ഹൈദരാബാദിന്റെ മണ്ണിൽ നിന്ന് വിർജീനിയയുടെ രാഷ്ട്രീയ മണ്ഡപത്തിലേക്ക് ചരിത്ര വിജയവുമായാണ് ഗസാല ഹാഷ്മി എന്ന വനിത നടന്നു കയറിയത്. ഇന്ത്യൻ-അമേരിക്കൻ, അതിൽ തന്നെ മുസ്ലീം വിഭാഗങ്ങളിൽ നിന്നുള്ള ഒരാൾ വിർജീനിയയിൽ സംസ്ഥാനതലത്തിലുള്ള പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും, ലഫ്റ്റനന്റ് ഗവർണറാകുന്നതുമെല്ലാം ചരിത്രത്തിൽ ഇതാദ്യമാണ്.
ജോൺ റീഡിന്റെ സ്ഥാനാർത്ഥിത്വം
എതിരാളിയായായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ റീഡിനെ പരാജയപ്പെടുത്തുക എന്നത് അത്ര കണ്ട് നിസ്സാരമായിരുന്നില്ല. മുൻ ടോക്ക് ഷോ അവതാരകനും വിർജീനിയയുടെ ആദ്യത്തെ പരസ്യമായി സ്വവർഗ്ഗാനുരാഗിയായ സംസ്ഥാനവ്യാപക നോമിനിയുമായ റീഡിന്റെ സ്ഥാനാർത്ഥിത്വം പാർട്ടിക്കതീതമായി ചില വോട്ടർമാരെ ആകർഷിക്കാൻ സാധ്യതയുണ്ടായിരുന്നു. ടോക്ക് ഷോ അവതാരകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രാദേശിക പ്രശസ്തിയും ഒരു ഘടകമായിരുന്നു.
സാധാരണയായി യാഥാസ്ഥിതിക നിലപാടുകൾ സ്വീകരിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി, വിർജീനിയയിൽ ഒരു സ്വവർഗ്ഗാനുരാഗിയെ സംസ്ഥാനതല പദവിയിലേക്ക് നാമനിർദ്ദേശം ചെയ്തത്, പാർട്ടിക്കുള്ളിൽ കൂടുതൽ വൈവിധ്യം കൊണ്ടുവരാനും ലിബറൽ വോട്ടർമാരെ ആകർഷിക്കാനും വേണ്ടി നടത്തിയ ശ്രമമായിരുന്നു. എന്നാലൊടുക്കം വിർജീനിയയുടെ വളരുന്ന വൈവിധ്യത്തെയും, ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും നേതൃസ്ഥാനത്തേക്ക് ഉയർത്താനുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ ശ്രമങ്ങൾ വിജയം കാണുകയായിരുന്നു.
ഇന്ത്യൻ വേരുകൾ
1964 ജൂലൈ 5-ന് ഹൈദരാബാദിലായിരുന്നു ഘസാല ഹാഷ്മിയുടെ ജനനം. നാലാം വയസ്സിൽ, തന്റെ അമ്മയ്ക്കും ജ്യേഷ്ഠനുമൊപ്പം ഗസാല അമേരിക്കയിലേക്ക് പറിച്ചുനടപ്പെട്ടു. ജോർജിയയിൽ അന്താരാഷ്ട്ര ബന്ധങ്ങളിൽ പിഎച്ച്ഡി പൂർത്തിയാക്കുകയായിരുന്ന പിതാവിന്റെ അടുത്തേക്കായിരുന്നു അവരുടെ യാത്ര. ആന്ധ്രാപ്രദേശ് സർക്കാരിൽ സേവനമനുഷ്ഠിച്ചിരുന്ന മുത്തച്ഛന്റെ പാരമ്പര്യം പേറുന്ന ആന്ധ്രാ കുടുംബവുമായി അവർ ഇന്നും ആഴമായ ബന്ധം നിലനിർത്തുന്നു.
അമേരിക്കൻ സൗത്തിൽ വളർന്ന ഗസാല, സാംസ്കാരിക പരിവർത്തനങ്ങളെയും സാമൂഹിക സൗഹൃദങ്ങളെയും അടുത്തറിഞ്ഞു. ജോർജിയ സതേൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എ. ബിരുദവും, തുടർന്ന് അറ്റ്‌ലാന്റയിലെ എമോറി യൂണിവേഴ്‌സിറ്റിയിൽ നിന്ന് അമേരിക്കൻ സാഹിത്യത്തിൽ പിഎച്ച്.ഡിയും നേടിയതോടെ അക്കാദമിക് രംഗത്ത് അവർ തന്റേതായ ഇടം കണ്ടെത്തി.
