June 26, 2026 |
Avatar
അമർനാഥ്‌
Share on

ധര്‍മസ്ഥല ഓര്‍മിപ്പിക്കുന്ന ചെമ്മാനിയിലെ അജ്ഞാത കുഴിമാടങ്ങള്‍

ആരും വൃത്തിയാക്കാത്തതിനാല്‍ ഉണങ്ങാന്‍ വിസമ്മതിക്കുന്ന ഒരു മുറിവാണ് ചെമ്മാനി കൂട്ടക്കുഴിമാടം

കര്‍ണാടകയിലെ ധര്‍മ്മസ്ഥല എന്ന ക്ഷേത്രനഗരത്തില്‍, അജ്ഞാത ശവക്കുഴികളില്‍ നിന്ന് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെടുക്കലും ഇപ്പോള്‍ ധര്‍മ്മസ്ഥലയാല്‍ നടക്കുന്ന അന്വേഷണങ്ങളും കുഴിമാടങ്ങളില്‍ കണ്ടെത്തിയ മനുഷ്യ ശരീരാവശിഷ്ടങ്ങളും, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയിലെ ചെമ്മാനിയില്‍ കണ്ടെടുത്ത, തിരിച്ചറിയാത്ത മനുഷ്യ ശവശരീരങ്ങളുടെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ വീണ്ടും ഉണര്‍ത്തുകയാണ്.

ആരും വൃത്തിയാക്കാത്തതിനാല്‍ ഉണങ്ങാന്‍ വിസമ്മതിക്കുന്ന ഒരു മുറിവാണ് ചെമ്മാനി കൂട്ടക്കുഴിമാടം. ശ്രീലങ്കയില്‍ നീതി ഒരു പ്രകടനമാണ്. സമാധാനം ഒരു പ്രചാരണമാണ്. അനുരഞ്ജനമോ? വെറും ഒരു വാക്ക്. പക്ഷേ അസ്ഥികള്‍ യഥാര്‍ത്ഥമാണ്. അവ ഉയര്‍ന്നുവരുന്നു. നിങ്ങള്‍ക്ക് കോടതികള്‍ അടച്ചിടാം. പത്രപ്രവര്‍ത്തകരെ തടയാം. അമ്മമാരെ ഭീഷണിപ്പെടുത്താം. ശ്മശാനങ്ങള്‍ തകര്‍ക്കാം. പക്ഷേ, രക്തത്തില്‍ എഴുതിയ ചെമ്മാനിയിലെ ചരിത്രം നിങ്ങള്‍ക്ക് മായ്ക്കാന്‍ കഴിയില്ല.

ദി.സണ്‍ ദിനപത്രം, ശ്രീലങ്ക

മൂന്ന് പതിറ്റാണ്ട് നീണ്ട് അവസാനം രക്തത്തില്‍ മുങ്ങി അവസാനിച്ച ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഒരു അദ്ധ്യായമാണ് ചെമ്മാനിയിലെ പ്രേതങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന ആരുടേതെന്ന് ഒരിക്കലും തിരിച്ചറിയാത്ത ശവക്കുഴികള്‍. ശ്രീലങ്കന്‍ തമിഴര്‍ ഇന്നും നേരിടുന്ന പരിഹരിക്കപ്പെടാത്ത നീതി നിഷേധത്തിന്റെ പ്രതീകമായി തുടരുന്ന ദുരൂഹമായ ഓര്‍മ്മകളാണ് ഇത്. വടക്കന്‍ ശ്രീലങ്കയുടെ ജാഫ്‌നയുടെ പ്രാന്തപ്രദേശത്തുള്ള ചെമ്മാനി എന്ന ഗ്രാമം, 1996 വരെ ശാന്തവും മനോഹരവുമായ ഒരു പട്ടണമായിരുന്നു. എല്‍ടിടിഇ-യുമായുള്ള നീണ്ട യുദ്ധത്തിന്റെ മറവില്‍ എന്നാല്‍ ശ്രീലങ്കന്‍ സൈന്യം കൊലപ്പെടുത്തിയ നിരപരാധികളായ നൂറുകണക്കിന് തമിഴരെ രഹസ്യമായി അടക്കം ചെയ്ത സ്ഥലമായിരുന്നുവെന്ന് തെളിവ് സഹിതം പിന്നീട് പുറത്ത് വന്നു.

മനുഷ്യാവകാശ സംഘടനകളും തമിഴരും വര്‍ഷങ്ങളായി ആരോപിച്ചിരുന്ന കാര്യങ്ങള്‍ സത്യമായി ലോകത്തിന് മുന്നില്‍ പ്രതൃക്ഷപ്പെട്ടു.

1996-ല്‍ ജാഫ്‌നയില്‍ 600 പേരോളം അപ്രത്യക്ഷരായതായും മൃതദേഹങ്ങള്‍ ‘കക്കൂസ് കുഴികളിലും, ഉപയോഗശൂന്യമായ കിണറുകളിലും, ആഴം കുറഞ്ഞ കുഴിമാടങ്ങളിലും’ തള്ളിയതായും ആംനസ്റ്റി ഇന്റര്‍നാഷണല്‍ നേരത്തെ വിശ്വസനീയമായ തെളിവുകളോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സത്യങ്ങളെല്ലാം ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ മറവില്‍ ചെമ്മാനിയെന്ന ചെറുപട്ടണത്തില്‍ നടന്ന കൂട്ടക്കൊലയുടെ വ്യക്തമായ ഒരു ചിത്രം ലോകത്തിന് നല്‍കി-ശ്രീലങ്കന്‍ സൈന്യത്തിന്റെ കൊടുക്രൂരതയുടെ ഭീകര ചിത്രങ്ങളാണ് സൈന്യം കൊല ചെയ്തവരുടെ നിരപരാധികളായ, മനുഷ്യരുടെ ശരീരാവശിഷ്ടങ്ങള്‍ കാണപ്പെട്ട ചെമ്മാനിയിലെ അജ്ഞാത ശവക്കുഴികള്‍!

മൂന്നു പതിറ്റാണ്ട് മുന്‍പാണ് ആയിരക്കണക്കിന് തമിഴ് കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയ ചെമ്മാനിയിലെ ശവകുഴിമാടങ്ങള്‍ കണ്ടെത്തിയത്. ക്രൂരമായ മനുഷ്യ വേട്ടയുടെയും നീതി നിഷേധത്തിന്റെയും സത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെയും പ്രതീകമാണ് ചെമ്മാനിയിലെ ശവക്കുഴികള്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ശ്രീലങ്കന്‍ സൈന്യം ബലമായി പിടിച്ച് കൊണ്ടുപോയ തമിഴരില്‍ കാണാതായവരുടെ അമ്മമാരും ബന്ധുക്കളും വര്‍ഷങ്ങളോളം അവരെ തേടി അലഞ്ഞു. അവര്‍ നിരന്തമായി പ്രതിഷേധിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു, പലപ്പോഴും കാണാതായ പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ കൈവശം വച്ചുകൊണ്ട് അവര്‍ ആശങ്കയോടെ കാണാതായ ഉറ്റവര്‍ തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നു. അവരുടെ പ്രതീക്ഷകളെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് ഉറ്റവരുടെ ശരീരാവശിഷ്ടങ്ങള്‍ എന്ന് സംശയിച്ച ചെമ്മാനിയിലെ പര്യവേഷണത്തില്‍ കണ്ടെടുത്തത്.

