2023 ജൂണ്‍ മാസം ഗുജറാത്തിലെ ജാംനഗറില്‍ 41 വയസ്സ് മാത്രമുള്ള ഡോ. ഗൗരവ് ഗാന്ധി തികച്ചും ആകസ്മികമായി മരണമടഞ്ഞത് ഇന്നും ഞെട്ടലോടെ വൈദ്യസമൂഹം ഓര്‍മ്മിക്കുന്നു. ദിവസേന 14 മണിക്കൂറോളം ജോലി ചെയ്യുന്ന ഏറെ തിരക്കുള്ള കാര്‍ഡിയോളജിസ്റ്റ് 16,000-ഓളം ആന്‍ജിയോപ്ലാസ്റ്റികള്‍ ചുരുങ്ങിയ കാലംകൊണ്ട് ചെയ്തു തീര്‍ത്തു. തിരക്കേറിയ ഒരു ദിവസത്തെ ജോലിക്കുശേഷം അര്‍ദ്ധരാത്രിയില്‍ പെട്ടെന്ന് നെഞ്ചിന് അസ്വാസ്ഥ്യം ഉണ്ടാവുന്നു, തുടര്‍ന്ന് ആശുപത്രിയില്‍ പോയെടുത്ത ഇ.സി.ജി.യില്‍ വ്യതിയാനങ്ങള്‍ ഒന്നും കണ്ടില്ല. തിരിച്ചു വീട്ടില്‍ വന്ന് കിടന്നുറങ്ങിയ ഡോക്ടര്‍ രാവിലെ ഉറക്കമുണര്‍ന്നില്ല; ഭാര്യ തട്ടി വിളിച്ചപ്പോള്‍ ചലനമറ്റ് കിടക്കുന്നു.
വിശ്രമമില്ലാതെ ഒടുങ്ങാത്ത സ്‌ട്രെസ്സുമായി ജോലി ചെയ്യുന്ന പല ചെറുപ്പക്കാരും പെട്ടെന്ന് മരണപ്പെടുന്നതായി വാര്‍ത്തകള്‍ വരുന്നു. ഗൗരവ് ഗാന്ധിക്ക് അമിതരക്തസമ്മര്‍ദ്ദമോ പ്രമേഹമോ വര്‍ദ്ധിച്ച കൊളസ്റ്ററോളോ മദ്യപാനമോ ഒന്നും ഇല്ലായിരുന്നു. പറയത്തക്ക ആപത്ഘടകങ്ങളൊന്നുമില്ലാതിരുന്ന ഡോക്ടര്‍ക്ക് ഒന്നുമാത്രമുണ്ടായിരുന്നു; ഒടുങ്ങാത്ത സ്‌ട്രെസ്സും അമിതാദ്ധ്വാനവും.
26 വയസ്സ് മാത്രമുള്ള എറണാകുളം സ്വദേശിനി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ പൂനയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ച സംഭവം ആദ്യം ഒരു വാര്‍ത്തയേയായില്ല. 2024 ജൂലൈ 21-ന് ആകസ്മികമായി മരണമടഞ്ഞ ആ ചെറുപ്പക്കാരിയുടെ വിയോഗത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ പൊതുസമൂഹം അറിയുന്നത് അമ്മയുടെ വെളിപ്പെടുത്തലുകളിലൂടെയാണ്. പൂനയിലെ സ്വകാര്യ കമ്പനിയില്‍ ദിവസേന 18 മണിക്കൂറോളം വിശ്രമവും ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്ത് ഒടുങ്ങാത്ത സ്‌ട്രെസ്സോടെ പലപ്രാവശ്യം ആശുപത്രിയില്‍ നെഞ്ചുവേദനയ്ക്കുള്ള ചികിത്സയ്ക്കായി എത്തി. അപ്പോള്‍ എടുത്ത ഇ.സി.ജി.കളെല്ലാം നോര്‍മല്‍. അവസാനം, അമിത ജോലിഭാരവും പോഷകാഹാരക്കുറവും വിട്ടുമാറാത്ത മനോസംഘര്‍ഷവും അതിരുവിട്ടപ്പോള്‍ ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണു മരിച്ചു.