1980 കളുടെ അവസാനത്തിലായിരുന്നു അവരുടെ വിവാഹം. അഴർ റഫീഖിനെ വിവാഹം കഴിച്ച ഗസാല, 1991-ൽ വിർജീനിയയിലെ റിച്ച്മണ്ട് പ്രദേശത്ത് സ്ഥിരതാമസമാക്കി. മൂന്ന് പതിറ്റാണ്ടുകൾ അവർ വിർജീനിയൻ വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി സമർപ്പിച്ചു. റിച്ച്മണ്ട് സർവകലാശാലയിലും റെയ്നോൾഡ്സ് കമ്മ്യൂണിറ്റി കോളേജിലും ഇംഗ്ലീഷ് പ്രൊഫസറായി ഏകദേശം മൂന്ന് പതിറ്റാണ്ട് നീണ്ട അക്കാദമിക് ജീവിതം കെട്ടിപ്പടുത്തു, അവിടെ അവർ സെന്റർ ഫോർ എക്സലൻസ് ഇൻ ടീച്ചിംഗ് ആൻഡ് ലേണിംഗ് സ്ഥാപിച്ചു. രണ്ട് പെൺമക്കളുണ്ട്.
രാഷ്ട്രീയത്തിലേക്ക്…
വിർജീനിയ സെനറ്റിൽ റിച്ച്മണ്ടിന് തെക്കുള്ള ഒരു ജില്ലയെ പ്രതിനിധീകരിക്കുന്ന ഹാഷ്മി, 2019 ൽ റിപ്പബ്ലിക്കൻ കൈവശം വച്ചിരുന്ന ഒരു സീറ്റ് മറിച്ചിട്ടാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഈ അട്ടിമറി വിജയം വർഷങ്ങൾക്കുശേഷം വിർജീനിയ നിയമനിർമ്മാണ സഭയിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം നേടിക്കൊടുത്തു.
ഇത് രാഷ്ട്രീയ സ്ഥാപനങ്ങളെ ഞെട്ടിച്ച ഒരു വിജയമായിരുന്നു. കഴിഞ്ഞ ജൂണിൽ നടന്ന ഡെമോക്രാറ്റിക് പ്രൈമറി വിജയത്തിന് പിന്നാലെ, വിദ്യാഭ്യാസം, പ്രത്യുൽപാദന സ്വാതന്ത്ര്യം, ആരോഗ്യ സംരക്ഷണം തുടങ്ങിയ പുരോഗമനപരമായ വിഷയങ്ങളിൽ നിലയുറപ്പിച്ച ഹാഷ്മി, 2024-ൽ സെനറ്റ് എജ്യുക്കേഷൻ ആൻഡ് ഹെൽത്ത് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു.
ഭാവിയിലെ പങ്ക്
ലഫ്റ്റനന്റ് ഗവർണർ എന്ന നിലയിൽ, 21-19 എന്ന ഇഞ്ചോടിഞ്ച് നിലയിലുള്ള വിർജീനിയ സെനറ്റിന്റെ അധ്യക്ഷ സ്ഥാനമാണ് അവർ വഹിക്കുന്നത്. ടൈ-ബ്രേക്കിംഗ് വോട്ട് രേഖപ്പെടുത്താനുള്ള അവരുടെ അധികാരം, പ്രത്യുൽപാദന സ്വാതന്ത്ര്യം, പൊതുവിദ്യാഭ്യാസം തുടങ്ങിയ ഡെമോക്രാറ്റുകളുടെ പ്രധാന അജണ്ടകളെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണ്ണായക ശക്തിയായിരിക്കും.
ഇന്ത്യൻ വേരുകളും അമേരിക്കൻ ജീവിതാനുഭവവും ഒരുപോലെ പേറുന്ന ഘസാല ഹാഷ്മി, വിർജീനിയയുടെ വർദ്ധിച്ചുവരുന്ന വൈവിധ്യത്തെയും ന്യൂനപക്ഷങ്ങളെ നേതൃനിരയിലേക്ക് ഉയർത്താനുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ ശ്രമങ്ങളെയും പ്രതിഫലിപ്പിക്കുന്നു.ഗസാല ഹാഷ്മിയുടെ ഭരണപരമായ നീക്കങ്ങൾ, പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ അവരുടെ നയപരമായ തീരുമാനങ്ങൾ, അതീവ ശ്രദ്ധയോടെയാണ് ഇന്ത്യൻ സമൂഹവും ഉറ്റുനോക്കുന്നത്.
content summary: First Indian-American Muslim to become Virginia Lt Governor Who is Ghazala Hashmi?
This post was last modified on November 5, 2025 1:14 pm
Leave a Comment