നീതിക്ക് വേണ്ടി പ്രക്ഷോഭങ്ങള്‍, അനീതിക്കെതിരെ സമരങ്ങള്‍. അതായിരുന്നു ഫാദര്‍ ജോസഫ് വടക്കന്റെ ജീവിതം. വടക്കനച്ചന്‍ എന്ന പോരാളിയായ ആ ഇടയന്റെ ഓര്‍മ ദിവസമാണിന്ന്.
‘കൈകൊണ്ടു നെയ്ത പരുക്കന്‍ തുണികൊണ്ടുള്ള ളോഹ ധരിച്ച നീണ്ടു മെലിഞ്ഞ ഒരു സെമിനാരി വിദ്യാര്‍ത്ഥി ഇന്നു കേരളത്തില്‍ കമ്യൂണിസത്തിനെതിരായി സമരം നയിക്കുന്നു. അദ്ദേഹമാണ് ബ്രദര്‍ ജോസഫ് വടക്കന്‍. അദ്ദേഹത്തിനു വസ്തുതകളും കണക്കുകളും മാര്‍ക്സിസ്റ്റ് ഉദ്ധരണികളും നാവില്‍ പാഠമാണ്. കമ്യൂണിസ്റ്റ് പ്രമാണങ്ങളെ എളുപ്പം മനസ്സിലാക്കുന്ന ഭാഷയില്‍, എതിര്‍ക്കുന്നതിനുള്ള അസാധാരണമായ ഒരു വശ്യത അദ്ദേഹത്തിനുണ്ട്. ഉജ്വലമായ പ്രസംഗശൈലി അദ്ദേഹത്തിന്റെ സ്വാധീനമാണ്. ‘പരുക്കന്‍ ഖദര്‍ ളോഹ ധരിച്ച അന്നത്തെ ഫാദര്‍ വടക്കന്, മെലിച്ചില്‍ കുറച്ചു കുറഞ്ഞിട്ടുണ്ടെന്ന വ്യത്യാസമേയുള്ളൂ. ഏഴ് പതിറ്റാണ്ട് മുന്‍പ്, ഇംഗ്ലണ്ടിലെ മുന്‍ തീവ്രകമ്യൂണിസ്റ്റും പിന്നിട് കമ്യൂണിസ്റ്റ് വിരുദ്ധനുമായ പ്രശസ്ത ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ ഡഗ്ലസ് ഹൈഡ് ഫാദര്‍ വടക്കന്റെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തെക്കുറിച്ച് ‘1954 ഓഗസ്റ്റ് 6 ലെ ലണ്ടനിലെ ‘കാത്തലിക് ഹെറാള്‍ഡ് മാസികയില്‍ എഴുതി.

കമ്യൂണിസ്റ്റ് സഹയാത്രികന്‍, കമ്യൂണിസ് വിരുദ്ധന്‍, പുരോഹിതന്‍, സഭാവിമര്‍ശകന്‍ എന്നീ വിശേഷണങ്ങളിലെല്ലാം പെടുന്ന ഒരു വൈദിക ജനനേതാവേ കേരള രാഷ്ട്രീയത്തിലുണ്ടായിരുന്നുള്ളൂ. അത് ഫാദര്‍ ജോസഫ് വടക്കനാണ്. 50 കളില്‍ കേരള രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി മാറിയ പ്രക്ഷോഭങ്ങളുടെ അരമനയായിരുന്നു
ഫാദര്‍ വടക്കന്റെത്.
തൃശൂര്‍ ചാവക്കാടിനടുത്തുള്ള തൊയാക്കാവില്‍ വടക്കന്‍ എന്ന വീട്ടില്‍ കയറു കച്ചവടക്കാരനായ ഇട്ടിക്കുരുവിന്റെ മകനായി ജനിച്ച ജോസഫ് 7ാം ക്ലാസ്സ് വരെയെ പഠിച്ചുള്ളൂ. പിതാവിന്റെ അപ്രതീക്ഷിത മരണം കാരണം കുടുംബം നോക്കാന്‍ തൊയാക്കാവ് സ്‌കൂളില്‍ അധ്യാപകനായി. ആദ്യം കോണ്‍ഗ്രസ്സും പിന്നീട് കമ്യൂണിസ്റ്റുമായ വടക്കന്‍ മെട്രിക്കുലേഷന്‍ പാസ്സായി സെമിനാരിയില്‍ ചേര്‍ന്നു. അതോടെ കമ്യൂണിസം ഉപേക്ഷിച്ചു. തൊഴിലാളികളുടെ ഇടയില്‍ വന്‍ സ്വാധീനമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചൂഷണത്തിനെതിരെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് വേണ്ടി രംഗത്തെത്തിയതോടെയാണ് ഫാദര്‍ വടക്കന്‍ പ്രശസ്തനാവുന്നത്.
തൃശൂരിലെ ആളൂരും പുല്ലൂരുമുള്ള കത്തോലിക്കരായ ചിലരുടെ ഉടമസ്ഥതയിലുള്ള കശുവണ്ടി ഫാക്ടറികള്‍ തൊഴിലാളികള്‍ വേതനം കൂടുതല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉടമകള്‍ അടച്ചുപൂട്ടി. അതോടെ 80 ഓളം കുടുംബങ്ങള്‍ പട്ടിണിയിലായി. അതോടെ സെമിനാരിയില്‍ പഠിക്കുന്ന ബ്രദര്‍ വടക്കന്‍ ഇടപെട്ടു. അദ്ദേഹം നിരാഹാര സത്യഗ്രഹം സംഘടിപ്പിച്ച് ഒടുവില്‍ ഫാക്ടറി ഉടമകളെ മുട്ടുകുത്തിച്ചു. അതിന്റെ ഫലമായി തൊഴിലില്ലാ വേതനമായി 20,000 രൂപയോളം തൊഴിലാളികള്‍ക്ക് കിട്ടി.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യൂണിയനായിരുന്നു ആ ഫാക്ടറികളില്‍ ആധിപത്യം പുലര്‍ത്തിയിരുന്നത്. സ്വാഭാവികമായും അവര്‍ക്കത് ഇഷ്ടപ്പെട്ടില്ല. മുതലാളികളുടെ കരിങ്കാലികളാണെന്ന് ആരോപിച്ച് അവര്‍ വടക്കനെ തുറന്നെതിര്‍ത്തു. തങ്ങളുടെ കുത്തക പൊളിക്കാന്‍ എത്തിയ വടക്കനെയും സംഘത്തെയും മുളയിലേ നുള്ളണമെന്ന് മുതലാളിമാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരേപോലെ ചിന്തിച്ചു. വടക്കന്‍ മനപ്പൂര്‍വ്വം കുഴപ്പമുണ്ടാക്കുന്നുവെന്ന് കാണിച്ച് മുതലാളിമാര്‍ തൃശൂര്‍ ബിഷപ്പിന് പരാതി നല്‍കി. കമ്യൂണിസ്റ്റുകാരാകട്ടെ ഇവര്‍ക്കെതിരെ ദുഷ്പ്രചരണമഴിച്ചു വിട്ടു.