1990-കളുടെ മധ്യത്തില്‍ ശ്രീലങ്കന്‍ സൈന്യം തമിഴ് പുലികളുടെ കേന്ദ്ര ബിന്ദുവായ ജാഫ്‌ന പിടിക്കാനുള്ള സൈനിക നടപടിയായ ‘ഓപ്പറേഷന്‍ റിവിറസ’ യുടെ കാലയളവില്‍ സൈന്യം ജാഫ്‌ന ഉപദ്വീപില്‍ നൂറുകണക്കിന് തമിഴരെ ബലമായി തട്ടിക്കൊണ്ടുപോകുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്ത ശേഷം കൂട്ടക്കൊല ചെയ്തു. അതിന് ശേഷം രഹസ്യമായി ചെമ്മാനിയില്‍ മറവു ചെയ്തു.

chemmani mass graves

1995 ൽ ശ്രീലങ്കൻ സൈന്യത്തിൻ്റെ ആക്രമണം ഭയന്ന് ജാഫ്നയിൽ നിന്ന് കൂട്ടത്തോടെ പാലയനം ചെയ്യുന്ന ശ്രീലങ്കൻ തമിഴർ

1996 ഏപ്രിലില്‍ ശ്രീലങ്കന്‍ സൈന്യം ജാഫ്‌ന പിടിക്കാന്‍ എല്‍ടിടി-യുമായി നടത്തിയ ഘോരയുദ്ധത്തില്‍ പുലികള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ വന്നതോടെ അവര്‍ വന്നിക്കാടുകളിലേക്ക് പിന്‍വാങ്ങി. അതോടെ ജാഫ്‌ന ശ്രീലങ്കന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. പത്ത് വര്‍ഷത്തിന് ശേഷമാണ് ജാഫ്‌നയുടെ മേല്‍ ആദ്യമായി നിയന്ത്രണം കൊളംബോ ഭരണകൂടത്തിന് ലഭിക്കുന്നത്. പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗയുടെ ശക്തമായ സൈനിക നടപടികളായിരുന്നു ഈ വിജയത്തിന് പിന്നില്‍. ജാഫ്‌ന പൂര്‍ണ്ണമായും ശ്രീലങ്കന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാകും മുന്‍പ് പുലികളുടെ നിര്‍ബന്ധിത ആഹ്വാനമനുസരിച്ച് അരലക്ഷത്തിലധികം തമിഴ് പുരുഷന്മാരും സ്ത്രീകളും കുട്ടികളും ജാഫ്നയിലെ വീടുകള്‍ ഉപേക്ഷിച്ച് കിള്ളിനൊച്ചിയിലേക്ക് പാലയനം ചെയ്തു.

ലണ്ടന്‍ ടൈംസിന്റെ ലേഖകനായ ക്രിസ്റ്റഫര്‍ തോമസ് എഴുതി: ‘നഗരത്തിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ച ശ്രീലങ്കന്‍ വ്യോമസേനയുടെ ഷെല്ലാക്രമണത്തിലും ബോംബാക്രമണത്തിലും നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ജാഫ്‌ന ഉപദ്വീപിലെ 600,000 തമിഴര്‍ക്കിടയില്‍ പരിഭ്രാന്തി പടരുന്നു. യുദ്ധത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി രൂപാന്തരപ്പെടുകയാണ്… ജാഫ്‌നയിലെ തമിഴ് സിവിലിയന്മാര്‍ സൈനികരുടെ മുന്നേറ്റത്തില്‍ ഭയചകിതരാണ്, വരാനിരിക്കുന്നത് ഒരു കൂട്ടക്കൊലയായിരിക്കുമെന്ന് ബോധ്യമുള്ളതിനാല്‍ ജാഫ്‌നയില്‍ നിന്ന് അവര്‍ കൂട്ടത്തോടെ പാലയനം ചെയ്യുകയാണ്’.

കിഴക്കോട്ട് മൈലുകള്‍ നടന്ന്, നവത്കുളി പാലം കടന്ന്, തങ്ങള്‍ക്ക് എടുക്കാവുന്ന സാധന സാമാഗ്രികള്‍ വഹിച്ചുകൊണ്ട് ജാഫ്‌നയിലെ ജനങ്ങള്‍ കിളിനോച്ചിയിലേക്ക് നീങ്ങി.

യുദ്ധം ജയിച്ച ശ്രീലങ്കന്‍ സൈന്യത്തിന് ലഭിച്ചത് ജനവാസമില്ലാത്ത ഒരു പ്രേത നഗരമായി മാറിയ ജാഫ്‌ന പട്ടണമായിരുന്നു. ശ്രീലങ്കയിലെ തമിഴ് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗ ജാഫ്‌നാ നിവാസികളോട് തിരികെ വരാന്‍ അഭ്യര്‍ത്ഥിച്ചു. ജാഫ്‌നയില്‍ നിലയുറപ്പിച്ച ശ്രീലങ്കന്‍ സൈനികരില്‍ നിന്നും യാതൊരു അക്രമവും ഉണ്ടാകില്ലെന്ന് പ്രസിഡന്റ്‌റ് വാഗ്ദാനം നല്‍കി. കൂടാതെ യുദ്ധം മൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ തീര്‍ത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങളും ജാഫനയില്‍ നടത്താമെന്ന് ചന്ദ്രിക വാഗ്ധാനം നല്‍കി. ശ്രീലങ്കന്‍ പട്ടാളത്തെ പൂര്‍ണ്ണമായും വിശ്വസിക്കാന്‍ തമിഴ് വംശജര്‍ ആദ്യം തയ്യാറായില്ലെങ്കിലും. മെയ് അവസാനത്തോടെ അവര്‍ ജാഫ്‌നയിലേക്ക് കൂട്ടത്തോടെ തിരിച്ച് വരാന്‍ തുടങ്ങി. അവരില്‍ രഹസ്യമായി നുഴഞ്ഞു കയറിയ പുലികളും ഉണ്ടായിരുന്നു.

സ്ഥിതിഗതികള്‍ ശാന്തമായി കൊണ്ടിരിക്കെ, ഒരു അപ്രതീക്ഷിത സംഭവം കാര്യങ്ങളെ ആത്യന്തം വഷളാക്കി. 1996 ജൂലൈ 5ന് ചന്ദ്രിക കുമാരതുംഗയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം മന്ത്രിയായ നിര്‍മ്മല്‍ സിരിപാല ഡിസില്‍വ ജാഫ്‌നയില്‍ സന്ദര്‍ശനത്തിനെത്തി. പുനരധിവാസ പ്രവര്‍ത്തനങ്ങളും മറ്റു സഹായങ്ങളും വിലയിരുത്താനായി എത്തിയതായിരുന്നു മന്ത്രി. 15 വര്‍ഷത്തിന് ശേഷമാണ് കൊളംബോ ഭരണകൂടത്തിന്റെ ഒരു മന്ത്രി ജാഫ്‌ന സന്ദര്‍ശിക്കുന്നത്.
പരിശോധനയില്‍ പരാതികളും നിര്‍ദേശങ്ങളും കേട്ട് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ച് കഴിഞ്ഞ് മടങ്ങാന്‍ മന്ത്രി തന്റെ വാഹനമായ ലാന്‍ഡ് റോവറില്‍ കയറിയ നിമിഷം ഒരു യുവതി വാഹനത്തിനരികിലേക്ക് ഓടി വന്നു. അവിടെ പിന്നിടുണ്ടായത് ഒരു വന്‍ സ്‌ഫോടനമായിരുന്നു. എല്‍ടിടി കരിമ്പുലിയായ ചാവേര്‍ മനുഷ്യ ബോംബായിരുന്നു പൊട്ടിത്തെറിച്ചത്. ചെറിയ പരിക്കോടെ മന്ത്രി രക്ഷപ്പെട്ടെങ്കിലും ചുറ്റുമുണ്ടായിരുന്ന 20 പേര്‍ തലക്ഷണം കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മന്ത്രിയെ അനുഗമിച്ചിരുന്ന ശ്രീലങ്കന്‍ സൈന്യത്തിലെ ഒരു സീനിയര്‍ ബ്രിഗേഡിയറും ഉള്‍പ്പെടുന്നു. യുദ്ധത്തില്‍ തങ്ങള്‍ക്കേറ്റ അപമാനത്തിന് പകരം വീട്ടാന്‍ കിട്ടിയ അവസരത്തില്‍ തിരിച്ചടിച്ചതായിരുന്നു പുലികള്‍. ജാഫ്‌നയില്‍ യുദ്ധം തുടങ്ങിയ ശേഷം കൊല്ലപ്പെടുന്ന ആദ്യത്തെ മുതിര്‍ന്ന സൈനികോദ്യോഗസ്ഥനായിരുന്നു കൊല്ലപ്പെട്ട ബ്രിഗേഡിയര്‍.

