ഒന്നിനു പുറകെ ഒന്നായി തകരുന്ന ഗുജറാത്ത് പാലങ്ങള്‍

സംസ്ഥാനത്ത് ആവര്‍ത്തിക്കുന്ന പാലം അപകട പരമ്പരയില്‍ ഏറ്റവും പുതിയതാണ് ഗംഭീര പാലം ദുരന്തം

ബുധനാഴ്ച്ച മുജ്പുര്‍-ഗംഭീര പാലം തകര്‍ന്ന് 12 പേര്‍ മരിച്ച സംഭവത്തോടെ ഗുജറാത്തില്‍ പാലങ്ങള്‍ അപകടത്തില്‍ പെടുന്നതും മനുഷ്യര്‍ മരിക്കുന്നതും തുടര്‍ക്കഥയാവുകയാണ്. ഒന്നിനു പുറകെ ഒന്നായി പാലങ്ങള്‍ തകരുന്ന അവസ്ഥയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നാടായ ഗുജറാത്തില്‍ സംഭവിക്കുന്നത്.

2021 മുതലുള്ള കണക്കെടുത്താല്‍ നാല് പാലം അപകടങ്ങളാണ് ഗുജറാത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2022 ല്‍ മോര്‍ബി തൂക്കുപാലം തകര്‍ന്ന് കൊല്ലപ്പെട്ടത് 135 പേരാണ്.

പല അപകടങ്ങള്‍ക്കും കാരണം പാലത്തിന്റെ ശോചനീയാവസ്ഥയാണ്. എന്നാല്‍ അപകടാവസ്ഥയറിഞ്ഞിട്ടും അധികൃതര്‍ അനങ്ങാതിരുന്നതാണ് മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്നതിലേക്ക നയിച്ച ദുരന്തങ്ങളായി മാറിയത്. ഗംഭീര പാലത്തിലുണ്ടായ അപകടവും അധികൃതരുടെ അനാസ്ഥയായാണ് പറയുന്നത്. പാലം അപകടത്തിലാണെന്ന് മൂന്നു വര്‍ഷം മുമ്പ് ഗുജറാത്ത് റോഡ്‌സ് ആന്‍ഡ് ബില്‍ഡിംഗ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വഡോദര സെക്ഷനിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഗുരുതരമായ അപകടാവസ്ഥയിലായിരുന്നു പാലമെങ്കിലും കുഴികളടച്ച് മാത്രം അവരാ മുന്നറിയിപ്പ് ഒഴിവാക്കുകയായിരുന്നു. അതിന്റെ ദുരന്തഫലമായിരുന്നു 12 മനുഷ്യരുടെ മരണം. ഗുജറാത്ത് പാലം അപകടം; തകര്‍ന്ന് വീഴുമെന്നറിഞ്ഞിട്ടും ‘കുഴികളടച്ച് അപകടം ഒഴിവാക്കിയ’ അധികൃതര്‍

മോശം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ചുള്ള പരാതികളാണ് സംസ്ഥാനത്ത് ഉയര്‍ന്നിട്ടുള്ളത്. പരാതികള്‍ അന്വേഷിച്ചതിന്‍ പ്രകാരം, സംസ്ഥാന സര്‍ക്കാര്‍ നിരവധി സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മരണം നടന്ന കേസുകളില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും, അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

2023 മാര്‍ച്ചില്‍, മോര്‍ബി പാലം തകന്നതുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയില്‍ പരിഗണിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടയില്‍ മുനിസിപ്പാലിറ്റികളിലെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും കീഴിലുള്ള പാലങ്ങളുടെ പരിശോധനയ്ക്കും പരിപാലനത്തിനുമായി ഒരു നയം രൂപീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഇതിന് നാലുമാസങ്ങള്‍ക്ക് ശേഷമാണ് ഗുജറാത്ത് റോഡ്‌സ് ആന്‍ഡ് ബില്‍ഡിംഗ്‌സ് വകുപ്പ് സെക്രട്ടറിയെ പുറത്താക്കുന്നതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുതായി നിര്‍മ്മിച്ച പാലങ്ങളുടെ നിലവാരം മോശമാണെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ മുഖ്യമന്ത്രിയാണ് പുറത്താക്കാന്‍ നിര്‍ദേശം നല്‍കിയത്.

