മൂവാറ്റുപുഴ ജംഗ്ഷനിലെ വള്ളക്കാലിപ്പടിയിലെ ആ വീട് ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ‘കെറ്റാമെലോണ്‍’ എന്നപേരില്‍ പ്രവര്‍ത്തിച്ചിരുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക്നെറ്റ് മയക്കുമരുന്ന് വില്‍പ്പനശൃംഖലയുടെ വേരുകളോടിയിരുന്നത് ആ വീട്ടില്‍ നിന്നായിരുന്നു. എഡിസണ്‍ മാത്യു എന്ന ‘വമ്പന്‍ സ്രാവിന്റെ’ അറസ്റ്റിന് മുന്‍പും ആ വീട് ഇതുപോലെ തന്നെ ശാന്തമായിരുന്നു. സന്ദര്‍ശകര്‍ പോലും വളരെ വിരളം. കുടുംബത്തോടൊപ്പം കഴിഞ്ഞുകൊണ്ടായിരുന്നു എഡിസണ്‍ തന്റെ ‘കെറ്റാമെലോണ്‍’ സാമ്രാജ്യം ആ വീടിനുള്ളില്‍ കെട്ടിപൊക്കിയത്. ഒന്നരവര്‍ഷം മുന്‍പുവരെ ബെംഗളൂരുവില്‍ ഐടി കമ്പനിയില്‍ ജീവനക്കാരനായിരുന്നു എഡിസണ്‍ എന്ന് മാത്രമാണ് സമീപവാസികള്‍ക്ക് അറിയുന്നത്.
”ആരുമായും അധികം ഇടപഴകുന്ന ആളുകള്‍ അല്ല. അച്ഛനും അമ്മയും രണ്ട് ആണ്‍മക്കളും അടങ്ങുന്ന കുടുംബം. എഡിസനെക്കുറിച്ച് പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ല, അറസ്റ്റിന് ശേഷം പോലും ഇതൊന്നും വിശ്വസിക്കാനായിട്ടില്ല. ഇതൊക്കെ കേട്ടപ്പോള്‍ വല്ലാതെ ആയിപ്പോയി. വര്‍ഷങ്ങളായി ഇവിടെത്തന്നെ ഉള്ളവരാണ്, ആരും അങ്ങനെ കാണാനും വരാറില്ല, സുഹൃത്തുക്കള്‍ പോലും വീട്ടില്‍ വന്നു കണ്ടിട്ടില്ല. ഇടയ്‌ക്കെപ്പോഴെങ്കിലും ഒന്ന് കാണുമ്പോള്‍ നമ്മളോട് ചിരിക്കും അത്ര മാത്രം. അറസ്റ്റിലാകുന്നതിന് ഒരാഴ്ച മുന്‍പാണ് അവസാനം കണ്ടത്. സാമ്പത്തികമായി പോലും മുന്നിട്ട് നില്‍ക്കുന്ന കുടുംബമാണ് ഇതിന്റെ ഒന്നും ഒരാവശ്യവും ഉണ്ടായിരുന്നില്ല” എഡിസന്റെ അയല്‍വാസി അഴിമുഖത്തോട് പറഞ്ഞു.
”നല്ലൊരു പയ്യനായിരുന്നു, എന്തിനാണിങ്ങനെയൊക്കെ ചെയ്തതെന്ന് മനസ്സിലാകുന്നില്ല, വാര്‍ത്തകളില്‍ വരുന്ന ഓരോ കാര്യങ്ങളും കേള്‍ക്കുമ്പോഴാണ് ആ പയ്യനെക്കുറിച്ച് ഇത്രയും കാര്യങ്ങള്‍ അറിയുന്നത്, ആരോടും സൗഹൃദത്തിനൊന്നും എഡിസണ്‍ നിന്നിരുന്നില്ല, മറ്റുള്ളവരുമായി അധികം സഹകരിക്കുന്ന പ്രകൃതമല്ല, അല്പം സൈലന്റ് ആണ്”, ഇത് തന്നെയാണ് എഡിസനെക്കുറിച്ച് ആ നാട്ടുകാര്‍ക്ക് മുഴുവന്‍ പറയാനുള്ളതും.
ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക്നെറ്റ് മയക്കുമരുന്ന് ഗാങ്ങിനെയാണ് നാലുമാസം നീണ്ട ‘മെലോണ്‍’ ദൗത്യത്തിനൊടുവില്‍ എന്‍സിബി കൊച്ചി യൂണിറ്റ് വലയിലാക്കിയത്. അതിലെ പ്രധാനിയായിരുന്നു എഡിസണ്‍. ലോകത്തിലെ ഏറ്റവും വലിയ എല്‍എസ്ഡി വില്‍പനക്കാരായ കുപ്രസിദ്ധനായ ഡോ.സ്യൂസിന്റെ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘വെണ്ടര്‍ ഗുംഗ ദിനി’ല്‍ നിന്നാണ് ‘കെറ്റാമെലന്‍’ കാര്‍ട്ടല്‍ പ്രധാനമായും ലഹരിമരുന്ന് ശേഖരിച്ചിരുന്നത്. 2023ലാണ് എന്‍സിബി അന്നത്തെ ഏറ്റവും വലിയ ഡാര്‍ക്‌നെറ്റ് അധിഷ്ഠിത എല്‍എസ്ഡി കാര്‍ട്ടലായ ‘സാംബഡ’യെ പിടികൂടിയത്. അന്ന് 29,013 എല്‍എസ്ഡി ബ്ലോട്ടുകള്‍, 472 ഗ്രാം എംഡിഎംഎ എന്നിവ പിടിച്ചെടുക്കുകയും 14 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്ന് തപാല്‍ പാഴ്‌സലുകളിലായി എത്തിയ 280 എല്‍എസ്ഡി ബ്ലോട്ടുകള്‍ എന്‍സിബി പിടികൂടിയിരുന്നു. ഇതിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് എഡിസണില്‍ എത്തിയത്. ഇന്ത്യയിലെ ഏക ലെവല്‍ 4 ഡാര്‍ക്ക്‌നെറ്റ് വില്‍പ്പനക്കാരനാണ് പിടിയിലായ എഡിസണ്‍, കൂട്ടിന് കിഴക്കേക്കരയിലെ വാടക താമസക്കാരന്‍ ആയ അരുണ്‍ തോമസും പറവൂര്‍കാരായ പാഞ്ചാലിമേട്ടിലെ സണ്‍സെറ്റ് വാലി റിസോര്‍ട്ടിന്റെ ഉടമകളായ ഡിയോള്‍ ഭാര്യ അഞ്ജു എന്നിവരും.
എഡിസണ്‍ വഴിയാണ് അന്വേഷണം ഇവരിലേക്കും എത്തുന്നത്. ഏതാണ്ട് നാലുവര്‍ഷത്തോളമായി ഇവര്‍ ഈ രംഗത്ത് സജീവമായിരുന്നു. ചെറിയ രീതിയില്‍ തുടങ്ങി പിന്നീട് വളരെ പെട്ടെന്നായിരുന്നു എഡിസണ്‍ സംഘത്തിന്റെ വളര്‍ച്ച, സാങ്കേതിക വിദ്യയിലെ വൈദഗ്ധ്യവും ഇതിന് സഹായകമായി. പറവൂര്‍ സംഘവും എഡിസനും അരുണുമെല്ലാം കുറച്ചു മാസങ്ങളായി എന്‍ സി ബി യുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. 1127 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമൈനും 70 ലക്ഷം രൂപ മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സി, ഒരു ഹാര്‍ഡ്വേര്‍ വാലറ്റ് അടങ്ങിയ ലാപ്‌ടോപ്പും എഡിസന്റെ പക്കല്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്കെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര കണ്ണികളിലേക്കാണ് ഇനി അന്വേഷണ സംഘം നീങ്ങുന്നത്. എഡിസണ്‍ സംഘം ലഹരി വ്യാപാരത്തിലൂടെ സമ്പാദിച്ച കോടികളുടെ നിക്ഷേപകള്‍ എവിടെയെന്ന് കൃത്യമായി കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. എറണാകുളം ഇടുക്കി വയനാട് ജില്ലകളിലായി ചില വസ്തു ഇടപാടുകള്‍ എഡിസണും സംഘവും നടത്തിയിരുന്നതായി വിവരമുണ്ട്. പലര്‍ക്കും ഇതിനായി കമ്മീഷന്‍ വാഗ്ദാനം ചെയ്തിരുന്നതായും വിവരമുണ്ട്.
content summary: Edison Mathew, the world of ‘King of Ketamelon’ is unknown to many