പസിഫിക് ഐലാന്റ്‌സ് ഫോറം ഉച്ചകോടിയില്‍ നാടകീയ സംഭവങ്ങളും സംഘര്‍ഷവും. നാവ്‌റു പ്രസിഡന്റുമായുള്ള രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് ചൈനയുടെ പ്രതിനിധി ഇറങ്ങിപ്പോയി. ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് ചൈന ഭീഷണി മുഴക്കി. ചൈനീസ് പ്രതിനിധി വളരെ അഹന്തയോടെയും ഗര്‍വോടെയുമാണ് പെരുമാറിയതെന്ന് നാവ്‌റു പ്രസിഡന്റ് ബാരന്‍ വാഖ കുറ്റപ്പെടുത്തുന്നു. ചൈനീസ് പ്രതിനിധിയെ പുറത്താക്കുമെന്ന് നാവ്‌റു പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 18 പസിഫിക് രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് നാവ്‌റുവാണ്. യുഎസും ചൈനയുമടക്കം ഫോറത്തില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നു.
തന്ത്രപ്രധാനമായ പസിഫിക് മേഖലയില്‍ ചൈനയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള അസ്വാരസ്യങ്ങളാണ് രൂക്ഷമായ തര്‍ക്കത്തിന് കാരണമായത്. നേതാക്കളുടെ സംസാരിക്കാനുള്ള ക്രമം തെറ്റിച്ച് ചൈനീസ് പ്രതിനിധി ഇടയ്ക്കുകയറിയതാണ് തര്‍ക്കത്തിലേയ്ക്ക് നയിച്ചത്. ടുവാലു പ്രധാനമന്ത്രി പ്രസംഗിക്കാന്‍ തുടങ്ങുമ്പോളാണ് ഇതുണ്ടായത്. അതേസമയം ചൈനീസ് പ്രതിനിധി ക്ഷമാപൂര്‍വം സംസാരിക്കാന്‍ കാത്തിരിക്കുകയായിരുന്നു എന്നും തനിക്ക് സംസാരിക്കാന്‍ താല്‍രപര്യമുണ്ടെന്ന് അറിയിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും മറ്റുള്ളവര്‍ ഇതിനെ അവഗണിക്കുകയാണ് ഉണ്ടായതെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നയാള്‍ ദ ഗാര്‍ഡിയനോട് പറഞ്ഞു. ക്ഷമ കെട്ടാണ് ചൈനീസ് പ്രതിനിധി പൊട്ടിത്തെറിച്ചത്. പസിഫിക് മേഖലയിലെ ചൈനയുടെ മേധാവിത്തത്തിലുള്ള അസ്വസ്ഥതയും അമര്‍ഷവുമാണ് ചൈനീസ് പ്രതിനിധിയോട് മറ്റ് നേതാക്കള്‍ കാണിച്ചത് എന്നാണ് സൂചന. അതേസമയം ഭരണ നേതാക്കളെ അയയ്ക്കാതെ ഉദ്യോഗസ്ഥരെ അയ്ക്കുകയാണ് ചൈന ചെയ്തതെന്ന് ഫോറം വൃത്തങ്ങള്‍ പറയുന്നു.
നാവ്‌റുവും ടുവാലുവും തായ്‌വാനുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളാണെന്നതും ചൈനയുടെ അമര്‍ഷത്തിന് പിന്നിലുള്ള കാരണമാണ്. തങ്ങളുടെ ഭാഗമാണ് തായ്‌വാന്‍ എന്നാണ് ചൈനയുടെ അവകാശവാദം. നാവ്‌റു മന്ത്രിമാര്‍ക്ക് തായ്‌വാന്‍ പ്രതിമാസം 5000 ഡോളര്‍ പ്രതിഫലം രഹസ്യമായി നല്‍കുന്നുണ്ടെന്ന വിവരം യുഎസ് പുറത്തുവിട്ടിരുന്നു. എംപിമാര്‍ക്ക് പ്രതിമാസം 2500 ഡോളര്‍ നല്‍കുന്നുണ്ട്. നാവ്‌റുവിന് ചൈനയുമായി നയതന്ത്ര ബന്ധമില്ല. സംഘര്‍ഷത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.