12 വര്‍ഷത്തെ തടവ് ജീവിതത്തിന് മോചനം; ഭര്‍ത്താവിന്റെ ക്രൂരതയില്‍ നിന്നും രക്ഷപ്പെട്ട് ഫ്രഞ്ച് വനിതയും മക്കളും

പാകിസ്താന്‍ പൊലീസ് ആണ് ഇവരെ രക്ഷപ്പെടുത്തിയത്‌

Pakistan police rescue French woman

ഭര്‍ത്താവ് 12 വര്‍ഷത്തോളം തടവില്‍ വച്ച് ക്രൂരമായ ഗാര്‍ഹിക പീഡനങ്ങള്‍ക്കിരയാക്കിയിരുന്ന ഫ്രഞ്ച് സ്വദേശിനിയെയും അഞ്ച് മക്കളെയും പോലീസ് രക്ഷപെടുത്തി. പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബാര എന്ന നഗരത്തില്‍ മണ്‍കട്ട കൊണ്ട് കെട്ടിയ ഒരു വീട്ടിനുള്ളില്‍ നിന്നാണ് അമ്പത്തിനാലുകാരിയായ സില്‍വി യാസ്മിനയെയും മക്കളെയും പോലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി വഖാര്‍ അഹമ്മദ് അറിയിച്ചു.

തടവറയില്‍ കഴിഞ്ഞിരുന്ന മക്കളില്‍ ഒരാള്‍ എങ്ങനെയോ വീടിന് പുറത്തുകടന്ന് പ്രാദേശിക പോലീസ് സ്റ്റേഷനില്‍ എത്തി വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഈ ക്രൂരത പുറംലോകം അറിഞ്ഞത്. വിവരം അറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തി ഇവരെ മോചിപ്പിക്കുകയായിരുന്നു. രക്ഷപെടുത്തിയ സില്‍വിയെയും മക്കളെയും സുരക്ഷ മുന്‍നിര്‍ത്തി ഇപ്പോള്‍ ഒരു വനിതാ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. തനിക്ക് എത്രയും വേഗം സ്വന്തം നാടായ ഫ്രാന്‍സിലേക്ക് മടങ്ങണമെന്ന ആഗ്രഹം സില്‍വി പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്നതിനായി പാക് അധികൃതര്‍ ഫ്രഞ്ച് എംബസിയുമായി ബന്ധപ്പെട്ടു വരികയാണ്.

പോലീസിന് നല്‍കിയ പ്രാഥമിക മൊഴിയില്‍, ഭര്‍ത്താവ് തന്നെ വര്‍ഷങ്ങളായി കടുത്ത ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നുവെന്ന് സില്‍വി വ്യക്തമാക്കി. അത്യന്തം അക്രമാസക്തമായ പെരുമാറ്റമായിരുന്നു ഇയാളുടേത്. തകര്‍ന്നുവീഴാറായ ഒരു മുറിയിലാണ് ഇവരെ പൂട്ടിയിട്ടിരുന്നത്. സില്‍വിയുടെ മുഖത്ത് ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ വ്യക്തമായി കാണാമെന്ന് പോലീസ് മേധാവി പറഞ്ഞു. 2014-ല്‍ പാക്കിസ്ഥാനില്‍ എത്തിയത് മുതല്‍ തനിക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും, തന്റെ കുട്ടികളെ ഒരു സ്‌കൂളില്‍ പോലും അയക്കാന്‍ ഭര്‍ത്താവ് സമ്മതിച്ചില്ലെന്നും അവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

പോലീസ് പുറത്തുവിട്ട ഒരു വീഡിയോയില്‍, തങ്ങളെ രക്ഷപെടുത്തിയതിന് സില്‍വി യാസ്മിന പോലീസിന് നന്ദി പറയുന്നുണ്ട്. ഇംഗ്ലീഷും പഷ്‌തോ ഭാഷയും കലര്‍ത്തി സംസാരിച്ച അവര്‍ ഫ്രാന്‍സിലേക്ക് മടങ്ങാനുള്ള തന്റെ ആഗ്രഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.

പാക്കിസ്ഥാനില്‍ ഗാര്‍ഹിക പീഡനം എത്രത്തോളം രൂക്ഷമാണെന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് മനുഷ്യാവകാശ സംഘടനയായ ഔറത്ത് ഫൗണ്ടേഷന്റെ ഡയറക്ടര്‍ ഷബീന അയാസ് പറഞ്ഞു. സില്‍വിയോട് കാണിച്ച ക്രൂരതയെ അപലപിച്ച അവര്‍, ഫ്രഞ്ച് എംബസിയും പാക് അധികൃതരും ഈ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രത്യാശിക്കുന്നതായി അറിയിച്ചു. സമൂഹത്തിനും അധികാരികള്‍ക്കും ഇതൊരു മുന്നറിയിപ്പ് ആകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനില്‍ പ്രതിവര്‍ഷം നൂറുകണക്കിന് സ്ത്രീകളാണ് ഭര്‍ത്താക്കന്മാരില്‍ നിന്നും മറ്റ് കുടുംബാംഗങ്ങളില്‍ നിന്നും ശാരീരിക-മാനസിക പീഡനങ്ങള്‍ നേരിടുന്നത്. സാമൂഹിക ചുറ്റുപാടുകള്‍ ഭയന്ന് പല കേസുകളും പുറത്തറിയാറില്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

Content Summary; Pakistan police rescue a 54-year-old French woman and her five children held captive by her husband for over a decade in Khyber Pakhtunkhwa province

This post was last modified on June 25, 2026 7:54 am

അഴിമുഖം ഡെസ്‌ക്:
Leave a Comment