July 01, 2026 |
Share on

എല്ലാവരുടെയും സ്വന്തമാകുന്ന മക്കോണ്ട

സീസണ്‍ 1-ലെ 8 എപ്പിസോഡുകള്‍ കഴിയുമ്പോള്‍ ഏകാന്തയുടെ നൂറു വര്‍ഷങ്ങളിലെ അനശ്വര കഥാപാത്രങ്ങളും നമ്മളും തമ്മിലുള്ള വിടവ് ഇല്ലാതാവുന്നു

രണ്ടു ദിവസമായി മക്കോണ്ടയില്‍ കറങ്ങി നടപ്പാണ്. ഇടക്കൊന്നു പ്ലേഗ് ഇന്‍സോമ്‌നിയ വന്നു ഉറങ്ങിപ്പോയി. പിന്നെയെപ്പൊഴോ കണ്ണ് തുറന്നപ്പോള്‍ എല്ലാം പഴയ പോലെയുണ്ട്. ഉര്‍സുല കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുന്നു. എല്ലാവരെയും ഓടി നടന്നു ഭരിക്കുന്നുണ്ട്. ഹോസെ ആര്‍ക്കേഡിയോയിലെ ആല്‍ക്കമിസ്റ്റ് ഇപ്പോള്‍ ഒരു ക്രേസി വേള്‍ഡില്‍ ആണ് ജീവിക്കുന്നത്. കുടുംബത്തിനകത്തെ മറ്റൊരു പാരലല്‍ യൂണിവേഴ്‌സില്‍. ശാസ്ത്രവും, തത്വശാസ്ത്രവും, സ്വര്‍ണ ഖനനവും… എന്തിനു ഒരു ഉട്ടോപ്യന്‍ രാജ്യം തന്നെ ഉണ്ടാക്കാന്‍ കഴിവുണ്ട് അയാള്‍ക്ക്. പക്ഷെ ഉര്‍സുലയുടെ വാക്കുകളെ ഭേദിക്കാന്‍ ആവില്ല. എവിടെയെയും എത്തും ആ കണ്ണുകള്‍, വ്യക്തവും, യുക്തവുമായ അഭിപ്രായം. പന്നിവാലുള്ള കുട്ടികളെ മാത്രം ആയിരുന്നു ഉര്‍സുലക്കു ഭയം. അതിനപ്പുറം കരഞ്ഞത് കുടുംബത്തിന് വേണ്ടിയും, മക്കോണ്ടയുടെ മാറുന്ന മുഖം കണ്ടുകൊണ്ടുമാണ്. ചുവപ്പും നീലയും പാര്‍ട്ടികള്‍ രക്ഷിച്ചില്ല. ദൈവഭയം ഉണ്ടാക്കാന്‍ വന്ന ഫാദര്‍ പൂട്ടിയിടപെട്ടു. ഭരിക്കാന്‍ വന്ന മസ്‌കോട്ടെ എല്ലാ പ്രതാപവും നഷ്ടപെട്ട മനുഷ്യനായി, മരണത്തെ മുഖാമുഖം കണ്ടു. വിടര്‍ന്ന കണ്ണുകളോടെ ജനിച്ച അറീലിയാനോ ബുവന്തിയ സൗമ്യസ്വഭാവവും, നൊസ്റ്റാള്‍ജിയയും വിട്ടു ലിബറല്‍ റിബല്‍ ആയി. മൂത്ത ഹോസെ ജിപ്‌സികളുടെ കൂടെ നാട് വിട്ടു. അമരാന്റ എന്തിനു ജീവിക്കുന്നു എന്ന് അവള്‍ക്കു തന്നെ അറിയുന്നില്ല. ബുവന്തിയ കുടുംബത്തിന്റെ അടുത്ത തലമുറയും ഒരേ യൂണിഫോമിലാണ്. ആവര്‍ത്തിക്കപ്പെടുന്ന നന്മകളും തിന്മകളും. അപ്പോഴും ഉര്‍സുല മാത്രം മാറുന്നില്ല. ബുവെന്തിയ കുടുംബത്തിന്റെ, പ്രായോഗിക ജീവിതത്തിന്റെ മച്ചു താങ്ങുന്ന ഒരു വലിയ തൂണ് പോലെ, എല്ലാത്തിനും സാക്ഷിയായി അവരങ്ങനെ…Gabriel Garcia Marquez’s One Hundred Years of Solitude, Netflix series review