ഹൃദയാരോഗ്യത്തിന് ഭീഷണിയാകുന്ന ഏറ്റവും പുതിയ വില്ലനായി മാറുകയാണ് ‘അമിതാദ്ധ്വാനത്തിലൂടെ മരണം’ എന്നര്‍ത്ഥം വരുന്ന ‘കരോഷിസിന്‍ഡ്രോം.’ ജപ്പാനില്‍ ആഴ്ചയില്‍ 40 മണിക്കൂറിനു പകരം 55 മണിക്കൂറിലധികം കഠിനാദ്ധ്വാനം ചെയ്തവരിലാണ് ‘കരോഷി സിന്‍ഡ്രോം’ എന്ന പ്രതിഭാസം പ്രകടമായത്. ഇക്കൂട്ടരില്‍ ഹൃദയസ്തംഭനമുണ്ടാകാനുള്ള സാധ്യത 13 ശതമാനവും സ്‌ട്രോക്കുണ്ടാകാനുള്ള സാധ്യത 33 ശതമാനവും വര്‍ദ്ധിച്ചു കണ്ടു. ഉറക്കക്കുറവ് അതിരുകടന്നവരില്‍ മാരകമായ ഹൃദയസ്പന്ദന വൈകല്യങ്ങള്‍ (വെന്‍ട്രിക്കുലര്‍ റ്റാഹികാര്‍ഡിയ, ഫിബ്രിലേഷന്‍) കൂടുതലായി കണ്ടു. ഇതിന്റെ പ്രത്യാഘാതം തല്‍ക്ഷണ മരണമാണ്. ഉറക്കമിളച്ച് ദീര്‍ഘനേരം ജോലി ചെയ്യുന്നവരില്‍ കാണുന്ന ഹൃദയഘടനാവ്യതിയാനമാണ് മയോകാര്‍ഡിയല്‍ ഫൈബ്രോസിസ്, അത് താളം തെറ്റിയ ഹൃദയമിടിപ്പിലേക്കും ഹൃദയ പരാജയത്തിലേക്കും നയിക്കുന്നു. ‘കരോഷി സിന്‍ഡ്രോം’ കലശലാകുമ്പോള്‍ ആത്മഹത്യാപ്രവണതയും കൂടുന്നു.
കരോഷി സിന്‍ഡ്രോമിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി ജപ്പാനില്‍ നിന്നുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് 1969-ലാണ്. ഇന്നിത് ലോകമെമ്പാടുമുള്ള ഒരു സാധാരണ പ്രതിഭാസമായി മാറിക്കഴിഞ്ഞു.
മരണത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നതിന് മുന്നോടിയായി പല രോഗാതുരതകളാണ് ഒരു വ്യക്തിക്കുണ്ടാകുന്നത്.
ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സക്കായി എത്തുന്നവരില്‍ ഏതാണ്ട് 25 ശതമാനം പേര്‍ക്കും പ്രധാന ലക്ഷണം നെഞ്ചിലെ അസ്വാസ്ഥ്യമാണ്. ഇക്കൂട്ടരില്‍ 15-25 ശതമാനം പേര്‍ക്ക് മാത്രമാണ് ഹൃദയാഘാതമെന്ന് രോഗനിര്‍ണ്ണയം ചെയ്യപ്പെടുന്നത്. പെട്ടെന്ന് ചെയ്യേണ്ട പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി, ലൈറ്റിക് തെറാപ്പി തുടങ്ങിയവകള്‍ക്കായി ഇവര്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്നു. ബാക്കിയുള്ള ഏതാണ്ട് 75 ശതമാനം പേര്‍ക്ക് ഹാര്‍ട്ടറ്റാക്കിന്റേതല്ലാത്ത മറ്റിതര അസ്വാസ്ഥ്യങ്ങളാണെന്നോര്‍ക്കണം. മനുഷ്യശരീരം അനുഭവിക്കുന്നതില്‍വച്ച് ഏറ്റവും കഠിനമായ വേദന ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോഴാണെന്ന് പറയാം. എന്നാല്‍ കൊറോണറി ധമനിയിലെ ബ്ലോക്കിനെത്തുടര്‍ന്നുണ്ടാകുന്ന ഹാര്‍ട്ടറ്റാക്ക് സംഭവിക്കാതെയും ഹൃദയത്തിലെ മറ്റു ഘടനകളെ ബാധിക്കുന്ന വീക്കം മൂലവും നെഞ്ചിലസ്വാസ്ഥ്യമുണ്ടാകാം. ഇവ കഠിനമായ നെഞ്ചുവേദനയുണ്ടാക്കാം. അതുകൊണ്ടുതന്നെ രോഗനിര്‍ണ്ണയം ദ്രുതഗതിയിലാക്കി ചികിത്സ വൈകാതെ തുടങ്ങണം.
പെരികാര്‍ഡൈറ്റിസ് : നാനാവിധത്തിലുള്ള വൈറസ്, ബാക്റ്റീരിയ അണുബാധകള്‍, റേഡിയേഷന്‍ തെറാപ്പി, നെഞ്ചിലേല്‍ക്കുന്ന പരിക്ക്, അര്‍ബുദം തുടങ്ങിയവമൂലം ഹൃദയത്തെ ആവരണം ചെയ്യുന്ന പെരികാര്‍ഡിയല്‍ സഞ്ചിക്ക് വീക്കവും അപചയവും സംഭവിച്ച് കലശലായ വേദനയുണ്ടാകുന്നു. ശരീരമനങ്ങുമ്പോഴും ശ്വാസം നീട്ടി വലിക്കുമ്പോഴും വേദന കൂടുന്നു. ഇതിന്റെ ചികിത്സയ്ക്ക് വിശ്രമവും വേദന സംഹാരികളും മതിയാകും. ഇ.സി.ജി.യില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതുകൊണ്ട് പെരികാര്‍ഡൈറ്റിസ് ചിലപ്പോള്‍ ഹാര്‍ട്ടറ്റാക്കെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.
അയോര്‍ട്ടിക് ഡൈസെക്ഷന്‍ : അമിതരക്തസമ്മര്‍ദ്ദം, ധമനിയിലെ ജരിതാവസ്ഥ, അന്യൂറിസം, വാര്‍ദ്ധക്യം തുടങ്ങിയ കാരണങ്ങളാല്‍ അപചയം അധികരിക്കുമ്പോള്‍ മഹാധമനിയുടെ ഭിത്തിയില്‍ വിള്ളലുണ്ടാകുന്നു. ചിലയവസരങ്ങളില്‍ ഈ പ്രതിഭാസം ഹാര്‍ട്ടറ്റാക്കിനേക്കാള്‍ ഗുരുതരമായ നെഞ്ചുവേദനയുളവാകാം. ഉടനടി ശസ്ത്രക്രിയ ചെയ്യേണ്ടിവരും.
ബ്രോക്കന്‍ ഹാര്‍ട്ട് സിന്‍ഡ്രോം : അടങ്ങാത്ത സ്‌ട്രെസ്സും, സ്‌ട്രെസ് ഹോര്‍മോണുകളുടെ തിരയിളക്കവും ഉണ്ടാക്കുന്ന അപൂര്‍വ്വ പ്രതിഭാസമാണ് ‘തക്കോസുബോ കാര്‍ഡിയോമയോപ്പതി’ അഥവാ ‘ബ്രോക്കന്‍ ഹാര്‍ട്ട് സിന്‍ഡ്രോം’. ഇടത്തെ കീഴറയുടെ ഭിത്തികള്‍ വിങ്ങുകയും കീഴറ ക്രമാതീതമായി വലുതാകുകയും പമ്പിങ്ങ് അവതാളത്തിലാകുകയും ചെയ്യുന്നു. ഇത് നെഞ്ചുവേദനയും, ശ്വാസംമുട്ടലുമുണ്ടാക്കാം. സമുചിതമായ ചികിത്സയും വിശ്രമവും കൊണ്ട് ഈ അവസ്ഥ ഏതാനും ആഴ്ചകള്‍കൊണ്ട് സാധാരണ നിലയിലാക്കാം.
ഇനി ഹൃദയഘടനയുമായി ബന്ധപ്പെടാതെ നെഞ്ചിന്‍കൂടിനുള്ളിലെയും വയറ്റിലെയും വിവിധ രോഗാവസ്ഥകള്‍മൂലം നെഞ്ചുവേദന അനുഭവപ്പെടാം. ഇവ കലശലായി നെഞ്ചിലസ്വാസ്ഥ്യം ഉണ്ടാക്കുകയും ഹാര്‍ട്ടറ്റാക്കെന്ന് തെറ്റിദ്ധരിച്ച് വൈദ്യസഹായം തേടുകയും ചെയ്യാം. അത്യാഹിത വിഭാഗത്തില്‍ എത്തിച്ചേരുന്ന ഏതാണ്ട് 50-75 ശതമാനംപേരും ഇത്തരത്തില്‍ അസ്വാസ്ഥ്യമനുഭവപ്പെടുന്നവരാണ്.