”ഞങ്ങള്‍ പിശാചിന്റെയും കടലിന്റെയും ഇടയില്‍പെട്ടതു പോലെയായി. സ്വാര്‍ത്ഥത പൂണ്ട മുതലാളിത്തത്തേയും ഒപ്പം കമ്യൂണിസത്തെയും എതിര്‍ക്കാന്‍ ഒരു പ്രസ്ഥാനം ഉടലെടുപ്പിക്കണമെന്ന ആശയം ആ ഘട്ടത്തിലാണ് എന്നിലുദിച്ചത്. ആന്റി കാപ്പിറ്റലിസ്റ്റ് ഫ്രണ്ടും ആന്റി കമ്യൂണിസ്റ്റ് ഫ്രണ്ടും ഒരേയൊരു ഫ്രണ്ടായി വിട്ടുവീഴ്ച്ചയില്ലാതെ സമരം ചെയ്യണമെന്നായിരുന്നു എന്റെ അഭിപ്രായം. സഹപ്രവര്‍ത്തകര്‍ അതു സമ്മതിച്ചു. അങ്ങനെയാണ് 1951-ല്‍ എ. സി. എഫ്. എന്ന സംഘടന രൂപംകൊണ്ടത്. എ. സി. എഫ്. എന്നുവച്ചാല്‍ ആന്റി കമ്യൂണിസ്റ്റ് ഫ്രണ്ട് മാത്രമായിരുന്നില്ല. ആന്റി കാപിറ്റലിസ്റ്റ് ഫ്രണ്ടും കൂടിയായിരുന്നു.’ വടക്കനച്ചന്‍ എഴുതി.
ഇരിഞ്ഞാലക്കുട അയ്യങ്കാവ് മൈതാനത്ത് വടക്കന്‍ ഒരു ഗംഭീര പ്രസംഗം നടത്തി. സെമിനാരിയില്‍ പഠിക്കുമ്പോള്‍ കമ്യൂണിസ്റ്റ് തത്വശാസ്ത്രവും അവയെ ഖണ്ഡിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യവും കമ്പോട് കമ്പ് വായിച്ച് മനസിലാക്കിയിരുന്ന വടക്കന്റെ പ്രസംഗത്തില്‍ കമ്യൂണിസ്റ്റ് പ്രയോധനങ്ങളെ ഖണ്ഡിച്ചുകൊണ്ട് നടത്തിയ ആ പ്രസംഗം വന്‍ തരംഗം സൃഷ്ടിച്ചു. വടക്കന്റെ പ്രവര്‍ത്തനങ്ങളെ അടപടലം എതിര്‍ത്തിരുന്ന മുതലാളിമാര്‍ തൃശൂരങ്ങാടിയില്‍ പറഞ്ഞത് ഇങ്ങനെ ”നമ്മളെ കുറ്റം പറഞ്ഞാലും സാരമില്ലെടാ. കമ്യൂണിസത്തിന്റെ ചെള്ളയ്ക്ക് ആ ചേട്ടന്‍ നല്ല പെട പെടയ്ക്കുന്നുണ്ട്,”
തൃശൂരിന് വടക്കോട്ട് തന്റെ പ്രസംഗങ്ങളിലൂടെ ജൈത്രയാത്ര നടത്തിയ ഒരു ഉജ്ജല വാഗ്മി കൂടിയായ വടക്കന്റെ പ്രസംഗം കേട്ട് ഹാമലീന്‍ നഗരത്തിലെ പൈഡ് പെപ്പറെ പിന്‍തുടര്‍ന്ന കുട്ടികളെപ്പോലെ, വന്‍ജനക്കൂട്ടം പിന്തുണയായി യോഗങ്ങളില്‍ ഒഴുകിയെത്തി. സ്റ്റാലിനേയും സോവ്യറ്റ് യൂണിയനേയും കടന്നാക്രമിച്ച വടക്കന്റെ വാദമുഖങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ ‘അലയടിക്കാന്‍ തുടങ്ങിയതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മറുപടി പറയേണ്ടത് അനിവാര്യമായി.
”സ്റ്റാലിന്‍ കടുത്ത സ്വേച്ഛാധിപതിയെപ്പോലെ കമ്യൂണിസ്റ്റ് നേതാക്കളെയടക്കം ലക്ഷക്കണക്കിനു നിരപരാധികളെ ലിക്വിഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. പിന്നീട് അധികാരത്തില്‍ വന്നപ്പോള്‍ ക്രൂഷ്‌ചേവ് പാര്‍ട്ടിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ ഹീനവധങ്ങളുടെ കഥകള്‍ വര്‍ണിച്ചിട്ടുണ്ട്. അതാണ് ഞങ്ങള്‍ ക്രൂഷ്‌ചേവ് റിപ്പോര്‍ട്ട് മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. അതു വായിച്ച കമ്യൂണിസ്റ്റുകാര്‍ ഞങ്ങള്‍ വെറും വ്യാജ കഥകള്‍ പറഞ്ഞുപരത്തുകയാണെന്നു പറയുന്നു. സത്യസന്ധമായ രേഖകളും വസ്തുതകളും ആസ്പദമാക്കിയല്ലാതെ ഞാന്‍ ഒന്നും എഴുതുകയോ പറയുകയോ ചെയ്യാറില്ല. ധാരാളം സ്റ്റഡി ക്ലാസുകള്‍ ഞാന്‍ നടത്തുന്നുണ്ട്. ഈ പഠനക്കളരികളിലേക്കു കമ്യൂണിസ്റ്റുകള്‍ക്കും സ്വാഗതം. മുതലാളികളെയല്ല മുതലാളിത്ത വ്യവസ്ഥിതിയെയാണ് ഞാന്‍ എതിര്‍ത്തത്. കമ്യൂണിസ്റ്റുകളെയല്ല, കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തില്‍ കടന്നുകൂടിയ അപാകതകളെയും അബദ്ധങ്ങളെയുമാണ് ഖണ്ഡിച്ചിരുന്നത്. റഷ്യയില്‍ സ്റ്റാലിനുശേഷമുണ്ടായ റിവിഷനിസ്റ്റ് സിദ്ധാന്തവും ചൈനയില്‍നിന്നു കേട്ട മാവോ സിദ്ധാന്തവും മാര്‍ക്‌സും ഏംഗല്‍സും ലെനിനും സ്റ്റാലിനും സമര്‍ത്ഥിച്ച സംഗതികളെപ്പറ്റി പരസ്പരവിരുദ്ധങ്ങളായ പല നിഗമനങ്ങളും പുറത്തു കൊണ്ടുവന്നിരിക്കയാണല്ലോ. ബൈബിളിലെ ആശയാദര്‍ശങ്ങളെപ്പറ്റി രണ്ടായിരം കൊല്ലങ്ങള്‍ക്കിടയില്‍ പതിനായിരം പരസ്പരവിരുദ്ധ വ്യാഖ്യാനങ്ങള്‍ ഉണ്ടായെങ്കില്‍ മാര്‍ക്‌സിസത്തെപ്പറ്റി ഒരു നൂറ്റാണ്ടിനകം ഇങ്ങനെ ചില പരസ്പര വിരുദ്ധ വ്യാഖ്യാനങ്ങള്‍ പുറത്തുവന്നതില്‍ വിസ്മയിക്കേണ്ടതില്ല.”
ഇങ്ങനെ വടക്കന്‍ തന്റെ പ്രസംഗത്തിലൂടെ ആഞ്ഞടിച്ചപ്പോള്‍ മറുപടി പറയേണ്ടത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഭിമാന പ്രശ്‌നമായി.

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകാംഗവും മികച്ച പ്രാസംഗികനും മാര്‍ക്സിസ്റ്റ് തത്വചിന്തയുടെ ഏറ്റവും അറിയപ്പെടുന്ന വ്യാഖ്യാതാവുമായ കേരളാ മാര്‍ക്‌സ് എന്നറിയപ്പെട്ട കെ. ദാമോദരന്‍ വടക്കനച്ചന് മറുപടിയുമായി രംഗത്ത് വന്നു. സെമിനാരിയില്‍ കമ്യൂണിസ്റ്റ് തത്വശാസ്ത്രവും അവയെ ഖണ്ഡിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യവും പഠിച്ചാണ് വടക്കനച്ചന്‍ രംഗത്ത് വന്നതെങ്കില്‍ പി കൃഷ്ണപിള്ളയ്ക്കും ഇ. എം. എസ്സിനും, എന്‍. സി. ശേഖര്‍ക്കും മുന്‍പുതന്നെ കാശി വിദ്യാപീഠത്തിലെ പഠനകാലത്ത് ആര്‍.ഡി. ഭരദ്വാജിന്റെയും ഓംപ്രകാശ് ശാസ്ത്രിയുടെയും സ്വാധീനത്തില്‍ കമ്യൂണിസ്റ്റായിക്കഴിഞ്ഞിരുന്ന ആളാണ് കെ. ദാമോദരന്‍. അദ്ദേഹം താന്‍ എഴുതിയ ‘ യേശുക്രിസ്തു മോസ്‌ക്കോവില്‍’ എന്ന ലഘുരേഖയുമായി രംഗത്ത് വന്നു. അക്കാലങ്ങളില്‍ പ്രചരണത്തിനും വിശദീകരണത്തിനും ഉപയോഗിച്ചിരുന്ന സംവിധാനമാണ് ലഘുരേഖകള്‍. ഇതിന് ചിലവ് കുറവും എവിടെയും എത്തിപ്പെടാന്‍ സഹായിക്കുന്നതുമാണ്. ഇത്തരം ലഘുരേഖകള്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് പ്രധാന പങ്ക് വഹിച്ചിരുന്നു.