അരുന്ധതി റോയുടെ പോലെ മാര്‍കേസും ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ വിട്ടു കൊടുക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ‘കോളറ കാലത്തെ പ്രണയം’ ഒരു പരാജയമായിരുന്നല്ലോ സ്‌ക്രീനില്‍. 1967-ല്‍ പുറത്തു വന്ന സ്പാനിഷ് നോവലായ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’, 1982ലാണ് നോബല്‍ സമ്മാനം നേടുന്നത്. അതിലും എത്രയോ വലുതാണ് ഈ നോവലിന് വായനക്കാര്‍ കൊടുത്ത സ്‌നേഹം. ആദരവ്… 90-കളില്‍ പഞ്ചായത്ത് ലൈബ്രറിയില്‍ നിന്ന് എടുത്താണ് ആദ്യവായന. ഗബ്രിയേല്‍ ഗാസിയ മാര്‍കേസിന്റെ ഭാഷയോടായിരുന്നു അസൂയ. നാട്ടിലെ ബുദ്ധിജീവി ചേട്ടന്മാരൊക്കെ ബൈബിള്‍ പോലെ കൊണ്ട് നടന്ന പുസ്തകം. എവിടെയും മാജിക്കല്‍ റിയലിസം ചര്‍ച്ചകള്‍. ആര്‍ക്കു എന്തൊക്കെ മനസിലായി എന്നത് ഇപ്പോഴും മറ്റൊരു ചര്‍ച്ച വിഷയം ആണെങ്കിലും ഒന്ന് വ്യക്തമായി പറയാം. നെറ്റ്ഫ്‌ളിക്‌സ് സീരീസ് പേജ് -ടു -സ്‌ക്രീന്‍ ഫോര്‍മാറ്റില്‍ മികച്ചു നില്‍ക്കുന്നു. ആര്‍ക്കും ഒരു അവ്യക്തകളും കൊടുക്കുന്നില്ല. മാജിക്കല്‍ റിയലിസം പോലും നല്ല തെളിവാര്‍ന്ന ഷോട്ടുകളിലൂടെ സുതാര്യമാക്കിയിരിക്കുന്നു. അതിനെ പറ്റി വിമര്‍ശനം വരാം. മാജിക്കല്‍ റിയലിസം ദുര്‍ഗ്രഹമായി, പാളിപ്പോകുന്നതിലും നല്ലതല്ലേ ഇത്. മക്കോണ്ട ഇപ്പോള്‍ കണ്ടവര്‍ക്കൊക്ക സ്വന്തമാണ്. അതിലെ ഓരോ കഥാപാത്രങ്ങളും, ആവര്‍ത്തിക്കപ്പെടുന്ന പേരുകളും, അവരുടെ മിസ്റ്റെറിയും, റിയാലിറ്റിയും, അവരെ പിന്തുടരുന്ന പാരമ്പര്യവും എല്ലാം പകല്‍ പോലെ വ്യക്തം.

One Hundred Years of Solitude

ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യവും മലയാളിയും തമ്മിലുള്ള ബന്ധം എന്തായാലും, എത്രയോ കാലമായുള്ള കാത്തിരുപ്പാണ്. എല്ലാവരെയും ഒന്ന് കാണാനും അറിയാനും. മക്കോണ്ടയും, ബുവെന്തിയ കുടുംബവും, അവരുടെ തലമുറകളും നമുക്ക് അത്രയും വേണ്ടപെട്ടവരാണ്. മക്കോണ്ടയില്‍ കറങ്ങി നടക്കുന്ന പ്രേതങ്ങള്‍. പ്രത്യേകിച്ചും ഹൊസെയോട് വല്ലാത്ത അടുപ്പമുള്ള പ്രുഡന്‍ഷ്യ അഗ്വിലാര്‍, ഹൊസെയുടെ ജീവിതം മാറ്റിമറിച്ച ജിപ്സി മല്‍ക്വിഡാസ്, രതിയില്‍ രമിക്കുന്ന, പുക മണമുള്ള കാര്‍ഡ് റീഡര്‍ പിളര്‍ റ്റെര്‍നെറ, അറീലിയാനോയുടെ കുട്ടി വധു റെമീഡിയോസ്, ടെന്‍ഷന്‍ വരുമ്പോള്‍ മണ്ണ് തിന്നുന്ന, കടുത്ത ജീവിത തൃഷ്ണകളില്‍ പുളയുന്ന സുന്ദരി റബേക്ക, അനാഥത്വം പേറുന്ന ഏകാധിപതി ആര്‍ക്കേഡിയോ, മറ്റൊരു ദേവദാസ് പോലെ ഇറ്റാലിയന്‍ സുന്ദരന്‍ പിയാത്രെ. സീസണ്‍ 1-ലെ 8 എപ്പിസോഡുകള്‍ കഴിയുമ്പോള്‍ ഏകാന്തയുടെ നൂറു വര്‍ഷങ്ങളിലെ അനശ്വര കഥാപാത്രങ്ങളും നമ്മളും തമ്മിലുള്ള വിടവ് ഇല്ലാതാവുന്നു. നോവല്‍ വായിക്കാത്തവര്‍ക്കും, വായിച്ചു മറന്നവര്‍ക്കും, വായിച്ചു മനസിലാകാത്തവര്‍ക്കും എല്ലാം ഒരു പോലെ കണക്ട് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ഗിമ്മിക്കുകള്‍ ഇല്ലാത്ത അവതരണം.