അതോടെ ക്രുദ്ധരായ സൈന്യം പ്രതികാര നടപടികള്‍ ആരംഭിച്ചു. പുലികള്‍ എന്ന് സംശയിക്കുന്നവരെ ബലമായി തട്ടിക്കൊണ്ട് പോയി പട്ടാള ക്യാമ്പുകളില്‍ വെച്ച് മര്‍ദ്ദിച്ചു. സ്ത്രീകളും പെണ്‍കുട്ടികളുമാണ് കൂടുതല്‍ ഇതിനിരയായത്. ജാഫ്‌നയില്‍ ജൂലൈ മുതല്‍ നവംബര്‍ വരെ സൈന്യം ‘ചോദ്യം ചെയ്യാന്‍’ എന്ന പേരില്‍ അറസ്റ്റ് ചെയ്ത 600 ഓളം തമിഴ് വംശജര്‍ അപ്രത്യക്ഷരായിയെന്ന് ആംനെസ്റ്റി ഇന്റര്‍ നാഷ്ണല്‍ രേഖപ്പെടുത്തി. അവര്‍ എവിടെപ്പോയ് എന്ന് ആര്‍ക്കും അറിയില്ല.

ലോകത്തെവിടേയും യുദ്ധവും കലാപങ്ങളുമായി ബന്ധപ്പെട്ട്, എല്ലാ മനുഷ്യാവകാശ സംഘടനകള്‍ക്കും തീരാ തലവേദനയായ ഒരു പദമാണ് ‘Disappeared’. സ്പാനിഷ് ഭാഷയിലെ Desaparacido -ല്‍ നിന്നുവന്ന ഈ വാക്ക് ആദ്യമായി മനുഷ്യാവകാശവുമായി ബന്ധപ്പെടുത്തിയത് ഗ്വാട്ടിമാലയിലെ പത്രപവര്‍ത്തകരാണ്. 1966 ല്‍ ഗ്വാട്ടിമാലയില്‍ ആയിരക്കണക്കിനാളുകള്‍ അപ്രതൃക്ഷമായി അതൊരു ദുരൂഹതയായ് ഉയര്‍ന്ന് വന്നപ്പോഴാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ പദം മനുഷ്യാവകാശലംഘനത്തെ സൂചിപ്പിക്കാന്‍ നിരന്തരമായി ഉപയോഗിച്ച് തുടങ്ങിയത്. ഏഷ്യയില്‍ തന്നെ ഏറ്റവും അധികം ‘അപ്രത്യക്ഷമാവല്‍’ എറെ നടന്ന രാജ്യമാണ് ശ്രീലങ്ക.

1996 സെപ്റ്റംബര്‍ 7 ന് ജാഫ്‌നയിലെ ഒരു സൈനിക ചെക്ക് പോയിന്റില്‍ വച്ച് 15 വയസ്സുള്ള തമിഴ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കൃഷ്ണ കാന്തി കുമാര സ്വാമിയെ ചില ശ്രീലങ്കന്‍ സൈനികര്‍ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അവളുടെ അമ്മ, ഇളയ സഹോദരന്‍, ഒരു കുടുംബ സുഹൃത്ത് എന്നിവര്‍ കാണാതായ കൃഷ്ണ കാന്തിയെ അന്വേഷിച്ച് പട്ടാള ക്യാമ്പില്‍ പോയപ്പോള്‍ അവരെയും പിടി കൂടി വധിച്ചു. ഈ കുറ്റകൃത്യം പുറത്ത് വന്നതോടെ ശ്രീലങ്കയില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ വരെ ചൂടുള്ള ചര്‍ച്ചയായി. ശ്രീലങ്കയിലെ മനുഷ്യാവകാശ സംഘടനകള്‍ കനത്ത പ്രതിഷേധവുമായി രംഗത്തെത്തി. അന്താരാഷ്ട തലത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു. പ്രതിഷേധം നിയന്ത്രാണീതമായപ്പോള്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്ത നിരവധി സൈനികരെ സര്‍ക്കാര്‍ ഇടപെട്ട് ഉടനടി അറസ്റ്റ് ചെയ്തു. വര്‍ദ്ധിച്ച ജനരോഷം മനസിലാക്കിയ പ്രസിഡന്റ് ചന്ദ്രികാ കുമാര്‍തുംഗ കേസിന്റെ വിചാരണ പെട്ടെന്ന് തന്നെ ആരംഭിക്കാന്‍ നടപടിയെടുത്തു.

chemmani mass Graves

ചെമ്മാനി പത്രവാർത്തയിൽ

1998 ജൂലൈ 3, ആളുകള്‍ തിങ്ങി നിറഞ്ഞ കൊളംബോയിലെ ഹൈക്കോടതിയില്‍ രാജ്യത്തെ ഞെട്ടിച്ച കൃഷ്ണ കാന്തി കുമാരസ്വാമി ബലാത്സംഗക്കേസിന്റെ വിധി ദിവസമായിരുന്നു. കുറ്റാരോപിതരായ 9 സൈനികരും രണ്ട് ശ്രീലങ്കന്‍ പോലീസുകാരും പ്രതിക്കൂട്ടില്‍ നിന്നു. മുന്നു ജസ്ജിമാരുടെ ബഞ്ചാണ് കേസ് കേട്ടത്. ഒരു വര്‍ഷംത്തോളം നീണ്ട കേസിന്റെ അന്വേഷണ പുരോഗതി തന്നെ പരാതിക്കാരെ ഒട്ടും തൃപ്തിപ്പെടാത്ത വിധത്തിലായിരുന്നു. ഗവണ്‍മെന്റിന്റെ ഉദ്ധേശശുദ്ധിയില്‍ പല സംശയങ്ങളും ഉയര്‍ന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഒരു പ്രതി കസ്റ്റഡിയില്‍ മരിച്ചിരുന്നു. ഒരാള്‍ തെളിവിന്റെ അഭാവത്തില്‍ കേസില്‍ പ്രതിയാവാതെ മോചിതനായി. രണ്ട് പ്രതികള്‍ പോലീസിന്റെ അനാസ്ഥ മൂലം കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ പോയി. അവരില്‍ ഒരാളെ പിന്നീട് പിടി കൂടി.

കൃഷ്ണ കാന്തി കുമാരസ്വാമിയെ മാനഭംഗപ്പെടുത്തിയതിനും കൊല ചെയ്തതിനും, കുടുംബാംഗങ്ങളെ വധിച്ചതിനും പ്രതികളായ അഞ്ച് ശ്രീലങ്കന്‍ സൈനികര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ജഡ്ജി നിര്‍മ്മല്‍ ദിസ്സനായ്ക 5 പ്രതികള്‍ക്കും മരണ ശിക്ഷ – തൂക്കു കയര്‍ വിധിച്ചു. 1980 കളുടെ മധ്യത്തോടെ ശ്രീലങ്ക വധശിക്ഷ നടപ്പിലാക്കുന്നത് നിര്‍ത്തി വെച്ചിരുന്നു. അതിന് വിധിക്കപ്പെട്ടവര്‍ക്ക് പകരം ജീവിതപര്യന്ത്യം ശിക്ഷ നല്‍കി. ആ സാഹചര്യത്തില്‍ ഈ വിധി രാജ്യത്ത് അസാധാരണ പ്രതികരണങ്ങളുയര്‍ത്തുമെന്ന് ഉറപ്പായിരുന്നു.

അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഒന്നാം പ്രതിയായ ലാന്‍സ് കോര്‍പ്പറല്‍ സോമരത്‌ന രാജപക്‌സേയോട് ജഡ്ജി ചോദിച്ചു.
‘ഞങ്ങള്‍ ആരേയും കൊന്നിട്ടില്ല. ശവശരീരങ്ങള്‍ മറവു ചെയ്യുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്.’ സിംഹളത്തില്‍ അയാള്‍ പറഞ്ഞ ആ വാക്കുകള്‍ ഒരു ഇടിവെട്ട് പോലെ മുഴങ്ങി കോടതിയില്‍ നടുക്കം സൃഷ്ടിച്ചു. 300 മുതല്‍ 400 വരെ’ ശവശരീരങ്ങള്‍ ഞങ്ങള്‍ അടക്കം ചെയ്തിട്ടുണ്ട്. അവയെല്ലാം എവിടെയാണെന്ന് പറയാന്‍ എനിക്ക് കഴിയും’ അയാള്‍ പറഞ്ഞു.

രാജപക്‌സെയുടെ ഈ കുറ്റ സമ്മതം ജാഫ്‌നയില്‍ നിന്ന് കാണാതായ തമിഴരുടെ കേസുകളില്‍ നിര്‍ണായകമാണെന്ന് ഉറപ്പായിരുന്നു. ‘കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി കൂടുതല്‍ നടപടികളിലേക്ക് കടന്നു. സോമരത്നെ രാജപക്സെയുടെ വിശദമായ മൊഴി പിന്നീട് കോടതി രേഖപ്പെടുത്തി.

‘അരിയാലൈ ക്യാമ്പില്‍ ഞാന്‍ ക്യാപ്റ്റന്‍ ലളിത് ഹേവയുടെ കീഴില്‍ ജോലി ചെയ്തിരുന്നു. പുലികളെന്ന് സംശയിക്കുന്ന യുവാക്കളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുക എന്നതായിരുന്നു എന്റെ ജോലി. ശ്രീലങ്കന്‍ സൈന്യത്തിലെ മേജര്‍ വീരക്കൊടിയും മേജര്‍ ഗുണശേഖരയും പുലികളെന്ന് സംശയിക്കുന്നവര്‍ ആരാണെന്ന് ചൂണ്ടിക്കാണിക്കാന്‍ സൈന്യത്തിന് വേണ്ടി ചാരപ്പണി നടത്തുന്ന സിവിലിയരായ ചിലരോട് ആവശ്യപ്പെട്ടു. അങ്ങനെ ഏകദേശം 50 പേരെ തിരിച്ചറിഞ്ഞു അവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സെല്‍വരത്‌നത്തിന്റെ അറസ്റ്റിലും ഇവരാണ് ഉത്തരവാദികള്‍. അദ്ദേഹത്തെ ക്യാമ്പിലേക്ക് കൊണ്ടു വന്നു. ആ ക്യാമ്പില്‍ ആളുകളെ പീഡിപ്പിക്കാന്‍ ഉപയോഗിക്കുന്ന സെല്ലുകള്‍ അടങ്ങുന്ന ഒരു കെട്ടിടം ഉണ്ടായിരുന്നു. ആ കെട്ടിടത്തില്‍ അറസ്റ്റ് ചെയ്ത 25 പേര്‍ സെല്ലുകളില്‍ ഉണ്ടായിരുന്നു. അവരില്‍ സെല്‍വരത്‌നവും അവിടെ ഉണ്ടായിരുന്നു. തനിക്ക് പുലികളുമായി ബന്ധമില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹത്തെ വിട്ടയക്കാന്‍ ഞാന്‍ ക്യാപ്റ്റന്‍ ഹെവയോട് ആവശ്യപ്പെട്ടു. അദ്ദേഹം സമ്മതിച്ചെങ്കിലും പക്ഷേ ആ രാത്രി അവര്‍ സെല്‍വരത്‌നത്തെ മര്‍ദ്ദിച്ച് കൊന്നു.

പിറ്റേന്ന് ഞാന്‍ 10 മൃതദേഹങ്ങള്‍ കൂടി കണ്ടു. പിന്നീട് ഉദയ കുമാര എന്നൊരാളെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് എന്നോട് അപേക്ഷിച്ചു. ഞാന്‍ പോയി ക്യാപ്റ്റന്‍ ജയവര്‍ധനയോട് അയാളെ മോചിക്കാന്‍ ആവശ്യപ്പെട്ടു. അന്ന് ഉച്ചകഴിഞ്ഞ് അദ്ദേഹത്തെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റി. ഞാന്‍ അവിടെ ചെന്നപ്പോള്‍ ഈ മനുഷ്യനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ക്ക് ഒരു റേഡിയോ സന്ദേശം ലഭിച്ചിരുന്നു. അയാളെ തലകീഴായ് തൂക്കിയിട്ടിരിക്കുകയായിരുന്നു, ശരീരം ബ്ലേഡുകള്‍ ഉപയോഗിച്ച് മുറിച്ചിരുന്നു. മോചിപ്പിക്കും മുന്‍പ് അദ്ദേഹം കൊല്ലപ്പെട്ടു. അദ്ദേഹത്തെ പീഡിപ്പിക്കുന്നതിന് അവര്‍ ഉപയോഗിച്ച ആയുധങ്ങള്‍ എന്താണെന്ന് എനിക്ക് നന്നായി അറിയാം, അവ ഞാന്‍ കാണിച്ചുതരാം.

ഒരു ദിവസം ക്യാമ്പില്‍ വെച്ച് ക്യാപ്റ്റന്‍ ലളിത് ഹേവ എന്നോട് ഒരു മണ്‍വെട്ടി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അവിടെ എത്തിയപ്പോള്‍, അവിടെ വസ്ത്രമില്ലാതെ, നഗ്‌നയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. ഈ സ്ത്രീയെയും ഭര്‍ത്താവിനെയും പുലികളെന്ന് മുദ്രകുത്തി ക്യാമ്പിലേക്ക് അറസ്റ്റ് ചെയ്ത് കൊണ്ടു വന്നതാണ്. ലളിത് ഹേവ ആ സ്ത്രീയെ അവിടെ വെച്ച് മാനഭംഗപ്പെടുത്തി. പിന്നീട്, ഞാന്‍ കൊണ്ടുവന്ന മണ്‍വെട്ടി. ഉപയോഗിച്ച് അയാള്‍ സ്ത്രീയെയും ഭര്‍ത്താവിനെയും ആക്രമിച്ചു. ആ ക്രൂര പീഡനത്തില്‍ അവര്‍ രണ്ടുപേരും മരിച്ചു. മൃതശരീരം അവിടെ കുഴിച്ചിടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് മൃതദേഹങ്ങള്‍ ചെമ്മാനിയിലേക്ക് കൊണ്ടുവന്നു. അവ എവിടെയാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് എനിക്കറിയാം.

chemmani mass graves

2025 ഫെബ്രുവരിയിൽ കണ്ടെത്തിയ പുതിയ കുഴിമാടങ്ങൾ

അരിയാലൈയില്‍ നിന്ന് ധാരാളം ആളുകള്‍ അപ്രത്യക്ഷരായി. എത്ര പേരെ അറസ്റ്റ് ചെയ്തുവെന്നും എത്ര പേരെ അടക്കം ചെയ്തുവെന്നും എനിക്കറിയാം. കൃഷ്ണ കാന്തി കുമാരസ്വാമിയെ കൊലപ്പെടുത്തിയതായി എനിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും ഞാന്‍ അത് ചെയ്തിട്ടില്ല. ഞാന്‍ അവളുടെ മൃതദേഹം മറവു ചെയ്തു. പക്ഷേ അത് അവളാണെന്ന് ആ സമയത്ത് എനിക്കറിയില്ലായിരുന്നു. ചെമ്മാനിയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്തിരിക്കുന്ന 10 സ്ഥലങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം. കോവിലിനടുത്തുള്ള ഒരു സ്ഥലത്ത് നിരവധി പേരെ അടക്കം ചെയ്തിട്ടുണ്ട്.