കമ്യൂണിസം മതവിരുദ്ധമാണെന്നും ക്രിസ്തുമതം അതിനെ എക്കാലത്തും ചെറുക്കുമെന്നും മറ്റുമുള്ള വടക്കന്റെ വാദങ്ങളെ യുക്തിയുക്തം ഖണ്ഡിച്ചുകൊണ്ട് കെ. ദാമോദരന്‍ എഴുതിയ ‘യേശുക്രിസ്തു മോസ്‌ക്കോവില്‍’ എന്ന ലഘുരേഖ വളരെ വേഗം പ്രചരിച്ചു.
”യേശുക്രിസ്തു മര്‍ദ്ദിതരെ മോചിപ്പിക്കാന്‍വേണ്ടി മര്‍ദ്ദകവര്‍ഗ്ഗക്കാര്‍ക്കെതിരായി പ്രവര്‍ത്തിച്ചു. പക്ഷേ, അന്നത്തെ പരിതഃസ്ഥിതിയില്‍ മര്‍ദ്ദിതവര്‍ഗ്ഗക്കാരുടെ മോചനം സാദ്ധ്യമായിരുന്നില്ല. സാമ്രാജ്യത്വകാലഘട്ടത്തില്‍ മുതലാളിത്തം അതിന്റെ അവസാനദിശയിലെത്തിയപ്പോള്‍, മാത്രമാണ് അതിനാവശ്യമായ ഭൗതികസാഹച ര്യങ്ങളുളവായത്. ഈ ഘട്ടത്തില്‍ ലെനിന്റേയും സ്റ്റാലിന്റെയും നേതൃത്വത്തില്‍-മാര്‍ക്സിസത്തില്‍ അടിയുറച്ച ബോള്‍ഷെവിക്ക് പാര്‍ട്ടിയുടെ നേത്യത്വത്തില്‍-റഷ്യന്‍ വിപ്ലവം പ്രഭുക്കന്മാരെ എന്നെന്നേക്കുമായി സിംഹാസനങ്ങളില്‍ നിന്നാട്ടിപ്പായിച്ചു. ജന്മിയും മുതലാളിയുമില്ലാത്ത, മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യാത്ത ഒരു സാമൂഹ്യവ്യവസ്ഥിതിക്കടിത്തറയിട്ടു.
ഇന്നു സോവിയറ്റ് യൂണിയന്‍ വര്‍ഗ്ഗരഹിതമായ കമ്യൂണിസത്തിലേക്ക് യഥാര്‍ത്ഥമായ സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ഘട്ടത്തിലേക്ക്-വിജയപൂര്‍വ്വം മാര്‍ച്ചു ചെയ്തുകൊണ്ടിരിക്കുകയാണ്.
അതുകൊണ്ടാണ്, നിരീശ്വരവാദിയായ സഖാവ് സ്റ്റാലിന്റെ നേതൃത്വത്തില്‍ അഭിവൃദ്ധിയില്‍നിന്ന് അഭിവൃദ്ധിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന സോവിയറ്റ് യൂണിയനെപ്പറ്റി ഈശ്വരവിശ്വാസിയും യേശുവിന്റെ യഥാര്‍ത്ഥശിഷ്യനുമായ കാന്റര്‍ബറിയിലെ ഡീന്‍ ഇങ്ങനെ രേഖപ്പെടുത്തിയത്.
”അപ്രമേയമായ പ്രഭാവത്തോടുകൂടി മനുഷ്യാത്മാവ് ദൈവത്തിന്റെ നല്ല മാര്‍ഗ്ഗങ്ങളില്‍ക്കൂടി പുരോഗമിക്കുന്നത് സോവിയറ്റ് യൂണിയനില്‍
ഞാന്‍ കണ്ടു. അതുകൊണ്ടാണ് ലോകത്തിലുള്ള എല്ലാ നല്ല ക്രിസ്ത്യാനികളും സോവിയറ്റ് യൂണിയനെ സ്‌നേഹിക്കുന്നത്.”
ഫാദര്‍ വടക്കന് ഒരു കൊട്ടു കൊടുത്തുകൊണ്ട് കെ. ദാമോദരന്‍ ‘ലഘുരേഖ ഇങ്ങനെ ഉപസംഹരിച്ചു.
”അതുകൊണ്ടുതന്നെയാണ്, സ്വത്തുടമയേയും വര്‍ഗ്ഗവ്യത്യാസങ്ങളേയും എന്നെന്നും നിലനിര്‍ത്താനാഗ്രഹിക്കുന്ന യൂദാസിന്റെ അനുയായികള്‍ സോവിയറ്റ് യൂണിയനെപ്പറ്റി തെറിപ്പാട്ടുകളും പുലയാട്ടുകളും പാടുന്നത്.
പക്ഷേ, ചരിത്രം യേശുക്രിസ്തുവിന്റെ ഭാഗത്താണ്, വത്തിക്കാന്‍ മുതല്‍ വടക്കനച്ചന്‍ വരെയുള്ളവരുടെ ഭാഗത്തല്ല. മര്‍ദ്ദകവര്‍ഗ്ഗക്കാരുടേയും അവരെ പിന്താങ്ങുന്ന യൂദാസുകളുടേയും ഭാവിയെന്തായിരിക്കുമെന്ന് 18 നൂറ്റാണ്ടുകള്‍ക്കുമുമ്പു തന്നെ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടരെ ചൂണ്ടിക്കൊണ്ടാണ് ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ പ്രഖ്യാപിച്ചത്:
‘നിങ്ങള്‍ തീകൊണ്ടു നശിപ്പിക്കപ്പെടുന്ന ദിവസം വിദൂരമല്ല. നിങ്ങളുടെ അരമനകള്‍ വെണ്ണീറില്‍ കുഴിച്ചിടപ്പെടും!”
ഫാദര്‍ വടക്കന്‍ ഉടനെ അതിനെ ഖണ്ഡിച്ച് മറുപടിയെഴുതി ‘യേശുക്രിസ്തു മോസ്‌ക്കോവിലോ?’ അത് വലിയ രീതിയില്‍ പ്രചരിച്ച് തുടങ്ങിയപ്പോള്‍ (അവസാനം അച്ചടിച്ചത് 25,000 കോപ്പികള്‍ !)ദാമോദരന്‍ മറ്റൊരു ലഘുരേഖ എഴുതി തിരിച്ചടിച്ചു. ” അതെ യേശുക്രിസ്തു മോസ്‌ക്കോവില്‍ തന്നെ”.
ആരും ജയിക്കാത്ത, തോല്‍ക്കാത്ത ഒരു ആശയസംവാദമായിരുന്നു അതെങ്കിലും പിന്നീട് 1970 കളില്‍ ഇതേ കെ ദാമോദരന്‍ തന്നെ തന്റെ നിലപാട് മാറ്റി, സോവിയറ്റ് ഭരണത്തെയും സ്റ്റാലിന്റെ സേച്ഛാധിപത്യത്തെയും ഫാദര്‍ വടക്കനില്‍ നിന്നും കൂടുതല്‍, കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു എന്നതാണ് ശ്രദ്ധേയം.