One Hundred Years of solitude 1

പിടി തരാത്ത കാലങ്ങളിലൂടെയുള്ള മക്കോണ്ടയുടെ പരിണാമം, ഫൗണ്ടര്‍ ഹൊസെയുടെ വലിയ വീടിന്റെ കൊളംബിയന്‍ ലാന്‍ഡ്സ്‌കേപ്പ്, സൂക്ഷ്മമായ മറ്റു ഡീറ്റൈലിംഗ്കള്‍, വീട്ടിലെ ഓരോ മുറിയുടെയും സ്വഭാവം, അതിലെ മനുഷ്യരുടെ വികാരങ്ങളും, വിക്ഷോഭങ്ങളും, തകര്‍ച്ചകളും, പുനര്‍ജന്മങ്ങളും, ഭ്രാന്തും, പ്രതികാരവും, സഹാനുഭൂതിയും…പുറത്തെ കലാപങ്ങളും, പൊളിറ്റിക്സും… എല്ലാവിടെയും തങ്ങി നില്‍ക്കുന്ന കാമറ, പതിയെ ക്രമാനുഗതമായി എല്ലാം ഒപ്പിയെടുത്തിരിക്കുന്നു. ലവ് മേക്കിംഗ് ഷോട്ടുകള്‍ക്കു കൊടുത്ത കളര്‍ ടോണ്‍, സുതാര്യമായ വെയ്ലിങ്, അവയുടെ ഒതുക്കം… വല്ലാതെ ഫാസിനേറ്റിംഗ് ആയിത്തോന്നി. സിനിമാട്ടോഗ്രഫി ചെയ്ത പൗലോ പേരെസ്നോടും, Maria Sarasvatiയോടും നമ്മള്‍ കടപ്പെട്ടിരിക്കുന്നു. എവിടെ തുടങ്ങി എവിടെ അവസാനിപ്പിക്കണം, എന്ത് പറയണം, എന്തൊക്കെ പറയാതെ പറയണം എന്ന കൃത്യതയുള്ള ഓരോ എപ്പിസോഡിനും ഒരു മണിക്കൂര്‍ കൊടുക്കുന്നതില്‍ വിരോധമില്ല. സന്തോഷം മാത്രം. സംവിധായകരായ ലോറ മോറയെയും അലക്‌സ് ഗാര്‍ഷ്യ ലോപ്പസിനെയും ഹൃദയത്തോട് ചേര്‍ക്കുന്നു. ചില്ലറ പണി വല്ലതും ആണോ. ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍ അവരെത്ര അലഞ്ഞിട്ടുണ്ടാവും എന്നത് മറ്റൊരു ആര്‍ട്ടിക്കിള്‍ സബ്‌ജെക്ട് ആണ്.

അഭിനേതാക്കളിലേക്കു വരുമ്പോള്‍ ആരെയാണ് മാറ്റി നിര്‍ത്താന്‍ കഴിയുക? മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍, തങ്ങള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ എന്താണെന്നു കൃത്യമായ ബോധവും, ഉത്തരവാദിത്തവും ഉള്ള താരങ്ങള്‍. എങ്കിലും, മാട്രിയാര്‍ക് ഉര്‍സുല ഇഗ്വറാന്‍ (മാളീടെ സോട്ടോ)യുടെ പ്രകടനം മനസ്സ് നിറച്ചു. ഹോസെ ആയി വരുന്ന ഡിയേഗോ വസ്‌ക്സ്, ക്ലോഡിയോ കറ്റാനോ (അറീലിയാനോ), അകിമ (റബേക്ക), ജനര്‍ വില്ലറല്‍ (ആര്‍ക്കേഡിയോ) -ഇവരൊന്നും ഉള്ളില്‍ നിന്നും പോകുന്നില്ല. സത്യത്തില്‍, മക്കോണ്ടയിലേക്കുള്ള നീണ്ട യാത്രയും, ആ ചതുപ്പിലെ സര്‍ക്കിള്‍ കറക്കവും, തെളിഞ്ഞ ജലത്തിലെ വെള്ളാരം കല്ലുകളും, ഹൊസെയുടെ വെളിപാടുകളും ഒന്നും മായുന്നില്ല. എന്തിനു ആ നറേറ്ററുടെ ഭ്രമിപ്പിക്കുന്ന ശബ്ദം പോലും.  Gabriel Garcia Marquez’s One Hundred Years of Solitude, Netflix series review

Content Summary; Gabriel Garcia Marquez’s One Hundred Years of Solitude, Netflix series review

Leave a Reply

Your email address will not be published. Required fields are marked *

×