സമാനതകളില്ലാത്ത ക്രിക്കറ്റര്‍ എന്ന് സംശയലേശമന്യേ പറയാം വിരാട് കോഹ്‌ലിയെക്കുറിച്ച്. എന്നാല്‍, നിലവിലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ കോഹ്‌ലിയുടെ പ്രകടനം കടുത്ത വിരാട് ഫാന്‍സിനെ പോലും നിരാശരാക്കുകയാണ്. ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ നേരിടാന്‍ അദ്ദേഹം വളരെ പ്രയാസപ്പെടുകയാണ്. താരം പുറത്താകുന്ന രീതി കാണുമ്പോള്‍, അത് താത്കാലികമായ ഫോം ഔട്ട് ആയി മാത്രം കാണാനാകില്ല. ഓഫ് സൈഡിനു പുറത്തു കൂടി പോകുന്ന പന്തിന് അദ്ദേഹം സ്ഥിരമായി കീഴടങ്ങുന്നു. ഗാബ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിലും സമാന പിഴവ് ആവര്‍ത്തിച്ചതോടെ കോഹ്‌ലിക്കെതിരേ ഇന്ത്യന്‍ ആരാധകരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ഓരോ രീതിയിലുള്ള പുറത്താകല്‍ ആണ് ആരാധകരുടെയടക്കം പുരികം ചുളിയലിന് കാരണമായിരിക്കുന്നത്. അഞ്ച് ഇന്നിംഗ്‌സ് കളിച്ചതില്‍ നാലിനും വിക്കറ്റിന് പിന്നില്‍ പിടികൂടിയാണ് അദ്ദേഹം പുറത്തായിരിക്കുന്നത്.സാഹചര്യങ്ങളോട് ഇണങ്ങി കളിക്കുന്നവനെന്ന് പ്രശംസിക്കപ്പെട്ടിരുന്ന ഒരു താരത്തില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത വീഴ്ച്ച. ഒന്നോ രണ്ടോ തവണയാണ് ഇത്തരം പുറത്താകല്‍ എങ്കില്‍, നിര്‍ഭാഗ്യം എന്ന് വിളിച്ച് അവഗണിക്കാം. പക്ഷേ, ഓഫ് സ്റ്റെമ്പിന് വെളിയില്‍ പോകുന്ന പന്തില്‍ ബാറ്റ് വച്ച് കീഴടങ്ങുന്ന പതിവ് അദ്ദേഹം ആവര്‍ത്തിക്കുമ്പോള്‍, കോഹ്‌ലിയുടെ ഫോമിന്റെ കാര്യത്തില്‍ ആഴത്തിലുള്ള വിശകലനം ആവശ്യമായി വരുന്നു. പെര്‍ത്തിലെ സെക്കന്‍ഡ് ഇന്നിംഗ്‌സ് സെഞ്ച്വറി ഒഴിച്ചാല്‍, രണ്ടക്കം കാണാനാകാതെയാണ് കോഹ്‌ലി പതിവായി ക്രീസ് വിടുന്നത്.
ആത്മവിശ്വാസം നഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ സ്വഭാവിക കളിയെ ബാധിക്കുന്നുണ്ട്. കാലങ്ങളായി കണ്ടിരുന്ന കോഹ്‌ലിയെയല്ല ഇപ്പോള്‍ കാണുന്നത്. അക്രമണോത്സുകമായ ഡ്രൈവുകള്‍ ഉണ്ടാകുന്നില്ല, പേസര്‍മാരെ കീഴടക്കുന്ന മിടുക്കും ഇല്ല, ഏത് സാഹചര്യത്തെയും തന്റെതായ നിയന്ത്രണത്തിലാക്കുന്ന വിരുതും വിരാടിന് കൈമോശം വന്നിരിക്കുന്നു. സീമും ബൗണ്‍സും നിറഞ്ഞ ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ വിരാടിന്റെ ട്രേഡ് മാര്‍ക്കായിരുന്ന കവര്‍ ഡ്രൈവുകള്‍ അദ്ദഹേത്തിനിപ്പോള്‍ ബാധ്യതയായി മാറിയിരിക്കുന്നു. ബ്രിസ്‌ബെയ്‌നില്‍ ജോഷ് ഹോസില്‍വുഡിന്റെ ഡെലിവറി നേരിടാനായി, മുന്നിലേക്ക് കയറി നടത്തിയ നീക്കം ഒരിക്കല്‍ കൂടി വിക്കറ്റ് പിന്നില്‍ പിടികൂടാനുള്ള അവസരം സൃഷ്ടിക്കലായിരുന്നു. ഇത്തരം പന്തുകള്‍ കളിക്കാന്‍ കോഹ് ലി തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ട്, അത് തന്നെ അദ്ദേഹത്തിന്റെ ക്രീസിലെ ആയുസ് അവസാനിപ്പിക്കുകയും ചെയ്യും.
