നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ യുഡിഎഫ് പ്രവേശത്തിന് സമ്മർദ്ദം ചെലുത്തുകയാണ് നിലമ്പൂർ മുൻ എംഎൽഎ പി വി അൻവർ. അൻവർ ഉൾപ്പെടുന്ന തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കാനാവില്ലെന്ന നിലപാടാണ് ഈ വിഷയത്തിൽ കോൺഗ്രസിന്റേത്. എന്നാൽ അൻവറിനെ പൂർണ്ണമായി കൈയൊഴിയുന്നത് ബുദ്ധിയല്ലെന്ന് കോൺഗ്രസിനറിയാം. അതു കൊണ്ട് തന്നെ ഈ അവസരം കൃത്യമായി ഉപയോഗിക്കാൻ കോൺഗ്രസ് ശ്രമിക്കുമെന്നാണ് വിലയിരുത്തലുകൾ. അൻവറിന് പ്രാതിനിധ്യമുള്ള നിലമ്പൂര് അൻവറിനെ പിന്തള്ളി വേറെയൊരു നേതാവിന് ഉയർന്നു വരാൻ സാധിക്കുമോയെന്ന കാര്യത്തിൽ സംശയം ബാക്കിയാണ്. അൻവർ എഫക്ട് എങ്ങനെ വന്നാലും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന വിലയിരുത്തലുകളുമുണ്ട്.
തൃണമൂലിന്റെ മേൽവിലാസമില്ലാതെ വന്നാൽ അൻവറിനെ കോൺഗ്രസിലെടുക്കുന്നതിന് എതിർപ്പില്ലെന്നാണ് കോൺഗ്രസിന്റെ വാദം. ഈ വിഷയത്തിൽ അൻവറിന്റെ നിലപാടായിരിക്കും നിർണ്ണായകമാവുക. എൽഡിഎഫുമായി തെറ്റി പിരിഞ്ഞപ്പോൾ തന്നെ ചേർത്തു പിടിച്ച തൃണമൂലിനെ കൈവിടാൻ സാധിക്കില്ലെന്നാണ് അൻവറിന്റെ നിലപാട്. സംസ്ഥാനത്ത് ഒരു തരത്തിലും വേരോടാൻ സാധ്യതയില്ലാത്ത തൃണമൂലിന് ഇടം നൽകാൻ കോൺഗ്രസിനും താത്പര്യമില്ല. അൻവറിനെ പിണക്കുന്നത് നിലവിലെ സാഹചര്യത്തിൽ പാർട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്ന് പൂർണ്ണ ബോധ്യവും പാർട്ടിക്കുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ ഇടതു മുന്നണിയുടെ സിറ്റിംഗ് സീറ്റിൽ യുഡിഎഫ് വിജയം നേടുന്നത് പാർട്ടിയ്ക്ക് ഗുണം ചെയ്യുമെന്ന് നേതാക്കൾക്ക് അറിയാം. അത് അൻവറിന് മലപ്പുറത്തുള്ള പ്രാധാന്യത്തിന്റെയും കൂടിയാണ്. തന്നെ മുന്നണിയിലെടുത്താൽ പാർട്ടിയ്ക്ക് ഗുണം ചെയ്യുമെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ട് അൻവറും സ്വയം ബ്രാൻഡിങ് നടത്തുന്നുമുണ്ട്.
സ്വന്തം നേതൃ പാർട്ടിയിലെ മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായി പിണറായി വിജയനെ വെല്ലുവിളിച്ച നേതാവെന്ന പ്രതിച്ഛായ പി വി അൻവറിനുണ്ട്. ഇത് സിപിഎം വിരുദ്ധ വോട്ടുകൾ ചെറിയ രീതിയിലെങ്കിലും നേടാൻ അൻവറിനെ സഹായിക്കാതിരിക്കില്ല. സിപിഎം സംഘടന നേതൃത്വത്തിൽ എന്തായാലും വിള്ളലുണ്ടാക്കാൻ തനിക്ക് സാധിക്കില്ലെന്ന് അൻവറിന് അറിയാമെങ്കിലും അനുഭാവി വോട്ടുകൾ വൻതോതിൽ നേടിയെടുക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ലീഗിൽ നിന്ന് വലിയ തോതിൽ പ്രവർത്തകരെ ആകർഷിക്കാൻ കഴിയില്ലെന്ന് ഉറപ്പുണ്ടെങ്കിലും. ലീഗ് പോരാട്ടങ്ങൾക്ക് തീവ്രത പോരെന്ന നിലപാടുള്ള ലീഗിനകത്തെ ഒരു വിഭാഗത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ അൻവർ നടത്തുന്നുണ്ട്. നിലമ്പൂർ നഗരസഭയുൾപ്പെടെ നിലമ്പൂർ മണ്ഡലത്തിന് കീഴിൽ വരുന്ന നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സിപിഎം ഭരണം കൊണ്ടു വന്നതിൽ അൻവറിന്റെ പങ്ക് വളരെ വലുതാണ്. അൻവറിന്റെ പിന്തുണയില്ലാത്തത് തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കകളുമുണ്ട്.
