ആ സംഭവം അരുണിമയുടെ കണ്ണില്‍ ഇപ്പോഴും ഭീതി പടര്‍ത്തുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പാണ്. അതിജീവനത്തിനായി ലൈംഗികവൃത്തി തിരഞ്ഞെടുക്കേണ്ടി വന്ന ഒരു ട്രാന്‍സ് വുമണ്‍ ആണ് അരുണിമ. കേരളത്തിലെ എല്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ലൈംഗികത്തൊഴിലാളികളും അനുഭവിച്ച് കൊണ്ടിരിക്കുന്ന ക്രൂരത അരുണിമയും നേരിട്ടത് ആ രാത്രിയിലായിരുന്നു.
കസ്റ്റമര്‍ക്കൊപ്പം പോയ സുഹൃത്തിന്റെ നിലവിളി കേട്ടാണ് അരുണിമ ഓടി ചെല്ലുന്നത്. തന്റെ സുഹൃത്തിനെ കുറച്ചാളുകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്നതാണ് കാണുന്നത്. അവരെ തടുക്കാനുള്ള ശക്തി തനിക്കില്ലെന്ന് മനസിലാക്കി ഒച്ച വച്ച് ആളെ കൂട്ടാന്‍ നോക്കി. ഇതോടെ അക്രമികളുടെ കൂട്ടത്തിലൊരാള്‍ കരിങ്കല്ല് കൊണ്ട് അരുണിമയുടെ തലയില്‍ ഇടിച്ചു.
”ഇപ്പോഴും ആ സംഭവത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഭീതിയാണ്. ഇടി കിട്ടിയതിനുശേഷം ഞാന്‍ നിലത്തേക്ക് ഇരുന്നു പോയി. അവരെന്നെ വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ണ് തുറക്കുമ്പോള്‍ കാണുന്നത്. എന്റെ ദേഹത്തുള്ളത് സിലിക്കോണ്‍ ബ്രസ്റ്റ് ആണ്. അവിടെ ഉപദ്രവമേല്‍ക്കാതിരിക്കാന്‍ ആ ഭാഗം മറയ്ക്കാന്‍ ശ്രമിച്ചു. അവരെന്റെ ശരീരം മുഴുവന്‍ മര്‍ദ്ദിച്ചു. ആ സംഭവം നടന്നു നാലഞ്ച് മാസങ്ങള്‍ക്ക് ശേഷം എന്നെ ഉപദ്രവിച്ച വ്യക്തിയെ എനിക്ക് ഒരിക്കല്‍ കൂടി കാണേണ്ടിവന്നു. അയാള്‍ എന്റെ സമീപം വന്ന് ഭീഷണിപ്പെടുത്തി. പണം പോലും നല്‍കാതെ എന്നെ ഉപയോഗിച്ചു”.
തേടിയെത്തുന്ന ആവശ്യക്കാരും, സദാചാരത്തിന്റെ പേര് പറഞ്ഞ് മറ്റുള്ളവരും നടത്തുന്ന ഉപദ്രവങ്ങള്‍ക്ക് എപ്പോഴും ഇരകളാകേണ്ടി വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ലൈംഗിക തൊഴിലാളികളുടെ നിരാശയും സങ്കടവുമാണ് അരുണിമ പങ്കുവയ്ക്കുന്നത്. ഒരു സ്ത്രീയായി, അന്തസ്സായി ജീവിക്കണമെന്ന് തന്നെയാണ് അരുണിമയും ആഗ്രഹിക്കുന്നത്. പക്ഷേ, ജീവിക്കണമെങ്കില്‍ എല്ലാ അന്തസും പണയം വയ്ക്കണം എന്ന അവസ്ഥയിലാണ് ഈ സമൂഹം. ലോക വനിത ദിനത്തില്‍, അരുണിമ ചോദിക്കുന്നത്, അവര്‍ പേറുന്ന സ്വത്വത്തില്‍ നിന്നുകൊണ്ട് തന്നെ മാന്യമായി ജീവിക്കാനുള്ള അവകാശമാണ്.
‘ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ കേരളത്തില്‍ സാധാരണ കാഴ്ചയാണ്. എന്നാല്‍ ആ സ്ഥാനത്ത് ട്രാന്‍സ് വ്യക്തികളെ ആളുകള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. വിമര്‍ശിക്കുന്ന ആളുകള്‍ തന്നെയാണ് രാത്രികാലങ്ങളില്‍ ഞങ്ങളെ സമീപിക്കുന്നത് എന്നതാണ് രസകരം’. ലൈംഗികത്തൊഴില്‍ നിയമപരമായി കുറ്റകരമല്ലാത്ത ഇന്ത്യയിലെ ട്രാന്‍സ്ജന്‍ഡര്‍ ലൈംഗികതൊഴിലാളികളോടുള്ള സമീപനത്തെക്കുറിച്ചാണ് കേരളത്തിലെ ട്രാന്‍സ് സെക്‌സ് വര്‍ക്കമാരില്‍ ഒരാളായ അരുണിമ പറയുന്നത്.
