June 04, 2026 |

സുബ്ഹ് നമസ്കാരത്തിന് ശേഷം തിരിച്ചടിക്കാനായിരുന്നു പദ്ധതി; അപ്പോഴേക്കും ഇന്ത്യയുടെ ബ്രഹ്മോസ് എല്ലാം തകർത്തിരുന്നുവെന്ന് പാക് പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സായുധ സേന പാകിസ്ഥാന്റെ ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്

ഇന്ത്യയുടെ ബ്രഹ്മോസ് പാകിസ്ഥാൻ നാശം വിതച്ചിരുന്നുവെന്ന് സമ്മതിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. മെയ് 9-10 തീയതികളിലായി ഇന്ത്യ നടത്തിയ ബ്രഹ്മോസ് മിസൈൽ ആക്രമണം പാകിസ്ഥാന്റെ ആസൂത്രിത സൈനിക ആക്രമണത്തെ പരാജയപ്പെടുത്തിയതായി, അസർബൈജാനിൽ നടന്ന പാകിസ്ഥാൻ- തുർക്കി- അസർബൈജാൻ ത്രിരാഷ്ട്ര ഉച്ചകോടിയിൽ സംസാരിക്കവെയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയത്.

മെയ് 10ന് സുബ്ഹ് നമസ്കാരത്തിന് മുമ്പായി ഇന്ത്യയ്ക്ക് തിരിച്ചടി നൽകാനായിരുന്നു പാകിസ്ഥാന്റെ പദ്ധതി. എന്നാൽ അപ്പോഴേക്കും ഇന്ത്യ പാകിസ്ഥാന്റെ പ്രവിശ്യകളിൽ ആക്രമണം നടത്തിയിരുന്നതായി ഷഹ്ബാസ് ഷെരീഫ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സായുധ സേന പാകിസ്ഥാന്റെ ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ഇതിൽ നാലെണ്ണ പാകിസ്ഥാനിലും അഞ്ചെണ്ണം പാക് അധിനിവേശ കാശ്മീരിലുമായിരുന്നു. മെയ് 9-10 തീയതികളിൽ ഇന്ത്യൻ ആക്രമണത്തിന് മറുപടി നൽകാൻ ഞങ്ങൾ തീരുമാനിച്ചു സുബ്ഹ് പ്രാർത്ഥനകൾക്ക് ശേഷം പുലർച്ചെ നാലുമണിയ്ക്ക് തിരിച്ചടിക്കാനായിരുന്നു ഞങ്ങൾ പദ്ധതിയിട്ടിരുന്നത്. അതിനായി ഞങ്ങളുടെ സായുധസേന തയ്യാറായിരുന്നു. എന്നാൽ 4.30യ്ക്ക് മുമ്പ് തന്നെ റാവൽപിണ്ടിയിലെ വിമാനത്താവളമുൾപ്പെടെ പാകിസ്ഥാന്റെ പല പ്രവിശ്യകളെയും ലക്ഷ്യം വച്ച് ഇന്ത്യ ബ്രഹ്മോസ് ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നുവെന്ന് ഷഹ്ബാസ് ഷെരീഫ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിനിടയിൽ പാകിസ്ഥാനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ഇതാദ്യമായല്ല ഒരു പൊതുവേദിയിൽ ഷഹ്ബാസ് ഷെരീഫ് സംസാരിക്കുന്നത്. ഈ മാസം ആദ്യം ഇസ്ലാമാബാദിൽ വച്ച് നടന്ന ഒരു ചടങ്ങിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തെക്കുറിച്ച് പുലർച്ചെ 2.30ന് ആർമി ചീഫ് ജനറൽ സയ്യിദ് അസിം മുഹമ്മദ് വിളിച്ചറിയിച്ചത് ഷഹ്ബാസ് ഷെരീഫ് ഓർമ്മിച്ചിരുന്നു.

ഏപ്രിൽ 22ന് ആയിരുന്നു ഇന്ത്യയെ നടുക്കിയ പഹൽഗാം ഭീകരാക്രമണം സംഭവിക്കുന്നത്. 26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്നത്. മുസാഫറാബാദ്, ബഹവൽപുർ, കോട്ലി, മുരിഡ്ക് എന്നിങ്ങനെ ഒമ്പത് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യം വച്ചായിരുന്നു ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതിന് പിന്നാലെ ഇന്ത്യയുമായി ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് ഷഹ്ബാസ് ഷെരീഫ് രം​ഗത്തു വന്നിരുന്നു. എന്നാൽ അതിർത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിച്ചാൽ മാത്രമേ പാകിസ്ഥാനുമായി ചർച്ചകൾ നടക്കൂവെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു. തീവ്രവാ​ദവും ചർച്ചകളും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ മുമ്പ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

content summary: Pakistan had planned to attack India before morning prayers, but India struck first with a BrahMos missile

Leave a Reply

Your email address will not be published. Required fields are marked *

×