പ്രത്യേകമായി കാണേണ്ട ഒരു കാര്യമുണ്ട്. കോഹ്‌ലിയുടെ പുറത്താകല്‍ മാത്രമല്ല ആശങ്കപ്പെടുത്തുന്നത്, തന്റെ പിഴവുകള്‍ അദ്ദേഹത്തിന് തിരുത്താന്‍ സാധിക്കുന്നില്ല, രീതികള്‍ മാറ്റാന്‍ ശ്രമിക്കുന്നില്ല, അവിടെയാണ് പ്രശ്‌നം. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിയുടെ സാങ്കേതികതയില്‍ മാറ്റം വരുത്തി വിജയിച്ച സ്റ്റീവ് സ്മിത്തിനെയും കെ എല്‍ രാഹുലിനെയും വിരാട് മാതൃകയാക്കേണ്ടതായിരുന്നു. ശരീരത്തോട് ചേര്‍ന്ന് പന്തുകളെ സമീപിക്കാന്‍ രാഹുല്‍ തയ്യാറായി. സോഫ്റ്റ് ഗ്രിപ്പിംഗില്‍ ബാറ്റ് പിടിച്ച്, പന്തുകള്‍ അടുത്തേക്ക് വരാന്‍ കാത്തു നില്‍ക്കുന്നു, അങ്ങോട്ട് ചെന്ന് ശക്തി കാണിക്കാനല്ല രാഹുല്‍ തയ്യാറാകുന്നത്. പന്തിന്റെ സീം മനസിലാക്കിയാണ് അയാള്‍ ഷോട്ടുകള്‍ തെരഞ്ഞെടുക്കുന്നതും. സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതില്‍ അഗ്രഗണ്യനാണ് സ്മിത്ത്. താന്‍ ക്രീസില്‍ എങ്ങനെയാണ് നില്‍ക്കുന്നതെന്നതില്‍ അദ്ദേഹത്തിന് ഉത്തമബോധ്യമുണ്ട്. പന്ത് ഡെലിവറി ചെയ്യുന്നതിന് അനുസരിച്ച് നില്‍പ്പിലും ശരീരത്തിന്റെ ചലനത്തിലും അദ്ദേഹം മാറ്റങ്ങള്‍ വരുത്തുന്നു.
സ്റ്റീവ് സ്മിത്ത് എന്ന പ്രശ്‌ന പരിഹാരകന്‍
നേരേ മറിച്ച് കോഹ്‌ലി, തന്റെ ഷോട്ടുകള്‍ അപകടമാണെന്ന് അറിഞ്ഞിട്ടും അതേ ആക്രമണോത്സുകത തുടരുകയാണ്. ഒരു കാലത്ത് ഈ നിലപാടായി അദ്ദേഹത്തിന്റെ കരുത്ത് എന്നത് സമ്മതിക്കുന്നു, എന്നാല്‍ ഇന്നത് അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ്. ഓഫ് സ്റ്റമ്പിന് അകന്നു പോകുന്ന പന്തുകള്‍ കളിക്കാനുള്ള ശാഠ്യം കോഹ്‌ലിയെ തുടര്‍ പരാജിതനാക്കുകയാണ്.
ഏകദിനത്തില്‍ വിജയിച്ച അതേ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയല്ല വേണ്ടത്, ടെസ്റ്റിന്റെ രീതികളോട് പൊരുത്തപ്പെടാനാണ് വിരാട് ശ്രദ്ധിക്കേണ്ടത്. ഈ മാറ്റത്തിന് കോഹ്‌ലി ഉടനടി തയ്യാറാകുമോ എന്നതാണ് ചോദ്യം. സ്മിത്തും രാഹുലും ചെയ്തത് എന്താണോ അത് തന്നെ കോഹ്‌ലിയും ചെയ്യുമോ? ക്രിക്കറ്റില്‍ നിലനില്‍ക്കാന്‍ ഒരു പ്ലാന്‍ ബി വേണമെന്നാണ് സ്മിത്തും രാഹുലും തെളിയിച്ചിരിക്കുന്നത്. തന്റെ കളിയില്‍ മാറ്റം വരുത്താന്‍ കോഹ്‌ലി മുമ്പ് തയ്യാറായിട്ടുണ്ട്. വീണ്ടുമതിന് തയ്യാറാകേണ്ടതുണ്ട്. പരമ്പര തുടരുകയാണ്, അപ്പോള്‍ ചോദ്യം കൂടുതല്‍ പ്രസക്തമാണ്; കളി മാറ്റാന്‍ തയ്യാറാകുമോ, അതോ ഇതേ നിലയില്‍ തുടരനാണോ തീരുമാനം? വെല്ലുവിളികള്‍ നേരിടാനുള്ള കഴിവായിരുന്നു വിരാടിനെ ക്രിക്കറ്റിലെ രാജാവ് ആക്കിയത്. ഈ അധ്യായത്തിന് തുടര്‍ച്ചയുണ്ടാകുമോ ഇല്ലയോ എന്നത് സ്വയം വഴി കണ്ടെത്താനുള്ള അയാളുടെ കഴിവിനെ ആശ്രയിച്ചു മാത്രമാണുള്ളത്. Can Virat Kohli Save Himself and find a new way to score?
Content Summary; Can Virat Kohli Save Himself and find a new way to score?