വിദേശ തൊഴില്‍ നിയമന തട്ടിപ്പ് :- ശ്രദ്ധിക്കേണ്ടതും, അറിയേണ്ടതും…

ശരിയായ റിക്രൂട്ടിംഗ് ഏജന്‍സികളെ കണ്ടെത്തുക എന്നുള്ളതാണ് പരമ പ്രധാനമായ കാര്യം

വിദേശത്തേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരുന്നു. അപ്പോള്‍ തന്നെ, വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികളുടെ തൊഴില്‍ തട്ടിപ്പിന് ഇരയാകുന്നവരും ഏറെയാണ്. ജോലിക്കായി, വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് നമ്മുടെ രാജ്യത്തുള്ള സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികളെയാണ്. അതുകൊണ്ട് തന്നെ ശരിയായ റിക്രൂട്ടിംഗ് ഏജന്‍സികളെ കണ്ടെത്തുക എന്നുള്ളതാണ് പരമ പ്രധാനമായ കാര്യം. അത്തരം ഏജന്‍സികളെ എങ്ങനെ കണ്ടെത്താന്‍ സാധിക്കും? അവര്‍ക്ക് എപ്രകാരമുള്ള ലൈസന്‍സാണ് ഉണ്ടായിരിക്കേണ്ടത്?foreign employment frauds

ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കായി തൊഴിലാളികളെ/ ഉദ്യോഗാര്‍ത്ഥികളെ അയക്കുന്ന ഏജന്‍സികള്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സില്‍ രജിസ്റ്റര്‍ ചെയ്ത്, അതിന്റെ ലൈസന്‍സ് ആക്റ്റീവ് ആയി നിലനിര്‍ത്തുന്നവര്‍ ആയിരിക്കണം. അത്തരത്തിലുള്ള ഏജന്‍സികള്‍ക്ക് മാത്രമേ തൊഴിലാളികളെ/ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ നിയമം അനുവദിക്കുന്നുള്ളൂ.

അങ്ങനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ പാലിച്ച് കൊണ്ട് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍, പേര് വിവരങ്ങള്‍ എന്നിവ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സിന്റെ വെബ്‌സൈറ്റില്‍ നിന്ന് നമുക്ക് ലഭിക്കും. അതിനായി, www.emigrate.gov.in എന്ന വെബ്‌സൈറ്റ് ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ആക്റ്റീവ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക്, തൊഴിലാളികളില്‍/ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഈടാക്കാന്‍ കഴിയുന്ന പരമാവധി സര്‍വീസ് ചാര്‍ജ് 30,000/- ഇന്ത്യന്‍ രൂപയാണ്. അതിന് മുകളില്‍ ഏതെങ്കിലും ആക്റ്റീവ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നുണ്ടെങ്കില്‍, അത് തെളിവ് സഹിതം കൃത്യമായി പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സില്‍ പരാതിപ്പെട്ടാല്‍, നിങ്ങള്‍ക്ക് ചിലവായ പണം തിരികെ ലഭിക്കുന്നതിനും, ഇത്തരത്തില്‍ കൊള്ള നടത്തുന്ന ഏജന്‍സികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സിന് കടക്കുന്നതിനും സഹായകരമാകും.

പരാതി അയക്കേണ്ട മേല്‍വിലാസം ചുവടെ ചേര്‍ക്കുന്നു:

To,

The Protector General of Emigrants
Ministry of External Affairs
1021, Akbar Bhavan, Chankyapuri, New – Delhi – 110021.

അതിനാല്‍, ജോലിക്കായി വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ ആഗ്രഹിച്ച് സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കുന്നവര്‍, പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ആക്റ്റീവ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴി മാത്രം പോകാന്‍ ശ്രദ്ധിക്കുക.

പ്രസ്തുത ഏജന്‍സികള്‍ തട്ടിപ്പ് നടത്താനുള്ള സാധ്യത വിരളമാണ്. ഏതെങ്കിലും തരത്തില്‍ ഉള്ള തട്ടിപ്പുകളോ, തൊഴില്‍ ലംഘനങ്ങളോ, ചൂഷണങ്ങളോ ഈ ഏജന്‍സികള്‍ നടത്തിയാല്‍, തെളിവ് സഹിതം ഉള്ള നമ്മുടെ പരാതിയിന്മേല്‍, നഷ്ടപരിഹാരം ഉള്‍പ്പെടെ നമുക്ക് ലഭിക്കും. മാത്രമല്ല, ഇത്തരം ഏജന്‍സികളുടെ ലൈസന്‍സ് റദാക്കി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ഇക്കാരണത്താല്‍, പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ആക്റ്റീവ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ തൊഴില്‍ തട്ടിപ്പുകള്‍ നടത്താന്‍ ഒരിക്കലും മുതിരില്ല.

പക്ഷേ, ഈ ഏജന്‍സികള്‍ ഈടാക്കാന്‍ കഴിയുന്ന പരമാവധി സര്‍വീസ് ചാര്‍ജിന് മുകളില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വാങ്ങാറുണ്ട് എന്നതാണ് സത്യം. അത്തരത്തില്‍ അധികമായി ചോദിക്കുന്ന തുക അവര്‍ ചെക്ക് വഴിയായോ, ബാങ്ക് അക്കൗണ്ട് വഴിയായോ വാങ്ങാറില്ല. മറിച്ച്, പണം നേരിട്ട് അവര്‍ക്ക് കൈമാറണം എന്ന് ആവശ്യപ്പെടും. ഇത്തരത്തില്‍ കൈമാറുന്ന തുകക്ക് യാതൊരു രേഖയോ, തെളിവോ അവര്‍ നല്‍കുകയുമില്ല.

ഏജന്‍സികള്‍ അധികമായി ചോദിക്കുന്ന തുക, യാതൊരു രേഖകളോ, തെളിവുകളോ ഇല്ലാതെ അവര്‍ക്ക് നമ്മള്‍ പണമായി നേരിട്ട് കൈമാറുന്നു എന്നുള്ളത് ഇത്തരം സാമ്പത്തിക ചൂഷണങ്ങള്‍ വീണ്ടും വീണ്ടും നടത്താന്‍ പ്രേരകഘടകമായി മാറുന്നു. രജിസ്റ്റര്‍ഡ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ നടത്തുന്ന ഇത്തരം സാമ്പത്തിക കൊള്ളകള്‍ക്ക് കാരണക്കാര്‍ നമ്മള്‍ ഓരോരുത്തരും ആണെന്ന് തിരിച്ചറിഞ്ഞ് അത് തിരുത്താന്‍ തയ്യാറായാല്‍ ഇത്തരം സാമ്പത്തിക ചൂഷണങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും.

പണം എപ്രകാരം കൈമാറണം?

ആക്റ്റീവ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് കൈമാറുന്ന തുക, അവരുടെ ഔദ്യോഗിക അക്കൗണ്ട് നമ്പറിലേക്ക് ഓണ്‍ലൈന്‍ വഴിയായോ, ചെക്ക് മുഖേനയോ മാത്രം കൈമാറുക.

പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏജന്‍സിയുടെ പേരിലുള്ള ഔദ്യോഗിക അക്കൗണ്ട് ആണെന്ന് രണ്ട് വട്ടം ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം തുക അവര്‍ക്ക് അയക്കുക.

ഈ രീതിയില്‍ നമ്മള്‍ വര്‍ത്തിച്ചാല്‍, ഏജന്‍സികള്‍ അധികമായി ഈടാക്കുന്ന തുകക്ക് നമ്മളുടെ പക്കല്‍ തെളിവുകള്‍ ഉണ്ടാകും. ഇത് സാമ്പത്തിക ചൂഷണം നടത്തുന്ന രജിസ്റ്റര്‍ഡ് ഏജന്‍സികളെ പുറത്ത് കൊണ്ടുവരുന്നതിന് സഹായിക്കും. മാത്രവുമല്ല, ഇത്തരം ചൂഷണങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും വഴിയൊരുക്കപ്പെടും.

എന്താണ് പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ്

വിദേശത്തേക്ക് തൊഴിലിനായി പോകുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ/ ഉദ്യോഗാര്‍ത്ഥികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് ഉത്തരവാദിത്തമുള്ള ഒരു അതോറിറ്റിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ്. വിദേശത്തേക്ക് തൊഴിലാളികളെ/ ഉദ്യോഗാര്‍ത്ഥികളെ അയക്കുന്ന റിക്രൂട്ടിംഗ് ഏജന്റുമാര്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ അതോറിറ്റി കൂടിയാണ് പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ്.

പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സിന്റെ ചില അധികാരങ്ങള്‍ കൂടി ചുവടെ ചേര്‍ക്കുന്നു :-

* 1983 ലെ എമിഗ്രേഷന്‍ നിയമത്തിലെ സെക്ഷന്‍ 11, 12 പ്രകാരം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി) നല്‍കാനും നിയമത്തിലെ സെക്ഷന്‍ 13 പ്രകാരം അത് പുതുക്കാനുമുള്ള അധികാരം.

* നിയമത്തിന്റെ 14-ാം വകുപ്പ് പ്രകാരം R.C സസ്‌പെന്‍ഡ് ചെയ്യാനും, അസാധുവാക്കാനും ഉള്ള അധികാരം.

* നിയമത്തിന്റെ നാലാം അധ്യായം പ്രകാരം വിദേശ തൊഴിലുടമയ്ക്കും (എഫ്.ഇ), പ്രോജക്റ്റ് എക്സ്പോര്‍ട്ടര്‍ (പി.ഇ)ക്കും പെര്‍മിറ്റ് നല്‍കാനുള്ള അധികാരം.

* നിയമത്തിന്റെ 24, 25 വകുപ്പുകള്‍ പ്രകാരം കുറ്റങ്ങള്‍ക്കും, പിഴകള്‍ക്കും പ്രോസിക്യൂഷന്‍ അനുവദിക്കുന്നതിനുള്ള അധികാരം.

* ആക്ടിന്റെ സെക്ഷന്‍ 36 പ്രകാരം, ആര്‍.എ – കള്‍ക്കായി ഏതെങ്കിലും റിട്ടേണ്‍, റെക്കോര്‍ഡ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ നിര്‍ദേശിക്കുന്നതിനും അത് അവരുടെ ഓഫീസില്‍ പരിശോധിക്കുന്നതിനുമുള്ള അധികാരം.

* നിയമത്തിലെ സെക്ഷന്‍ 37 പ്രകാരം സിവില്‍ കോടതിയുടെ അധികാരം.

വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും, ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. ഇത് വിവിധതരത്തിലുള്ള തട്ടിപ്പുകളില്‍/ ചൂഷണങ്ങളില്‍ അകപ്പെടാതിരിക്കാന്‍ നമ്മളെ സഹായിക്കും.foreign employment frauds

Content Summary: foreign employment frauds

foreign employments migration employees employment frauds latest news public issues

സിജു തോമസ്

ജോയിന്റ് സെക്രട്ടറി, ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസ്സോസിയേഷൻ.

More Posts

സിജു തോമസ്: ജോയിന്റ് സെക്രട്ടറി, ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസ്സോസിയേഷൻ.
Leave a Comment