ഇന്ത്യയിലെ നാല് ലക്ഷത്തോളം വരുന്ന ട്രാന്‍സ് വ്യക്തികളില്‍ ബഹുഭൂരിഭാഗവും വിദ്യാഭ്യാസമുള്ളവരാണ്. എന്നാല്‍ കൃത്യമായ തൊഴില്‍ സാഹചര്യമില്ലാത്തതാണ് മിക്കവരും ലൈംഗിക തൊഴിലിലേക്ക് തിരിയാനുള്ള കാരണമെന്നാണ് അരുണിമ പറയുന്നത്. അരുണിമയുടെ വാക്കുകളെ സാധൂകരിക്കുന്ന കണക്കുകളാണ് 2011ലെ ട്രാന്‍സ്ജന്‍ഡര്‍ സെന്‍സസില്‍ ഉള്ളതും. രാജ്യത്തെ 4.88 ലക്ഷം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ലിംഗഭേദം പ്രധാനകാരണമാക്കി ജോലി നിഷേധിക്കപ്പെടുന്നത് 96 ശതമാനം ആളുകള്‍ക്കാണ്.
‘ഞങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന അവഗണനകളും ഈ തൊഴില്‍ തിരഞ്ഞെടുക്കേണ്ടി വരുന്നതിന്റെ പ്രധാന കാരണമാണ്. സ്വത്വം വെളിപ്പെടുത്തി കഴിയുന്ന സമയത്ത് സ്വന്തം വീട്ടില്‍ നിന്നു പോലും അവഗണന നേരിടേണ്ടി വരാറുണ്ട്. വീട്ടില്‍ നിന്ന് ഇറക്കി വിടുന്ന സാഹചര്യത്തില്‍ താമസിക്കാന്‍ ഒരു സ്ഥലം പോലും കാണില്ല. ഈ സമയങ്ങളിലെല്ലാം പലരും ലോഡ്ജില്‍ ആണ് താമസിക്കുന്നത്. ഭക്ഷണം കഴിക്കാനും വാടക നല്‍കാനും കൈയില്‍ കാശില്ലാതെ വരുമ്പോള്‍ പലരും ഈ തൊഴില്‍ തിരഞ്ഞെടുക്കുന്നു’.
അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നത് ഒരു മനുഷ്യന്റെ നിലനില്‍പ്പിനു പരമപ്രധാനമാണ്. കുറഞ്ഞ വേതനത്തിലും തനിക്ക് ലൈംഗിക തൊഴില്‍ ചെയ്യേണ്ടി വരുന്നതിന്റെ സാഹചര്യം ഇതാണെന്ന് അരുണിമ പറയുന്നു. ‘എന്നെ സംബന്ധിച്ച് ഇതെനിക്ക് ഒരു പാഷന്‍ ഒന്നുമല്ല. എന്നാല്‍ എനിക്ക് നിലനിന്നു പോവാന്‍ അല്ലെങ്കില്‍ സര്‍വൈവ് ചെയ്യാനുള്ള ഒരു ജോലിയാണിത്. എല്ലാ മനുഷ്യരെയും പോലെ ഞങ്ങള്‍ക്കും അടിസ്ഥാനപരമായ കുറേ ആവശ്യങ്ങളുണ്ട്’.
അരുണിമ തുടരുന്നു; ‘തൊഴിലിനൊപ്പം താമസവും ഒരു പ്രധാന പ്രശ്‌നം തന്നെ. വീടുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്, ലഭിച്ചാല്‍ തന്നെ ഈടാക്കുന്നത് ഉയര്‍ന്ന വാടകയും. ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത് 11,800 രൂപ വാടക നല്‍കിയാണ്. മൂന്നുവര്‍ഷമായി ഈ വീട്ടില്‍ തന്നെയാണ് താമസം. വീടിന്റെ മെയിന്റയിന്‍സ് വര്‍ക്കുകള്‍ ചെയ്ത് തരാന്‍ ഉടമസ്ഥന്‍ തയ്യാറല്ല. ചോദിക്കുന്ന വാടക നല്‍കി എത്ര കഷ്ടപ്പാട് സഹിച്ചും നില്‍ക്കുമെന്ന് അറിയാവുന്ന വീട്ടുടമകള്‍ പരമാവധി ചൂഷണം ചെയ്യും’.
