ജനസംഖ്യയും മണ്ഡലപുനര്‍നിര്‍ണയവും; മോദി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്‌

ജനസഖ്യ വര്‍ദ്ധനവില്‍ ആശങ്കപ്പെട്ടിരുന്ന പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇപ്പോള്‍ ജനസഖ്യ കൂടിയ സംസ്ഥനങ്ങള്‍ കൊണ്ട് രാഷ്ട്രീയലാഭം കൊയ്യുന്നു

India's population control and delimitation

ജനസംഖ്യാ നിയന്ത്രണം രാജ്യസ്‌നേഹത്തിന്റെ ഭാഗമാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ മണ്ഡല പുനര്‍നിര്‍ണ്ണയത്തിലൂടെ ലോക്സഭാ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ മുന്‍നിലപാടിനെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിതുറക്കുന്നത്. ജനസംഖ്യാ വര്‍ദ്ധനവില്‍ ആശങ്കപ്പെട്ടിരുന്ന സര്‍ക്കാര്‍, ഇപ്പോള്‍ ജനസംഖ്യ കൂടിയ മേഖലകള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ അധികാരം ലഭിക്കുന്ന തരത്തില്‍ ലോക്സഭയെ വിപുലീകരിക്കാന്‍ ശ്രമിക്കുന്നത് നയപരമായ വൈരുദ്ധ്യമായാണ് വിമര്‍ശിക്കപ്പെടുന്നത്.

2019-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ‘ജനസംഖ്യാ വിസ്‌ഫോടനത്തില്‍’ ആശങ്ക രേഖപ്പെടുത്തിയിരുന്നു. 2020-ല്‍ പറഞ്ഞത്, ചെറിയ കുടുംബങ്ങളെ പരിപാലിക്കുന്നതാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹമെന്നായിരുന്നു. മോദി മാത്രമല്ല ഈ ആശങ്ക പങ്കുവച്ചിരുന്നത്. 2024-ലെ ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്, വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ ‘വികസിത് ഭാരത്’ എന്ന ലക്ഷ്യത്തിന് വെല്ലുവിളിയാണെന്നായിരുന്നു. ഇത് പഠിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അങ്ങനെയൊരു സമിതി രൂപീകരിക്കപ്പെട്ടോ, സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളൊന്നും പുറത്തു വന്നില്ല. തിരഞ്ഞെടുപ്പ് റാലികളില്‍ ‘കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്’ ആനുകൂല്യങ്ങള്‍ നല്‍കാന്‍ മുന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന തരത്തിലുള്ള മോദിയുടെ പരാമര്‍ശങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന വിമര്‍ശനവും ശക്തമായിരുന്നു.

രാജ്യം ജനസംഖ്യാ വിസ്‌ഫോടനത്തെ അഭിമുഖീകരിക്കുന്നു എന്ന വാദം പലപ്പോഴും കണക്കുകള്‍ക്ക് നിരക്കാത്തതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ചാം ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം ഇന്ത്യയിലെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2001-ല്‍ 1.73% ആയിരുന്ന ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 2018-ല്‍ 1.04% ആയി താഴ്ന്നു. ജനസംഖ്യ സ്ഥിരമായി നിലനിര്‍ത്താന്‍ ആവശ്യമായ 2.1 എന്ന നിരക്കിനേക്കാള്‍ താഴെയാണ് പല സംസ്ഥാനങ്ങളിലെയും ഇപ്പോഴത്തെ അവസ്ഥ. രാജ്യം ജനസംഖ്യാ പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലാണെന്നും വിസ്‌ഫോടനത്തിന്റെ ഭീതിയില്‍ അല്ലെന്നുമാണ് സെന്‍സസ് കണക്കുകളും സൂചിപ്പിക്കുന്നത്.

ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് ഇത്രയേറെ സംസാരിച്ചിരുന്ന സര്‍ക്കാര്‍, ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള മൂന്ന് പുതിയ ബില്ലുകളിലൂടെ ജനസംഖ്യ കൂടുതല്‍ വര്‍ദ്ധിച്ച ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ലോക്സഭയില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്ന സാഹചര്യം ഒരുക്കുകയാണ്. വനിതാ സംവരണം എന്ന ജനപ്രിയ മുദ്രാവാക്യത്തെ ഒരു മറയായി ഉപയോഗിച്ച്, ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ആരോപണമുയരുന്നു. ജനസംഖ്യ കുറയ്ക്കുന്നത് രാജ്യസ്‌നേഹമാണെന്ന് പറഞ്ഞവര്‍ തന്നെ, ജനസംഖ്യ കൂടിയ മേഖലകള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ കരുത്ത് നല്‍കുന്ന രീതിയിലേക്ക് മാറിയത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്നത്.

Content Summary: From Population Control to Seat Expansion: Analyzing the Contradictions in Modi Govt’s New Delimitation Policy

This post was last modified on April 16, 2026 6:26 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment