പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യ സര്‍ക്കാര്‍ ഹിന്ദു ക്ഷേത്രത്തെ ദേശീയ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെഷവാറിലെ പഞ്ച് തീര്‍ത്ഥ് ക്ഷേത്രത്തെയാണ് ദേശീയ പൈതൃക പട്ടികയില്‍ പെടുത്തിയത്. ഹിന്ദു ക്ഷേത്രം അടക്കമുള്ള സ്ഥലത്തെയാണ് ഇത്തരത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് 2016ലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ ആക്ട് പ്രകാരം ഡയറക്ടറേറ്റ് ഓഫ് ആര്‍ക്കിയോളജി ആന്‍ഡ് മ്യൂസിയംസ് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.
അഞ്ച് തീര്‍ത്ഥങ്ങളില്‍ നിന്നാണ് ഈ പ്രദേശത്തിന് പഞ്ചതീര്‍ത്ഥ് എന്ന് പേര് വന്നത്. മഹാഭാരതത്തിലെ പാണ്ഡവരുടെ പിതാവായ പാണ്ഡു ഇവിടെ കുളിക്കുകയും ആരാധന നടത്തുകയും ചെയ്തിട്ടുമുണ്ടെന്നാണ് ഹിന്ദുക്കളുടെ വിശ്വാസവും ഐതിഹ്യവും. ഈ പൈതൃക പ്രദേശത്ത് നാശനഷ്ടങ്ങളുണ്ടാക്കുന്നവര്‍ക്ക് ഇരുപത് ലക്ഷം പാകിസ്താനി രൂപയും അഞ്ച് വര്‍ഷം തടവുശിക്ഷയുമാണ് നിയമപ്രകാരം ലഭിക്കുക എന്ന് ഖൈബര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
1745ല്‍ അഫ്ഗാന്‍ ദുറാനി രാജവംശത്തിന്റെ കാലത്ത് ഈ പ്രദേശം നശിപ്പിക്കപ്പെടുകയും പിന്നീട് പിന്നീട് സിഖ് രാജാക്കന്മാരുടെ നിയന്ത്രണത്തിലായിരിക്കെ 1834ല്‍ പുനസ്ഥാപിക്കപ്പെട്ടു എന്നും പറയുന്നുണ്ട്. ഇവിടത്തെ കയ്യേറ്റങ്ങളൊമൊഴിപ്പിക്കാന്‍ ആര്‍ക്കിയോളജി ഡയറക്ടറേറ്റ്, പ്രവിശ്യാ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിര്‍ത്തി മതില്‍ അടക്കം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
പുതിയ പാകിസ്താന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുല്യ പരിഗണന നല്‍കുന്ന തരത്തിലുള്ളതും രാഷ്ട്രപിതാവ് മുഹമ്മദ് ഇലി ജിന്ന വിഭാവനം ചെയ്തത് പോലെയുമാകും മുന്നോട്ട് പോവുകയെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.
ഹിന്ദു ക്ഷേത്രത്തെ ദേശീയ പൈതൃക കേന്ദ്രമാക്കിയ പാകിസ്താന്‍ നടപടിയ്ക്ക് ഇന്ത്യയില്‍ നിന്നടക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രശംസയാണ് ലഭിക്കുന്നത്.
This post was last modified on January 4, 2019 8:29 pm
Leave a Comment