തന്റെ പ്രസ്ഥാനമായ എ. സി. എഫ്-ന്റെ സന്ദേശം വളച്ചൊടിക്കാതെയും ദുര്‍വ്യാഖ്യാനിക്കപ്പെടാതെയും തൊഴിലാളികളിലേക്കും സാധാരണ ജനങ്ങളിലേക്കും എത്തിനോക്കാന്‍ വടക്കനച്ചന്‍ ആരംഭിച്ച വാരികയാണ് ‘തൊഴിലാളി’. 1952 മാര്‍ച്ചിലാണ് വാരികയുടെ ആദ്യലക്കം ഇറക്കിയത്. സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നതിനാല്‍ വടക്കന് പത്രാധിപ സമിതിയിലിരിക്കാന്‍ അനുവാദമില്ലായിരുന്നു. അഡ്വക്കേററ് എന്‍. കെ. കുട്ടിരാമന്‍, പ്രൊഫ. ടി.ഒ.മാത്യു, ഫാ. ചെമ്മണ്ണൂര്‍ എന്നീ പത്രാധിപ സമിതിയില്‍ പേര് വെച്ച ലേഖനം മിക്കതും വടക്കന്‍ തന്നെ എഴുതി. തൃശൂരില്‍ ഗോവിന്ദന്‍ ഗുരു വിലാസം പ്രസിലാണ് വാരിക അച്ചടിച്ചിരുന്നത്.

തൃശൂരിലെ റിക്ഷാത്തൊഴിലാളികളെയും കുഷ്ഠരോഗികളെയും സംരക്ഷിക്കാന്‍ വടക്കനച്ചന്‍ നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് അദ്ദേഹത്തിനോട് മതിപ്പ് വര്‍ദ്ധിപ്പിച്ചു. വടക്കന്‍ സംഘടപ്പിച്ച റിക്ഷാത്തൊഴിലാളി യൂണിയന്‍ മൂന്ന് കൊല്ലം കൊണ്ട് 70 ല്‍ പരം റിക്ഷാവണ്ടികള്‍ വിതരണം ചെയ്തു. വലിയ രീതിയില്‍ തൊഴിലാളികളുടെ പിന്‍തുണ നേടാന്‍ ഇതുകൊണ്ട് കഴിഞ്ഞു.
തൃശൂരില്‍ നിന്ന് പുറത്ത് വരുന്ന കമ്യൂണിസ്റ്റുകാരുടെ ‘നവജീവന്‍’ ദിനപത്രം വടക്കനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും നിരന്തരം എതിര്‍ത്തു. ജോസഫ് മുണ്ടശ്ശേരിയായിരുന്നു നവജീവന്റെ എഡിറ്റര്‍. വടക്കന്‍ അമേരിക്കന്‍ ചാരനാണെന്നും അമേരിക്കന്‍ എംബസിയില്‍നിന്ന് ആയിരക്കണക്കിനു ഡോളര്‍ പറ്റുന്നുണ്ടെന്നും മത്തായി മാഞ്ഞൂരാന്‍ ഒരിക്കല്‍ പ്രസംഗിച്ചത് നവജീവന്‍ വാര്‍ത്തയായി അച്ചടിച്ചു.
വടക്കന്‍ അതിനെതിരെ അപകീത്തിക്കേസ് കൊടുത്തു. ആ കേസില്‍ മുണ്ടശേരിയെ കോടതി ശിക്ഷിച്ചു. നവജീവനെ നേരിടാന്‍ ‘തൊഴിലാളി’ ദിനപത്രമാക്കാന്‍ വടക്കനച്ചന്‍ തീരുമാനിച്ചു.
പലരുടേയും സഹായത്താല്‍ 1954 ജനുവരി പുതുവര്‍ഷദിനം ‘തൊഴിലാളി’ ദിനപത്രം പുറത്ത് വന്നു. വര്‍ഗീസ് മേനാച്ചേരി, ജോര്‍ജ് നെല്ലായി, ജോയ് ശാസ്താം പടിക്കല്‍, എ.ആര്‍. ജോണ്‍, എം.എം. വര്‍ഗീസ് തുടങ്ങിയവരായിരുന്നു ഇതിന്റെ പത്രാധിപസമിതിയില്‍. പിന്നീട് പ്രശസ്ത പത്രപ്രവര്‍ത്തകനായി ഉയര്‍ന്ന മലയാള മനോരമയിലെ കെ.ആര്‍. ചുമ്മാര്‍ തൊഴിലാളിയില്‍ സബ് എഡിറ്റായി പത്രപ്രവര്‍ത്തനം ആരംഭിച്ച വ്യക്തിയാണ്.
ഫാ. വടക്കന്‍ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് മലനാട് കര്‍ഷക യൂണിയന്‍. കൊട്ടിയൂര്‍ സമരം സംസ്ഥാനവ്യാപകമായി നടക്കുമ്പോള്‍ മലനാട് കര്‍ഷക യൂണിയന്‍ തൃശൂര്‍ ഉള്‍പ്പെടെ മിക്ക ജില്ലാ കേന്ദ്രങ്ങളിലും എല്ലാ ദിവസവും സത്യഗ്രഹം നടത്തിയിരുന്നു.
അക്കാലത്ത് തൃശൂരിലെത്തിയ മുഖ്യമന്ത്രി, പട്ടം താണുപിള്ളയുടെ കാറിനെ കരിങ്കൊടി കാണിച്ചു. അന്ന് വടക്കനച്ചന്റെ പാര്‍ട്ടിക്കാര്‍ നടത്തിയ കല്ലേറില്‍ ഒരു കല്ല് മുഖ്യമന്ത്രിയുടെ കാറിനകത്ത് വീഴുകയും ചെയ്തു. അത് വലിയൊരു സംഭവമായി. തൃശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയെ ഡോക്ടര്‍ പരിശോധിക്കുകയും പരിപാടികളെല്ലാം റദ്ദാക്കി വിശ്രമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കേരളാ മുഖ്യമന്ത്രിക്ക് വേണ്ടത്ര സെക്യൂരിറ്റിയില്ല എന്ന് ആക്ഷേപം ഉണ്ടായി. മുഖ്യമന്ത്രി പട്ടം ക്ഷുഭിതനായിരുന്നു. തൃശൂര്‍ എസ്. പി. വി.എന്‍ രാജനെ രാമനിലയത്തിലേക്ക് വിളിച്ച് വരുത്തി, ഒരു കല്ലും കറുത്ത തുണിക്കഷ്ണവും പട്ടം രാജന് നല്‍കി എന്നിട്ട് പറഞ്ഞു:
”ഇതാ നിങ്ങള്‍ക്കൊരു മെഡല്‍’ കെ. വി. രാമകൃഷ്ണ അയ്യരായിരുന്നു തൃശൂരിലെ സബ്കളക്ടര്‍ (മലയാറ്റൂര്‍ രാമകൃഷ്ണന്‍). ചീഫ് സെകട്ടറി കെ.പി.കെ മേനോന്‍ സബ്കളക്ടറെയും ഇതിന്റെ പേരില്‍ ചാടിച്ചു.

