തുർക്കിയിലെ ഇസ്താംബുൾ കോൺഗ്രസ് സെന്റർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഓഫീസാണെന്ന് വ്യാജ പ്രചാരണം നടത്തിയ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കർണാടക പോലീസ്. അർണബിന്റെ വീഡിയോ പങ്കിട്ട ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യക്കെതിരെയും കേസെടുത്തിട്ടുള്ളതായി ദി വയർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 192 (കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കൽ), 352 (സമാധാന ലംഘിക്കുകയെന്ന ഉദ്ദേശത്തോടെ മനഃപൂർവ്വം അപമാനിക്കൽ) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ മെയ് 18ന് കോൺഗ്രസ് പാർട്ടിക്ക് തുർക്കിയിൽ ഒരു രജിസ്റ്റർ ചെയ്ത ഓഫീസ് ഉണ്ടെന്ന് വാദിക്കുന്ന തരത്തിൽ റിപ്പബ്ലിക് ഡിജിറ്റലിലെ ഒരു പ്രക്ഷേപണത്തിൽ അർണബ് ഗോസാമി പറഞ്ഞിരുന്നു. ഈ വിവരം ഇന്ത്യയിലെ ജനങ്ങൾക്ക് അറിയാമായിരുന്നോ എന്നും തുർക്കിയിൽ കോൺഗ്രസിന് എന്ത് തരത്തിലുള്ള ബിസിനസ്സാണുള്ളതെന്നും അർണബ് ചോദിച്ചിരുന്നു. ഈ വീഡിയോ അമിത് മാളവ്യ സോഷ്യൽ മീഡിയയിൽ വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്ത്യ – പാക് സംഘർഷത്തിൽ പാകിസ്ഥാനെ തുർക്കി പിന്തുണയ്ക്കുന്നതിനാൽ ഇന്ത്യയും തുർക്കിയും തമ്മിൽ സംഘർഷം രൂക്ഷമായിരുന്ന സമയത്താണ് ഈ വീഡിയോ അമിത് മാളവ്യ പോസ്റ്റ് ചെയ്യുന്നത്. തുടർന്ന് വീഡിയോ
വൈറലാവുകയും ചെയ്തു.
എന്നാൽ അർണബ് ഗോസ്വാമിയുടെ വാദം നിമിഷങ്ങൾക്കകം പ്രമുഖ വസ്തുതാ പരിശോധകനും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈർ പൊളിച്ചടുക്കി. അർണബ് ഗോസാമിയുടേത് തെറ്റായ അവകാശവാദമാണെന്നും അർണബ് പരാമർശിച്ച ഇസ്താംബുൾ കോൺഗ്രസ് സെന്റർ ഒരു കൺവെൻഷൻ സെന്ററാണെന്നും സുബൈർ വെളിപ്പെടുത്തി. തെളിവ് സഹിതമാണ് സുബൈർ ഇത് വ്യക്തമാക്കിയത്.
തെറ്റായ വിവരം സംപ്രേക്ഷണം ചെയ്തതിന് വ്യാപക വിമർശനം ഉയർന്നതോടെ ഖേദ പ്രകടനവുമായി റിപ്പബ്ലിക് ടിവി രംഗത്തെത്തുകയായിരുന്നു.
ഒരു സാങ്കേതിക പിഴവ് സംഭവിച്ചതാണെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ക്ഷമാപണം പോസ്റ്റ് ചെയ്യുകയും ചെയ്തു.
‘ഒരു സാങ്കേതിക പിഴവ് കാരണം ഡിജിറ്റൽ ഡെസ്കിലെ ഒരു വീഡിയോ, എഡിറ്റർ തുർക്കിയിലെ കോൺഗ്രസ് ഓഫീസായി ചിത്രീകരിക്കുന്നത് അബദ്ധവശാൽ ഉപയോഗിച്ചു. പ്രസ്തുത വീഡിയോയുടെ ഉള്ളടക്കവുമായോ സന്ദർഭവുമായോ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ഈ ക്ലിപ്പ് 2025 മെയ് 15-ന് ശേഷം അർണബ് ഗോസ്വാമിയുടെ ഡിബേറ്റ് ഷോയിൽ സംപ്രേഷണം ചെയ്തിട്ടില്ല. ചർച്ച ചെയ്യപ്പെടുന്ന വിഷയവുമായി പ്രസ്തുത തെറ്റായ ചിത്രം ഒരു തരത്തിലും ബന്ധപ്പെട്ടതുമല്ല. ലൈവ് ഷോ അവസാനിച്ചതിന് ശേഷമാണ് അബദ്ധത്തിൽ സംഭവിച്ച പിശക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രക്ഷേപണം ചെയ്തത് ശ്രദ്ധയിൽപെട്ടത്. ഉടനടി തിരുത്തി. പിശകിൽ ഞങ്ങൾ ആത്മാർത്ഥമായും നിരുപാധികമായും ഖേദിക്കുന്നു.’ റിപ്പബ്ലിക്ക് ടിവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
എന്നാൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ലീഗൽ സെൽ മേധാവി ശ്രീകാന്ത് സ്വരൂപ് ബിഎൻ ബംഗളൂരു ഹൈഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
Content Summary: FIR Against Amit Malviya, Arnab Goswami for Fake ‘Congress in Turkey’ Allegation
This post was last modified on May 21, 2025 4:25 pm
Leave a Comment