ഗുജറാത്തില്‍ സംഭവിച്ച ചില പ്രധാന പാലം അപകടങ്ങള്‍;

2023 ഒക്ടോബര്‍ 23 നാണ് ബനസ്‌കന്ത ജില്ലയിലെ പാലന്‍പൂരില്‍ ദേശീയപാത 58-ല്‍ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചത്.

2023 ജൂണ്‍ 28 നാണ് സൂറത്തിലെ താപി നദിയിലെ വരിയവ് പാലത്തില്‍ വിള്ളലുകള്‍ കണ്ടെത്തിയത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പാലം ഉദ്ഘാടനം ചെയ്ത് വെറും 42 ദിവസങ്ങള്‍ കഴിഞ്ഞപ്പോഴായിരുന്നു പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. അതും പാലം തുറന്നശേഷം ആദ്യം പെയ്ത മഴയില്‍.

2023 ജൂണ്‍ 15, വല്‍സാദിലെ ഒരു റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്നും വലിയ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണു. ഉത്ഘാടനം കഴിയും മുമ്പേ ആയതിനാല്‍ ആര്‍ക്കും ജീവന്‍ നഷ്ടമായില്ല. കനത്ത മഴയാണ് അപകടത്തിന് കാരണമെന്നായിരുന്നു അധികൃതരുടെ വാദം.

2023 ജൂണ്‍ 14 നാണ് താപി ജില്ലയിലെ മിന്ദോള നദിയില്‍ പുതുതായി നിര്‍മ്മിച്ച 100 മീറ്റര്‍ പാലത്തിന്റെ മധ്യഭാഗം തകര്‍ന്നു വീണത്. ആളപായമൊന്നുമുണ്ടായില്ല. മുഖ്യമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് കീഴില്‍ നിര്‍മിച്ച പാലമായിരുന്നു.

2022 ഒക്ടോബര്‍ 30, മോര്‍ബി തൂക്കുപാലം തകര്‍ന്നത് അന്നാണ്. മച്ചു നദിക്ക് കുറുകെ 1887-ല്‍ നിര്‍മ്മിച്ച തൂക്കുപാലമായിരുന്നു അത്. അറ്റകുറ്റപ്പണികള്‍ക്കായി ഏഴ് മാസം അടച്ചിട്ടതിന് ശേഷം വീണ്ടും തുറന്നതിന് നാല് ദിവസത്തിന് ശേഷമാണ് അപകടമുണ്ടായത്. തൂക്കുപാലത്തില്‍ കയറാനായി ആ ദിവസം 3,000-ത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. പാലം തകരുമ്പോള്‍ ഏകദേശം 350 പേര്‍ പാലത്തിലുണ്ടായിരുന്നു. അവരില്‍ 135 പേരാണ് മരിച്ചത്.

2021 ഡിസംബര്‍ 21 ന് അഹമ്മദാബാദിലെ സൗത്ത് ഭോപ്പാലിലുള്ള മുമ്താപുരയിലെ ഒരു ഫ്‌ളൈ ഓവറിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. ഭാരം വഹിക്കല്‍ പരിശോധന നടത്തുമ്പോഴാണ് പാലത്തിലെ സ്ലാബ് തകര്‍ന്ന് വീണത്. ആര്‍ക്കും അപകടം സംഭവിച്ചില്ല.

ഈ അപകടങ്ങളിലൊക്കെ അന്വേഷണം നടക്കുകയും കുറ്റക്കാരായവര്‍ക്കെതിരേ നടപടിയെടുക്കുകയും നിര്‍മാണ സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്.  Gambhira bridge collapse marked the latest in a string of such incidents in Gujarat

Content Summary; Gambhira bridge collapse marked the latest in a string of such incidents in Gujarat

This post was last modified on July 10, 2025 11:19 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment