പട്ടിണികൊണ്ട് കൂട്ടമരണം കാത്തിരിക്കുന്ന ഗസയിലെ ഫലസ്തീന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യവും ചെറിയ സഹായവുമായി ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്രയേലിലെ സിസിലിയില്‍ നിന്നുപോയ ‘മാഡ്ലീന്‍’ എന്ന ചെറുകപ്പലിനേയും അതിലെ പന്ത്രണ്ട് സാമൂഹ്യപ്രവര്‍ത്തകരേയും തിങ്കളാഴ്ച വെളുപ്പിന് ഇസ്രയേല്‍ കടലില്‍ തടഞ്ഞു. തങ്ങളെ ഇസ്രയേല്‍ തട്ടിക്കൊണ്ടുപോയതായി മഡ്ലീന്‍ സംഘത്തിലെ പ്രധാനിയായ കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് പറഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്റംഗവും ഫ്രഞ്ച് പൗരയുമായ റിമ ഹസനും ഈ സംഘത്തിലുണ്ടായിരുന്നു.
എന്നാല്‍ ഈ കപ്പലിനെ തീരത്തേയ്ക്ക് പ്രവേശിക്കാന്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്ന് ഇസ്രയേല്‍ പറയുന്നു. എല്ലാ യാത്രക്കാരേയും സുരക്ഷിതരായി അവരുടെ നാടുകളിലേക്ക് തിരിച്ചയയ്ക്കും. ആ ചെറുകപ്പലിലുള്ള സഹായങ്ങള്‍ ‘ശരിയായ മാര്‍ഗ്ഗത്തിലൂടെ’ ഗസയില്‍ എത്തിക്കുമെന്നും ഇസ്രയേല്‍ പറഞ്ഞു. എന്നാല്‍ തങ്ങളെ ഇസ്രയേല്‍ സേന തട്ടിക്കൊണ്ട് പോയിരിക്കുകയാണ് എന്നാണ് ഈ സംഘം അറിയിച്ചിരിക്കുന്നത്.
ഗസയിലെ മനുഷ്യരെ പട്ടിണിക്കിട്ട് കൊന്നുള്ള ഇസ്രയേലിന്റെ ഉപരോധത്തില്‍ പ്രതിഷേധത്തിച്ചാണ് ‘ഫ്രീഡം ഫ്‌ളോറ്റില കോയ്ലേഷന്‍’ ഇത്തരമൊരു യാത്ര ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ചത്. സിസിലിയില്‍ നിന്ന് കഴിഞ്ഞയാഴ്ച പുറപ്പെട്ട ഈ സംഘം വ്യാഴാഴ്ച ലിബിയന്‍ തീരദേശ സേനയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് കടലില്‍ ചാടിയ നാല് അഭയാര്‍ത്ഥികളെ രക്ഷിച്ചിരുന്നു.
ഗ്രെറ്റ തുന്‍ബെര്‍ഗിനെ കൂടാതെ ഈ സംഘത്തിലുള്ള പ്രമുഖ, യൂറോപ്യന്‍ പാര്‍ലമെന്റംഗം കൂടിയായ ഫ്രഞ്ച് പൗര റിമ ഹസനാണ്. പലസ്തീന്‍ വംശജയായ റിമ ഹസന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് 1992-ല്‍ ജനിക്കുന്നത്. 18 വയസുവരെ പൗരത്വമില്ലാതെ വളര്‍ന്ന റിമ 2010-ല്‍ ഫ്രഞ്ച് പൗരത്വം സ്വീകരിച്ചു. പലസ്തീന്‍ അവകാശ പോരാളിയെന്ന നിലയില്‍ പൊടുന്നനേ ശ്രദ്ധേയയായ റിമ ഗസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തുകയാണ് എന്നാരോപിച്ചിരുന്നു. പലസ്തീന്‍ കഫിയ ധരിച്ച് പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെടാറുള്ള റിമ 2024-ലാണ് യൂറോപ്യന്‍ പാര്‍ലമെന്റംഗമാകുന്നത്. ആദ്യത്തെ പലസ്തീന്‍ വംശജയായ ഫ്രഞ്ച് യൂറോപ്യന്‍ പാര്‍ലമെന്റംഗം എന്ന നിലയില്‍ ഗസയിലെ വെടിനിര്‍ത്തലിനായി അവര്‍ വളരെയധികം ശബ്ദമുയര്‍ത്തിയിരുന്നു.
ഇസ്രയേല്‍ ഒരു ഫാഷിസ്റ്റ് കൊളോണിയല്‍ രാജ്യമാണെന്നും അനുദിനം അവര്‍ നുണ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും റിമ ഹസന്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ‘ഭീകവാദികളെ വെള്ളപൂശുന്നതിന്’ അവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ബൊഹ്നൂ റെട്ടേയൂ പ്രഖ്യാപിച്ചിരുന്നു. ഫ്രാന്‍സിലെ തീവ്രവലത്പക്ഷ സംഘടനകളാകട്ടെ റിമയുടെ പൗരത്വം തന്നെ പിന്‍വലിക്കണമെന്നാവശ്യപ്പെടുന്നു. ഇസ്രയേലില്‍ റിമ പ്രവേശിക്കുന്നത് ആ രാജ്യം വിലക്കിയിട്ടുണ്ട്.
ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കുന്നതിനായി രണ്ടരമാസമായി ഇസ്രയേല്‍ നടത്തുന്ന സമ്പൂര്‍ണ ഉപരോധത്തിന് ശേഷം അടിസ്ഥാന സഹായങ്ങള്‍ ഗസയിലേയ്ക്ക് എത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഉപരോധം പിന്‍വലിക്കുകയും ഇസ്രയേലിന്റെ സൈനിക ആക്രമണം അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ കുഞ്ഞുങ്ങളടക്കം പതിനായിരങ്ങള്‍ പട്ടിണികിടന്ന് മരിക്കുമെന്ന് ലോകാരോഗ്യസംഘടനയടക്കം പല മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നല്‍കിയിട്ടും ഇസ്രയേലിന് കുലുക്കമില്ല. ഫ്രീഡം ഫ്‌ളോറ്റിലയുടെ നേതൃത്വത്തില്‍ മറ്റൊരു ചെറുകപ്പല്‍ വ്യൂഹം ഗസയില്‍ സഹായമെത്തിക്കാന്‍ കഴിഞ്ഞമാസം ശ്രമിച്ചിരുന്നുവെങ്കിലും രണ്ട് ഡ്രോണുകളുടെ ആക്രമണത്തില്‍ കപ്പിലിന്റെ മുന്‍ഭാഗം തകര്‍ന്നതിനാല്‍ ആ ശ്രമം വിഫലമായി. ഇസ്രയേലാണ് ആക്രമണത്തിന് പിന്നിലെന്ന് സംഘടന ആരോപിക്കുന്നു.
മഡ്ലീന്‍ ഗസയില്‍ എത്താതെ തടയണമെന്ന് ഞായറാഴ്ച തന്നെ ഇസ്രയേല്‍ പ്രതിരോധമന്ത്രി കാട്സ് ഉത്തവിട്ടിരുന്നു. ഹമാസിനെ പിന്തുണക്കാനുള്ള ശ്രമമാണിതെന്നായിരുന്നു ആരോപണം. ഇതുവരെ ഇസ്രയേലിന്റെ സൈനികാക്രമണം 54,000 പലസ്തീനികളെ കൊന്നിട്ടുണ്ട് എന്നാണ് ഗസ ആരോഗ്യമന്ത്രാലയം പറയുന്നത്. ഇതില്‍ ഭൂരിപക്ഷവും കുട്ടികളും സ്ത്രീകളുമാണ്. ഗസയിലെ സകല പ്രദേശവും നശിപ്പിച്ച്, 90 ശതമാനം മനുഷ്യരേയും പാലായനം ചെയ്യിപ്പിച്ച ഈ ആക്രമണത്തിന് ശേഷം ഏതാണ്ട് മുഴുവന്‍ മനുഷ്യരും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. who is rima hassan; she was accompanying greta thunberg to gaza
Content Summary: who is rima hassan; she was accompanying greta thunberg to gaza