രവി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഒരു ഗാരേജിലെ രണ്ട് തൊഴിലാളികളെ പ്രധാന ക്യാമ്പിലേക്ക് കൊണ്ടുപോയതായി എനിക്കറിയാം. അവര്‍ കൊല്ലപ്പെട്ടു. അവരെയും എവിടെയാണ് അടക്കം ചെയ്തിരിക്കുന്നതെന്ന് എനിക്കറിയാം. കൃഷ്ണ കാന്തി കുമാരസ്വാമിയുടെ കൊലപാതകത്തില്‍ എനിക്ക് പങ്കില്ലാത്തതിനാലും, ആ കുറ്റത്തിന് തെറ്റായി ശിക്ഷിക്കപ്പെട്ടതിനാലാണ് ഈ കാര്യങ്ങള്‍ ഞാന്‍ വെളിപ്പെടുത്തുന്നത്. ഞാന്‍ അവളെ കൊന്നിട്ടില്ല. വിചാരണയില്‍ ഞാന്‍ നല്‍കിയ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ എന്റെ കുടുംബത്തെ ഉന്‍മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എനിക്കും എന്റെ കുടുംബത്തിനും നിരവധി ഭീഷണി കത്തുകള്‍ ലഭിച്ചു. ഈ കുറ്റകൃത്യങ്ങള്‍ ചെയ്ത സൈന്യത്തിലുള്ളവര്‍ എന്നെ കുറ്റവാളിയാക്കി ആരോപിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. എന്റെ രാജ്യത്തെ ഒറ്റിക്കൊടുക്കാനോ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്താനോ അല്ല ഞാന്‍ ഈ പ്രസ്താവന നടത്തുന്നത്. എനിക്ക് നേരിടേണ്ടി വന്ന അനീതി കാരണം ഞാന്‍ ഇത് ചെയ്യുന്നു. ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥ എനിക്ക് നീതി നല്‍കിയില്ലെങ്കില്‍, നീതി ലഭിക്കാന്‍ ഒരു അന്താരാഷ്ട്ര കോടതിയില്‍ പോകാന്‍ പോലും ഞാന്‍ തയ്യാറാണ്.’ 1999 ജൂണ്‍ 16-ന് ജാഫ്‌നയിലെ തുറന്ന കോടതിയില്‍ കര്‍ശന സുരക്ഷയില്‍ രാജപക്‌സെ വിശദമായ തന്റെ മൊഴി നല്‍കി.

ഈ വിശദമായ കുറ്റസമ്മതത്തില്‍, തമിഴ് സിവിലിയന്മാരുടെ അറസ്റ്റ്, പീഡനം, ബലാത്സംഗം, കൊലപാതകം എന്നിവയില്‍ പങ്കുള്ള നിരവധി ശ്രീലങ്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിരുന്നു. ക്രൂരമായ ഈ മനുഷ്യാവകാശ ലംഘനവും കൊടുംക്രൂരതയും കണ്ടില്ലെന്ന് നടിക്കാന്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗയ്ക്ക് കഴിയില്ലായിരുന്നു. മാത്രമല്ല പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രമുള്ളതിനാല്‍ ഈ പ്രശ്‌നം ഗൗരവമായി തന്നെ ചന്ദ്രിക കണക്കാക്കി. തമിഴ് ജനതയുടെ പിന്തുണ നഷ്ടമാവാതിരിക്കാന്‍ അവര്‍ നീതി ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കി. അതിനാല്‍ ആരോപണ വിധേയരായ സൈനികരെ ഉടനടി അറസ്റ്റ് ചെയ്യാന്‍ നടപടിയെടുത്തു.

രാജപക്സെയുടെ ആരോപണങ്ങളെത്തുടര്‍ന്ന്, ശ്രീലങ്കന്‍ അധികാരികള്‍ 1998-99 ല്‍ അന്വേഷണം ആരംഭിച്ചു. ശ്രീലങ്കന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഐക്യരാഷ്ട്രസഭയുടെ സഹായം അഭ്യര്‍ത്ഥിച്ചു, ശവക്കുഴികള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് കൊളംബോ ഹൈക്കോടതി ഒടുവില്‍ അനുമതി നല്‍കി.

1999 ജൂണില്‍ ജാഫ്‌ന- കാന്‍ഡി ഹൈവേ -9 റോഡിനരികില്‍ ഒരിക്കല്‍ എല്‍ടിടിഇ യുടെ ശക്തി കേന്ദ്രമായിരുന്ന വാവുന്നിയക്ക് പോകുന്ന വഴിയില്‍ ചതുപ്പ് നിലമായ ചെമ്മാനിയില്‍ അസാധരാണമായി വന്‍ ജനകൂട്ടം തന്നെ രൂപം കൊണ്ടു. മുതിര്‍ന്ന ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരും, നിയമജ്ഞരും, ഉയര്‍ന്ന പട്ടാള മേധവികളും പത്രപവര്‍ത്തകരും ടി വി – പത്ര ക്യാമറക്കാരും ആകാംക്ഷയോടെ കാത്ത് നിന്നു. കാണാതായവരുടെ കുടുംബാംഗങ്ങള്‍ ക്ഷമയോടെ, പൊള്ളുന്ന മനസുമായി ജനക്കൂട്ടത്തില്‍ നിന്നു. കൃഷ്ണ കാന്തി കുമാരസ്വാമി വധക്കേസിലെ പ്രതി കോര്‍പ്പറല്‍ രാജപക്‌സേയുടെ നിര്‍ണായക മൊഴിയനുസരിച്ച് കൊലപ്പെടുത്തിയവരുടെ ശവശരീരങ്ങള്‍ മറവു ചെയ്തയിടങ്ങള്‍ ഖനനം ചെയ്ത് കണ്ടെത്താന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജോലി അവിടെ തുടങ്ങുകയാണ്. ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെയും ഫോറന്‍സിക് വിദഗ്ധരുടെയും നേതൃത്വത്തില്‍ ഖനനം ആരംഭിച്ചു.

chemmani mass graves

2025 ഫെബ്രുവരിയിൽ കണ്ടെത്തിയ പുതിയ കുഴിമാടങ്ങൾ

ഒരിക്കല്‍ എല്‍ടിടിയുമായി കൊടും യുദ്ധം നടന്ന പ്രദേശമായതിനാല്‍ അപകടകരമായ എല്‍ടിടിയുടെ ലാന്‍ഡ് മൈനുകള്‍ പാകിയത് ഒരു ഭീഷണിയായിരുന്നു. മൈനുകള്‍ ഇല്ലെന്ന് സൈന്യം സൂക്ഷ്മമായി പരിശോധിച്ച ശേഷം രാജപക്‌സേ ചൂണിക്കാണിച്ച സ്ഥലം അടയാളപ്പെടുത്തി കയറു കെട്ടിത്തിരിച്ച് കുഴിക്കാന്‍ തുടങ്ങി. ശ്രീലങ്കയിലെ ചീഫ് ഫോറന്‍സിക്ക് ശാസ്ത്രജ്ഞനായ ഡോ. നിരില്ലെഗെ ചന്ദസിരിയുടെ മേല്‍നോട്ടത്തിലാണ് ഖനനം ആരംഭിച്ചത്. രണ്ടടി ആഴത്തില്‍ കുഴിച്ചപ്പോള്‍ ഡോ. ചന്ദസിരി പെട്ടെന്ന് കുഴിക്കുന്നത് നിറുത്തുവാനാവശ്യപ്പെട്ടു. മണ്ണിന്റെ നിറം മാറിയിരിക്കുന്നു. കുറച്ച് സമയത്തെ പരിശോധനക്ക് ശേഷം ആ മണ്ണില്‍ മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ ഉള്ളതായി അദ്ദേഹം പ്രഖ്യാപിച്ചു. പത്രപവര്‍ത്തകരും, സൈനിക ഉദ്യോഗസ്ഥരും ഫോറന്‍സിക്ക് ടീം അംഗങ്ങളും നോക്കി നില്‍ക്കെ മറവുചെയ്ത ആദ്യത്തെ ശരീരാവശിഷ്ടം- അതൊരു വസ്ത്രത്തിന്റെ അംശങ്ങളോടു കൂടിയ ഒരു മനുഷ്യ അസ്ഥികൂടമായിരുന്നു. തുടര്‍ന്ന് നടന്ന ഖനനത്തില്‍ 13 മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെത്തി.

