എറണാകുളം -ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ സ്കൂൾ വിദ്യാർഥികളെ കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. പൊതുസംവിധാനത്തെയാകെ കാവി വൽകരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ പലയാവർത്തി നടന്നിട്ടുള്ളതാണ്. വരും തലമുറയെ ഇതിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇതിൽ ഏറ്റവും പ്രശ്നമായി നിൽക്കുന്നത്. ഒരു മുഴുവൻ തലമുറയുടെ ഉള്ളിലേക്കാണ് തെറ്റിദ്ധരിപ്പിക്കലിലൂടെ ആർഎസ്എസ് തങ്ങളുടെ വർഗീയ വിഷം കുത്തിയിറക്കാൻ ശ്രമിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെയാണ് സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ഒരു ഉപാധിയായി കൂടി മാറ്റിയിരിക്കുന്നത്.
എവിടെയൊക്കെ തങ്ങളുടെ വിദ്വേഷ രാഷ്ട്രീയം കുത്തിനിറയ്ക്കാൻ സാധിക്കുന്നുവോ അവിടെയെല്ലാം അവർ അത് ചെയ്യുന്നു എന്നതാണ് നിലവിലെ രാഷ്ട്രീയ സംഭവങ്ങളിൽ നിന്നും വ്യക്തമാകുന്നത്. വിദ്യാർഥികൾ ഗണഗീതം ആലപിക്കുന്ന ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
ദേശഭക്തി ഗാനം എന്ന പേരിലായിരുന്നു വിദ്യാർത്ഥികളെ കൊണ്ട് ഗണഗീതം ചൊല്ലിച്ചത്. ഉദ്ഘാടന സ്‌പെഷ്യൽ എറണാകുളം – കെഎസ്ആർ ബെംഗളുരു വന്ദേ ഭാരത് എക്‌സ്പ്രസിൽ ആനന്ദത്തിന്റെ ഗാനം. ആ നിമിഷത്തിന്റെ ചൈതന്യം ആഘോഷിച്ചുകൊണ്ട് സ്‌കൂൾ വിദ്യാർഥികൾ കോച്ചുകളിൽ ദേശഭക്തി ഗാനങ്ങൾ നിറച്ചു എന്ന കുറിപ്പോടെയാണ് ദക്ഷിണ റെയിൽവേ വിഡിയോ പങ്കുവെച്ചത്.
ദേശസ്നേഹത്തെ കൂട്ടുപിടിച്ചുകൊണ്ടാണ് പലപ്പോഴും ആർഎസ്എസ് തൻ്റെ രാഷ്ട്രീയം യുവജനങ്ങളിലേക്കടക്കം കുത്തിവെയ്ക്കുന്നത്. ഒരുവശത്ത് ദേശസ്നേഹം വളർത്താനായി തലമുറയെ സജ്ജരാക്കുന്നുവെന്ന ആശയം തെറ്റിദ്ധരിപ്പിക്കുന്ന ബിജെപി മറുവശത്ത് വന്ദേമാതരത്തിനെ തള്ളിപ്പറയുകയാണ്. വന്ദേമാതാരം ദേശീയഗാനമാക്കണമെന്ന കർണാടകയിലെ മുതിർന്ന ബിജെപി നേതാവും എം.പിയുമായ വിശ്വേശ്വർ കഗേരിയുടെ പരാമർശം അടുത്തിടെ വിവാദങ്ങൾക്ക് കാരണമായിരുന്നു. വന്ദേമാതരത്തിന്റെ 150 വാർഷിക ആഘോഷം അടുത്തയാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് വന്ദേമാതരം ദേശീയ ഗാനം ആക്കണമെന്ന ആവശ്യവുമായി നേതാക്കന്മാർ രംഗത്തെത്തിയത്. ജനഗനമണ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യാനുണ്ടാക്കിയതാണന്നും ഭാരതീയ സ്വത്വം അതിനില്ലെന്നും ഉത്തര കന്നഡ എം.പി. വിശ്വേശ്വർ കഗേരി ഇതിന് നൽകിയ ന്യായീകരണം.
ദേശീയ ചിഹ്നങ്ങളെക്കുറിച്ച് വീരവാദം മുഴക്കിയും ദേശീയതയെ കൂട്ടുപിടിച്ച് പ്രതിപക്ഷ രാഷ്ട്രീയത്തെ കുറ്റപ്പെടുത്തുകയും ചെയ്ത ബിജെപി തന്നെയാണ് ഇങ്ങനെയൊരു ഇരട്ടത്താപ്പ് നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ വിദ്വേഷരാഷ്ട്രീയം സമൂഹത്തിൽ പടർത്താൻ ബിജെപി ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. ഇനിയും അവർ അത് തന്നെ പിന്തുടരുമെന്നതിലും സംശയിക്കേണ്ടതില്ല.
ട്രെയിനുകൾ പോലുള്ള പൊതു ഗതാഗത സംവിധാനങ്ങളിൽ പ്രത്യേക വിഭാഗത്തിന്റെയോ പ്രസ്ഥാനത്തിന്റെയോ ഗീതങ്ങൾ കേൾപ്പിക്കുന്നത് സാംസ്കാരിക ഏകീകരണത്തിനുള്ള ശ്രമമാണ് എന്നതും വ്യക്തമാണ്. യാത്രക്കാർക്ക് വിശ്രമത്തിനും സ്വകാര്യതയ്ക്കും പ്രാധാന്യം നൽകേണ്ട പൊതുയിടങ്ങളിലാണ് ദേശീയതയുടെ നിർബന്ധിത പ്രകടനമായി ഗണഗീതം കേൾപ്പിക്കുന്നത്. ഹിന്ദുത്വ കേന്ദ്രീകൃതമായ ദേശീയത എന്ന ആശയത്തിലേക്കാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്നും ഇതിലൂടെ വ്യക്തമാണ്.
Content Summary: Gangageetham in Vande Bharat and the Argument Against Vande Mataram, The RSS Agenda of Imposing Patriotism