ആമാശയത്തിലെ അസിഡിറ്റിയും റിഫ്‌ളെക്‌സ് രോഗവും : അമ്ലാംശം അധികരിക്കുന്നതിനെ തുടര്‍ന്ന് അന്നനാളത്തിന്റെയും ആമാശയത്തിന്റെയും ഉള്‍ഭിത്തിയിലുണ്ടാകുന്ന വീക്കവും വ്രണങ്ങളും ദുസ്സഹമായ നെഞ്ചെരിച്ചിലുണ്ടാക്കുന്നു. അപഥ്യമായ ഭക്ഷണശൈലി മൂലം ആമാശയാന്ത്രങ്ങളിലെ അസിഡിറ്റി പലപ്പോഴും വര്‍ദ്ധിക്കുമ്പോള്‍ അത് അന്നനാളത്തിലേക്കും പടരാറുണ്ട്. ഈ സാഹചര്യത്തില്‍ നെഞ്ചെരിച്ചിലും ഗ്യാസ്ട്രബിളും അനുഭവപ്പെടുന്നു. ആമാശയത്തിലെ അമ്ലരസം അന്നനാളത്തിലേക്ക് പതിവായി തിരിഞ്ഞൊഴുകുന്ന അവസ്ഥയെ ‘ഗേര്‍ഡ്’ അഥവാ ‘ഗാസ്‌ട്രോ ഈസോഫാജിയല്‍ റിഫ്‌ളെക്‌സ് ഡിസീസ്’ എന്നു വിളിക്കുന്നു. എമര്‍ജന്‍സി വിഭാഗത്തില്‍ വരുന്ന 20-60 ശതമാനംവരെ പേര്‍ക്ക് ഇത്തരത്തില്‍ കലശലായ നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നുവെന്ന് പരാതിപ്പെടുന്നതായി പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു.
കോസ്റ്റോകോണ്‍ഡ്രൈറ്റിസും ഫൈബ്രോമയാല്‍ജിയയും : നെഞ്ചിന്‍ കൂടിലെ വാരിയെല്ലുകള്‍ക്ക് വീക്കവും നീരുമൊക്കെയുണ്ടാകുന്ന അവസ്ഥയാണ് കോസ്റ്റോകോണ്‍ഡ്രൈറ്റിസ്. ഇതിനെ ‘ടീറ്റ്‌സേ സിന്‍ഡ്രോ’മെന്നും വിളിക്കുന്നു. ഇത്തരം അവസ്ഥയില്‍ വാരിയെല്ലുകളുടെ സന്ധികളില്‍ സ്പര്‍ശിക്കുമ്പോള്‍ വേദനയനുഭവപ്പെടുന്നു. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന ഏതാണ്ട് 40 ശതമാനം രോഗികള്‍ക്കും ഇത്തരത്തില്‍ കലശലായ നെഞ്ചുവേദയനുഭവപ്പെടാറുണ്ട് എന്ന് തെളിയുന്നു. കഠിനാദ്ധ്വാനം, നെഞ്ചിലെ അണുബാധ, നെഞ്ചിന്‍കൂടിനേല്‍ക്കുന്ന ക്ഷതം ഇവയെല്ലാം അസ്ഥികള്‍ക്കും പേശികള്‍ക്കും വീക്കമുണ്ടാക്കി ശക്തമായ നെഞ്ചുവേദനയുണ്ടാകാന്‍ കാരണമാകുന്നു.
നെഞ്ചിലെ മാംസപേശികള്‍ക്കുണ്ടാകുന്ന വലിച്ചിലും കട്ടുകഴപ്പും ഒക്കെയാണ് ഫൈബ്രോമയാല്‍ജിയ. ഇത് ദീര്‍ഘനാള്‍ തുടരാം. സ്ഥിരമായ വ്യായാമവും ഔഷധസേവയുമൊക്കെ ഇതിന്റെ കാഠിന്യം കുറയ്ക്കാം. ജനിതകമായ പല കാരണങ്ങളും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു.
