡ്രൈവിലെ ഡിജിറ്റല്‍ ഓര്‍മകള്‍ ആണ് കേസില്‍ നിര്‍ണായകമായത്. തന്റെ ചെയ്തികളെക്കുറിച്ച് 15 വാല്യങ്ങളിലായി ലെവ്യുഗ്ള്‍ എഴുതിവെച്ചിരുന്നു. ഇത് പ്രതിയുടെ അനന്തരവന്‍ കണ്ടെത്തുകയും അധികൃതര്‍ക്ക് കൈമാറുകയും ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഈ കുറിപ്പുകളില്‍ നിന്നാണ് 89 ഓളം ഇരകളെ പോലീസ് തിരിച്ചറിഞ്ഞത്. ഇനിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരകളുണ്ടാകാമെന്ന നിഗമനത്തിലാണ് ഫ്രഞ്ച് പോലീസ് വിവിധ ഭാഷകളില്‍ ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ഇരട്ടക്കൊലപാതകം

കുട്ടികളെ പീഡിപ്പിച്ചതിന് പുറമെ രണ്ട് കൊലപാതകങ്ങളും താന്‍ നടത്തിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. 1970-കളില്‍ അര്‍ബുദബാധിതയായിരുന്ന തന്റെ അമ്മയെയും 1990-കളില്‍ 92 വയസ്സുകാരിയായ അമ്മായിയെയും ഉറക്കത്തില്‍ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു എന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്. താന്‍ ഈ അവസ്ഥയിലായാല്‍ മറ്റൊരാള്‍ തനിക്കും ഇതേപോലെ ചെയ്തുതരണം എന്ന ആഗ്രഹത്തിലാണ് ഇത് ചെയ്തതെന്നാണ് ഇയാളുടെ വിചിത്രമായ വാദം.

അന്താരാഷ്ട്ര സഹായം തേടി പോലീസ്

2026-ല്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷാ നടപടികളിലേക്ക് കടക്കേണ്ടതിനാല്‍, ഇയാളുടെ ക്രൂരതയ്ക്ക് ഇരയായവരോ സാക്ഷികളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഫ്രഞ്ച് പോലീസിനെ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഇയാളുടെ വിവിധ പ്രായത്തിലുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോലീസ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഫ്രഞ്ച് വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ ബാലപീഡന കേസിലെ പ്രതിയായ ജോയല്‍ ലെ സ്‌കൗര്‍നെക്കിന്റെ കേസിന് സമാനമായ രീതിയിലാണ് ഈ കേസിനെയും അധികൃതര്‍ കാണുന്നത്.

Content Summary; Ex-teacher accused for raping 89 children, French police makes international appeal for victims and witnesses

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×