തമിഴ് സിനിമയില്‍ പവര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നടന്‍ ശ്രീനിവാസനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി മകള്‍. കഴിഞ്ഞ ബുധനാഴ്ച ശ്രീനിവാസന്റെ ഭാര്യ ജൂലി തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശ്രീനിവാസനെ തട്ടിക്കൊണ്ടുപോയിരിക്കാനാണ് സാധ്യതയെന്നും ഭാര്യയുടെ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനിവാസന്റെ മകള്‍ വൈഷ്ണവി മാധ്യമങ്ങളെ കണ്ടത്. ഡിസംബര്‍ അഞ്ച് മുതലാണ് തന്റെ പിതാവിനെ കാണാതാകുന്നതെന്ന് വൈഷ്ണവി പറയുന്നു.
അഞ്ചാം തീയതി രണ്ടു മണിയോടെ ഡ്രൈവര്‍ ആണ് അച്ഛനെ കാണാനില്ലെന്ന് അമ്മയോട് പയുന്നത്. ആരോ ഫോണില്‍ വിളിച്ച് ഒരു ഹോട്ടലിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരമാണ് അച്ഛന്‍ പോയതെന്നും പിന്നീട് തിരിച്ചു വന്നിട്ടില്ലെന്നുമാണ് അമ്മയോട് പറഞ്ഞത്. ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. എന്നാല്‍ വൈകിട്ട് നാലു മണിയോടെ അച്ഛന്‍ അമ്മയെ വിളിക്കുകയും പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും സുന്ദരം ഫൗണ്ടേഷനിലേക്ക് വരാന്‍ അമ്മയോട് പറയുകയും ചെയ്തു. എന്നാല്‍ അമ്മ അവിടെ ചെന്നപ്പോള്‍ അച്ഛന്റെ കൂടെ ചിലര്‍ ഉണ്ടായിരുന്നു. പൊലീസുകാര്‍ ആണെന്നാണ് പറഞ്ഞത്. അവര്‍ അമ്മയോട് തിരിച്ചു പൊയ്‌ക്കോളാന്‍ പറഞ്ഞു. സ്ഥലവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ടെന്നും അച്ഛനില്‍ നിന്നും ഒരു ശബ്ദ രേഖ വാങ്ങിച്ചിട്ട് രാത്രി ഒമ്പത് മണിയോടെ വിട്ടയക്കാം എന്നും പറഞ്ഞു. അമ്മ അവരെ വിശ്വസിച്ചു തിരിച്ചു പോന്നു.
എന്നാല്‍ ഒമ്പത് മണി കഴിഞ്ഞിട്ടും അച്ഛനെ കാണാതായതോടെ അമ്മ അച്ഛന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. കുറച്ചു കഴിഞ്ഞ് അമ്മയ്ക്ക് ഇങ്ങോട്ടു ഫോണ്‍ വന്നു. അച്ഛനെ അവര്‍ക്ക് വിശ്വാസമില്ലെന്നും രജിസ്‌ട്രേഷന്‍ നടത്തുന്നതിനു ഊട്ടിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞു. അമ്മ അവരോട് ഐഡന്റി കാര്‍ഡിന്റെ കോപ്പി എന്തെങ്കിലും തരാമോയെന്നു ചോദിച്ചപ്പോള്‍ ഞങ്ങള്‍ പൊലീസുകാര്‍ തന്നെയാണെന്നു വീണ്ടും പറയുകയായിരുന്നു. പിന്നീടവര്‍ അമ്മയോടും ഊട്ടിയിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ടിക്കറ്റ് ബുക്ക് ചെയ്തു കൊടുക്കുകയും ചെയ്തു. അമ്മ അവിടെ എത്തിയശേഷം എന്നെ വിളിച്ചു. ചെറിയ ആരോഗ്യപ്രശ്‌നം കാരണം ആശുപത്രിയിലേക്ക് പോകുന്ന വഴിയാണെന്നും അമ്മയുടെ ഫോണ്‍ അവര്‍ വാങ്ങിവച്ചിരിക്കുകയാണെന്നും മറ്റൊരാളുടെ ഫോണില്‍ നിന്നാണ് വിളിക്കുന്നതെന്നും പറഞ്ഞു. പിന്നീട് അമ്മ അച്ഛനെ കണ്ടശേഷം വീണ്ടും എന്നെ വിളിച്ചു. പ്രശ്‌നം ഒന്നും ഇല്ലെന്നും ഞങ്ങള്‍ സുരക്ഷിതരാണെന്നും പറഞ്ഞു.
എന്നാല്‍ കുറച്ച് സമയം കഴിഞ്ഞു ഞാന്‍ തിരിച്ചു വിളിച്ചപ്പോള്‍ അമ്മയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനു പിന്നാലെ, അമ്മ ഊട്ടിയിലേക്ക് പോകുന്നതിനു മുമ്പായി അച്ഛനെ കാണാനില്ലെന്നു കാണിച്ച് എഴുതിയ പരാതിയുമായി ഞാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. ഫോണ്‍ ട്രെയ്‌സ് അച്ഛനും അമ്മയും ഊട്ടിയില്‍ ഉണ്ടെന്നു പൊലീസുകാര്‍ മനസിലാക്കി. എന്നോട് പൊയ്ക്കാളാനും അന്വേഷണം നടത്തുകയാണന്നും പറഞ്ഞു. അമ്മയെ ഫോണില്‍ വിളിച്ചവര്‍ ആരാണെന്ന് എനിക്ക് അറിയില്ല. പക്ഷേ, അവര്‍ ബെംഗളൂരുവില്‍ നിന്നുള്ളവരാണെന്ന് എനിക്ക് ഉറപ്പുണ്ട്; വൈഷ്ണവി മാധ്യമങ്ങളോടു പറയുന്നു.
കഴിഞ്ഞ വര്‍ഷം ബെംഗളൂരു സ്വദേശകളായ മസൂര്‍ ആലം, സജ്ജദ് വഹാബ് എന്നിവര്‍ ശ്രീനിവാസനെതിരേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 30 കോടി രൂപ വായ്പ്പ എടുത്തു കൊടുക്കാമെന്നു വിശ്വസിപ്പിച്ച് കമ്മിഷനായി തങ്ങളുടെ കൈയില്‍ നിന്നും ഒരു കോടി രൂപ തട്ടിയെടുത്തു എന്നു കാണിച്ചായിരുന്നു ഇവര്‍ ശ്രീനിവാസനെതിരേ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെടട് കേസ് ഇപ്പോഴും കോടതിയില്‍ നടക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളാണ് ശ്രീനിവാസനെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്നാണ് സൂചന.
തങ്ങള്‍ ശ്രീനിവാസനെ ഫോണില്‍ ബന്ധപ്പെട്ടെന്നും ജോലി സംബന്ധമായ ചില കാര്യങ്ങള്‍ക്ക് ഊട്ടിയില്‍ വന്നതാണെന്നുമാണ് തങ്ങളോട് പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. തനിക്കൊപ്പം ഭാര്യയുണ്ടെന്നും വേറെ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ശ്രീനിവാസന്‍ അറിയിച്ചെന്നും പൊലീസ് പറയുന്നു.
Leave a Comment