മോദി സർക്കാരിന്റെ കടുത്ത വിമർശകനും മുൻ ജമ്മു കശ്മീർ ഗവർണറുമായിരുന്ന സത്യപാൽ മാലിക് (79) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ വെച്ചായിരുന്നു.
രാഷ്ട്രീയ ജീവിതം
1946 ജൂലൈ 24-ന് ഉത്തർപ്രദേശിലെ ഹിസാവാദ ഗ്രാമത്തിൽ ജനിച്ച സത്യപാൽ മാലിക്കിന്റെ രാഷ്ട്രീയ ജീവിതം വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെയാണ് ആരംഭിക്കുന്നത്. 1974-ൽ ഭാരതീയ ക്രാന്തി ദൾ ടിക്കറ്റിൽ ഉത്തർപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 1980-ൽ ലോക് ദളിന്റെയും 1986-ൽ കോൺഗ്രസിന്റെയും പ്രതിനിധിയായി രാജ്യസഭയിലെത്തി.
എന്നാൽ, ബോഫോഴ്സ് അഴിമതിയിൽ പ്രതിഷേധിച്ച് 1987-ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. 1989-ൽ ജനതാദൾ ടിക്കറ്റിൽ ലോക്സഭാംഗമായ അദ്ദേഹം 1990-ൽ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു. 2004-ൽ ബി.ജെ.പിയിൽ ചേർന്ന ശേഷം 2012-ലും 2014-ലും പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനായും കിസാൻ മോർച്ചയുടെ ചുമതലക്കാരനായും പ്രവർത്തിച്ചു.
ഗവർണർ പദവികളും വിവാദങ്ങളും
2017 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ സത്യപാൽ മാലിക് അഞ്ച് സംസ്ഥാനങ്ങളിൽ ഗവർണറായി സേവനമനുഷ്ഠിച്ചു. ബിഹാർ, ജമ്മു കശ്മീർ, ഗോവ, മേഘാലയ, ഒഡീഷ എന്നിവിടങ്ങളിലാണ് അദ്ദേഹം ഗവർണർ പദവി വഹിച്ചത്. ഇതിൽ, 2018 ഓഗസ്റ്റ് മുതൽ 2019 ഒക്ടോബർ വരെ ജമ്മു കശ്മീർ ഗവർണറായിരുന്ന കാലമാണ് ഏറ്റവും നിർണായകമായത്.
ഈ സമയത്താണ് ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. ഗവർണറായിരിക്കെ അദ്ദേഹം കേന്ദ്രസർക്കാരിന്റെ കടുത്ത വിമർശകനായി മാറി.
2019-ലെ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്, ആക്രമണത്തിന് കാരണമായ സുരക്ഷാ വീഴ്ചകളെക്കുറിച്ച് അദ്ദേഹം നടത്തിയ തുറന്നു പറച്ചിലുകൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. ആക്രമണത്തിന് തടയിടാൻ സാധിക്കുമായിരുന്നുവെന്നും, സി.ആർ.പി.എഫ്. വിമാനങ്ങൾ ആവശ്യപ്പെട്ടിട്ടും ആഭ്യന്തര മന്ത്രാലയം നിഷേധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഈ സംഭവം മറച്ചുവെക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
കർഷക സമരകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അദ്ദേഹം രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു. പ്രക്ഷോഭം നടത്തുന്ന കർഷകരുടെ ദുരിതങ്ങളോട് പ്രധാനമന്ത്രിക്ക് നിസ്സംഗതയാണെന്നും, ഈ വിഷയത്തെക്കുറിച്ച് താൻ പ്രധാനമന്ത്രിയുമായി രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രിയുടെ സമീപനം ‘അഹങ്കാരപരമായി’രുന്നെന്നും കർഷകരുടെ ആശങ്കകൾ അവഗണിക്കപ്പെട്ടുവെന്നും മാലിക് ആരോപിച്ചു.
ഒരു സിറ്റിംഗ് ഗവർണർ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചത് വലിയ രാഷ്ട്രീയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു. ഗോവയിലെ ബി.ജെ.പി. സർക്കാരിനെതിരെയും മാലിക് അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു. താൻ ഗവർണറായിരുന്ന കാലത്ത് സംസ്ഥാന സർക്കാരിന്റെ എല്ലാ കാര്യങ്ങളിലും അഴിമതി നടന്നിരുന്നതായി അദ്ദേഹം ഒരു അഭിമുഖത്തിൽ ആരോപിച്ചു.
കോവിഡ്-19 കാലത്തെ റേഷൻ വിതരണവുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ആരോപണം. സർക്കാർ വാതിൽപ്പടി സേവനം വഴി റേഷൻ എത്തിക്കാൻ ഒരു സ്വകാര്യ കമ്പനിക്ക് പണം നൽകിയെന്നും, എന്നാൽ ഇത് നടപ്പിലാക്കാൻ സാധ്യമല്ലായിരുന്നെന്നും മാലിക് പറഞ്ഞു. ഈ ആരോപണങ്ങൾ ഉന്നയിച്ചതുകൊണ്ടാണ് തന്നെ ഗോവയിൽ നിന്ന് മേഘാലയയിലേക്ക് മാറ്റിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഈ വിഷയത്തിൽ പ്രതിപക്ഷം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ രാജി ആവശ്യപ്പെടുകയും ഒരു ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ബി.ജെ.പി. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു..
അഴിമതി കേസും സി.ബി.ഐ. അന്വേഷണവും
ജമ്മു കശ്മീർ ഗവർണറായിരിക്കെ, കിരു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 2200 കോടി രൂപയുടെ കരാർ അനുവദിച്ചതിൽ അഴിമതി നടന്നതായി സത്യപാൽ മാലിക് തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയത്തിൽ ചിലർ തനിക്ക് 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, സി.ബി.ഐ. അന്വേഷണം ആരംഭിക്കുകയും 2024-ൽ ഡൽഹി, ജമ്മു എന്നിവിടങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു.
തുടർന്ന്, 2025-ൽ മാലിക്കിന്റെ വസതിയുൾപ്പെടെ 30-ലധികം സ്ഥലങ്ങളിൽ വ്യാപക പരിശോധന നടത്തുകയും നിർണായക രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുക്കുകയും ചെയ്തു. ഈ കേസിൽ സത്യപാൽ മാലിക് ഉൾപ്പെടെ ഏഴ് പേർക്കെതിരെ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചിരുന്നു.
content summary: Former J&K Governor Satya Pal Malik Passes Away at 79
Leave a Comment