ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ സ്റ്റീവ് സ്മിത്ത് ടെസ്റ്റ് കരിയറിലെ സുപ്രധാന നാഴികക്കല്ലിന്റെ വക്കിലാണ്. ഇന്ത്യയ്ക്കെതിരെ ഗാബയില്‍ സെഞ്ച്വറി നേടിയതോടെ, 10,000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരമാകാന്‍ വെറും 195 റണ്‍സ് മാത്രം അകലെയാണ് സ്മിത്ത്. അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ, റിക്കി പോണ്ടിംഗ് എന്നീ ഇതിഹാസങ്ങള്‍ക്കൊപ്പം തന്റെ പേരും ചേര്‍ക്കാന്‍ ഇനിയധിക ദൂരം മുന്‍ ക്യാപ്റ്റന് മുന്നിലില്ല.
കരിയറിലെ 33-മത്തെ സെഞ്ച്വറിയായിരുന്നു ഗാബയില്‍ സ്മിത്ത് കുറിച്ചത്. പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനും, അവസരങ്ങള്‍ മുതലെടുക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവിന്റെ തെളിവു കൂടിയായിരുന്നു ആ സെഞ്ച്വറി. 18 മാസത്തിനുള്ളില്‍ ആദ്യമായാണ് ആ ബാറ്റ് മൂന്നക്കം തികയ്ക്കുന്നത്. മനോഹരമായൊരു തിരിച്ചുവരവ്. ആകാശ് ദീപിനെതിരേ നേടിയ സിംഗിളിന് ശേഷം നടത്തിയ ആഘോഷം, സന്തോഷത്തിന്റെയും ഒപ്പം ആശ്വാസത്തിന്റെയും പ്രതിഫലനമായിരുന്നു. 2017-18 ആഷസ് പരമ്പരയില്‍ ഗാബയില്‍ നേടിയ സെഞ്ച്വറി പോലെ ആവേശം ഉണ്ടായിരുന്നില്ലെങ്കിലും, ആ മുഖത്ത് ശാന്തമായ ഒരു നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. തന്റെ വിമര്‍ശകരോട് അയാള്‍ പറയാതെ പറയുകയായിരുന്നു; ഇല്ല, എന്റെ കാലം കഴിഞ്ഞിട്ടില്ല.
ഈ സെഞ്ച്വറിക്ക് വലിയ പ്രാധാന്യമുണ്ട്. അത് കേവലം റണ്‍സില്‍ മാത്രമല്ല പ്രതിഫലിക്കുന്നത്. സ്മിത്തിനെ സംബന്ധിച്ചിടത്തോളം, ഇത് കഠിനാധ്വാനത്തിന്റെയും അദ്ദേഹത്തിന്റെ സമീപകാല പ്രതിസന്ധികളെ മറികടക്കാന്‍ നടത്തിയിട്ടുള്ള ആത്മാര്‍ത്ഥതയുടെയും കൂടി ഫലമാണ്. കഴിഞ്ഞ 23 ഇന്നിംഗ്സുകളില്‍ 30-ന് താഴെയായിരുന്നു അദ്ദേഹത്തിന്റെ ശരാശരി. ഓപ്പണിംഗ് സ്ഥാനം ഉള്‍പ്പെടെ, കാര്യമായ മാറ്റം തനിക്ക് വേണ്ടതുണ്ടെന്ന് സ്മിത്തിന് അറിയാമായിരുന്നു. തന്റെ സ്വതസിദ്ധമായ ബാറ്റിംഗ് ശൈലിയിലേക്ക് അദ്ദേഹത്തിന് തിരിച്ചു പോകേണ്ടിയിരുന്നു. ടെസ്റ്റിന് മുമ്പുള്ള ദിവസങ്ങളില്‍, കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡിനൊപ്പം സ്മിത്ത് ഗബ്ബയിലെ നെറ്റ്സില്‍ മണിക്കൂറുകളോളം ചെലവഴിച്ചു. ബാറ്റിംഗിന്റെ വീഡിയോ ദൃശ്യങ്ങള്‍ അവലോകനം ചെയ്തു. സാങ്കേതികതയില്‍ മാറ്റങ്ങള്‍ വരുത്തി. ബൗളറുടെ കൈയില്‍ നിന്നു പന്ത് പുറപ്പെടുന്ന നിമിഷത്തിലുള്ള തന്റെ ചുവട് വയ്ക്കലുകളും, ഇടത് കാലിന്റെ സ്ഥാനത്തിലുമായിരുന്നു സ്മിത്ത് കൂടുതല്‍ ശ്രദ്ധിച്ചത്.