അതോടെ ജാഫ്‌നയില്‍ നിന്ന് അപ്രത്യക്ഷമായ ഇനിയും കണ്ടെത്താനാവാത്ത, കാണാതായ തമിഴ് വംശജരുടെ കുടുംബാംഗങ്ങളുടെ കൂട്ടക്കരച്ചിലും വിലാപങ്ങളും ചെമ്മാനിയില്‍ ഉയര്‍ന്നു. തങ്ങള്‍ കാത്തിരിക്കുന്ന ഉറ്റവരുടെ തിരിച്ച് വരവ് അസാധ്യമായിരിക്കുമെന്ന് അവര്‍ക്ക് മനസിലായിത്തുടങ്ങി. കാരണം ഇനിയും അറിയപ്പെടാത്ത, കണ്ടെത്താനാവാത്ത ചെമ്മാനിയിലെ ചതുപ്പിലെവിടെയോ കുഴിമാടങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ മണ്ണിനോട് ചേര്‍ന്നു കാണുമെന്ന് ഏതാണ്ട് അവര്‍ക്ക് ഉറപ്പായിരുന്നു.

പ്രൊഫസര്‍ ചന്ദ്രസിരി ജാഫ്‌നയിലെ അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ എം. ഇല്ലന്‍ചെസിയന് തന്റെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി. ‘3 ജൂണ്‍ 16, 17, 18 തീയതികളില്‍ കുഴിച്ചെടുത്ത രണ്ട് മൃതദേഹങ്ങള്‍ ഉള്‍പ്പെടെ 15 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒന്ന് ഒരു സ്ത്രീ ആയിരുന്നു, ബാക്കിയുള്ളവ പുരുഷന്മാരും. 3 മുതല്‍ 15 വരെയുള്ള മൃതദേഹങ്ങള്‍ പിന്നീട് തിരിച്ചറിയേണ്ടതുണ്ട്. രണ്ട് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്നാം നമ്പര്‍ (ബി 1) മൃതദേഹം റസിയ സതിസ് കുമാറിന്റേതാണെന്നും രണ്ടാം നമ്പര്‍ (ബി 2) മഹേന്ദ്രന്‍ ഉത്തസ്‌കരന്റേതാണെന്നും തിരിച്ചറിഞ്ഞു. രാസയ്യ സതിശ് കുമാര്‍ , 25-30 വയസ്സ് പ്രായമുള്ള ഒരു പുരുഷനാണ് , 5 ഇഞ്ച് 8 ഇഞ്ച് ഉയരമുണ്ട്… തലച്ചോറിന് ഗുരുതരമായ പരിക്ക് മൂലം തലയോട്ടിക്ക് പൊട്ടല്‍ സംഭവിച്ചാണ് മരിച്ചത് . ഇതൊരു കൊലപാതകമാണ്. മഹേന്ദ്രന്‍ ഉത്തസ്‌കരന്‍ 20-25 വയസ്സ് പ്രായമുള്ള ഒരു പുരുഷനായിരുന്നു. 5 അടി 3 ഇഞ്ച് ഉയരമുള്ള ആ മനുഷ്യശരീരത്തില്‍ മുഖത്തും നെഞ്ചിലും വടികൊണ്ട് ആക്രമിച്ചതിനെത്തുടര്‍ന്ന് തലച്ചോറിനും ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ട്. മഹേന്ദ്രന്‍ ഉത്തസ്‌കരന്റെത് ഒരു കൊലപാതകമാണ് എന്ന് സ്ഥിതികരിക്കാം.’

അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കണ്ടെത്തിയ മറ്റ് പതിമൂന്ന് അസ്ഥികൂട അവശിഷ്ടങ്ങളും ആദ്യ ഖനന സ്ഥലത്തിന് സമീപത്ത് നിന്ന് കുഴിച്ചെടുത്തെങ്കിലും ആദ്യ രണ്ട് ഖനനങ്ങളെപ്പോലെ തിരിച്ചറിയല്‍ നടപടിക്രമങ്ങള്‍ക്ക് വിധേയമാക്കിയില്ല. അവസാന ഖനനം 1999 സെപ്റ്റംബറില്‍ നടന്നു. അതിനുശേഷം ഖനനങ്ങള്‍ നടന്നില്ല. ആ സമയത്ത് സൈന്യവും പുലികളും തമ്മിലുള്ള യുദ്ധം വീണ്ടും ആരംഭിച്ചു. യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്ന് ജാഫ്‌ന ഒരു നിരോധിത മേഖലയായി മാറി. 1999 ഡിസംബര്‍ മുതല്‍ 2000 ജൂണ്‍ വരെ, ജാഫ്‌ന ഉപദ്വീപിന്റെ നിയന്ത്രണത്തിനായി പുലികള്‍ വീണ്ടും യുദ്ധം ആരംഭിച്ചതോടെ ചെമ്മാനി ഒരു യുദ്ധക്കളമായി മാറിയിരുന്നു.

chemmani mass graves

ചെമ്മാനിയിലെ കുഴിമാടങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കാണാതായവരുടെ കുടുംബാംഗങ്ങൾ പ്രതിഷേധിക്കുന്നു

ശ്രീലങ്കയില്‍ അത്യാധുനിക പരിശോധനാ ലാബോറട്ടറിയുടെ അഭാവമുള്ളതിനാല്‍, കുഴിച്ചെടുത്ത അവശിഷ്ടങ്ങളില്‍ നിന്നുള്ള ഡിഎന്‍എ സാമ്പിളുകള്‍ തിരിച്ചറിയലിനായി ഇന്ത്യയില്‍ ഹൈദ്രാബാദിലെ ലബോറട്ടറിയിലേക്ക് അയയ്ക്കണമെന്ന ചന്ദ്രസിരിയുടെ ശുപാര്‍ശ ഗവര്‍മെന്റ് ആദ്യം നടപ്പിലാക്കിയില്ല. ഇതേക്കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോള്‍, പ്രതിരോധ മന്ത്രി അനുരുദ്ധ രത്വതെ ബജറ്റ് പരിമിതികള്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ സമ്മര്‍ദ്ദം മുറുകിയപ്പോള്‍ 2000-ല്‍ സര്‍ക്കാര്‍ ഇന്ത്യയിലെ ഹൈദരാബാദിലെ പരിശോധനയ്ക്കായി സാമ്പിളുകള്‍ അയച്ചു. എന്നാല്‍ പരിശോധനകള്‍ നെഗറ്റീവ് ആയിരുന്നു. അതായത്, ചെമ്മാനിയില്‍ നിന്ന് കിട്ടിയ അവശിഷ്ടങ്ങളില്‍ നിന്നുള്ള സാമ്പിളുകളൊന്നും കാണാതായവരുടെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ല, ഈ ഫലങ്ങളില്‍ പരാതിക്കാരും സര്‍ക്കാരും തൃപ്തരല്ലെന്നും കൂടുതല്‍ വിശദമായ പരിശോധന നടത്തുമെന്നും എന്നാല്‍ ഫണ്ടിന്റെ കുറവു മൂലം അത് കഴിയില്ല എന്ന് പിന്നീട് ശ്രീലങ്കന്‍ അറ്റോര്‍ണി ജനറല്‍ ഓഫീസ് പറഞ്ഞു. ആ സാമ്പിളുകള്‍ ശരിയായി എടുത്തതാണോ? സൂക്ഷിച്ചത് ശരിയായ രീതിയിലാണോ? പരിശോധനകള്‍ ശരിയായായാണോ നടത്തിയത്? പരിശോധനകള്‍ ശരിയായിരുന്നെങ്കില്‍, മൃതദേഹങ്ങള്‍ കാണാതായവരുടെ അല്ലയെങ്കില്‍, അവര്‍ പിന്നെ ആരായിരുന്നു? ഈ പതിമൂന്ന് പേരെ കൊന്ന് ചെമ്മാനിയില്‍ രഹസ്യമായി മറവ് ചെയ്തതിന് ആരാണ് ഉത്തരവാദികള്‍? കാണാതായവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരിക്കലും ഉത്തരങ്ങള്‍ ലഭിച്ചില്ല.