പി വി അൻവർ എംഎൽഎ സ്ഥാനം രാജി വച്ച ശേഷം വിളിച്ചു ചേർത്ത യോഗം നിലമ്പൂരിന്റെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത് ഡിസിസി പ്രസിഡന്റെ വി എസ് ജോയിയെ ആയിരുന്നു. തന്റെ യുഡിഎഫ് പ്രവേശത്തിന് ചുവന്നക്കൊടി കാണിച്ച ആര്യാടൻ മുഹമ്മദിനോടുള്ള അറിശം തീർന്നതാണ് ഈ സ്ഥാനാർത്ഥി നിർണ്ണയമെന്ന് വേണമെങ്കിൽ പറയാം. മുൻപ് നിരവധി പരിഹാസ പരാമർശങ്ങൾ ജോയിക്ക് നേരെ നടത്തിയിട്ടുള്ളയാളാണ് അൻവർ. എന്നാൽ അൻവറിന്റെ യുഡിഎഫ് പ്രവേശത്തിന് അനുകൂല നിലപാട് എടുത്തതും പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് നിലമ്പൂരില്‍ അന്‍വറും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി അനുരഞ്ജനത്തിന് അവസരം ഒരുക്കിയതുമാണ് വി.എസ് ജോയിയെ അന്‍വറിന്റെ പ്രിയപ്പെട്ടവനാക്കിയത്. എന്നാൽ വി എസ് ജോയിയുടെ സ്ഥാനാർത്ഥിത്വം കണ്ണടച്ച് അംഗീകരിക്കാൻ കോൺഗ്രസിന് ബുദ്ധിമുട്ടുണ്ട്. അംഗത്വം നൽകുന്നതോടെ ഈ ആവശ്യം മുന്നോട്ട് വച്ചു കൊണ്ട് അൻവർ പാർട്ടിയ്ക്ക് തിരിച്ചടി നൽകിയേക്കാമെന്നാണ് കോൺഗ്രസിന്റെ ആശങ്ക. കോൺഗ്രസ് സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്തിനെ നിർദ്ദേശിക്കമെന്ന പാർട്ടി തീരുമാനത്തിന് അൻവർ തടയിടുമെന്ന് കോൺഗ്രസിന് ഉറപ്പാണ്. മണ്ഡലത്തിലെ വിപുലമായ ബന്ധങ്ങളും പിതാവ് ആര്യാടൻ മുഹമ്മദിനുണ്ടായ സ്വീകാര്യതയും അനുകൂല ഘടങ്ങളായി ഷൗക്കത്ത് ചൂണ്ടി കാണിക്കുമ്പോഴും ആ പ്രദേശത്ത് കഴിഞ്ഞ വർഷങ്ങളിൽ അൻവർ നേടിയെടുത്ത പിന്തുണ ഷൗക്കത്തിന്റെ വാദത്തെ മറികടക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിന്റെ ഘടക കക്ഷിയാക്കണമെന്ന അൻവറിന്റെ ആവശ്യം കോൺഗ്രസിന് തല വേദന ആവുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ നിലമ്പൂരിലെ വിജയം യുഡിഎഫിനും അൻവറിനും ഒരു പോലെ പ്രാധാന്യമുള്ളതായതിനാൽ കോൺഗ്രസിനോട് അൻവർ വഴങ്ങുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്.
മലപ്പുരം ജില്ലയിൽ കോൺഗ്രസിന് വേരോട്ടമുള്ള മണ്ഡലങ്ങളിൽ ഒന്നായ നിലമ്പൂര് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും പാർട്ടിയ്ക്ക് അടിപതറിയത് അൻവറിന് മുന്നിലായിരുന്നു. തിരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് മാറി നിൽക്കാനുള്ള തീരുമാനത്തിലും തിരഞ്ഞെടുപ്പ് ചർച്ചകളിൽ അൻവറിന്റെ പേരാണ് മുന്നിട്ട് നിൽക്കുന്നത്. തിരഞ്ഞെടുപ്പിൽ അൻവർ എഫക്ട് പ്രതിഫലിക്കുമെന്ന് പൂർണ്ണവിശ്വാസമുള്ള കോൺഗ്രസ് എതിർപ്പിന് മാറ്റി നിർത്തി അൻവറിന്റെ മുന്നണി പ്രവേശം സാധ്യമാക്കുമെന്നാണ് വിലയിരുത്തലുകൾ.
content summary: Former MLA PV Anwar to Join Congress Ahead of Nilambur Re-election; Party Optimistic About Victory
This post was last modified on April 22, 2025 5:36 pm
Leave a Comment