ശ്വാസകോശസംബന്ധമായ രോഗാവസ്ഥകള്‍ : ഹൃദയത്തെ പൊതിഞ്ഞ് നെഞ്ചിന്റെ ഇരുവശങ്ങളിലും സ്ഥിതി ചെയ്യുന്ന ശ്വാസകോശങ്ങള്‍ക്കുണ്ടാകുന്ന രോഗാവസ്ഥകള്‍ വിവിധ കാഠിന്യത്തിലുള്ള നെഞ്ചുവേദനയുണ്ടാക്കുന്നു. ന്യുമോണിയ, പ്ലൂറസ്സി, പള്‍മനറി എംബോളിസം ഇവയെല്ലാം അതില്‍ പ്രധാനികള്‍ തന്നെ. ശ്വാസകോശങ്ങള്‍ക്കുണ്ടാകുന്ന അണുബാധയും വീക്കവുമാണ് ന്യൂമോണിയ. അതേത്തുടര്‍ന്ന് ശ്വാസകോശങ്ങളെ ആവരണം ചെയ്തിരിക്കുന്ന പ്ലൂറല്‍ പാളികള്‍ക്ക് ബാധിക്കുന്ന വീക്കം ദുഃസ്സഹമായ വേദനയ്ക്ക് കാരണമാകുന്നു. ഇതിനെ ‘പ്ലൂറസി’ എന്നു വിളിക്കുന്നു. ശ്വാസം വലിക്കുമ്പോള്‍ രോഗിക്ക് കഠിനമായ നെഞ്ചുവേദനയുണ്ടാകുന്നു. വിശ്രമവും ആന്റിബയോട്ടിക്കുകളും വേദനസംഹാരികളുമാണ് ചികിത്സ. കാലുകളിലെ സിരകളില്‍ നിന്നെത്തുന്ന രക്തക്കട്ടകള്‍ ഒഴുകിയെത്തി ശ്വാസകോശങ്ങളിലെ ധമനികളില്‍ ബ്ലോക്കുണ്ടാക്കുന്ന പ്രതിഭാസമാണ് ‘പള്‍മനറി എംബോളിസം.’ ഉടനടി രോഗനിര്‍ണ്ണയം ചെയ്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം സംഭവിക്കാം. കലശലായ ശ്വാസതടസ്സവും നെഞ്ചുവേദനയും തളര്‍ച്ചയുമാണ് ലക്ഷണങ്ങള്‍.
പാനിക്ക് അറ്റാക്ക് : അത്യാഹിത വിഭാഗത്തില്‍ ഹൃദയേതര നെഞ്ചുവേദനയുമായി എത്തുന്ന 34.5 ശതമാനം പേര്‍ക്കും പാനിക് അറ്റാക് രോഗനിര്‍ണ്ണയം ചെയ്യപ്പെടാറുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മറ്റൊരു പഠനത്തില്‍, നെഞ്ചിടിപ്പും നെഞ്ചുവേദനയും ശ്വാസതടസ്സവും തളര്‍ച്ചയുമായി വരുന്ന രോഗികളില്‍ 23.5 ശതമാനം പേര്‍ക്കും പാനിക്ക് അറ്റാക്ക് ഉള്ളതായി തെളിഞ്ഞു. ‘എനിക്ക് ഹാര്‍ട്ടറ്റാക്ക് ഉണ്ട്’ എന്നുപറഞ്ഞ് അത്യാഹിത വിഭാഗത്തില്‍ എത്തുന്ന 57 ശതമാനം പേര്‍ക്കും പാനിക് അറ്റാക്കാണ് എന്ന് പഠനങ്ങള്‍ തെളിയിച്ചു. ഇക്കൂട്ടരില്‍ നടത്തിയ ആന്‍ജിയോഗ്രാഫിയില്‍ കാര്യമായ ബ്ലോക്കുകള്‍ ഇല്ല എന്ന് തെളിഞ്ഞു. മറ്റൊരു പഠനത്തില്‍ പാനിക് അറ്റാക്ക് എന്ന് രോഗനിര്‍ണ്ണയം ചെയ്ത 50 ശതമാനം പേര്‍ പലതവണകളില്‍ നെഞ്ചുവേദനയുമായി ചികിത്സക്കായി ആശുപത്രിയിലെത്തി. പാനിക് അറ്റാക്ക് രോഗാവസ്ഥയുമായി പല അവ്യക്ത രോഗലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന 95 ശതമാനം രോഗികള്‍ക്കും കൃത്യമായി രോഗനിര്‍ണ്ണയം ചെയ്യപ്പെടാതെ മറ്റുപല രോഗങ്ങള്‍ക്കുമുള്ള ചികിത്സ നല്‍കപ്പെടാറുണ്ടെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