തന്റെ പോരായ്മകള്‍ മനസിലാക്കി, കരുതലോടെയും വിവേകത്തോടെയുമുള്ള സമീപനമായിരുന്നു ഗാബയില്‍ അദ്ദേഹം സ്വീകരിച്ചത്. ഭാഗ്യവും അദ്ദേഹത്തിന് തുണയ്ക്കുണ്ടായിരുന്നു. എഡ്ജില്‍ തട്ടി പോയുള്ള പന്തുകള്‍ക്ക് അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിന്റെ ആയുസ് അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നു. ഇത്തവണ സ്മിത്തിന് തന്റെ ബാറ്റിംഗില്‍ പൂര്‍ണ നിയന്ത്രണമുണ്ടായിരുന്നു. പന്തിന്റെ ചലനങ്ങള്‍ മനസിലാക്കിയുള്ള നീക്കമായിരുന്നു നടത്തിയത്. അമിതമായി പിച്ചിനു കുറുകെ കാല് വയ്ക്കുന്ന രീതി അദ്ദേഹം മാറ്റി, അത്തരം നീക്കങ്ങള്‍ അദ്ദേഹത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുത്തിയിരുന്നു. തന്റെ ബാറ്റിംഗ് താളം വീണ്ടെടുക്കാന്‍ കഴിഞ്ഞതാണ് സ്മിത്തിന് തിരിച്ചുവരവിന് കളമൊരുക്കിയത്. പന്തിലേക്ക് കൃത്യതയോടെ നീങ്ങാന്‍ എനിക്കായി’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഭാഗ്യത്തിന്റെ ഒരു അംശം ഉണ്ടായിരുന്നെങ്കിലും, സ്മിത്തിന്റെ ആത്മവിശ്വാസവും സാഹചര്യങ്ങളോട് ഇണങ്ങാനുള്ള കഴിവും പ്രകടമായിരുന്ന ഇന്നിംഗ്‌സ് തന്നെയായിരുന്നു അത്. പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തിയുള്ള, സ്വയം മെച്ചപ്പെടുത്താനുള്ള പുതു വഴികള്‍ തേടുന്ന ഒരു ക്രിക്കറ്ററാണ് അദ്ദേഹം. പൂര്‍ണ്ണതയ്ക്കായുള്ള ആ പ്രേരണ ക്രിക്കറ്റിലെ സ്മിത്തതിന്റെ ഭാവി നിശ്ചയിക്കുന്ന ഘടകമാണ്.
35ാം വയസ്സിലാണ് സ്മിത്തിപ്പോള്‍. കരിയറിന്റെ അവസാനഘട്ടമെന്ന് പറയാവുന്ന പ്രായം. ക്രീസിലെ ആയുസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയരുന്നുണ്ട്. റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് തുടരുമോ, അതോ പ്രായം പിടികൂടുമോ? കളിയില്‍ സ്മിത്ത് ഇതിനകം തന്നെ നിരവധി നേട്ടങ്ങള്‍ നേടിയിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല, എന്നാല്‍ 10,000 റണ്‍സ് എന്ന നാഴികക്കല്ലിനോട് അടുക്കുമ്പോള്‍, അദ്ദേഹത്തിന്റെ മുന്‍ഗാമികളുടെ കരിയര്‍ ഓര്‍മിക്കുന്നത് നല്ലതായിരിക്കും.
ഉദാഹരണത്തിന്, അലന്‍ ബോര്‍ഡര്‍ 35 വയസിന് ഇപ്പുറവും ഓസീസ് ക്രിക്കറ്റിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയതാരമാണ്. അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരിയില്‍ കുറവ് വന്നെങ്കിലും, ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ അദ്ദേഹം ഒരു പ്രധാന ശക്തിയായി തുടര്‍ന്നിരുന്നു. 1992ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 110 റണ്‍സും 1993 ആഷസില്‍ പുറത്താകാതെ നേടിയ 200 റണ്‍സും അവസരത്തിനൊത്ത് ഉയരാനുള്ള അദ്ദേഹത്തിന്റെ കഴിവിന്റെ ഉദാഹരണങ്ങളായിരുന്നു. മറ്റൊരു നായകനായ സ്റ്റീവ് വോയുടെ 35 വയസിന് ശേഷമുള്ള വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതായിരുന്നു. 52ലധികം ശരാശരിയില്‍ ബാറ്റ് ചെയ്തിരുന്ന വോ ഓസ്ട്രേലിയയുടെ ടെസ്റ്റ് വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. അദ്ദേഹം നയിച്ച 12 പരമ്പരകളില്‍ ഒമ്പതിലും ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. എന്നാല്‍ റിക്കി പോണ്ടിംഗിന്റെ അവസാന വര്‍ഷങ്ങള്‍ അത്ര മികച്ചതായിരുന്നില്ല. രണ്ട് ഇരട്ട സെഞ്ചുറികള്‍ കണക്കില്‍ പറയാനുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ശരാശരി ഗണ്യമായി ഇടിഞ്ഞിരുന്നു. കുറച്ചു കൂടി നേരത്തെ വിരമിക്കേണ്ടതായിരുന്നുവെന്ന് പോണ്ടിംഗ് സ്വയം വിമര്‍ശനം നടത്തിയിരുന്നു.
സ്മിത്തിനെ സംബന്ധിച്ചിടത്തോളം, സ്റ്റീവ് വോയുടെ മാതൃക തന്നെയാണ് പിന്തുടരാന്‍ ഏറ്റവും മികച്ചത്. ഒരു മത്സരത്തെ സ്വാധീനിക്കാന്‍ കഴിയുന്നൊരു താരമെന്ന നിലയില്‍ സ്മിത്തിന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും, തന്റെ കളി അതിനനുസരിച്ച് മെച്ചപ്പെടുത്താനും കഴിവുണ്ട്. സാഹചര്യങ്ങളെയും എതിര്‍ഘടകങ്ങളെയും അടിസ്ഥാനമാക്കി തന്റെ സാങ്കേതികത തുടര്‍ച്ചയായി ക്രമീകരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് കരിയറിന്റെ നീളം കൂട്ടാന്‍ അദ്ദേഹത്തെ ഒരുപാട് സഹായിക്കും. തന്റെ കളിയില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താനും ഏത് സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും തനിക്ക് കഴിയുമെന്ന് സ്മിത്തിന് ആത്മവിശ്വാസമുണ്ട്. ‘കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ കളിച്ച എല്ലാ മത്സരങ്ങളിലും ഞാന്‍ എന്റെ രീതികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്,’ എന്നാണ് ഗാബയിലെ ഇന്നിംഗ്‌സിന് ശേഷം അദ്ദേഹം വിശദീകരിച്ചത്.
മൂന്നാം ടെസ്റ്റില്‍ സ്മിത്ത് 101 റണ്‍സിനാണ് പുറത്തായത്. ഒരേസമയം കയ്‌പേറിയതും മധുരം നിറഞ്ഞതുമായ നിമിഷമായിരുന്നു ആ പുറത്താകല്‍. ഒരു സെഞ്ച്വറി കൊണ്ട് അയാള്‍ക്ക് പലതും തെളിയിക്കാന്‍ കഴിഞ്ഞെങ്കിലും വലിയൊരു ഇന്നിംഗ്‌സിലേക്ക് പോകാന്‍ കഴിയാത്തതില്‍ നിരാശനുമായിരുന്നു. കൂടുതല്‍ റണ്‍സ് നേടാനുള്ള അഭിവാഞ്ജയും, കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ചെയ്യിന്ന കഠിനാദ്ധ്വാനവുമാണ് സ്മിത്തിനെ വ്യത്യസ്തനാക്കുന്നത്. 10,000 റണ്‍സ് എന്ന ലക്ഷ്യത്തിലേക്കുള്ള സ്മിത്തിന്റെ യാത്ര വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ തനിക്ക് ഏത് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും, കഠിനമായ സമയങ്ങളില്‍ ടീമിനായി പോരാടാനും മികച്ച പ്രകടനം പുറത്തെടുക്കാനും കഴിയുമെന്ന് അദ്ദേഹം നിരവധി തവണ തെളിയിച്ചിട്ടുണ്ട്. തന്റെയീ അവസാന ലാപ്പില്‍ അദ്ദേഹം സ്റ്റീവ് വോയെ പോലെ കൂടുതല്‍ കരുത്തനാകുകയോ, അതോ പോണ്ടിംഗിനെപ്പോലെ തകര്‍ച്ച നേരിടുകയോ ചെയ്താലും, ഒരു കാര്യം ഉറപ്പാണ്, റണ്‍സിനോടുള്ള സ്മിത്തിന്റെ ആര്‍ത്തി ഒരിക്കലും കുറയില്ല. അദ്ദേഹം റെക്കോര്‍ഡുകള്‍ തകര്‍ത്ത് ചരിത്രം സൃഷ്ടിക്കുന്നത് തുടരുമ്പോള്‍, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെയത് വീക്ഷിക്കുകയാണ്. ഓസീസ് ക്രിക്കറ്റിലെ ഈ ‘ പ്രശ്‌ന പരിഹാരക’ന്റെ ബാറ്റ് അവരെ അത്ഭുതപ്പെടുത്തുന്നത് തുടരുമോ! Return of Steve Smith, the journey to 10,000 test runs
Content Summary; Return of Steve Smith, the journey to 10,000 test runs