കൃഷ്ണ കാന്തി കുമാരസ്വാമി കേസിലെ വിചാരണയില്‍ പ്രതിയായ രാജപക്‌സേ നല്‍കിയ മൊഴിപ്രകാരം, ചെമ്മാനിയില്‍ 120 നും 140 നും ഇടയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി പുറത്തു വന്നു. ജാഫ്‌നയില്‍ തടവിലാക്കപ്പെട്ട തമിഴരെ പീഡിപ്പിച്ചതിലും കാണാതായതിലും പങ്കുണ്ടെന്ന് സംശയിച്ച് ശ്രീലങ്കന്‍ സൈന്യത്തിലെ നാല് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. താമസിയാതെ അവരെ ജാമ്യത്തില്‍ വിട്ടയച്ചു.

ചെമ്മാനിയിലെ കുരുതികള്‍ക്കും ശവക്കുഴികള്‍ക്കും ഉത്തരവാദികളായി ശ്രീലങ്കന്‍ സര്‍ക്കാര്‍ ആരെയും കുറ്റം ചുമത്തിയില്ല. 1999 ല്‍ കുഴിച്ചെടുത്ത അവശിഷ്ടങ്ങള്‍ക്ക് ശേഷം കൂടുതല്‍ കുഴിച്ചെടുക്കാനോ, കൂടുതല്‍ അന്വേഷണം നടത്താനോ, നീതി നടപ്പാക്കാനോ സമഗ്രമായ ഒരു ശ്രമവും നടന്നില്ല.

തമിഴ് കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം, ചെമ്മാനി പതിറ്റാണ്ടുകളായി സത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രതീകമായി മാറി(ശ്രീലങ്കയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ കാണാതായവരുടെ അമ്മമാരും ബന്ധുക്കളും പ്രതിഷേധിക്കുകയും കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ശ്രീലങ്കന്‍ അധികാരികള്‍ ഈ കാര്യത്തില്‍ പരിപൂര്‍ണ നിസംഗത പുലര്‍ത്തിയതിനാല്‍, ചെമ്മാനി ശവക്കുഴികളും മറ്റ് സംശയിക്കപ്പെടുന്ന കൂട്ടക്കുഴിമാടങ്ങളും അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ശ്രീലങ്കയിലെ മാറിമാറി വന്ന സര്‍ക്കാരുകള്‍ ഈ അപേക്ഷകളെ തീര്‍ത്തും അവഗണിച്ചു. ചെമ്മണി ഒടുവില്‍ അന്താരാഷ്ട്ര തലക്കെട്ടുകളില്‍ നിന്ന് അപ്രത്യക്ഷമാവാന്‍ തുടങ്ങി. പക്ഷേ ശ്രീലങ്കന്‍ തമിഴ് വംശജരുടെ ഉണങ്ങാത്ത മുറിവായി തുടര്‍ന്നു. പക്ഷേ, ചെമ്മാനിയിലെ ദുരൂഹ കുഴിമാടങ്ങളുടെ കഥ അവിടെ അവസാനിച്ചിരുന്നില്ല.

വര്‍ഷങ്ങള്‍ക്കു ശേഷം, 2025 ല്‍ ചെമ്മാനി വീണ്ടും ശ്രദ്ധാകേന്ദ്രമായി. 2025 ഫെബ്രുവരിയില്‍, അരിയാലൈ സിന്ധുബത്ത് ശ്മശാനത്തില്‍ (ചെമ്മാനിയിലെ ഒരു പൊതു ശ്മശാനം) പണിയെടുക്കുന്ന തൊഴിലാളികള്‍ ചില മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി. അവര്‍ പ്രാദേശിക അധികാരികളെ അറിയിക്കുകയും, ജാഫ്‌ന മജിസ്‌ട്രേറ്റ് ഉടന്‍ തന്നെ പുതിയ അന്വേഷണത്തിന് ഉത്തരവിടുകയും, സ്ഥലത്തിന്റെ ഖനനത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്തു. 1999 ല്‍ മൃതദേഹങ്ങള്‍ കുഴിച്ചെടുത്ത ചെമ്മാനിയിലെ സ്ഥലങ്ങളില്‍ നിന്ന് അടുത്താണ് ഈ സിന്ധുബത്ത് ശ്മശാനം സ്ഥിതി ചെയ്യുന്നത്.

കോടതി നിയമിച്ച മുതിര്‍ന്ന പുരാവസ്തു ഗവേഷകനായ ഡോ. രാജ് സോമദേവയുടെ നേതൃത്വത്തില്‍ 2025 മെയ് പകുതിയോടെ ഒരു പുതിയ ഉത്ഖനന ശ്രമം ആരംഭിച്ചു. ചെമ്മാനിയില്‍, അദ്ദേഹവും സംഘവും ആഴ്ചകളോളം പ്രവര്‍ത്തിച്ചു, പ്രാദേശിക ജുഡീഷ്യറിയുടെയും പോലീസിന്റെയും മേല്‍നോട്ടത്തില്‍. 2025 ജൂണ്‍ 8 ആയപ്പോഴേക്കും, കാര്യമായ കണ്ടെത്തലുകള്‍ക്ക് ശേഷം, ആ സ്ഥലം ശ്രീലങ്കര്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഒരു കൂട്ട ശവക്കുഴിയായി പ്രഖ്യാപിച്ചു. ഖനനത്തില്‍ നിന്ന് ആകെ 19 മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെത്തി, അവയില്‍ മൂന്ന് ശിശുക്കളുടെ (10 മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍) അവശിഷ്ടങ്ങള്‍ ഉള്‍പ്പെടുന്നു. ശിശു അസ്ഥികൂടങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് – കൂട്ടക്കൊലയില്‍ കുട്ടികളെപ്പോലും ഒഴിവാക്കിയിട്ടില്ല എന്നും, മുഴുവന്‍ കുടുംബങ്ങളും ഇരകളായിരിക്കുമെന്ന് കണക്കാക്കുന്നു.

ജാഫ്‌ന പ്രദേശത്തെ നിരവധി തമിഴ് കുടുംബങ്ങള്‍, 1995-96 മുതല്‍ കാണാതായ ബന്ധുക്കളെ തിരയുന്നതിനായി പതിറ്റാണ്ടുകള്‍ ചെലവഴിച്ചു, ആഭ്യന്തരയുദ്ധത്തിന്റെ അവസാന ഘട്ടങ്ങളില്‍ പ്രത്യേകിച്ച് 2009 ല്‍ ശ്രീലങ്കയില്‍ പതിനായിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ട്, ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന സംഖ്യകളില്‍ ഒന്നാണിത്. ചെമ്മാനി പോലുള്ള സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയ ഓരോ അസ്ഥികൂട അവശിഷ്ടങ്ങളും ഈ കാണാതായവരുമായി പൊരുത്തപ്പെടാന്‍ സാധ്യതയുണ്ട്.

