‘ചാകരക്കാലമാണ്, വലയിടാന്‍ പേടിയുമാണ്’; മത്സ്യബന്ധനത്തിന് ഭീഷണിയായി വലകള്‍ നശിക്കുന്നു

തെക്കന്‍ മേഖലയിലെ വള്ളങ്ങളാണ് പ്രതിസന്ധി നേരിടുന്നത്

കാലവര്‍ഷത്തില്‍ കലിതുള്ളുന്ന കടല്‍ കടലിന്റെ മക്കളെ കനിയുക പതിവാണ്. ട്രോളിങ് കാലം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ധാരാളം മീനുകള്‍ ലഭിക്കുന്ന സീസണാണ്. അതുകൊണ്ട് തന്നെ ഈ ട്രോളിങ് കാലത്തെ വറുതിയുടെ കാലമെന്നൊന്നും ഇവര്‍ പറയാറില്ല. എന്നാല്‍ ഇപ്പോള്‍ കടലിലേക്ക് വലയിടാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഭയമാണ്. ചരക്ക് കപ്പല്‍ കടലില്‍ മുങ്ങിയതില്‍ പിന്നെ ഒരു വലയെങ്കിലും കീറാത്ത ദിവസമില്ലെന്നാണ് അക്യുലാക്സ് എന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളിയായ ഷിബു അഴിമുഖത്തോട് പ്രതികരിച്ചത്.

”ജൂണ്‍ 30 ന് കണ്ണമാലിയുടെ പടിഞ്ഞാറ് ഭാഗത്തായിരുന്നു ഞങ്ങള്‍ വല വീശിയത്. സമയം ഉച്ചയ്ക്ക് 12 മണിയോടടുത്തിരുന്നു. ആ ഭാഗത്ത് വല വിരിച്ചാല്‍ അന്നത്തെ ദിവസം പിന്നെ വേറെങ്ങും പോകണ്ട. എന്നാല്‍ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചാണ് ഞങ്ങളുടെ വല കടലിനടിയില്‍ ഉടക്കിയത്. അഞ്ച് ലക്ഷം രൂപയാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. വലയുടെ കുറച്ച് ഭാഗം മാത്രമാണ് നശിച്ചത്. 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുന്നവരുമുണ്ട്” ഷിബു പറയുന്നു.

ഇക്കഴിഞ്ഞ മെയ് 24 നാണ് വിഴിഞ്ഞത്ത് നിന്നും ചരക്കുകളുമായി പുറപ്പെട്ട എംഎസ്.സി എല്‍സ3 എന്ന ലൈബീരിയന്‍ കപ്പല്‍ അപകടത്തില്‍ പെട്ടത്. കപ്പലില്‍ 643 കണ്ടെയ്‌നറുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. ആലപ്പുഴ തോട്ടപ്പള്ളിയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈലും കൊച്ചിയില്‍ നിന്ന് 40 നോട്ടിക്കല്‍ മൈലും അകലെയാണ് കപ്പല്‍ അപകടത്തില്‍ പെട്ടത്.

”അപകടത്തില്‍പ്പെട്ട കപ്പലിലെ പല കണ്ടെയ്‌നറുകളും കടലിന്റെ പല ഭാഗങ്ങളിലേക്കും ഒഴുകിമാറിയിട്ടുണ്ട്. അവ എവിടെയൊക്കെ അടിഞ്ഞെന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് പോലും വ്യക്തതയില്ല. ഇവ നീക്കം ചെയ്യാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ തലത്തില്‍ നിന്നും ഉണ്ടായിട്ടില്ല” മത്സ്യത്തൊഴിലാളിയും സ്രാങ്കുമായ രാജു അഴിമുഖത്തോട് പറഞ്ഞു.

കപ്പലപകടം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും കടലില്‍ പതിച്ച കണ്ടെയ്‌നറുകളില്‍ എന്തൊക്കെയാണ് ഉണ്ടായിരുന്നതെന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. മുങ്ങിപ്പോയ എല്ലാ കണ്ടെയ്‌നറുകളും കരയിലെത്തിക്കുമെന്നും ജൂലൈ മൂന്നിന് മുമ്പ് കടലില്‍ നിന്നും കപ്പല്‍ വീണ്ടെടുക്കുമെന്നുമായിരുന്നു ഷിപ്പിംഗ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. ആ വാക്കും പാഴായിരിക്കുകയാണ്.

”കഴിഞ്ഞ 30 വര്‍ഷമായി കടലില്‍ പോകുന്ന ആളാണ് ഞാന്‍. ഏതൊക്കെ ഭാഗത്ത് വലയെറിഞ്ഞാല്‍ മീന്‍ കിട്ടുമെന്ന് അറിയാം. മുമ്പും ഈ ഭാഗത്തൊക്കെ പല തവണ വല വീശിയിട്ടുള്ളതുമാണ്. അന്നൊന്നും വലയ്ക്ക് യാതൊന്നും സംഭവിച്ചിട്ടില്ല. ഇപ്പോള്‍ എവിടെയൊക്കെയാണ് കണ്ടെയ്നറുകള്‍ വീണ് കിടക്കുന്നതെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥയാണ്. അതിന്റെ പറ്റയിലൊക്കെ വല പോയി അടിക്കുമ്പോഴാണ് കീറുന്നത്” ഷിബു പറയുന്നു.