എക്‌സ്പ്രസ് ദിനപത്രം അതിന്റെ പ്രഭാവകാലത്ത് തൃശൂരില്‍ വന്‍ സ്വാധീനം ഉള്ള പത്രമായിരുന്നു. പട്ടംതാണു പിള്ളയുടെയും പി.ടി. ചാക്കോയുടെയും മന്നത്തു പത്മനാഭന്റെയുമൊക്കെ പക്ഷത്തായിരുന്നു. വടക്കനച്ചന്റെ പാര്‍ട്ടി മലനാട് കര്‍ഷക യൂണിയനെ ‘മല ‘ കര്‍ഷക യൂണിയന്‍ എന്നാണ് എല്ലാ ദിവസവും എക്‌സ്പ്രസ്സ് ദിനപത്രം എഴുതുക. ഇതിനെതിരെ പല തവണ പരാതിപ്പെട്ടിട്ടും എഡിറ്റര്‍ കെ. കൃഷ്ണന്‍ വഴങ്ങിയില്ല. ‘ഒരു ദിവസം എക്‌സ്പ്രസ്സിലെ – മല കര്‍ഷക സംഘത്തിന്റെ സമര വാര്‍ത്ത അച്ചടിച്ചത് കണ്ട് കലി കയറിയ ‘തൊഴിലാളി’ സബ് എഡിറ്റര്‍ കെ. ആര്‍. ചുമ്മാര്‍ എക്‌സ്പ്രസ് പത്രത്തിന്റെ എഡിറ്ററായ കെ. കൃഷ്ണനെ ഫോണില്‍ വിളിച്ചു. ചുമ്മാര്‍ പറഞ്ഞു: ‘സ്വാമി ഇന്നത്തെ പത്രത്തില്‍ മല കര്‍ഷക സംഘത്തിന്റെ വാര്‍ത്ത കണ്ടു. അതില്‍ ആദ്യത്തെ വാക്കുണ്ടല്ലോ – ആ സാധനം ഒരു പാക്കറ്റില്‍ വീട്ടിലേക്ക് കൊടുത്തു വിട്ടിട്ടുണ്ട്’ സ്വാമി ഞെട്ടി. തന്റെ മഠത്തിലേക്ക് അമേദ്യമോ? അതൊടെ കാര്യങ്ങള്‍ ശരിയായി. പിറ്റേന്നാള്‍ മുതല്‍ എക്‌സ്പ്രസ് ദിനപത്രം മര്യാദക്ക് മലനാട് കര്‍ഷക സംഘം എന്ന് അച്ചടിച്ചു തുടങ്ങി.

അക്കാലത്ത് നടന്ന രണ്ട് പ്രക്ഷോഭങ്ങളാണ് കൊട്ടിയൂര്‍ മേല്‍ച്ചാര്‍ത്ത് പ്രശ്‌നവും ഇടുക്കിയിലെ അമരാവതി കുടിയിറക്കവും. മലബാറിലെ കൊട്ടിയൂരില്‍ ദേവസ്വം ഭൂമിയില്‍നിന്ന് കുടിയേറ്റ കര്‍ഷകരുടെ ഒഴിപ്പിക്കലിനെതിരെ എകെജിയും ഫാദര്‍ വടക്കനും യോജിച്ച് സമരം നടത്തിയിരുന്നു. സമാനമായ രീതിയിലെ കുടിയേറ്റം ഒഴിപ്പിക്കലായിരുന്നു ഇടുക്കി പദ്ധതി പ്രദേശത്തെ സമരവും. വനം മന്ത്രി ഇ. പി. പൗലോസാണെങ്കിലും രണ്ടിലും പോലീസ് നടപടി വേണ്ടി വന്നതിനാല്‍ പി.ടി. ചാക്കോക്ക് ഇടപെടേണ്ടി വന്നു. രണ്ട് സമരവും ഒത്ത് തീര്‍പ്പിലായെങ്കിലും പി.ടി ചാക്കോക്കെതിരെ കേരള രാഷ്ട്രീയത്തില്‍ ശക്തനായ ഒരു പ്രതിയോഗിയായി ഫാദര്‍ വടക്കന്‍ ഉയര്‍ന്നു വന്നു.
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരെ രൂപംകൊണ്ട വിമോചന സമരമുന്നണിയില്‍ പങ്കുണ്ടായിരുന്ന ഫാദര്‍ വടക്കനോടും കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി നേതാക്കന്മാരോടും പിന്നീട് നടന്ന സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടിയാലോചന നടത്താത്തത് പി ടി ചാക്കോയുടെ തീരുമാനമാണെന്ന് മനസിലാക്കിയ ഫാദര്‍ വടക്കന് ചാക്കോയോട് കടുത്ത വിരോധമായിരുന്നു. ആയിടെ ഫാദര്‍ വടക്കന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്ത് കൊണ്ട് പി.ടി. ചാക്കോ കോട്ടയം തിരുനക്കര മൈതാനിയില്‍ പ്രസംഗിച്ചു. പുരോഹിതരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ ചാക്കോ ശക്തമായി വിമര്‍ശിച്ചത് വടക്കനച്ചനെ ക്ഷുഭിതനാക്കി.
ആ സമയത്താണ് ആഭ്യന്തര മന്ത്രി പി.ടി. ചാക്കോയുടെ വിവാദമായ പീച്ചി യാത്ര നടക്കുന്നത്. ചാക്കോയുടെ കാറ് ഒരു കൈവണ്ടിയില്‍ ഇടിക്കുകയും കൈവണ്ടിക്കാരന് ചില്ലറ പരുക്ക് പറ്റുകയും ചെയ്തു. ഒരു പെണ്ണുമായി ആഭ്യന്തരമന്ത്രി പീച്ചിയിലേക്ക് സുഖയാത്ര പോകുകയാണെന്ന് മലയാള പത്രങ്ങളില്‍ വാര്‍ത്ത വന്നു.
അക്കാലത്ത് കാറിലെ യുവതി ആരാണെന്ന ദുരൂഹത പീച്ചി സംഭവത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചു. കേരളത്തിലെ പ്രഫ്യൂമയായ് പി ടി ചാക്കോയെ പത്രങ്ങള്‍ വിശേഷിപ്പിച്ചു. പ്രതിപക്ഷത്തുള്ളവരും ചാക്കോയുടെ മറ്റ് ശത്രുക്കളും ഒന്നിച്ച് രംഗത്തിറങ്ങി. കോണ്‍ഗ്രസിലെ ശങ്കര്‍ – ചാക്കോ കൂട്ട് കെട്ടിന്റെ ജനസമ്മതിയില്‍ ആശങ്കാകുലരായ സ്വന്തം പാര്‍ട്ടിക്കാരും ചാക്കോയെ തേജോവധം ചെയ്യാന്‍ ഒന്നിച്ചു.
ഈ ചെറിയ അപകടം മുന്നാല് നാളുകൊണ്ട് പത്രങ്ങള്‍ വന്‍ വാര്‍ത്തയാക്കി. എന്നാല്‍ ദേശാഭിമാനി പത്രം ആദ്യത്തെ ദിവസം പോലും ഈ വാര്‍ത്ത കൊടുത്തില്ല എന്ന കാര്യം ശ്രദ്ധേയമായിരുന്നു. ചിലരുടെ ഗൂഢാലോചനയില്‍ രൂപപ്പെട്ടതാണ് ഈ സംഭവമെന്ന് നിഗമനത്തിലെത്താവുന്ന കാര്യങ്ങളാണ് ഇതൊക്കെ. തക്ക സമയത്ത് തന്നെ വടക്കനച്ചന്‍ ‘തൊഴിലാളി ‘ പത്രത്തില്‍ ഒരു കുറിപ്പെഴുതി ഒരു വെടി പൊട്ടിച്ചു.