അപ്പോള്‍ ഒരു ഡോക്ടര്‍ക്ക് ഏറ്റവും തലവേദനയുണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ് പാനിക്ക് അറ്റാക്കും സൈക്കോജെനിക് നെഞ്ചുവേദനയും. തുടര്‍ച്ചയായുണ്ടാകുന്ന മനോസംഘര്‍ഷം ശാരീരിക രോഗങ്ങളായി മാറുന്ന പ്രതിഭാസമാണ് സൈക്കോജെനിക് രോഗാവസ്ഥ. മനസ്സിനെ തകിടം മറിക്കുന്ന ദൈനംദിന ജീവിതത്തിലെ ആഘാതങ്ങള്‍ മൂലം ഭയവും ഉത്ക്കണ്ഠയും വിഷാദാവസ്ഥയും കുമിഞ്ഞുകൂടി ശരീരത്തില്‍ വിവിധതരം രോഗാവസ്ഥകളുണ്ടാകുന്നു. സാധാരണയെടുക്കുന്ന പരിശോധനകള്‍കൊണ്ട് ഈ പ്രതിഭാസത്തെ രോഗനിര്‍ണ്ണയം ചെയ്യാന്‍ സാധിക്കില്ല. രോഗിയുടെ ദുര്‍ഗ്രഹമായ രോഗവിവരണവും നിസഹകരണ മനോഭാവവും രോഗനിര്‍ണ്ണയം ദുഷ്‌ക്കരമാക്കുന്നു.
കൃത്യമായി രോഗവിവരമെടുക്കുക, ആപത്ഘടകങ്ങളുടെ അതിപ്രസരം, ഇതര ഉദ്ദീപനഘടകങ്ങള്‍, ഇ.സി.ജി., എക്കോകാര്‍ഡിയോഗ്രാം, ട്രെഡ്മില്‍ ടെസ്റ്റ്, ഹോള്‍ട്ടര്‍ മോനിട്ടറിങ്ങ്, രക്തപരിശോധന (പ്രത്യേകിച്ച് ട്രൊപൊണിന്റെ അളവ്), ചെസ്റ്റ് എക്‌സറേ, സി.റ്റി., ആന്‍ജിയോഗ്രാഫി, കൊറോണറി ആന്‍ജിയോഗ്രാഫി ഇവയെല്ലാം ആവശ്യാനുസൃതം നെഞ്ചുവേദനയുമായി എത്തുന്ന ഒരുവന്റെ രോഗനിര്‍ണ്ണയത്തിനായി പ്രയോജനപ്പെടുത്താം. നെഞ്ചുവേദനയുള്ള രോഗികളില്‍ ചിലപ്പോള്‍ ആദ്യമെടുക്കുന്ന ഇ.സി.ജി.യും ട്രോപോണിനും സാധാരണ നിലയിലായിരിക്കാം. അപ്പോള്‍ ഇവ ആവര്‍ത്തിക്കേണ്ടതായി വരും. ഇനി പരിശോധനകള്‍ രോഗാവസ്ഥയെപ്പറ്റി വേണ്ടത്ര അറിവ് നല്‍കാതിരിക്കുകയും രോഗിക്ക് നെഞ്ചിലസ്വാസ്ഥ്യം തുടരുകയും ചെയ്താല്‍ തീര്‍ച്ചയായും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തുടര്‍പരിചരണങ്ങള്‍ സംവിധാനം ചെയ്യണം. ഹൃദയേതര നെഞ്ചുവേദനയെന്ന് സംശയിച്ചാല്‍ അതുമായി ബന്ധപ്പെട്ട സ്‌പെഷ്യലിസ്റ്റുകളെ ഉള്‍പ്പെടുത്തി രോഗനിര്‍ണ്ണയവും ചികിത്സയും സമഗ്രമാക്കണം.
Content Summary: Excessive stress can trigger heart failure in young people