പരമ്പരാഗത വള്ളക്കാരേക്കാളധികം ഇന്‍ബോര്‍ഡ് വള്ളങ്ങളുടെ വലകളാണ് കൂടുതലായും നശിക്കുന്നത്. 75 മീറ്ററോളം നീളമുള്ള വലകള്‍ അടിത്തട്ടിലേക്ക് വലയെറിയുകയാണ് അവരുടെ രീതി. പരമ്പരാഗത വള്ളങ്ങളില്‍ ഉപയോഗിക്കുന്ന വലകള്‍ക്ക് ഏകദേശം 25 ലക്ഷം രൂപയോളമാണെങ്കില്‍ ഇന്‍ബോര്‍ഡ് വള്ളക്കാര്‍ ഉപയോഗിക്കുന്ന വലകള്‍ 60 ലക്ഷം രൂപയാണ്.

”മുങ്ങിയ കപ്പലില്‍ എന്തൊക്കെയാണ് ഉള്ളതെന്ന് പോലും അധികാരികള്‍ പറഞ്ഞിട്ടില്ല. ഒരു പോര്‍ട്ടില്‍ നിന്ന് കയറ്റിവിടുന്ന കപ്പലില്‍ എന്തൊക്കെയാണെന്നും അതിന്റെ വെയ്റ്റ് എത്രയാണെന്നുമൊക്കെയുള്ള കണക്ക് ഉദ്യോഗസ്ഥരുടെ കൈവശം ഉണ്ടാകുമല്ലോ? ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്താത്ത സര്‍ക്കാര്‍ നടപടിയില്‍ ദുരൂഹതയുണ്ട്” രാജു പറയുന്നു.

അപകടം ഉണ്ടായി 19 ദിവസത്തിന് ശേഷമാണ് എംഎസ്.സി എല്‍സ3 ക്കെതിരെ കേസ് പോലും എടുത്തത്. അതും മറ്റൊരു അപകടത്തിന് ശേഷം മാത്രം. കൂടാതെ മറിഞ്ഞ കപ്പലിലെ കണ്ടെയ്‌നറുകളില്‍ എത്രയെണ്ണം കരയ്ക്കടിഞ്ഞെന്നോ എത്രയെണ്ണം കടലില്‍ മുങ്ങിയെന്നത് സംബന്ധിച്ചോ കണക്കുകള്‍ ഇല്ല. കപ്പലില്‍ എന്തൊക്കെ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതിയും പറഞ്ഞിരുന്നു.

”മറിഞ്ഞ കപ്പലിന്റെ ഇന്ധന ടാങ്ക് അടച്ചുവെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതിലൊക്കെ യാതൊരു വസ്തുതയും ഉള്ളതായി തോന്നുന്നില്ല. ഉപ്പുവെള്ളവുമായി കണ്ടെയ്നര്‍ നിരന്തരം സമ്പര്‍ക്കം ഉണ്ടാകുന്നതോടെ അവ പൊട്ടിയാല്‍ ദുരിതം പേറുക ഞങ്ങള്‍ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണ” രാജു പറയുന്നു.

ട്രോളിങ് നിരോധനവും കടലാക്രമണവും ശക്തമായ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ ഏക ഉപജീവനമാര്‍ഗമായ വലകള്‍ നശിക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കണ്ടെയ്നറുകള്‍ വെള്ളത്തിന്റെ നിരപ്പിലോ, കുറച്ച് താഴെയോ ആയി കിടന്നാല്‍ സാധാരണഗതിയില്‍ ബോട്ടുകള്‍ സഞ്ചരിക്കുമ്പോള്‍ അവയുടെ അടിത്തട്ടുകളില്‍ തട്ടി ബോട്ടുകള്‍ പൂര്‍ണമായും നശിക്കാനും സാധ്യത കൂടുതലാണെന്നും മത്സ്യത്തൊഴിലാളികള്‍ ആശങ്കപ്പെടുന്നു.

തെക്കന്‍ മേഖലയിലെ വള്ളങ്ങളാണ് പ്രതിസന്ധി നേരിടുന്നത്. മുങ്ങിയ കപ്പലില്‍ നിന്ന് ഒഴുകി വരുന്ന സാധനങ്ങളിലും അവശിഷ്ടങ്ങളിലും കുരുങ്ങി വലകള്‍ കീറി നശിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളി യൂണിയനുകള്‍ കോസ്റ്റല്‍ പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. fishing nets are damaged by a sunken cargo ship at sea

Content Summary: fishing nets are damaged by a sunken cargo ship at sea

രാജേശ്വരി പി ആര്‍

അഴിമുഖം ചീഫ് സബ് എഡിറ്റര്‍

More Posts

This post was last modified on July 7, 2025 11:24 am

രാജേശ്വരി പി ആര്‍: അഴിമുഖം ചീഫ് സബ് എഡിറ്റര്‍
Related Post
Leave a Comment