ശൗചാലയമില്ലാത്തതിനാല്‍ അഴുക്കുചാലിന് സമീപം പോയിരുന്ന ഏഴുവയസ്സുകാരന്‍ വീണ് മരിച്ചു

അഴുക്കുചാലില്‍ നിന്നും മൃതദേഹം കണ്ടെടുത്തത് മൂന്ന് മണിക്കൂറിന് ശേഷം

ശൗചാലയമില്ലാത്തതിനാല്‍ അഴുക്കുചാലിന് സമീപം മലവിസര്‍ജ്ജനത്തിനിരുന്ന ഏഴ് വയസ്സുകാരന്‍ വീണ് മരിച്ചു. ബംഗളൂരുവിന്റെ പ്രാന്തപ്രദേശമായ കങ്കേരിയ്ക്കടുത്ത് നാഗദേവന്‍ഹള്ളിക്ക് സമീപമാണ് സംഭവം. രാകേഷ് എന്ന കുട്ടിയുടെ അഴുക്കില്‍ പുതഞ്ഞ മൃതദേഹം മൂന്ന് മണിക്കൂറത്തെ തെരച്ചിലിനൊടുവിലാണ് രക്ഷാസംഘം കണ്ടെടുത്തത്.

ബുധനാഴ്ച വൈകിട്ടാണ് ദുരന്തമുണ്ടായത്. വീട്ടില്‍ ശൗചാലയം ഇല്ലാത്തതിനാല്‍ അഴുക്കുചാലിന് സമീപം കുട്ടി പോയിരിക്കുകയായിരുന്നു. എന്നാല്‍ കാല്‍വഴുതിയ കുട്ടി അഴുക്കുചാലിലേക്ക് വീണു. കുട്ടിയുടെ ചെരുപ്പുകളും മഗും അഴുക്കുചാലിന് സമീപം കണ്ടെത്തിയതോടെയാണ് കുട്ടി അഴുക്കുചാലില്‍ വീണെന്ന് നാട്ടുകാര്‍ മനസിലാക്കിയത്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ രാകേഷ് നിര്‍മാണ തൊഴിലാളികളായ മാതാപിതാക്കള്‍ ഭീമപ്പയ്ക്കും നാഗമ്മയ്ക്കുമൊപ്പം പത്ത് ദിവസം മുമ്പാണ് ബംഗളൂരുവില്‍ എത്തിയത്. കുട്ടി അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം കലബുറാഗിയിലാണ് താമസം.

ഭീമപ്പയും നാഗമ്മയും ജോലി ചെയ്യുന്ന നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ ഒരുഭാഗത്ത് തന്നെയാണ് താമസിച്ചിരുന്നത്. രാകേഷിന്റെ മൃതദേഹം അഴുക്കുചാലില്‍ നിന്നും ലഭിച്ചതോടെ ഇവര്‍ കലബുറാഗിയിലേക്ക് മടങ്ങി. ഇവര്‍ താമസിച്ചിരുന്ന ഷെഡ്ഡില്‍ ശൗചാലയം ഉണ്ടായിരുന്നില്ല. ഇവരുടെ അയല്‍വാസികളും രാകേഷിന്റെ മാതാപിതാക്കളെപ്പോലെ കുടിയേറ്റ തൊഴിലാളികളാണ്. ഇവരെല്ലാം അതിരാവിലെ അഴുക്കുചാലിന് സമീപമാണ് മലവിസര്‍ജ്ജനം നടത്തുന്നതെന്ന് സമീപവാസികള്‍ അറിയിച്ചു.

പല നിര്‍മ്മാണ സ്ഥാപനങ്ങളും തൊഴിലാളികള്‍ക്ക് മലമൂത്ര വിസര്‍ജ്ജനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. ഈ തൊഴിലാളികള്‍ ഒരു സൈറ്റിലെ ജോലി കഴിഞ്ഞ് അടുത്ത സൈറ്റുകളിലേക്ക് പോകുന്നവരാണ്. ഒരു വിഭാഗം തൊഴിലാളികള്‍ പോയി വീണ്ടും അടുത്ത തൊഴിലാളികള്‍ വരുമ്പോള്‍ ഇവിടെ തന്നെയാണ് വിസര്‍ജനം നടത്തുന്നതെന്നും സമീപവാസികള്‍ അറിയിച്ചു.

കുട്ടിയുടെ മരണത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ഈ അഴുക്കുചാല്‍ മണ്ണിട്ട് മൂടിയിരിക്കുകയാണ്. അഴുക്കുചാലിനെക്കുറിച്ച് നാട്ടുകാര്‍ അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല.

കൂടുതല്‍ വായിക്കാം..

https://goo.gl/aAXj4V

അഴിമുഖം ഡെസ്ക്:
Leave a Comment