‘പോലീസ് മന്ത്രിയുടെ പീച്ചി കാര്‍ യാത്രയെ കുറിച്ച് പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്. ‘തൊഴിലാളി’ ഇത് വരെ ഈ സംഭവത്തെക്കുറിച്ച് ഒരക്ഷരം ഇട്ടിട്ടില്ല. എന്നാല്‍ സംഭവത്തെ കുറിച്ച് ശരിയായ അന്വേഷണം നടത്തി സത്യം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം മന്ത്രി ചാക്കോ വസ്തുതകള്‍ തുറന്ന് പറഞ്ഞില്ലെങ്കില്‍ ഞങ്ങളുടെ സത്യാന്വേഷണ ഫലം തൊഴിലാളിയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.’ അതോടെ ചാക്കോ വെട്ടിലായി. വാര്‍ത്ത സംഭവം നടന്ന തൃശൂരില്‍ നിന്നുതന്നെ പുറത്ത് വരുന്ന പത്രമായ തൊഴിലാളിയിലേതും എഴുതിയത് ഫാദര്‍ വടക്കനുമായതിനാല്‍ സംഭവം ഒന്നു കൂടി ചൂടുപിടിച്ചു. ഒടുവില്‍ ചാക്കോ ആഭ്യന്തര മന്ത്രി സ്ഥാനം രാജി വെയ്ക്കുകയും ഏറെ താമസിയാതെ മരണമടയുകയും ചെയ്തു.
ചാക്കോയെ രാജിവയ്പിച്ചതും നശിപ്പിച്ചതും എന്റെ കറുത്ത കൈകളാണെന്നു വിശ്വസിക്കുന്ന പല കത്തോലിക്കരും അന്നുണ്ടായിരുന്നു. ഇന്നുമുണ്ട്. സത്യം നേരെ മറിച്ചായിരുന്നു. ഇന്നെങ്കിലും അതൊക്കെ തുറന്നുപറയാതെ മനശ്ശാന്തി കിട്ടുന്നില്ല. പലര്‍ക്കും അറിയാത്ത ഏതാനും സത്യങ്ങളാണ് ഞാന്‍ വെളിപ്പെടുത്തുന്നത്.
”ചാക്കോ എന്റെ ഉറ്റ ചങ്ങാതിയായിരുന്നു. തൊഴിലാളിയുടെ സഹപത്രാധിപരായിരുന്ന അഡ്വക്കേറ്റ് മാവേലിയെ ചാക്കോ മിനിസ്റ്റീരിയല്‍ സ്റ്റാഫിലേക്കെടുത്തിരുന്നു. ചാക്കോയുടെ കാര്യക്ഷമതയെപ്പറ്റിയും കൈക്കൂലി വാങ്ങാത്ത സത്യസ്വഭാവത്തെപ്പറ്റിയും എനിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. തൃശൂര്‍ വരുമ്പോള്‍ ചാക്കോ ‘തൊഴിലാളി’യില്‍ വരാറുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് അമരാവതി സംഭവമുണ്ടായത്. ഞാന്‍ കോട്ടയത്തുവച്ച് മന്ത്രി ചാക്കോയുമായി രഹസ്യ സംഭാഷണം നടത്തി. എല്ലാ വസ്തുതകളും അദ്ദേഹം തുറന്നു പറഞ്ഞു. കൊട്ടിയൂര്‍ ജാഥയില്‍ ആദ്യഘട്ടത്തില്‍ ചാക്കോ ഗ്രൂപ്പുകാര്‍ സജീവമായി പങ്കെടുത്തിരുന്നു.
കൊട്ടിയൂര്‍ പ്രശ്‌നം പറഞ്ഞവസാനിപ്പിക്കാന്‍ തൃശൂര്‍ അരമനയില്‍ ഒരു സൗഹൃദസമ്മേളനം കൂടി. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പ് കാവുകാട്ടും, തലശേരി പിതാവ് വള്ളാപ്പിള്ളിയും, തൃശൂര്‍ ബിഷപ്പ് ആലപ്പാട്ടും ചാക്കോയും ഞാനും ഒരു മേശയ്ക്കു ചുറ്റുമിരുന്ന് സംസാരിച്ച് എല്ലാം പറഞ്ഞുതീര്‍ത്തു. പോരുമ്പോള്‍ ചാക്കോ ‘തൊഴിലാളി’യില്‍ വന്നു. പക്ഷേ അന്നത്തെ മന്നം-പട്ടം അച്ചുതണ്ടുമൂലം ചാക്കോ എന്നെ ‘ഹലാക്കി’ലാക്കി. എന്നിട്ടും എനിക്ക് അദ്ദേഹത്തോട് വ്യക്തിവിരോധം ഇല്ലായിരുന്നു. മന്ത്രിസ്ഥാനം രാജിവച്ച ചാക്കോയെ കാണാന്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി, അദ്ദേഹം ക്ഷണിക്കാതെ. ചാക്കോ വീട്ടിലുണ്ടായിരുന്നില്ല. ഞാന്‍ നിരാശനായി മടങ്ങി.”

തനിക്ക് പി.ടി. ചാക്കോവിനോട് വ്യക്തിവിരോധം ഇല്ലെന്ന് വടക്കനച്ചന്‍ തന്റെ ആത്മകഥയില്‍ കുറിച്ചു. മറിച്ച് അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് താന്‍ എടുത്ത നിലപാടുകള്‍ക്ക് കാരണമെന്ന് വ്യക്തമായി വടക്കന്‍ എഴുതി. കാര്‍ഷികനിയമം കൊണ്ടുവന്ന കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരെ മന്നത്തു പത്മനാഭനെ മുന്നില്‍വെച്ചുകൊണ്ട് വിരുദ്ധശക്തികള്‍ വിമോചന സമരം തുടങ്ങിയപ്പോള്‍ കമ്യൂണിസത്തിന്റെ ഒന്നാംനമ്പര്‍ ശത്രുവെന്ന ”ഇമേജ്’ ജനങ്ങളില്‍ സ്യഷ്ടിച്ചിരുന്ന വടക്കന്‍ വിമോചന സമരത്തിന്റെ മുന്‍നിര പോരാളിയായിരുന്നു. പക്ഷേ, വടക്കന്റെ ഒന്നുരണ്ടു ‘വിമോചനസമര’ പ്രസംഗങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും അദ്ദേഹം തങ്ങള്‍ക്കൊരു ബാദ്ധ്യതയാകുമെന്ന് സമരക്കാര്‍ക്ക് ബോധ്യമായി. കാരണം, ഈ പ്രസംഗങ്ങളില്‍ കര്‍ഷക നിയമത്തെ അദ്ദേഹം ശക്തിയായി പിന്‍താങ്ങിയിരുന്നു. വടക്കന്റെ ഈ നിലപാട് പള്ളിക്കും പണക്കാര്‍ക്കും യോജിക്കാനായില്ല.
‘വിമോചനസമരം’ കഴിഞ്ഞപ്പോള്‍ വടക്കനെ രംഗത്തു നിന്നു നീക്കാന്‍ പള്ളി തീരുമാനിച്ചു. ആദ്യം അവര്‍ അദ്ദേഹത്തെ ജര്‍മ്മനിയിലേയ്ക്കു പറഞ്ഞയച്ചു. പിന്നീട് ഇംഗ്ലണ്ട്, അയര്‍ലണ്ട് മുതലായ രാജ്യങ്ങളിലേയ്ക്കും അദ്ദേഹം പോയി. വിദേശയാത്ര കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ അദ്ദേഹം കണ്ടത് ഉടുമ്പുംചോലയിലെ കുടിയൊഴിപ്പിക്കലായിരുന്നു. അമരാവതിയില്‍ എ.കെ.ജി. നിരാഹാരസത്യഗ്രഹമാരംഭിച്ചപ്പോള്‍ ആ സത്യഗ്രഹത്തിനു പിന്തുണ പ്രഖ്യാപിക്കാതിരിക്കാന്‍ വടക്കനച്ചന്റെ മനുഷ്യത്വം അനുവദിച്ചില്ല.