ഒരു തൊഴില്‍ എന്ന നിലയിലാണ് തങ്ങള്‍ ലൈംഗികവൃത്തിയിലേക്ക് തിരിഞ്ഞതെന്ന് അരുണിമ ആവര്‍ത്തിക്കുന്നു. എന്നാല്‍ അവിടെയും നേരിടേണ്ടി വരുന്നത് ചൂഷണവും ഉപദ്രവുമാണെന്ന് ഇവര്‍ പറയുന്നു. ‘ആദ്യം ഒരാള്‍ ആയിരിക്കും വിളിക്കുക. ചെന്നു കഴിയുമ്പോഴാണ് അഞ്ചോ ആറോ പേര്‍ ഉണ്ടെന്ന് അറിയുന്നത്. എല്ലാവരും ചേര്‍ന്ന് കൂട്ടം ചേര്‍ന്ന് ഉപദ്രവിച്ചിട്ടുണ്ട്. ഇങ്ങനെ ക്രൂരത കാണിച്ചിട്ട് കൂലി പോലും തരാതെ പറഞ്ഞു വിടും’.
സ്വത്വം വെളിപ്പെടുത്തി വരുന്ന പുതിയ കുട്ടികള്‍ ലൈംഗികത്തൊഴില്‍ ചെയ്യുന്നതിനോട് അരുണിമയ്ക്ക് പൂര്‍ണ വിയോജിപ്പാണ്. ട്രാന്‍സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ഫീസ് അടയ്ക്കാനും മറ്റു പഠനാവശ്യങ്ങള്‍ക്കും പണം തികയാതെ വരുമ്പോള്‍ സെക്‌സ് വര്‍ക്കിനായി ഇറങ്ങാറുണ്ട്. ലൈംഗികത്തൊഴില്‍ ഒരിക്കലും ശാശ്വതമല്ല. പ്രായമാകുമ്പോള്‍ ആദ്യ കാലഘട്ടങ്ങളില്‍ കിട്ടിയിരുന്ന പ്രതിഫലം പോലും ഉണ്ടാകില്ല. അസുഖം വന്നു കിടന്നു പോയാല്‍ ജീവിക്കാന്‍ മറ്റൊരു മാര്‍ഗ്ഗം ഇല്ലാതാവും അരുണിമ ഓര്‍മപ്പെടുത്തുന്നു.
സാധാരണ മനുഷ്യരെ പോലെ ജീവിക്കാന്‍ എനിക്കും അതിയായ ആഗ്രഹമുണ്ട്. എല്ലാവരും കിടന്നുറങ്ങുന്ന സമയത്ത് ജോലി ചെയ്യേണ്ടി വരികയാണ്. 22ാംമത്തെ വയസിലാണ് എറണാകുളത്ത് എത്തുന്നത്. അതുവരെ ഒരു സാധാരണ മനുഷ്യന്റെ ജീവിതമാണ് ഞാന്‍ നയിച്ചിരുന്നത്. ഇവിടെ വന്നതിനുശേഷം എന്റെ ജീവിതം ആകെ മാറി. രാത്രി പത്ത് പതിനൊന്നു മണിയാകുമ്പോള്‍ റെഡിയായി പുറത്തേക്കിറങ്ങണം. തിരിച്ചെത്തുന്നത് പുലര്‍ച്ചെയാണ്. കുളിച്ച് വീണ്ടും കിടന്നുറങ്ങുന്നു. ഇതിനിടയില്‍ ആഹാരം കഴിക്കാന്‍ പോലും പറ്റാറില്ല. ഇത് ആരോഗ്യത്തെ മോശമായി ബാധിക്കുന്നുണ്ട്.”; കുറച്ചു കാലങ്ങളായുള്ള തന്റെ ദിനചര്യയെക്കുറിച്ച് അരുണിമ ആശങ്കയോടെ പറയുന്നു.