ചെമ്മാനിയിലെ പുതിയ കണ്ടെത്തലുകള്‍ വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് 2025 ജൂണ്‍ അവസാനത്തില്‍ ശ്രീലങ്കയിലെ ജാഫ്‌ന സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ സന്ദര്‍ശനം പ്രതീക്ഷിച്ച്, തമിഴ് സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ ചെമ്മാനിയില്‍ ഒരു ഉന്നത പ്രതിഷേധ സമരം ആരംഭിച്ചു. ജൂണ്‍ 23 മുതല്‍, ചെമ്മാനി സ്ഥലത്ത് ‘അണയാത്ത ജ്വാല’ (തമിഴില്‍ അനയ്യ വിളക്ക്, അതായത് കെടാത്ത വിളക്ക്) എന്ന പേരില്‍ ഒരു ജാഗ്രതാ സത്യഗ്രഹം നടന്നു. അപ്രത്യക്ഷരായവരുടെ തമിഴ് കുടുംബാംഗങ്ങളും, ആക്ടിവിസ്റ്റുകളും, യുവാക്കളും 3 നാള്‍ കെടാത്ത വിളക്ക് കത്തിച്ചു വെച്ചു. ഇതിന്റെ ജാല ഓര്‍മ്മയുടെയും, പ്രതിരോധത്തിന്റെയും, പ്രതീക്ഷയുടെയും പ്രതീകമാണ്. ചെമ്മാനിയുടെ ഇരകളുടെ ദുരവസ്ഥ അവഗണിക്കാന്‍ കഴിയാത്തവിധം ജൂണ്‍ 25 ന് യുഎന്‍ ഹൈക്കമ്മീഷണര്‍ എത്തുന്നതിനോട് അനുബന്ധിച്ചാണ് തമിഴ് വംശജര്‍ ഈ പ്രതിഷേധം സംഘടിപ്പിച്ചത്.

chemmani mass graves

UN. മനുഷ്യാവകാശ കമ്മീഷണർ വോൾക്കർ ടർക്ക് ചെമ്മാനിയിൽ പൂഷ്പാർച്ചന ടത്തുന്നു(വലത്).ശ്രീലങ്കൻ സർക്കാരിൻ്റെ നിസംഗത ക്കെതിരെ തമിഴ് വംശ ഇരുടെ പ്രതിഷേധങ്ങൾ

ചെമ്മാനി ശവക്കുഴികളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ഉള്‍പ്പെടെ അന്താരാഷ്ട്ര നീതി ആവശ്യപ്പെട്ട് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പ്രതിഷേധ പ്രകടനം നടത്തി. വിദേശ ഫോറന്‍സിക് വിദഗ്ധരെ സഹായിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന ആവശ്യം അവര്‍ ആവര്‍ത്തിച്ചു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് ജൂണ്‍ 25 ന് ഹെലികോപ്റ്ററില്‍ ജാഫ്‌നയിലെത്തി. ജാഫ്‌ന സെന്‍ട്രല്‍ കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങിയ യു. എന്‍. ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് ചെമ്മാനി കൂട്ടക്കുഴിമാടം സ്ഥിതി ചെയ്യുന്ന സിന്ധുപതി ഹിന്ദു സെമിത്തേരിയിലെ ഖനന സ്ഥലം സന്ദര്‍ശിച്ചു പിന്നീട് യുദ്ധകാലത്തെ അതിക്രമങ്ങള്‍ക്ക് എതിരെ തമിഴ് പ്രതിഷേധക്കാര്‍ ഒരുക്കിയ ജാഗ്രതാ ചടങ്ങിലും പങ്കെടുത്തു. അവിടെ, അപ്രത്യക്ഷരായ ആയിരക്കണക്കിന് ആളുകള്‍ക്ക് ആദരാഞ്ജലിയായ് ടര്‍ക്ക് ജ്വാലയ്ക്ക് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു.

ഫോറന്‍സിക് വൈദഗ്ധ്യമുള്ളവരെ ഉപയോഗിച്ച് ഇത്തരം കൂട്ടക്കൊലകള്‍ നടന്ന സ്ഥലങ്ങളില്‍ ഖനനം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘ജാഫ്‌നയ്ക്കടുത്തുള്ള കൂട്ടക്കുഴിമാടങ്ങള്‍ ഉള്ള സ്ഥലമായ ചെമ്മാനിയിലാണ് ഞാന്‍, ഭൂതകാലം വേട്ടയാടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് എല്ലായ്‌പ്പോഴും വളരെ വൈകാരികമാണ്,’ അദ്ദേഹം പറഞ്ഞു.

ചെമ്മാനിയിലെ സംഭവവികാസങ്ങളോടുള്ള ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പ്രതികരണം നിശബ്ദമാണ്. നാഷണല്‍ പീപ്പിള്‍സ് പവര്‍ സഖ്യത്തിന്റെയും ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകേയുടെയും നേതൃത്വത്തിലുള്ള നിലവിലെ ഭരണകൂടം ചെമ്മാനിയെക്കുറിച്ച് മൗനം പാലിക്കുന്നു, കാര്യമായ അഭിപ്രായങ്ങളോ പിന്തുണയോ നല്‍കുന്നില്ല.

ആഭ്യന്തര യുദ്ധകാലത്ത് ശ്രീലങ്കയില്‍ നടന്ന തമിഴ് വംശീയ കൂട്ട അതിക്രമങ്ങള്‍ക്ക് ഉത്തരവാദിത്തം ഉറപ്പാക്കുന്നതില്‍ ഐക്യരാഷ്ട്രസഭ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അന്താരാഷ്ട്ര സമ്മര്‍ദ്ദം തകര്‍ക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് തമിഴ് രാഷ്ട്രീയ നേതാക്കളും തമിഴ് സിവില്‍ സൊസൈറ്റി പ്രതിനിധികളും ടര്‍ക്കിന് നിവേദനം നല്‍കി. ചുരുക്കത്തില്‍ ചെമ്മാനിയില്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ കൂട്ടക്കൊലകള്‍ക്ക് ഇരയായി അജ്ഞാതരായി മറവു ചെയ്യപ്പെട്ട ആയിരക്കണക്കിന് തമിഴ് വംശജരുടെ ചരിത്രം ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തീരാകളങ്കമായി ഇപ്പാഴും തുടരുകയാണ്. ശ്രീലങ്കന്‍ ഭരണകൂടത്തിന് നേരെ വിരല്‍ ചൂണ്ടി നില്‍ക്കുകയാണ് ഇപ്പോഴും അന്താരാഷ്ട്ര സമൂഹ മനസാക്ഷി.

300-400 മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കാമെന്ന് വിവരങ്ങള്‍ പുറത്തുവന്നു. 1996 സെപ്റ്റംബര്‍ 7 ന് ജാഫ്‌നയിലെ ഒരു ചെക്ക് പോയിന്റില്‍ വച്ച് 18 വയസ്സുള്ള തമിഴ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കൃശാന്തിയെ ശ്രീലങ്കന്‍ സൈന്യം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അവളുടെ അമ്മ, ഇളയ സഹോദരന്‍, ഒരു കുടുംബ സുഹൃത്ത് എന്നിവരെ അന്വേഷിച്ച് പോയപ്പോള്‍ അവരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. Chemmani mass graves:  Mass killings and burials of Tamil civilians by the Sri Lankan military

Content Summary; Chemmani mass graves:  Mass killings and burials of Tamil civilians by the Sri Lankan military

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×