തിരുവിതാംകൂറില്‍നിന്ന്, പ്രത്യേകിച്ച്, മധ്യതിരുവിതാംകൂറില്‍നിന്ന്, ഉള്ളതൊക്കെ പെറുക്കി വിറ്റ് മലബാറിലെ മലയോര പ്രദേശങ്ങളില്‍ കുടിപാര്‍പ്പു തുടങ്ങിയവരില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവരായിരുന്നു. അവര്‍ പഴയ ജന്മിമാരില്‍നിന്നും കാട്ടുകൊള്ളക്കാരില്‍നിന്നും ചെറിയ വിലയ്ക്കു വാങ്ങിയ വനഭൂമിയെ കൃഷിഭൂമിയാക്കുകയും മരച്ചീനിയും ഇഞ്ചിയും മഞ്ഞളുമടക്കമുള്ള ഉത്പന്നങ്ങളുടെ തോട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. എട്ടുപത്തുകൊല്ലങ്ങള്‍കൊണ്ടുതന്നെ ഒട്ടേറെ പ്രദേശങ്ങള്‍ നാട്ടിന്‍ പുറങ്ങളായി മാറി. എന്നാല്‍, അവരുടെ കൈവശം ശരിയായ രേഖയില്ലെന്നും അനധികൃതമായ കൈയേറ്റം ധാരാളമുണ്ടായിട്ടുണ്ടെന്നുമുള്ള ആരോപണങ്ങളുണ്ടായി. ഇതേത്തുടര്‍ന്ന് പല കാരണങ്ങളും പറഞ്ഞ്, വന്‍തോതിലുള്ള ഒഴിപ്പിക്കല്‍ നടന്നു. കൃഷിക്കാര്‍ ഇതിനെതിരേ സമരം തുടങ്ങി.

ഈ കൈവശഭൂമിക്കു പട്ടയം ആവശ്യപ്പെട്ട അവര്‍ക്ക് അക്കാലത്ത് നേതൃത്വം നല്‍കിയത് ഫാദര്‍ വടക്കനും അദ്ദേഹത്തിന്റെ വലംകൈയായി പ്രവര്‍ത്തിച്ച, പിന്നീട് മന്ത്രിയായ ബി.വെല്ലിങ്ടണും ആയിരുന്നു. കുടിയേറ്റ കൃഷിക്കാരുടെ പ്രശ്‌നം ജനങ്ങളെയും ഗവണ്‍മെന്റിനെയും ധരിപ്പിക്കാന്‍വേണ്ടി ഫാ.വടക്കന്‍ ഒത്താശയോടെ ബി.വെല്ലിങ്ടണിന്റെ നേതൃത്വത്തില്‍ ഒരു കര്‍ഷകജാഥ കൊട്ടിയൂരില്‍നിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. ജാഥ തിരുവനന്തപുരത്തെത്തിയപ്പോള്‍ അതിന് സ്വീകരണം നല്കുന്ന മഹായോഗത്തില്‍ എ.കെ.ജി. പ്രസംഗിച്ചു.
എ.കെ.ജി.യും ഫാദര്‍ വടക്കനും ഒരേ വേദിയില്‍ സമ്മേളിച്ചതും ജനകീയ പ്രശ്‌നത്തിന്മേല്‍ ഒരേ സ്വരത്തില്‍ സംസാരിച്ചതും കേരളത്തിലെ രാഷ്ട്രീയ രംഗത്ത് അത്ഭുതമായിരുന്നു. ഫാദര്‍ വടക്കന്‍ കമ്യൂണിസ്റ്റ് വിരുദ്ധമുന്നണിയുടെ പ്രചാരകനല്ലാതായിക്കഴിഞ്ഞിരുന്നു. അമരാവതിയിലെ എ.കെ.ജി.യുടെ സത്യഗ്രഹമാണ് അതിന് വഴിതുറന്നത്. അധികപക്ഷവും ക്രിസ്ത്യാനികളായ കുടിയേറ്റക്കാര്‍ ഒരു പ്രതിസന്ധിയിലെത്തിയപ്പോള്‍ അവരെ സഹായിക്കാനെത്തിയത് ഒരു കമ്യൂണിസ്റ്റ് നേതാവാണെന്ന വസ്തുത അദ്ദേഹത്തെ ആഴത്തില്‍ സ്പര്‍ശിച്ചു. ആ കൃഷിക്കാരാകട്ടെ എ.കെ.ജി.യെ രക്ഷകനായിട്ടാണ് കണ്ടതെന്ന് അദ്ദേഹം മനസ്സിലാക്കി.
കുടിയേറ്റകൃഷിക്കാരുടെ അവശതകള്‍ മനസ്സിലാക്കാനും അവരെ സഹായിക്കാനും കോണ്‍ഗ്രസ്സുകാര്‍ വന്നില്ല. വിമോചന സമരത്തിനു വേണ്ട ഒത്താശകള്‍ ചെയ്ത പള്ളിക്കും അതില്‍ പങ്കാളികളായ മെത്രാന്മാര്‍ക്കുമൊക്കെ വേറെ ചില താത്പര്യങ്ങളാണുള്ളതെന്നും ഫാദര്‍ വടക്കന് ബോധ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് വെല്ലിംഗ്ടണിന്റെ നേതൃത്വത്തില്‍ വന്ന കര്‍ഷകജാഥയുടെ സമാപനസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ എ.കെ.ജി.യെ ക്ഷണിച്ചത്.
കമ്യൂണിസ്റ്റുകാരോട് മല്ലടിച്ച അതേ വീറും വാശിയോടെ തന്റെ സഭയായ കത്തോലിക്കാ നേതൃത്വത്തിനോടും പിന്നീട് വടക്കനച്ചന്‍ ഏറ്റുമുട്ടി. നിര്‍ദ്ധനരായ കത്തോലിക്ക കുടുംബങ്ങളില്‍ നിന്നുള്ള യുവതികളെ ഇറ്റലി, ജര്‍മ്മനി എന്നിവിടങ്ങളിലേക്ക് കയറ്റിയക്കുന്നതിനെ ശക്തമായി തുറന്നെതിര്‍ത്ത വൈദികനായിരുന്നു ഫാദര്‍ വടക്കന്‍.
”ഉപവിപ്രവര്‍ത്തനം മാത്രം നടത്തുകയും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ പങ്കുചേരാതിരിക്കയും ചെയ്യുന്നവര്‍ കാന്‍സറിനു ചികിത്സിക്കാതെ കാല്‍വളം കടിക്കു മരുന്നു കൊടുക്കുന്നവരെപ്പോലെയാണ്. ഈ ആശയത്തിലാണു ചില മെത്രാന്മാരും ഞാനും തമ്മില്‍ ഇടയുന്നത്. കാന്‍സറിന് ചികിത്സിക്കാതെ കാലിലെ വളം കടിയ്ക്ക് സൗജന്യമായി മരുന്നു കൊടുത്ത് കരുണാകരന്റെ കാരുണ്യത്തോടെ അഗതികളുടെ പിതാവായി വാഴുന്ന മെത്രാന്റെ ‘കുണ്ടുകുളത്തിലെ തവളയായി’ കഴിയാന്‍ സാമൂഹികചക്രവാളമുള്ളവര്‍ക്കു സാധിക്കുകയില്ല. വ്യക്തിഗതമായ സമീപനത്തില്‍ ഉപവിപ്രവര്‍ത്തനത്തെ അവഗണിക്കുന്നവര്‍ വൃക്ഷത്തിന്റെ വേരറുത്ത് തടിക്കുചുറ്റും വെള്ളമൊഴിക്കുന്നവരാണ്” വടക്കന്‍ തന്റെ ആത്മകഥയില്‍ കുറിച്ചു.
തൃശൂര്‍ ബിഷപ്പായിരുന്ന ജോസഫ് കുണ്ടുകുളം ഇത്തരമൊരു ഏജന്റാണെന്ന് ഫാദര്‍ വടക്കന്‍ തുറന്നടിച്ചു. വിദേശത്തു നിന്ന് ഇത്തരത്തില്‍ നാട് കടത്തിയ ഒരു മലയാളി യുവതിയുടെ കഷ്ടപ്പാടുകളുടെ ഒരു കത്ത് ‘തൊഴിലാളി’ യില്‍ പ്രസിദ്ധീകരിച്ചതോടെ സഭാ നേതൃത്വം പ്രതിക്കൂട്ടിലായി.