”മുറി വാടകയ്ക്ക് എടുത്താണ് ഞാന്‍ ലൈംഗികവൃത്തി ചെയ്യുന്നത്. മുറി വാടക തന്നെ 700 രൂപ കൊടുക്കണം. ഞങ്ങള്‍ക്ക് കിട്ടുന്നത് 800 രൂപയായിരിക്കും. നിവര്‍ത്തികേട് കൊണ്ട് സമ്മതിച്ച് കൊടുക്കേണ്ടി വരും. തിരഞ്ഞെടുക്കുന്നതിലും നല്‍കുന്ന പ്രതിഫലത്തിനും കൃത്യമായ മാനദണ്ഡങ്ങളുണ്ട്. പല ഘടകങ്ങളുടെയും അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമാവാം എന്റെ അടുത്തേക്ക് ഒരാള്‍ എത്തുന്നത്. ഒരാള്‍ക്ക് അഞ്ച് വര്‍ക്ക് കിട്ടുന്ന സ്ഥാനത്ത് ചിലപ്പോള്‍ എനിക്ക് രണ്ട് വര്‍ക്കായിരിക്കും കിട്ടുക. ഇതേ തൊഴില്‍ ചെയ്യുന്ന ഒരു സ്ത്രീ 5000 രൂപ ചോദിച്ചാല്‍ സമ്മതിക്കുന്നവര്‍ക്ക്, ഞങ്ങള്‍ 1000 രൂപ ചോദിക്കുന്നതും കുറ്റമാണ്. മുറി വാടക ഒരാള്‍ക്ക് 500 രൂപ എന്ന നിരക്കില്‍ ചില ഹോട്ടലുകാര്‍ ഈടാക്കാറുണ്ട്. ഇത്തരത്തിലുള്ള പിടിച്ചു വാങ്ങലുകള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് ഇതില്‍ നിന്നു മിച്ചമൊന്നും കിട്ടാറില്ല.”
ജോലിക്കായി ഒഴിഞ്ഞ സ്ഥലങ്ങളില്‍ നില്‍ക്കുന്ന സമയത്ത് തട്ടിപ്പിന് ഇരയാകുന്നതാണ് അരുണിമ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന മറ്റൊരു അപകടം. ‘മുറിയില്‍ അതിക്രമിച്ച് കയറി ലൈംഗികത്തൊഴിലാളികളെ ഇറക്കി വിട്ടതിന് ശേഷം ക്ലൈന്റിന്റെ കൈവശമുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാണ്. ആക്രമണത്തെ തടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഉപദ്രവമേല്‍ക്കേണ്ടി വരാറുണ്ട്. തുടക്കകാലത്ത് 100 മുതല്‍ 150 രൂപ വരെയാണ് എനിക്ക് ലഭിച്ചിരുന്നത്. ഈ തൊഴിലിന് സൗന്ദര്യം നിലനിര്‍ത്തുക എന്നതും പ്രധാനമാണ്. ഇതിനുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാനും പണം കണ്ടെത്തേണ്ടതും ബാധ്യതയാണ്’, അരുണിമ പറയുന്നു.
എനിക്ക് 30 വയസായി. ഈ തൊഴിലിലെ നല്ല വശങ്ങളും ചീത്ത വശങ്ങളുംഇപ്പോള്‍ നല്ലതുപോലെ അറിയാം. ഈ കാലയളവില്‍ പലതവണയായി പൊലീസിന്റെ ഉപദ്രവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അവരുടെ ഉപദ്രവങ്ങള്‍ അസഹനീയമാണ്. ചൂരല്‍ കൊണ്ട് അടിക്കും. ദേഹ പരിശോധനയാണ് ഏറ്റവും കഷ്ടം. ശരീരഭാഗങ്ങളില്‍ ഒക്കെ പിടിച്ചാണ് പൊലീസ് പരിശോധന നടത്തുന്നത്’; പൊലീസിന്റെ സമീപനത്തിലുള്ള നിരാശയും രോഷവും മറച്ചു വയ്ക്കുന്നില്ല അരുണിമ.
2017-18 കാലഘട്ടത്തില്‍ എനിക്ക് മെട്രോയില്‍ ജോലി ലഭിച്ചിരുന്നു. ആ സമയത്ത് ഞാന്‍ ദിവസ വാടകയ്ക്കാണ് താമസിച്ചിരുന്നത്. 700 രൂപയായിരുന്നു അന്ന് വാടക. ഇത് നല്‍കി കഴിഞ്ഞാല്‍ കയ്യില്‍ മിച്ചമൊന്നും കാണില്ല. മെട്രോയിലെ എട്ടുമണിക്കൂര്‍ ജോലിയും കുറഞ്ഞ വേതനവും എന്നെ തളര്‍ത്തിയിരുന്നു. അവിടെ നേരിടേണ്ടി വന്ന ചൂഷണങ്ങളും, കുറഞ്ഞ വേതനവുമാണ് ആ ജോലി ഉപേക്ഷിക്കാന്‍ കാരണമായത്’.
ചൂഷണങ്ങളും പീഡനങ്ങളും ഏത് മേഖലയിലാണെങ്കിലും എക്കാലത്തും തങ്ങളെ വേട്ടയാടുമെന്നാണ് അരുണിമ തന്റെ ജീവിതാനുഭവങ്ങള്‍ കൊണ്ട് ഓര്‍മപ്പെടുത്തുന്നത്.
content summary: Exploitation and attitudes towards trans sex workers in India, where sex work is not a crime, through the experience of a sex worker
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.