ബിഷപ്പ് അതിന്റെ പ്രതികാര നടപടിയായി ഫാദര്‍ വടക്കനെ കുരിയച്ചിറപ്പള്ളി വികാരി സ്ഥാനത്ത് നിന്ന് മാറ്റുകയും ഭവന നിര്‍മ്മാണ പദ്ധതിയുടെ പ്രസിഡന്റ് പദവിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. അതിനെതിരെ ഇടവകയിലെ വിശ്വാസികള്‍ മൂവായിരം പേര്‍ ചേര്‍ന്ന് ബിഷപ്പിന് സങ്കടഹര്‍ജി നല്‍കിയെങ്കിലും അത് ബിഷപ്പ് പരിഗണിച്ചില്ല. ഇതില്‍ പ്രതിഷേധ സൂചകമായി ഇടവകയിലെ ആയിരക്കണക്കിന് വിശ്വാസികള്‍ ചേര്‍ന്ന് ഒരു മരക്കുരിശും തോളിലേന്തി അരമനയിലേക്ക് ഒരു മൗനജാഥ നടത്തി.
ക്രിസ്തു കാല്‍വരിയിലേക്കു നടന്നുനീങ്ങിയപ്പോള്‍ ഒരൊറ്റ മരക്കുരിശേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ വടക്കനച്ചന് -പിന്‍തുണയായി രണ്ടായിരത്തോളം വത്സരങ്ങള്‍ക്കുശേഷം ‘അരമനക്കാല്‍വരി’യിലേക്കു നീങ്ങിയപ്പോള്‍ രണ്ടായിരത്തിലധികം കുരിശുകളുണ്ടായിരുന്നു. പള്ളിക്കാര്‍ വടക്കന് ‘കുര്‍ബാന’ ചൊല്ലുവാന്‍ വിലക്ക് കല്‍പ്പിച്ചു. എന്നാല്‍ വടക്കനച്ചന്‍ വ്യത്യസ്തമായി പ്രതികരിച്ചു. തൃശൂരിലെ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ ഒരു പീഠം സ്ഥാപിച്ച് പരസ്യ കുര്‍ബാനയര്‍പ്പിച്ചു.
”എന്റെ ‘പൂരപ്പറമ്പിലെ കുര്‍ബാന’ ക്രിസ്തുസഭയെ ഭാരതവല്‍ക്കരിക്കാനുള്ള വിനീത പരീക്ഷണമായിരുന്നു. വലിയൊരു നിലവിളക്ക് പൂരപ്പറമ്പിലെ ആ പൂജാപീഠത്തില്‍ കത്തിനിന്നു. കുളിച്ചു ചന്ദനക്കുറിയിട്ട കത്തോലിക്ക യുവതികള്‍ ആ ബലിവേദിക്കു മുന്‍പില്‍ പൂക്കളം രചിച്ചു. ക്ഷേമഭാരത പ്രതീകമെന്നോണം മുന്നില്‍ ഒരു നിറപറ വച്ചിരുന്നു. ഒരു തെങ്ങിന്‍പൂക്കുല ആ നിറപറയുടെ നടുവില്‍ നിന്നുകൊണ്ട് ‘ഭാരതത്തിന്റെ മോചനം കേരളത്തിലൂടെ’ എന്നു നിശ്ശബ്ദപ്രഖ്യാപനം നടത്തി. ആയിരക്കണക്കിനു ഹൈന്ദവ മുസ്ലിം സഹോദരങ്ങള്‍ ക്രിസ്ത്യന്‍ സഹോദരങ്ങളോടൊപ്പം ആ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ചുരുങ്ങിയത് ഒരുലക്ഷം ആരാധകരെങ്കിലും അന്നു പൂരപ്പറമ്പില്‍ തടിച്ചുകൂടിയിരുന്നു”.
അതോടെ ബിഷപ്പ് വടക്കനെ പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നത് സാര്‍വ്വത്രികമായി വിലക്കി. 8 വര്‍ഷം ഈ വിലക്ക് തുടര്‍ന്നു. ഒടുവില്‍ അല്‍ഫോന്‍സാമ്മയുടെ ആത്മീയാചാര്യനായ ഫാദര്‍ റോമുളൂസ് തുടങ്ങിയ ചില ഉന്നതരുടെ മധ്യസ്ഥതയാല്‍ പ്രശ്‌നം ഒത്ത് തീര്‍പ്പിലാവുകയും ബിഷപ്പ് കുണ്ടുകുളവും ഫാദര്‍ വടക്കനും ചേര്‍ന്ന് അരമനക്കപ്പേളയില്‍ ഒരുമിച്ച് ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തതോടെ സഭയുമായുള്ള ഫാദര്‍ വടക്കന്റെ യുദ്ധം അവസാനിച്ചു.

കേരളത്തില്‍ കമ്യൂണിസത്തിനെതിരെ ആശയപരമായി പോരാടുകയും മുഴുവന്‍ ജനാധിപത്യവാദികളെയും തടുത്തുകൂട്ടി ഒരു രാഷ്ട്രീയ ശക്തിദുര്‍ഗം പടുത്തുയര്‍ത്തുകയും ചെയ്യുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് പ്രസിദ്ധമാണ് എന്നാല്‍ കമ്യൂണിസ്റ്റ് വിരോധത്തിന്റെ കരിങ്കല്‍ഭിത്തികള്‍ തകര്‍ത്തു കമ്യൂണിസ്റ്റുകളുമായി കൈകോര്‍ത്തു പട്ടിണിപ്പാവങ്ങളുടെ അവശതകള്‍ പരിഹരിക്കുന്നതിനു പടവെട്ടാനിറങ്ങിയ കേരളത്തിലെ ആദ്യത്തെ വൈദികനും ഫാദര്‍ വടക്കനാണ്.
വിജയത്തിന്റെ കൊടുമുടിയിലേക്കു കുതിച്ചുയരാനും പരാജയത്തിന്റെ പടുകുഴിയില്‍ മലര്‍ന്നടിച്ചുവീഴാനും ഉയരുമ്പോഴും വീഴുമ്പോഴും അണയാത്ത ആത്മവീര്യംകൊണ്ടു ജ്വലിച്ചുനില്‍ക്കാനും കഴിയുന്ന കേരളത്തിലെ അപൂര്‍വം പൊതുപ്രവര്‍ത്തകനായിരുന്നു. ഫാ. വടക്കന്‍.
സഭയുമായി സന്ധിചെയ്ത ശേഷം തികഞ്ഞ ഒരു സഭാ കുഞ്ഞാടായി. തുടര്‍ന്ന് ബൈബിള്‍ പ്രഭാഷണപരമ്പരകളും മദ്യവര്‍ജ്ജന പ്രചരണവുമായി ഒരു നല്ല ഇടയനായി യാത്ര ചെയ്തു. വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവായി മാറുകയും ചെയ്തു.
തൃശൂരിലെ തൊയാക്കാവില്‍ സഹോദരന്‍ വര്‍ക്കി വടക്കന്റെ വീട്ടില്‍ ദിവസവും അറുപത് ജപമാല വീതം ചൊല്ലിയായിരുന്നു അവസാന കാലം. ഫാദര്‍ വടക്കന്‍ എന്ന ആ അഗ്‌നിപര്‍വ്വതം എരിഞ്ഞടങ്ങി കേരള രാഷ്ട്രീയത്തിലെ ഓര്‍മ്മകളില്‍നിന്ന് തിരിച്ചുപോക്ക് നടത്തിക്കഴിഞ്ഞിരുന്നു. 2002 ഡിസംബര്‍ 28-ന് ഫാദര്‍ വടക്കന്‍ അന്തരിച്ചു.
Content Summary; Fr. Joseph Vadakkan Christian activist pries communist critic remembering day